പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് സംരംഭത്തിന് തുടക്കം; എല്ലാ ജില്ലകളിലും ഒരു മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് വികസിപ്പിക്കും

Posted On: 05 MAR 2025 6:50PM by PIB Thiruvananthpuram
രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ച 2025 ലെ ദേശീയ കൺവെൻഷൻ മാർച്ച് 5 ന് പഞ്ചായത്തിരാജ് മന്ത്രാലയം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. 2025 ലെ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശീയ കൺവെൻഷനിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 1500-ലധികം പ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടും വെർച്വലായും പങ്കെടുത്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേലും കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേലും പരിപാടിയിൽ പങ്കെടുത്തു. മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾക്കായുള്ള വെർച്വൽ പരിശീലന പരിപാടികളും ഇന്ത്യയിലെ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള സമഗ്രമായ തത്സമയ നിരീക്ഷണ ഡാഷ്‌ബോർഡും ഉൾപ്പെടെയുള്ള സംരംഭങ്ങൾ ദേശീയ കൺവെൻഷനിൽ പുറത്തിറക്കി. താഴെത്തട്ടിലെ വനിതാ പങ്കാളിത്തവും ക്ഷേമവും വിലയിരുത്തുന്നതിനും വിശകലനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സാങ്കേതിക ഇടപെടലാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നത്. രാജ്യത്തെ വനിതാ നേതാക്കളെ പിന്തുണയ്ക്കുന്നതിനായി തത്സമയ വിവരങ്ങളും ഡാറ്റാധിഷ്ഠിത ഇടപെടലുകളും ഡാഷ്‌ബോർഡ് വാഗ്ദാനം ചെയ്യുന്നു.


വനിതകളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സംരംഭങ്ങളുടെ സമഗ്രമായ ചിത്രം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. കേന്ദ്ര സർക്കാർ പദ്ധതികൾ ദുർബല ജനവിഭാഗങ്ങളിലേക്ക്  എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ വനിതാ ജനപ്രതിനിധികൾ സുപ്രധാന പങ്കു വഹിക്കുന്നതായി അവർ പറഞ്ഞു. സാമൂഹികാരോഗ്യത്തിനായി ശക്തമായ ചട്ടക്കൂട് നിർമ്മിക്കുന്ന ഗ്രാമീണ ആരോഗ്യ, ശുചിത്വ, പോഷകാഹാര സമിതി എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രവർത്തിക്കുന്നതായി കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. ആയുഷ്മാൻ ആരോഗ്യ മന്ദിർ 12 തരം മെഡിക്കൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിൽ വയോജന പരിചരണം, ദന്ത പരിചരണം, കാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്കുള്ള പരിശോധനകൾ, ടെലിമെഡിസിൻ തുടങ്ങിയവ ഉൾപ്പെടുന്നു.

നേതൃ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനത്തിനായി 770 മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകളെ, അതായത് ഓരോ ജില്ലയിലെയും ഓരോ മാതൃകാ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതായി കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, വിധവകൾക്കും ദിവ്യാംഗർക്കുമുള്ള പെൻഷൻ പദ്ധതികൾ, ആയുഷ്മാൻ ഭാരത്, അവയവദാനം തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് വനിതാ ഗ്രാമമുഖ്യർ നേതൃത്വം നൽകണമെന്ന് പ്രൊഫ. ബാഗേൽ അഭ്യർത്ഥിച്ചു.

കഴിഞ്ഞ പതിനൊന്ന് വർഷമായി ഈ മേഖലയിൽ രാജ്യം കൈവരിച്ച പുരോഗതി പ്രതിഫലിപ്പിക്കുന്ന ദേശീയ കൺവെൻഷൻ, വനിതാ കേന്ദ്രീകൃത വികസനത്തിൽ നിന്ന് വനിതകൾ നയിക്കുന്ന വികസനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. വനിതാ സംവരണ ബിൽ (നാരി ശക്തി വന്ദൻ അധിനിയം) നടപ്പിലാക്കിയത് ഈ പ്രയാണത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത് നയരൂപീകരണത്തിൽ കൂടുതൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം, വനിതകളുടെ മൗലികമായ ആവശ്യങ്ങൾ സമഗ്രതയോടെ പരിഹരിക്കുന്നതിനും ശൗചാലയങ്ങൾ, ശുദ്ധമായ ഇന്ധനം, ആർത്തവ ശുചിത്വം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാനതല സംരംഭങ്ങൾ ഉറപ്പാക്കുന്നതിനും വഴിയൊരുക്കുന്നതിൽ നാഴികക്കല്ലായി മാറുന്ന നിയമനിർമ്മാണമാണ്. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2025 മാർച്ച് 8 ന് മഹിളാ ഗ്രാമസഭകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലിംഗസമത്വത്തിനും സുസ്ഥിര ഗ്രാമവികസനത്തിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും, മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് സംരംഭത്തിന്റെ ലക്ഷ്യങ്ങൾ അടിസ്ഥാന തലത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വേദിയായി ഇത് വർത്തിക്കും.
 
*****

(Release ID: 2108689) Visitor Counter : 11