വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര വനിതാ ദിനം 2025

ശാക്തീകരിക്കപ്പെട്ട വനിതകൾ ലോകത്തെ ശാക്തീകരിക്കുന്നു

Posted On: 06 MAR 2025 9:39AM by PIB Thiruvananthpuram
ആമുഖം

മാർച്ച് 8 ന് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്. നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയ വനിതകളെ ദേശ, വംശ, ഭാഷാ, സാംസ്ക്കാര, സാമ്പത്തിക രാഷ്ട്രീയ ഭേദമെന്യേ അംഗീകരിക്കുന്ന സുദിനമാണത്. "എല്ലാ വനിതകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ. സമത്വം. ശാക്തീകരണം." എന്നതാണ് 2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം. എല്ലാവർക്കും തുല്യ അവകാശങ്ങളും, അധികാരങ്ങളും, അവസരങ്ങളും ഉറപ്പാക്കുന്നതിനും ആരും അവഗണിക്കപ്പെടാത്ത സർവ്വാശ്ലേഷിത്വത്തിലൂന്നിയ ഭാവിക്കും വേണ്ടിയുള്ള പ്രവർത്തനത്തിനാണ് ഈ വർഷത്തെ പ്രമേയം ആഹ്വാനം ചെയ്യുന്നത്. പുതുതലമുറ യുവാക്കളെ, പ്രത്യേകിച്ച് യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും - ശാശ്വത പരിവർത്തനത്തിനുള്ള ശക്തികേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ  ദർശനത്തിന്റെ കേന്ദ്രബിന്ദു.

കൂടാതെ, ബീജിംഗ് പ്രഖ്യാപനത്തിന്റെയും പ്രവർത്തന വേദിയുടെയും 30-ാം വാർഷികം ആചരിക്കുന്ന 2025 ഒരു നിർണായക കാലഘട്ടമാണ്. ലോകമെമ്പാടുമുള്ള വനിതകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കായുള്ള അത്യന്തം പുരോഗമനപരവും അംഗീകൃതവുമായ രൂപരേഖയാണ് ബീജിംഗ് പ്രഖ്യാപനം. നിയമം മൂലമുള്ള സംരക്ഷണം, സേവനങ്ങളിലേക്കുള്ള പ്രവേശനം, യുവാക്കളുടെ ഇടപെടൽ, സാമൂഹിക മാനദണ്ഡങ്ങൾ, വാർപ്പ് മാതൃകകൾ, കാലഹരണപ്പെട്ട ആശയങ്ങളുടെ പരിവർത്തനം എന്നിവ മുൻ നിർത്തി  വനിതകളുടെ അവകാശ അജണ്ട പുനരവലോകനം ചെയ്യപ്പെടുകയാണ്.

ഇന്ത്യയിൽ, വിവിധ നയങ്ങളിലൂടെയും പദ്ധതികളിലൂടെയും നിയമനിർമ്മാണ നടപടികളിലൂടെയും വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി സർക്കാർ സജീവമായ ഇടപെടലുകൾ നടത്തുന്നു.  വനിതാ വികസനത്തിൽ നിന്ന് വനിതകൾ നയിക്കുന്ന വികസനത്തിലേക്കുള്ള പരിവർത്തനത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. രാഷ്ട്രപുരോഗതിയിൽ വനിതകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഭൂമികയെ രൂപപ്പെടുത്തുന്നതിൽ വനിതകൾ നിർണായക പങ്ക് വഹിക്കുന്നു, വിദ്യാഭ്യാസം, ആരോഗ്യം, ഡിജിറ്റൽ സർവ്വാശ്ലേഷിത്വം, നേതൃത്വപരമായ പങ്ക് എന്നിവയിലെ തടസ്സങ്ങൾ തകർത്തു മുന്നേറുന്നു.

2025 മാർച്ച് 3 ന്, അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി നമോ ആപ്പ് ഓപ്പൺ ഫോറത്തിൽ ഇന്ത്യയിലുടനീളമുള്ള വനിതകളെ അവരുടെ പ്രചോദനാത്മകമായ ജീവിത യാത്രകൾ പങ്കിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിക്കുകയുണ്ടായി. വിവിധ മേഖലകളിലെ വനിതകളുടെ ഉത്പതിഷ്ണുത്വവും നേട്ടങ്ങളും ഉയർത്തിക്കാട്ടിക്കൊണ്ട് ഇതിനോടകം സമർപ്പിച്ച ശ്രദ്ധേയമായ കഥകളെ അദ്ദേഹം പ്രശംസിച്ചു. ഒരു സവിശേഷ സംരംഭമെന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട വനിതകൾ അവരുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാനും അനുഭവങ്ങൾ പങ്കിടാനും മാർച്ച് 8 ന് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വനിതകളുടെ സംഭാവനകളെ ആഘോഷിക്കാനും അവരുടെ ശാക്തീകരണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയത്തിന്റെയും പ്രയാണം പ്രദർശിപ്പിച്ചുകൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സംരംഭം ലക്ഷ്യമിടുന്നു.

ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂട്

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം, മൗലികാവകാശങ്ങൾ, നിർദ്ദേശക തത്വങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ മുഖേന ലിംഗസമത്വം ഉറപ്പുനൽകുന്നു. അനുച്ഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്നു. അനുച്ഛേദം 15 ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനം വിലക്കുന്നു. അനുച്ഛേദം 51(എ)(ഇ) വനിതകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന ആചാരങ്ങൾ ഉപേക്ഷിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. നിർദ്ദേശക തത്വങ്ങൾ, പ്രത്യേകിച്ച് അനുച്ഛേദം 39 ഉം 42 ഉം, തുല്യ ഉപജീവന അവസരങ്ങൾ, തുല്യ വേതനം, പ്രസവാവധി എന്നിവ വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യ ചുവടെ പറയുന്ന അന്താരാഷ്ട്ര ഉടമ്പടികളിൽ ഒപ്പുവച്ചിട്ടുണ്ട്:
  • അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (1948)
  • പൗര, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി (ICCPR, 1966)
  • വനിതകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്നതിനുള്ള കൺവെൻഷൻ (CEDAW, 1979)
  • ബീജിംഗ് പ്രഖ്യാപനവും പ്രവർത്തനത്തന വേദിയും (1995)
  • അഴിമതിക്കെതിരായ ഐക്യരാഷ്ട്രസഭ കൺവെൻഷൻ (2003)
  • 2030 ലക്ഷ്യമിട്ട് സുസ്ഥിര വികസനത്തിനായുള്ള അജണ്ട.

വനിതാ ശാക്തീകരണത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സർക്കാർ പദ്ധതികൾ

1. വിദ്യാഭ്യാസം


 

വനിതാ ശാക്തീകരണത്തിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. പ്രാഥമിക തലം മുതൽ ഉന്നത തലം വരെ പെൺകുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഇന്ത്യ ഒട്ടേറെ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വിദ്യാഭ്യാസത്തിലെ ലിംഗസമത്വവും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. സമീപ കാലത്ത് പെൺകുട്ടികളുടെ പ്രവേശനം ആൺകുട്ടികളുടെ പ്രവേശനത്തെ മറികടന്നു.

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം, 2009 എല്ലാ കുട്ടികൾക്കും സ്ക്കൂൾ പ്രവേശനം ഉറപ്പാക്കുന്നു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP): കുട്ടികളുടെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സമഗ്ര ശിക്ഷാ അഭിയാൻ: സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും പെൺകുട്ടികൾക്ക് വേണ്ട സൗകര്യങ്ങളെയും പിന്തുണയ്ക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ലിംഗസമത്വത്തിനും സാർവത്രിക വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്നു.

ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്ക്കൂളുകൾ: ഗോത്രവിഭാഗത്തിലെ പെൺകുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു.

2017-18 മുതൽ പെൺകുട്ടികളുടെ മൊത്ത പ്രവേശന അനുപാതം (GER) ആൺകുട്ടികളുടെ അനുപാതത്തെ മറികടന്നു.

ഉന്നത വിദ്യാഭ്യാസമേഖലയിലെ പെൺകുട്ടികളുടെ പ്രവേശനം: 2.07 കോടി (2021-22). ഇത് ആകെ വരുന്ന 4.33 കോടിയുടെ ഏകദേശം 50% വരും.

വനിതാ ഫാക്കൽറ്റി അനുപാതം 2014-15 ലെ 100 പുരുഷന്മാർക്ക് 63 എന്നതിൽ നിന്ന്  2021-22 ൽ 77 ആയി മെച്ചപ്പെട്ടു.


 

STEM ലെ വനിതകൾ: മൊത്തം STEM എൻറോൾമെന്റിന്റെ 42.57% (41.9 ലക്ഷം).

STEM സംരംഭങ്ങൾ:

പ്രാതിനിധ്യം കുറഞ്ഞ മേഖലകളിലെ പെൺകുട്ടികൾക്ക് STEM വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന വിജ്ഞാൻ ജ്യോതി (2020).

ആഗോള ഗവേഷണ അവസരങ്ങളിൽ വനിതാ ശാസ്ത്രജ്ഞരെ വിദേശ ഫെലോഷിപ്പ് പദ്ധതിയിലൂടെ  പിന്തുണയ്ക്കുന്നു.

നാഷണൽ ഡിജിറ്റൽ ലൈബ്രറി, സ്വയം (SWAYAM), സ്വയം പ്രഭ (SWAYAM PRABHA) എന്നിവ ഓൺലൈൻ പഠന പ്രവേശനം ഉറപ്പാക്കുന്നു.

STEM മേഖലകളിലെ വിവിധ സ്കോളർഷിപ്പുകൾക്ക് കീഴിൽ 10 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്  പ്രയോജനം.


 

നൈപുണ്യ വികസന സംരംഭങ്ങൾ:

സ്കിൽ ഇന്ത്യ മിഷൻ, പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന (PMKVY), വനിതാ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ എന്നിവ വനിതകൾക്ക് തൊഴിലധിഷ്ഠിതവും സാങ്കേതികവുമായ പരിശീലനം നൽകുന്നു.

വനിതാ സാങ്കേതിക പാർക്കുകൾ (WTP-കൾ) പരിശീലനത്തിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്രങ്ങളായി വർത്തിക്കുന്നു.

2. ആരോഗ്യവും പോഷകാഹാരവും

വനിതകളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ലിംഗാധിഷ്ഠിത ആരോഗ്യ അസമത്വങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം നിർണായകമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വനിതകൾക്ക് മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, വൈദ്യസഹായം എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒട്ടേറെ നയ സംരംഭങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്.

പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY): ഗർഭവതികളായ വനിതകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആനുകൂല്യം പണമായി നൽകുന്നു. 2025 ജനുവരി വരെ 3.81 കോടി വനിതകൾക്ക് ₹17,362 കോടി വിതരണം ചെയ്തു.


 

മെച്ചപ്പെട്ട മാതൃ ആരോഗ്യം:

മാതൃമരണ നിരക്ക് (MMR) ഒരു ലക്ഷം പ്രസവങ്ങൾക്ക് 130 (2014-16) ൽ നിന്ന് 97 (2018-20) ആയി ചുരുങ്ങി.

5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് (U5MR) 43 (2015) ൽ നിന്ന് 32 (2020) ആയി കുറഞ്ഞു.

വനിതകളുടെ ആയുർദൈർഘ്യം 71.4 വർഷമായി വർദ്ധിച്ചു (2016-20), 2031-36 ആകുമ്പോഴേക്കും ഇത് 74.7 ലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പോഷകാഹാരവും ശുചിത്വവും:

ജൽ ജീവൻ ദൗത്യം 15.4 കോടി വീടുകളിൽ കുടിവെള്ള വിതരണം ഉറപ്പാക്കി.
ഇത് ആരോഗ്യപ്രശ്നനങ്ങൾക്കുള്ള സാധ്യതകൾ കുറച്ചു.

സ്വച്ഛ് ഭാരത് ദൗത്യം 11.8 കോടി ശൗചാലയങ്ങളുടെ നിർമ്മാണത്തിലേക്ക് നയിച്ചു.
ഇത് വൃത്തിയും ശുചിത്വവും മെച്ചപ്പെടുത്തി.

പോഷൺ അഭിയാൻ: മാതൃ-ശിശു പോഷകാഹാര പരിപാടികൾ ശക്തിപ്പെടുത്തുന്നു.
ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്ത 10.3 കോടിയിലധികം ശുദ്ധമായ പാചക വാതക കണക്ഷനുകൾ നൽകി.

3. സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സർവ്വാശ്ലേഷിത്വവും

തൊഴിൽ ശക്തിയിൽ വനിതകളുടെ പങ്കാളിത്തം സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയാണ്. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഒട്ടേറെ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിർണ്ണായക ഗാർഹിക തീരുമാനങ്ങളിൽ വനിതകളുടെ പങ്കാളിത്തം: 84% (2015) ൽ നിന്ന് 88.7% (2020) ആയി വർദ്ധിച്ചു.


 

സാമ്പത്തിക സർവ്വാശ്ലേഷിത്വം:

പിഎം ജൻ ധൻ യോജന: 30.46 കോടിയിലധികം അക്കൗണ്ടുകൾ തുറന്നു. (55% അക്കൗണ്ടുകൾ വനിതകളുടേതാണ്)

സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി: 10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള വായ്പകളുടെ 84% വനിതാ സംരംഭകർക്ക് അനുവദിച്ചു.

മുദ്ര പദ്ധതി: 69% ലോണുകളും വനിതകൾ നയിക്കുന്ന സംരംഭങ്ങൾക്ക്.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (NRLM) കീഴിലുള്ള സ്വയം സഹായ സംഘങ്ങൾ: 9 ദശലക്ഷം സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് 10 കോടി വനിതകൾ പ്രവർത്തിക്കുന്നു.

ബാങ്ക് സഖിമാരുടെ മാതൃക: 2020ൽ 6,094 വനിതാ ബാങ്കിംഗ് കറസ്‌പോണ്ടന്റുമാർ 4 കോടി ഡോളറിന്റെ ഇടപാടുകൾ നടത്തി.

തൊഴിലും നേതൃത്വവും:

സായുധ സേനയിലെ വനിതാ പ്രാതിനിധ്യം: എൻ‌ഡി‌എ,  സൈനിക സ്‌കൂളുകൾ എന്നിവയിൽ പ്രവേശനം.

വ്യോമയാനം: ഇന്ത്യയിൽ 15% ത്തിലധികം വനിതാ പൈലറ്റുമാരുണ്ട്, ഇത് ആഗോള ശരാശരിയായ 5%-ത്തേക്കാൾ കൂടുതലാണ്.

വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ (സഖി നിവാസ്): 26,306 സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന 523 ഹോസ്റ്റലുകൾ.

സ്റ്റാർട്ടപ്പുകളിലെ വനിതാ സംരംഭകർ: ചെറുകിട വ്യവസായ വികസന ബാങ്കിലെ ഫണ്ടുകളുടെ 10% വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നു.

4. ഡിജിറ്റൽ, സാങ്കേതിക ശാക്തീകരണം

ഡിജിറ്റൽ യുഗത്തിൽ, വനിതകളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനവും ഡിജിറ്റൽ സാക്ഷരതയും നിർണായകമാണ്. വിവിധ സംരംഭങ്ങളിലൂടെ വനിതകളെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമാക്കുന്നതിന് സർക്കാർ മുൻകൈയെടുക്കുന്നു.

ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾ:

PMGDISHA (പ്രധാനമന്ത്രി ഡിജിറ്റൽ സാക്ഷരതാ അഭിയാൻ): 6 കോടി ഗ്രാമീണ പൗരന്മാർ ഡിജിറ്റൽ സാക്ഷരതയിൽ പരിശീലനം നേടി.

പൊതു സേവന കേന്ദ്രങ്ങൾ (CSC): ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ നടത്തുന്ന 67,000 വനിതാ സംരംഭകർ.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM): ഡിജിറ്റൽ പരിഹാരങ്ങളിലൂടെ ആരോഗ്യ സംരക്ഷണ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു.

വനിതാ ശാക്തീകരണത്തിനായുള്ള സങ്കൽപ് ഹബുകൾ: 35 സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലായി 742 ജില്ലകളിൽ പ്രവർത്തിക്കുന്നു.


 

സാമ്പത്തിക സാങ്കേതികവിദ്യയും സർവ്വാശ്ലേഷിത്വവും:

ഡിജിറ്റൽ ബാങ്കിംഗും ആധാർ ബന്ധിത സേവനങ്ങളും വനിതകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.

സർക്കാർ ഇ-മാർക്കറ്റ്പ്ലേസുകൾ സ്ത്രീ സംരംഭകത്വത്തെയും ഓൺലൈൻ ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുന്നു.

5. സുരക്ഷയും സംരക്ഷണവും

സ്ത്രീ സുരക്ഷ ഉറപ്പാക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ മുൻ‌ഗണനയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമപരവും സ്ഥാപനപരവുമായ പിന്തുണ നൽകുന്നതിനുമായി ഒട്ടേറെ നിയമനിർമ്മാണ നടപടികൾ, സമർപ്പിത ഫണ്ടുകൾ, അതിവേഗ കോടതികൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാന നിയമ ചട്ടക്കൂടുകൾ:

  • ക്രിമിനൽ നിയമ ഭേദഗതി 2018: വനിതകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നു.
  • ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005.
  • ജോലിസ്ഥലത്ത് വനിതകൾ നേരിടുന്ന ലൈംഗിക പീഡനം തടയുന്നതിനുള്ള നിയമം, 2013.
  • പോക്സോ നിയമം, 2012: കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമങ്ങൾ ശക്തിപ്പെടുത്തി.
  • മൂത്തലാഖ് നിരോധനം (2019): തൽക്ഷണ വിവാഹമോചന രീതികൾ കുറ്റകരമാക്കി.
  • സ്ത്രീധന നിരോധന നിയമം, 1961: സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഉറപ്പാക്കുന്നു.
  • ശൈശവ വിവാഹ നിരോധന നിയമം, 2006: നിർബന്ധിത വിവാഹങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്നു.
  • നിർഭയ ഫണ്ട് പദ്ധതികൾ : ₹11,298 കോടി അനുവദിച്ചു
  • വൺ സ്റ്റോപ്പ് സെന്ററുകൾ (OSC): 802 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു, 10 ലക്ഷത്തിലധികം വനിതകളെ സഹായിക്കുന്നു.
  • എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS - 112): 38.34 കോടി കോളുകൾ കൈകാര്യം ചെയ്തു.
  • അതിവേഗ പ്രത്യേക കോടതികൾ (FTSCs): പ്രവത്തന സജ്ജമായ 750 കോടതികൾ, POCSO കേസുകൾക്ക് മാത്രമായി 408  എണ്ണം.
  • സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930), ഡിജിറ്റൽ സുരക്ഷയ്ക്കായി സൈബർ ഫോറൻസിക് ലാബുകൾ.
  • സേഫ് സിറ്റി പദ്ധതി: സ്ത്രീ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി 8 നഗരങ്ങളിൽ നടപ്പിലാക്കി.
  • പോലീസ് സ്റ്റേഷനുകളിൽ 14,658 വനിതാ ഹെൽപ്പ് ഡെസ്‌കുകൾ, 13,743 സ്ത്രീകൾ നേതൃത്വം നൽകുന്നു.

സ്ഥാപനപരവും നിയമനിർമ്മാണപരവുമായ പരിഷ്‌ക്കാരങ്ങൾ
 

  • ഭാരതീയ ന്യായ സംഹിത (BNS), 2023: ലിംഗനീതിക്കുള്ള വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നു.
  • വൈവാഹിക ബലാത്സംഗം (18 വയസ്സിന് താഴെയുള്ള ഭാര്യമാർ) കുറ്റകരമാക്കുന്നു.
  • ലൈംഗിക കുറ്റകൃത്യങ്ങൾക്കും മനുഷ്യക്കടത്തിനും വലിയ ശിക്ഷ.
  • സാക്ഷി സംരക്ഷണവും ഡിജിറ്റൽ തെളിവുകളുടെ സ്വീകാര്യതയും മെച്ചപ്പെട്ടു.
  • CAPF-ലെ വനിതാ പ്രാതിനിധ്യം: തിരഞ്ഞെടുത്ത സേനകളിൽ 33% സംവരണം.
  • നാരി അദാലത്ത്: അസമിലും ജമ്മു കാശ്മീരിലും 50 ഗ്രാമപഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു, ഇപ്പോൾ ഇത് വിപുലമാകുന്നു.


ഉപസംഹാരം

സമഗ്രമായ നയങ്ങൾ, ലക്ഷ്യവേധിയായ പദ്ധതികൾ, നിയമ ചട്ടക്കൂടുകൾ എന്നിവയിലൂടെ വനിതാ ശാക്തീകരണത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. സാമ്പത്തിക പങ്കാളിത്തം മുതൽ സുരക്ഷ വരെ, ഡിജിറ്റൽ സർവ്വാശ്ലേഷിത്വം മുതൽ വിദ്യാഭ്യാസം വരെയുള്ള, സർക്കാർ സംരംഭങ്ങൾ വനിതകളുടെ ജീവിതത്തിൽ ഗണ്യമായ പുരോഗതിക്ക് കാരണമായിട്ടുണ്ട്.  രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകൾ സുപ്രധാന പങ്ക് വഹിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന, ലിംഗഭേദമില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആവർത്തിച്ചുറപ്പിക്കുകയെന്നത് നിർണ്ണായകമാണ്. നയരൂപീകരണം, സാമൂഹിക ഇടപെടൽ, ഡിജിറ്റൽ സർവ്വാശ്ലേഷിത്വം എന്നിവയിലെ സുസ്ഥിരമായ പരിശ്രമങ്ങൾ  ഇന്ത്യയുടെ വളർച്ചാ ഗാഥയെ വരും വർഷങ്ങളിലും വനിതകൾ തന്നെ നയിക്കുമെന്ന് ഉറപ്പാക്കും.


അവലംബം :

 

 

************************

(Release ID: 2108901) Visitor Counter : 42