രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പഞ്ചാബ് സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുത്തു

Posted On: 12 MAR 2025 12:30PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ചണ്ഡീഗഡില്‍  ഇന്ന് (മാര്‍ച്ച് 12, 2025) നടന്ന പഞ്ചാബ് സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ 140 വര്‍ഷത്തിനിടെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി പഞ്ചാബ് സര്‍വ്വകലാശാല വളര്‍ന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസ, കായിക, ഗവേഷണ, സാംസ്‌കാരിക മേഖലകളില്‍ ഈ സര്‍വ്വകലാശാല സ്വന്തം നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മൗലാന അബ്ദുള്‍ കലാം ആസാദ് ട്രോഫി ഈ സര്‍വ്വകലാശാല 17 തവണ നേടിയതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ സര്‍വ്വകലാശാലയിലെ കായികതാരങ്ങളുടെ സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷ്യമാണ് ഇതെന്ന് അവര്‍ പറഞ്ഞു. ഈ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ മനു ഭാക്കറും സരബ്‌ജ്യോത് സിംഗും 2024 പാരീസ് ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി.

അക്കാദമിക-വ്യവസായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചാബ് സര്‍വ്വകലാശാലയെ രാഷ്ട്രപതി അഭിനന്ദിച്ചു. അക്കാദമിക-വ്യവസായ ബന്ധത്തിനും ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനുമായി  കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സര്‍വ്വകലാശാലയുടെ നയരൂപീകരണ വിദഗ്ധരോട് ആവശ്യപ്പെട്ടു. പ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നല്‍കുന്നതായിരിക്കണം സര്‍വ്വകലാശാലയിലെ വിഷയങ്ങള്‍. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ അവരുടെ ജീവിത യാത്രയില്‍ പിന്തുണയ്ക്കണം. വരുംകാലം വെല്ലുവിളികള്‍ നിറഞ്ഞതും മത്സരബുദ്ധി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതുമായിരിക്കും. അതുകൊണ്ട്, ഓരോ വിദ്യാര്‍ത്ഥിക്കും വെല്ലുവിളികളെ നേരിടാന്‍ ഒരു പോസിറ്റീവ് മനോഭാവവും വിപുലവും അത്യാധുനികവുമായ വൈദഗ്ധ്യവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും അവ ശരിയായി ഉപയോഗിക്കാനുള്ള കഴിവു നേടുകയും അതു നിരന്തരം വികസിപ്പിക്കുകയും ചെയ്യേണ്ടത് വിജയത്തിന് അത്യന്താപേക്ഷിതമാണ്.

ഈ മഹത്തായ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് രാഷ്ട്രപതി വിദ്യാര്‍ത്ഥികളോടു പറഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, നേബല്‍ സമ്മാന ജേതാക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി നേതാക്കളെയും പ്രഗത്ഭരായ വ്യക്തികളെയും ഈ സര്‍വ്വകലാശാല സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ഈ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.  സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതോടൊപ്പം,  തങ്ങളുടെ പരിശ്രമത്തിലൂടെയും ദീര്‍ഘവീക്ഷണത്തോടെയുള്ള ചിന്തകളിലൂടെയും സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനും ഫലപ്രദമായ സംഭാവനകള്‍ നല്‍കണമെന്നു രാഷ്ട്രപതി അവരോടു പറഞ്ഞു.
 
SKY

(Release ID: 2110695) Visitor Counter : 16