ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

മൗസം ദൗത്യം

കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയെ പൂർണ്ണ സജ്ജമാക്കുന്നു

Posted On: 23 DEC 2024 4:05PM by PIB Thiruvananthpuram

 

ആമുഖം

വൈവിധ്യമാർന്ന ഭൂമിശാസ്ത്രവും കാലാവസ്ഥയും നിലനിൽക്കുന്ന ഇന്ത്യയിൽ, കാലാവസ്ഥ പ്രവചനവും കാലവർഷ വിന്യാസവും ഏറെ സ്വാധീനം ചെലുത്തുന്നു. കൃഷി പ്രാഥമിക ഉപജീവനമാർഗ്ഗമായ ഒരു രാജ്യത്ത് കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന്റെ നിർണ്ണായക ആവശ്യകത മനസ്സിലാക്കി , 2024 സെപ്റ്റംബർ 11 ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) ചരിത്ര സംരംഭമായ മൗസം ദൗത്യം മൂന്നാം മോദി മന്ത്രിസഭ അംഗീകരിച്ചു.  ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തേയ്ക്കായി ₹2,000 കോടിയുടെ ബജറ്റ് അംഗീകരിക്കുകയും ചെയ്തു.   കാലാവസ്ഥ പ്രവചനത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ദൗത്യം, ആഗോള മാനദണ്ഡങ്ങൾ പാലിക്കും വിധം രാജ്യത്തെ 'കാലാവസ്ഥാ സജ്ജ'വും 'കാലാവസ്ഥാ സമർത്ഥവും' ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

കാലാവസ്ഥപ്രവചനവും കാലാവസ്ഥാ സേവനങ്ങളും മെച്ചപ്പെടുത്തുക, കൃഷി, ദുരന്തനിവാരണം, ഗ്രാമവികസനം എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കായി സമയബന്ധിതവും കൃത്യവുമായ നിരീക്ഷണം, മാതൃകകൾ, പ്രവചന വിവരങ്ങൾ എന്നിവ ഉറപ്പാക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), നാഷണൽ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (NCMRWF), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM) എന്നീ പ്രമുഖ സ്ഥാപനങ്ങളിലൂടെ മന്ത്രാലയം നേതൃത്വം നൽകുന്ന ഈ സംരംഭത്തിന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) തുടങ്ങിയ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ പിന്തുണയും ലഭിക്കുന്നു.

ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങൾ, അക്കാദമിക-വ്യവസായ മേഖലകൾ എന്നിവയുമായി സഹകരിച്ച്, മൗസം ദൗത്യം ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിലും കാലാവസ്ഥാ സേവനങ്ങളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരികയും , നിർണ്ണായകമായ ഈ മേഖലയിൽ ആഗോള നേതൃത്വം ഉറപ്പിക്കുകയും ചെയ്യുന്നു. ഹ്രസ്വകാല (മണിക്കൂർ) പ്രവചനങ്ങൾ മുതൽ ഋതുഭേദങ്ങളുടെ   പ്രവചനങ്ങൾ വരെയുള്ള വിവിധ മാനദണ്ഡങ്ങളിൽ കൃത്യതയോടെ  ലഭ്യമാക്കുന്നതിന് ഹൈ റെസല്യൂഷൻ മോഡലുകളും സൂപ്പർ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സംരംഭം ഉപയോഗപ്പെടുത്തുന്നു.

മൗസം ദൗത്യം അനിവാര്യമാകുന്നത് എന്തുകൊണ്ട്?

കാർഷിക സമ്പദ്‌വ്യവസ്ഥ: മഴയുടെ ക്രമരഹിതമായ വിന്യാസത്തിന് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നു. കർഷകരെ സംബന്ധിച്ചിടത്തോളം ഇത് നഷ്ട സാധ്യത വർദ്ധിപ്പിക്കുന്നു. പരമാവധി വിളവ് ലഭിക്കും വിധം വിതയ്ക്കൽ, ജലസേചനം, വിള പ്രവചനം എന്നിവ ആസൂത്രണം ചെയ്യാൻ കാലവർഷ പ്രവചനം സഹായിക്കും.

ദുരന്തങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്: ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ രൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ  ഇന്ത്യ അടിക്കടി നേരിടുന്നു. മികച്ച പ്രവചന വൈദഗ്ദ്ധ്യം ജീവനുകൾ രക്ഷിക്കാനും സാമ്പത്തിക നഷ്ടം കുറയ്ക്കാനും സഹായിക്കും.

ഗ്രാമവികസനം: ജലവിഭവ മാനേജ്മെന്റ്, കന്നുകാലി സംരക്ഷണം, അടിസ്ഥാന സൗകര്യ ആസൂത്രണം എന്നീ മേഖലകളിൽ സഹായമുറപ്പാക്കുന്നതിലൂടെ, മെച്ചപ്പെട്ട കാലാവസ്ഥാ സേവനങ്ങൾക്ക് ഗ്രാമീണ സമൂഹങ്ങളെ പിന്തുണയ്ക്കാൻ കഴിയും.

ലക്ഷ്യങ്ങൾ

മൗസം ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ :

ഹ്രസ്വകാലം, മധ്യകാലം, വിപുലീകൃത-ശ്രേണി, കാലികം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളിലൂന്നി കാലാവസ്ഥാ പ്രവചനത്തിൽ ഇന്ത്യയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക.

കാലവർഷത്തിന്റെ സ്വഭാവം പ്രവചിക്കുന്നതിൽ മെച്ചപ്പെട്ട കൃത്യതയ്ക്കായി ഉന്നത നിലവാരത്തിലുള്ളതും വിശദാംശങ്ങളോടു കൂടിയതുമായ മാതൃകകൾ വികസിപ്പിക്കുക.

റഡാറുകൾ, ഉപഗ്രഹങ്ങൾ, ഓട്ടോമേറ്റഡ് കാലാവസ്ഥാ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ ഉപയോഗിച്ച് നിരീക്ഷണ ശൃംഖല ശക്തിപ്പെടുത്തുക.

കൃഷി, ജലസ്രോതസ്സുകൾ, ഊർജ്ജം, ആരോഗ്യം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് പ്രായോഗിക മാർഗ്ഗ നിദ്ദേശങ്ങൾ നൽകുക.

ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളുമായുള്ള ഗവേഷണ സഹകരണത്തിലൂടെ കാര്യക്ഷമത മെച്ചപ്പെടുത്തുക.

നിർവ്വഹണ തന്ത്രം

മൗസം ദൗത്യം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒരു ബഹുമുഖ സമീപനമാണ് സ്വീകരിക്കുന്നത്:

അടിസ്ഥാന സൗകര്യ വികസനം: രാജ്യത്തുടനീളം ഡോപ്ലർ വെതർ റഡാറുകൾ (DWR-കൾ), ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ (AWS), റെയിൻ ഗേജുകൾ എന്നിവസ്ഥാപിക്കുക സൂപ്പർ കമ്പ്യൂട്ടിംഗ് പവർ: നൂതന കാലാവസ്ഥാ മാതൃകകൾക്കായി പ്രത്യുഷ്, മിഹിർ പോലെ ഉന്നത ശേഷിയുള്ള കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക.

സഹകരണ ഗവേഷണം: പ്രവചന സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുന്നതിനായി ലോക കാലാവസ്ഥാ സംഘടന (WMO) അടക്കമുള്ള ആഗോള സംഘടനകളുമായി പങ്കാളിത്തം.

പൊതുജന സമ്പർക്കം: മൊബൈൽ ആപ്ലിക്കേഷനുകൾ (ഉദാ. മൗസം ആപ്പ്), SMS സേവനങ്ങൾ, മാധ്യമ ചാനലുകൾ എന്നിവയിലൂടെ ഉപയോക്തൃ-സൗഹൃദ മുന്നറിയിപ്പുകളുടെ പ്രചരണം.

നിലവിലെ സ്ഥിതി

തത്സമയ നിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലുടനീളം 37-ലധികം ഡോപ്ലർ കാലാവസ്ഥാ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 450 നഗരങ്ങൾക്ക് ലൊക്കേഷൻ-അധിഷ്ഠിത കാലാവസ്ഥാ പ്രവചനങ്ങൾ മൗസം മൊബൈൽ ആപ്പ് ലഭ്യമാക്കുന്നു.

ദേശീയ കാലവർഷ ദൗത്യ ചട്ടക്കൂടിന് കീഴിൽ സീസണൽ  പ്രവചന മാതൃകകൾ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

നഗരങ്ങളിലെ വെള്ളപ്പൊക്ക പ്രവചനത്തിനും ചുഴലിക്കാറ്റ് നിരീക്ഷണത്തിനും മന്ത്രാലയം പ്രത്യേക പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല അതിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും മൂലം അതുല്യമായ വെല്ലുവിളികൾ നേരിടുന്നു:

കാലവർഷത്തിൽ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കം ഉപജീവനമാർഗ്ഗങ്ങളെ തടസ്സപ്പെടുത്തുന്നു.

കനത്ത മഴ മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു.

മൗസം ദൗത്യം വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകുന്നതെങ്ങനെ :

പർവ്വത പ്രദേശങ്ങൾക്ക് അനുയോജ്യമായ അധിക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ വിന്യസിക്കുന്നു.

അതിശക്തമായ കാലാവസ്ഥാ ആഘാതം ലഘൂകരിക്കുന്നതിന് പ്രാദേശിക പ്രവചനങ്ങൾ ലഭ്യമാക്കുന്നു.

ദുരന്തനിവാരണ പദ്ധതികളിൽ കാലാവസ്ഥാ ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകളുമായി സഹകരിക്കുന്നു.

വെല്ലുവിളികൾ

ഗണ്യമായ പുരോഗതികൾക്കിടയിലും , മൗസം ദൗത്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു:

ഭൂമിശാസ്ത്രപരമായ വൈവിധ്യം: ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് സങ്കീർണ്ണമായ പ്രാദേശികാധിഷ്ഠിത മാതൃകകൾ ആവശ്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിലെ  അനിശ്ചിതത്വം: ആഗോള കാലാവസ്ഥാ രീതികളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ദീർഘകാല പ്രവചനങ്ങളെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു.

അടിസ്ഥാന സൗകര്യ പരിമിതികൾ : വിദൂര പ്രദേശങ്ങൾക്ക് റഡാറുകൾ അല്ലെങ്കിൽ AWS പോലുള്ള കൂടുതൽ നിരീക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്.

അറിവും ജാഗ്രതയും: കർഷകരും ഗ്രാമീണ സമൂഹങ്ങളും പ്രവചന വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നത് ഒരു പ്രധാന തടസ്സമായി തുടരുന്നു.

ഉപസംഹാരം

കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദൂരവ്യാപകമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും പരിഹരിക്കാനുള്ള ഇന്ത്യയുടെ ഉദ്യമങ്ങളിൽ മൗസം ദൗത്യം പരിവർത്തനാത്മകമായ ഒരു നാഴികക്കല്ലാണ്. പ്രവചന ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും കൃത്യവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയും, ജീവനും, ഉപജീവനമാർഗ്ഗവും നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തെയും ദൗത്യം പിന്തുണയ്ക്കുന്നു. വടക്കുകിഴക്കൻ മേഖല പോലുള്ള ദുർബല പ്രദേശങ്ങളിൽ ഇത് നടപ്പിലാക്കുന്നത്, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന തീവ്രമായ പ്രകൃതി ദുരന്തങ്ങൾ, വിഭവ ദൗർലഭ്യം പോലുള്ള വെല്ലുവിളികൾ നേരിടാനുള്ള ഇന്ത്യയുടെ പ്രതിരോധശേഷിയെ ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും.

ദൗത്യം പുരോഗമിക്കുമ്പോൾ, അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലും, ഗവേഷണ സഹകരണം വളർത്തിയെടുക്കുന്നതിലും ,പൊതുജന അവബോധ പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വ്യാപക സ്വീകാര്യതയും സ്വാധീനവും ഉറപ്പാക്കും. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് മാത്രമല്ല, കാലാവസ്ഥാ-അനുസൃത സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങൾ തുറന്നു നൽകാനും മൗസം ദൗത്യം സജ്ജമാണ്. സുരക്ഷിതവും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഭാവി ഭാരതം രൂപപ്പെടുത്തുന്നതിൽ ദൗത്യം നിർണായക പങ്ക് വഹിക്കുന്നു.

റഫറൻസുകൾ

Click here to download PDF


(Release ID: 2108282) Visitor Counter : 14


Read this release in: English , Urdu , Hindi , Bengali