വനിതാ, ശിശു വികസന മന്ത്രാലയം
രാഷ്ട്രത്തെ പോഷകസമൃദ്ധമാക്കൽ
പോഷകാഹാരലഭ്യതയും ക്ഷേമവും ലക്ഷ്യമിട്ടുള്ള സമഗ്ര സമീപനവുമായി പോഷൺ അഭിയാൻ
Posted On:
07 MAR 2025 7:48PM by PIB Thiruvananthpuram
ആമുഖം
2018 മാർച്ച് 8 ന് രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ആദരണീയ പ്രധാനമന്ത്രി പോഷൺ അഭിയാന് തുടക്കം കുറിച്ചു. കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭവതികളായ സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ, 0-6 വയസ്സ് പ്രായമുള്ള കുട്ടികൾ തുടങ്ങിയവർക്കുള്ള പോഷകാഹാര ലഭ്യതയ്ക്ക് ഊന്നൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതികവിദ്യയുടെ ഉപയോഗം, സംയോജനം, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ കുട്ടികളിലെ വളർച്ചക്കുറവ്, പോഷകക്കുറവ്, വിളർച്ച, നവജാത ശിശുക്കളിലെ ഭാരക്കുറവ് എന്നിവ പരിഹരിക്കുന്നതിലും കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭവതികളായ സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനത്തിലൂടെ, പോഷകാഹാരക്കുറവെന്ന പ്രശനത്തെ സമഗ്രമായി അഭിസംബോധന ചെയ്യുന്നു.
ലക്ഷ്യങ്ങൾ
0-6 വയസ്സ് പ്രായമുള്ള കുട്ടികളിലെ വളർച്ചക്കുറവ് തടയുകയും പരിഹരിക്കുകയും ചെയ്യുക
0-6 വയസ്സ് പ്രായമുള്ള കുട്ടികളിലെ പോഷകക്കുറവ് (ഭാരക്കുറവ്) തടയുകയും
പരിഹരിക്കുകയും ചെയ്യുക
6-59 മാസം പ്രായമുള്ള കുട്ടികളിലെ വിളർച്ച തടയുകയും പരിഹരിക്കുകയും ചെയ്യുക
15-49 വയസ്സ് പ്രായമുള്ള വനിതകളിലെയും കൗമാരക്കാരായ പെൺകുട്ടികളിലെയും
വിളർച്ച തടയുകയും പരിഹരിക്കുകയും ചെയ്യുക
നവജാത ശിശുക്കളിലെ ഭാരക്കുറവ് പരിഹരിക്കുക

പോഷൺ അഭിയാന്റെ പ്രധാന സ്തംഭങ്ങൾ
അഭിയാൻ നാല് പ്രധാന സ്തംഭങ്ങളിലൂന്നിയാണ് പ്രവർത്തിക്കുന്നത്:
1. ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കൽ : സംയോജിത ശിശു വികസന പദ്ധതി (ICDS), ദേശീയ ആരോഗ്യ ദൗത്യം (NHM), പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) തുടങ്ങിയ പദ്ധതികളിലൂടെ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നു, പ്രത്യേകിച്ച് ഒരു കുട്ടി ജനിച്ച് ആദ്യ1,000 ദിവസങ്ങളിലെ പ്രത്യേക ശ്രദ്ധ.


2. വിവിധ മേഖലകളുടെ ഏകോപനം : കുടിവെള്ള, ശുചിത്വ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെ സ്വച്ഛ് ഭാരത് ദൗത്യം നടപ്പാക്കുന്നു.ഒപ്പം, ദേശീയ കുടിവെള്ള ദൗത്യത്തിലൂടെ ശുദ്ധമായ കുടിവെള്ള ലഭ്യതയും
ഉറപ്പാക്കുന്നു.

3. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു: പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ പോലുള്ള ഉപകരണങ്ങൾ തത്സമയ ഡാറ്റ ശേഖരണവും ഇടപെടലും സാധ്യമാക്കുന്നു.

4. ജൻ ആന്ദോളൻ : പോഷകാഹാരത്തെക്കുറിച്ചുള്ള ബഹുജന അവബോധം വർദ്ധിപ്പിക്കുന്നതിനും ജീവിത ശൈലീ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഇടപെടൽ.

പോഷൺ അഭിയാന്റെ മുൻഗണനകൾ
പോഷകാഹാരലഭ്യതയിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന്, പോഷൺ അഭിയാൻ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകുന്നു:
ആദ്യ 1000 ദിവസങ്ങൾ - അവസരങ്ങളുടെ നിർണ്ണായക ജാലകം: ഗർഭധാരണം മുതൽ കുട്ടിയുടെ രണ്ടാം ജന്മദിനം വരെയുള്ള ആദ്യ 1,000 ദിവസങ്ങൾ, അമ്മയ്ക്കും കുഞ്ഞിനും പരമാവധി പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് ദീർഘകാല ആരോഗ്യത്തിനും വികസനത്തിനും അടിത്തറ പാകുന്നു.

അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കൽ:
പോഷകാഹാരവും സമഗ്ര ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് നിർണ്ണായകവും പ്രമാണികവുമായ ഇടപെടലുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് ഭാരത സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യം, പോഷകാഹാരം, സമഗ്ര വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒന്നിലധികം പദ്ധതികളുടെയും പരിപാടികളുടെയും സംയോജനത്തിലൂടെയാണ് ഇത് കൈവരിക്കുന്നത്.
ജീവിത ശൈലീ പരിവർത്തനത്തിനായുള്ള ജനകീയ പ്രസ്ഥാനം:
പോഷകാഹാരത്തിലെ സുസ്ഥിര പുരോഗതിക്ക് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരക്കുറവ് ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കുന്നതിനായി ഒരു ബഹുജന പ്രസ്ഥാനം (ജൻ ആന്ദോളൻ) നയിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്തു.
ബഹുമേഖലാ ഏകോപനം:
ഫലപ്രദമായ ബഹു മേഖലാ ഏകോപനം സാധ്യമാക്കുന്നതിന്,നീതി ആയോഗ് വൈസ് ചെയർമാന്റെ അധ്യക്ഷതയിൽ ഇന്ത്യയുടെ പോഷകാഹാര വെല്ലുവിളികൾ നേരിടാൻ ഒരു ദേശീയ കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. നയ നിർദ്ദേശങ്ങൾ നൽകുന്ന കൗൺസിൽ മന്ത്രാലയങ്ങളും പോഷകാഹാര പദ്ധതികളും തമ്മിലുള്ള സംയോജനം ത്രൈമാസ അടിസ്ഥാനത്തിൽ അവലോകനം ചെയ്യുന്നു.
സാങ്കേതികവിദ്യയിലൂടെ സേവന വിതരണം
ICDS-CAS പോലുള്ള പദ്ധതികളിലൂടെ പോഷൺ അഭിയാൻ സേവനങ്ങൾ നൽകുന്നു. അംഗൻവാടി സേവനങ്ങളുടെ വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണിത്. അംഗൻവാടി ജീവനക്കാർ അവരുടെ മൊബൈലുകളിൽ ഡാറ്റ ശേഖരിക്കുന്നു. ഈ വിവരങ്ങൾ സംസ്ഥാന, മന്ത്രാലയ തലങ്ങളിലെ വെബ് അധിഷ്ഠിത ഡാഷ്‌ബോർഡിൽ തത്സമയം ലഭ്യമാണ്. ഇടപെടലുകൾ നിരീക്ഷിക്കുന്നതിനും വസ്തുതാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നു.
മിഷൻ സക്ഷം അംഗൻവാടി, പോഷൺ 2.0
"മിഷൻ സക്ഷം അംഗൻവാടി, പോഷൺ 2.0" (മിഷൻ പോഷൺ 2.0 എന്നും അറിയപ്പെടുന്നു) എന്നീ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആരോഗ്യം, ക്ഷേമം, പോഷകാഹാരക്കുറവിൽ നിന്നുള്ള മോചനം എന്നിവയ്ക്കായുള്ള ദൗത്യരൂപേണയുള്ള പ്രധാന പരിവർത്തന പദ്ധതിയാണിത്. 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലും 781 ജില്ലകളിലുമായി പ്രവർത്തിക്കുന്ന 14,00,117 അംഗൻവാടി കേന്ദ്രങ്ങളിലൂടെ (AWC), കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭവതികളായ സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരുടെ ആരോഗ്യം, ക്ഷേമം, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. 13,30,966 അംഗൻവാടി ജീവനക്കാരുടെ പിന്തുണയോടെ, അർഹരായ 10,08,89,775 ഗുണഭോക്താക്കളിൽ പോഷകാഹാര ആനുകൂല്യങ്ങൾ എത്തിച്ചേരുന്നുവെന്ന് പദ്ധതി ഉറപ്പാക്കുന്നു. സ്വന്തം കെട്ടിടങ്ങളുള്ള 6,77,843 അംഗൻവാടി കേന്ദ്രങ്ങൾ, പ്രവർത്തനക്ഷമമായ ശൗചാലയങ്ങളുള്ള 10,07,635 അംഗൻവാടികൾ, 12,43,472 അംഗൻവാടികളിൽ തടസ്സരഹിത കുടിവെള്ള ലഭ്യത എന്നിവ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുന്നു.
ഉപസംഹാരം
പോഷകാഹാരക്കുറവിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നാഴികക്കല്ലായി മാറിയ സംരംഭമാണ് പോഷൺ അഭിയാൻ. സാങ്കേതികവിദ്യ, ബഹുമേഖലാ സഹകരണം, സാമൂഹിക നേതൃത്വത്തിലുള്ള ശ്രമങ്ങൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട്, മാതൃ-ശിശു പോഷകാഹാര ലഭ്യത മെച്ചപ്പെടുത്തുന്നതിൽ ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു. സേവന വിതരണം, ജീവിത ശൈലീ പരിവർത്തനം, നയ നവീകരണം എന്നിവയിലെ സുസ്ഥിര ശ്രമങ്ങളെ ആശ്രയിച്ചായിരിക്കും ഈ ദൗത്യത്തിന്റെ വിജയം നിർണ്ണയിക്കപ്പെടുക. സർക്കാരിന്റെ തുടർ പിന്തുണയും സജീവമായ സാമൂഹിക പങ്കാളിത്തവും പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ വനിതകൾക്കും കുട്ടികൾക്കും ആരോഗ്യപൂർണ്ണവും പോഷണ സമ്പന്നവും ആയ ഒരു ഭാവി സൃഷ്ടിക്കാൻ പോഷൺ അഭിയാൻ സദാ സജ്ജമായി നിലകൊളുന്നു.
റഫറൻസുകൾ:
https://poshanabhiyaan.gov.in/
https://wcdhry.gov.in/schemes-for-children/poshan-abhiyan/
https://nirdpr.org.in/crru/docs/health/A%20call%20to%20action%20for%20Poshan%20Abhiyaan.pdf
https://static.pib.gov.in/WriteReadData/specificdocs/documents/2024/oct/doc2024103406901.pdf
Click here to see PDF:
********************
(Release ID: 2109614)
Visitor Counter : 14