പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഭരണ പരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പ് 'സിവിൽ സർവീസസിലെ സ്ത്രീകൾ' എന്ന പേരിൽ ഒരു വെർച്വൽ വെബിനാർ സംഘടിപ്പിച്ചു
Posted On:
06 MAR 2025 6:16PM by PIB Thiruvananthpuram
സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിൽ സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് 8 ന് ആഗോളതലത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. 2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഭരണ പരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പ് (DARPG) മാർച്ച് 6 ന് " സ്ത്രീശക്തിയിലൂടെ വികസിത ഭാരതം " എന്ന വിഷയത്തിൽ ഒരു വെർച്വൽ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സ്ത്രീകളുടെ അമൂല്യമായ സംഭാവനകളെ ആഘോഷിക്കുകയും രാജ്യത്ത് ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും കൈവരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എടുത്തുകാണിക്കുകയും ചെയ്തു. ഡി എ ആർ പി ജി മന്ത്രാലയം സെക്രട്ടറി ശ്രീ വി. ശ്രീനിവാസ് സ്വാഗത പ്രസംഗം നടത്തി. പരിവർത്തനാത്മക മാറ്റത്തിന്റെ പ്രേരകശക്തിയായ അടുത്ത തലമുറയെ - യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും - ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു . സ്ത്രീകളുടെ ശേഷി പൂർണ്ണമായും ഉപയോഗപ്പെടുത്താതെ 2047 ഓടെ ശാക്തീകരിക്കപ്പെട്ട ഇന്ത്യ എന്ന ആശയം യാഥാർത്ഥ്യമാക്കാനാവില്ലെന്നും ഈ യാത്രയിൽ ഓരോ വ്യക്തിയും ഓരോ സ്ത്രീയും പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സ്വാതന്ത്ര്യാനന്തരം സ്ത്രീകൾക്കായി സിവിൽ സർവീസസിന്റെ വാതിലുകൾ എങ്ങനെ തുറന്നുവെന്ന് തൊഴിൽ മന്ത്രാലയം സെക്രട്ടറി ശ്രീമതി സുമിത ദാവ്ര വിശദമാക്കി.അതിനുശേഷം സിവിൽ സർവീസ് മേഖലയിലെ സ്ത്രീകളുടെ പങ്ക് ഇന്ത്യയുടെ വളർച്ചാ ഗാഥയെ രൂപപ്പെടുത്തുന്നതായി അവർ പറഞ്ഞു. പ്രസവാവധി, ശിശു സംരക്ഷണ അവധി തുടങ്ങിയ നിയമങ്ങൾ സ്ത്രീകളെ കുടുംബ കടമകൾ സന്തുലിതമാക്കുന്നതിനൊപ്പം രാഷ്ട്രനിർമ്മാണത്തിൽ മികച്ച സംഭാവന നൽകാൻ സഹായിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വർഷമായി ഉയർന്ന സാമ്പത്തിക ഇടപെടൽ, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, വിദ്യാസമ്പന്നരായ കൂടുതൽ സ്ത്രീകളുടെ തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ തൊഴിൽ സേനയിലെ സ്ത്രീ പങ്കാളിത്തത്തിൽ ഇന്ത്യ ഒരു ശുഭകരമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചുവെന്നും അവർ എടുത്തു പറഞ്ഞു.


വേതനമില്ലാത്ത പരിചരണ ജോലികളിൽ,പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഏർപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചു തപാൽ വകുപ്പ് സെക്രട്ടറി ശ്രീമതി വന്ദിത കൗൾ വിശദീകരിച്ചു. സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ 'സുകന്യ സമൃദ്ധി യോജന'യുടെ പങ്കും അതിന്റെ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ചും അവർ അഭിപ്രായം പങ്കുവെച്ചു. വെർച്വൽ വെബിനാറിൽ കേന്ദ്രഗവൺമെന്റിലെയും സംസ്ഥാന ഗവൺമെന്റുകളിലെയും 250-ലധികം ഉദ്യോഗസ്ഥർ പങ്കെടുത്തു. രാജ്യത്തെ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ ചിന്തോദ്ദീപകമായ ചർച്ചകൾക്കും ഈ പരിപാടി ഒരു വേദിയായി മാറി .
******
(Release ID: 2109050)
Visitor Counter : 21