രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുത്തു

Posted On: 11 MAR 2025 2:02PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (മാര്‍ച്ച് 11, 2025) ഭട്ടിന്‍ഡയില്‍ പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ ഒരു ഘട്ടം പൂര്‍ത്തിയാക്കുകയും മറ്റൊരു ഘട്ടം ആരംഭിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണ് ബിരുദദാന ചടങ്ങെന്ന് തദവസരത്തില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളും അവരുടെ പെരുമാറ്റത്തിലൂടെയും സംഭാവനകളിലൂടെയും ഈ സര്‍വ്വകലാശാലയ്ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിനും ശ്രേയസ് കൊണ്ടുവരുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ചു നല്ല കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ രാഷ്ട്രപതി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ജിജ്ഞാസ, മൗലികത, ധാര്‍മ്മികത, ദീര്‍ഘവീക്ഷണം, നൈസര്‍ഗ്ഗികത എന്നിവയാണ് അവ. ജിജ്ഞാസ ഒരു വ്യക്തിയില്‍ പുതിയ വിവരങ്ങള്‍ തേടാനുള്ള ആകാംക്ഷ നിലനിര്‍ത്തുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ജിജ്ഞാസയുള്ള ആളുകള്‍ ജീവിതത്തിലുടനീളം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കും. ഏതൊരു വിഷയവും ശരിയായി മനസിലാക്കിയ ശേഷം, ആ വിഷയത്തിലോ മറ്റേതെങ്കിലും മേഖലയിലോ പുതുതായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണമെന്ന് രാഷ്ട്രപതി പ്രസ്താവിച്ചു.

മൗലികത വ്യക്തിത്വത്തെ സവിശേഷമാക്കുന്നു. അര്‍ത്ഥവത്തായ ജീവിതത്തിന്റെ അടിത്തറയാണ് ധാര്‍മ്മികതയെന്ന് അവര്‍ പറഞ്ഞു. വിജയം നേടുന്ന വ്യക്തിയാകുന്നതിനേക്കാള്‍ പ്രധാനമാണ് നല്ല വ്യക്തിയാകുക എന്നത്. വ്യക്തിപരമായ ജീവിതത്തിലോ ജോലിയിലോ അവര്‍ തെരഞ്ഞെടുക്കുന്ന ഏതൊരു അവസരവും സത്വര നേട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാകരുത്, മറിച്ച് അവരവരുടെ കഴിവുകളും താത്പര്യങ്ങളും ശാശ്വതമായ രീതിയില്‍ ഉപയോഗിക്കാനുള്ള സാദ്ധ്യതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.

നൈസര്‍ഗ്ഗികത വിലയേറിയ ഒരു ഗുണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. അതിനു നിരവധി മാനങ്ങളുണ്ട്. പൊങ്ങച്ചമോ പ്രകടനപരതയോ  ഒഴിവാക്കുകയെന്നത് അതിന്റെ ഒരു മാനമാണ്. വാക്കുകളിലും പ്രവൃത്തികളിലും സ്ഥിരത പുലര്‍ത്തുകയെന്നതു നൈസര്‍ഗ്ഗികതയുടെ മറ്റൊരു മാനമാണ്. അവനവന്റെ വേരുകളുമായുള്ള ബന്ധം നിലനിര്‍ത്തുകയെന്നത് നൈസര്‍ഗ്ഗികതയുടെ വളരെ പ്രധാനപ്പെട്ട ഒരു  ഭാഗമാണ് .

രാജ്യത്തിന്റെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഞ്ചാബ് കേന്ദ്ര  സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ടെന്നത്  സന്തോഷകരമായ കാര്യമാണെന്നു രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇവിടുത്തെ അദ്ധ്യാപക സമൂഹമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ അഖിലേന്ത്യാ പ്രാതിനിധ്യം ഈ സര്‍വ്വകലാശാലയുടെ പ്രശംസനീയമായ സവിശേഷതയാണെന്ന്  അവര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സജീവ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നവയാണ് അത്തരം സ്ഥാപനങ്ങള്‍ എന്നും അവർ പറഞ്ഞു

 

.
 
SKY

(Release ID: 2110214) Visitor Counter : 23