രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ഗുരു ജംഭേശ്വര്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു
Posted On:
10 MAR 2025 1:20PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 10 മാർച്ച് 2025
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (2025 മാര്‍ച്ച് 10ന്), ഹരിയാനയിലെ ഹിസാറിലുള്ള ഗുരു ജംഭേശ്വര്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.
ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യുവതലമുറയെ സജ്ജമാക്കുകയെന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെല്ലുവിളി നിറഞ്ഞ കർത്തവ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സന്തുലിതവും സുസ്ഥിരവുമായ വികസനത്തിന്, വിദ്യാഭ്യാസത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ ഗ്രാമങ്ങളിൽ എത്തേണ്ടത് അത്യാവശ്യമാണ്. ഗുരു ജംഭേശ്വർ സർവകലാശാല പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കാനാവും. ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള ധാരാളം വിദ്യാർത്ഥികൾ ഈ സർവകലാശാലയിലുണ്ടെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ ഗ്രാമത്തിലെയും നഗരത്തിലെയും ജനങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാനും മികച്ച വിദ്യാഭ്യാസം നേടാൻ അവരെ പ്രചോദിപ്പിക്കാനും രാഷ്ട്രപതി ഈ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ലോകോത്തര ഗവേഷണങ്ങൾ ഇന്ത്യയെ ഒരു ആഗോള വിജ്ഞാന നേതൃകേന്ദ്രമായി സ്ഥാപിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. വിവിധ ഗവേഷണങ്ങളിലും ഗവേഷണ പദ്ധതികളിലും ഇവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും നിരവധി സുപ്രധാന നേട്ടങ്ങൾ കൈവരിച്ചതിൽ അവർ സന്തോഷം രേഖപ്പെടുത്തി. ഇൻകുബേഷൻ, സ്റ്റാർട്ടപ്പ്, പേറ്റന്റ് ഫയലിംഗ്, ഗവേഷണ പദ്ധതികൾ എന്നിവയ്ക്കായി ഈ സർവകലാശാലയ്ക്ക് പ്രത്യേക വകുപ്പുകളുണ്ട്. ഈ ശ്രമങ്ങളെല്ലാം വിദ്യാർത്ഥികളിൽ നൂതന ആശയങ്ങളുടെയും സംരംഭകത്വത്തിന്റെയും മനോഭാവം വളർത്തിയെടുക്കുമെന്നും ഇന്ത്യയെ ഒരു മികവുറ്റ ആഗോള വിജ്ഞാന ശക്തികേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസം കേവലം അറിവും നൈപുണ്യവും നേടുന്നതിനുള്ള ഒരു മാർഗമല്ലെന്നും, ഒരു മനുഷ്യനിൽ ധാർമ്മികത, കാരുണ്യം, സഹിഷ്ണുത തുടങ്ങിയ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണെന്നും രാഷ്ട്രപതി വിദ്യാർത്ഥികളോട് പറഞ്ഞു. വിദ്യാഭ്യാസം ഒരു വ്യക്തിയെ തൊഴിൽ യോഗ്യനാക്കുകയും സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനാക്കുകയും ചെയ്യുന്നു. സംരംഭകത്വം വിദ്യാർത്ഥികളെ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ സഹായിക്കുമെന്ന് അവർ പറഞ്ഞു. അവസരങ്ങൾ തിരിച്ചറിയാനും, അപകടസാധ്യതകൾ ഏറ്റെടുക്കാനും, നിലവിലുള്ള പ്രശ്നങ്ങൾക്ക് ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്താനും സംരംഭക മനോഭാവം വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഒരു സംരംഭകനെന്ന നിലയിൽ, വിദ്യാർത്ഥികൾക്ക് അവരുടെ നൂതനാശയങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്താനും സമൂഹത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനും കഴിയും. തൊഴിൽ നേടുക എന്ന മനോഭാവത്തിന് പകരം തൊഴിൽ സൃഷ്ടിക്കുക എന്ന മനോഭാവം വളർത്തിയെടുക്കാൻ അവർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിലൂടെ, സമൂഹത്തിന്റെ ക്ഷേമത്തിനായി അവരുടെ അറിവും കഴിവുകളും മികച്ച രീതിയിൽ വിനിയോഗിക്കാനും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ സംഭാവന നൽകാനും അവർക്ക് കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.
മഹാനായ സന്യാസിയും തത്ത്വചിന്തകനുമായിരുന്നഗുരു ജംഭേശ്വർ ജി യുടെ പേരിലാണ് ഈ സർവകലാശാല അറിയപ്പെടുന്നത്. ശാസ്ത്രീയ ചിന്ത, ധാർമ്മിക ജീവിതശൈലി, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ഉജ്വല വക്താവായിരുന്നു അദ്ദേഹം. പ്രകൃതിയെ സംരക്ഷിക്കുക, എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ദയയും പ്രകടിപ്പിക്കുക, അവയ്ക്ക് സംരക്ഷണം നൽകുക എന്നിവ മനുഷ്യരുടെ ധാർമ്മിക ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ന്, പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നാം ശ്രമിക്കുമ്പോൾ, ഗുരു ജംഭേശ്വർ ജിയുടെ അധ്യയനങ്ങൾ വളരെ പ്രസക്തമാണ്. ഗുരു ജംഭേശ്വർ ജിയുടെ പാത പിന്തുടർന്ന് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഈ സർവകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും തുടർന്നും സംഭാവന നൽകുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
(Release ID: 2109880)
Visitor Counter : 21