പഞ്ചായത്തീരാജ് മന്ത്രാലയം
പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ വിഭവശേഷി വികസനത്തിനായുള്ള "സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ” പദ്ധതിക്ക് തുടക്കമായി
Posted On:
04 MAR 2025 6:40PM by PIB Thiruvananthpuram
പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്കായി ഇന്ന് ന്യൂഡൽഹിയിൽ നടന്ന ദേശീയ ശിൽപശാലയിൽ, കേന്ദ്രപഞ്ചായത്തിരാജ് മന്ത്രാലയം "സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ" ആരംഭിച്ചു. 2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള 1,200-ലധികം വനിതാ പഞ്ചായത്ത് നേതാക്കളെ ഈ ചരിത്രപരമായ സമ്മേളനം ഒരുമിച്ച് കൊണ്ടുവന്നു. രാജ്യത്തുടനീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ ശക്തിപ്പെടുത്തുക എന്ന സമഗ്ര ലക്ഷ്യത്തോടെയുള്ള വിഭവ ശേഷി വികസന സംരംഭമാണ് സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ. തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ നേതൃപാടവം, തീരുമാനമെടുക്കൽ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിലും, അടിസ്ഥാനതല ഭരണത്തിൽ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രാമീണ തദ്ദേശ ഭരണത്തിൽ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ നേതൃത്വ വൈഭവം വർദ്ധിപ്പിക്കുന്നതിനും തീരുമാനമെടുക്കലിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം ഈ സംരംഭത്തിലൂടെ ഒരു തന്ത്രപരമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്, കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി, കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ, കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറി ശ്രീ അശോക് കെ. കെ. മീന, പഞ്ചായത്തിരാജ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ സുശീൽ കുമാർ ലോഹാനി, വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, എസ്‌ഐആർഡി & പിആർ, ടിആർഐഎഫ്, യുഎൻഎഫ്‌പിഎ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


""സശക്ത് പഞ്ചായത്ത്-നേത്രി അഭിയാൻ" എന്ന സംരംഭം സമഗ്ര വികസനത്തിലേക്കുള്ള നമ്മുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് എന്ന് ഉദ്ഘാടന മുഖ്യപ്രഭാഷണത്തിൽ കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. വനിതാ നേതൃത്വം അടിസ്ഥാനതലത്തിൽ ശുഭകരമായ മാറ്റങ്ങൾക്ക് കാരണമാകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് , രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളിൽ, വനിതാ നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അവരുടെ വിഭവ ശേഷിയും ആത്മവിശ്വാസവും വളർത്തുന്നതിനുള്ള നടപടികൾ നിർവഹിക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ സിംഗ് പറഞ്ഞു. 73-ാമത് ഭരണഘടനാ ഭേദഗതിയുടെ സ്വാധീനത്തെ അദ്ദേഹം പ്രശംസിച്ചു.ഇതിന്റെ ഫലമായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ 1.4 ദശലക്ഷത്തിലധികം വനിതാ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. കുടുംബങ്ങൾ കൈകാര്യം ചെയ്യുന്നത് മുതൽ സമൂഹങ്ങളെ ഭരിക്കുന്ന ഗവൺമെന്റിന് രൂപം നൽകുന്നത് വരെ ബഹുമുഖ ചുമതലകൾ നിർവഹിക്കുന്ന സ്ത്രീകളെ കേന്ദ്രമന്ത്രി പ്രശംസിച്ചു . "ശരിയായ പിന്തുണയും അവസരവും ഉണ്ടെങ്കിൽ, തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് സ്ത്രീകൾ തെളിയിക്കുന്നു", അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളോട് അവരുടെ അധികാരം സ്വതന്ത്രമായി പ്രയോഗിക്കാനും തീരുമാനമെടുക്കലിൽ പുരുഷ ഇടപെടലിന്റെ സ്വാധീനം ഇല്ലാതാക്കാനുംകേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പോലുള്ള സംരംഭങ്ങൾ മാറ്റത്തിന് ഉത്തേജകമായി വർത്തിച്ചു, ഇത് സാമൂഹിക മാനസികാവസ്ഥയെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. "ലഖ്പതി ദീദികളും" "ഡ്രോൺ ദീദികളും" പോലുള്ള സ്വയം സഹായ സംഘങ്ങൾ,സ്ത്രീകൾക്കുംകുടുംബങ്ങൾക്കും മികച്ച ജീവിതം ലഭ്യമാക്കുന്നതായി ശ്രീമതി അന്നപൂർണ ദേവി എടുത്തുപറഞ്ഞു. ഉജ്ജ്വല, പ്രധാനമന്ത്രി ആവാസ് യോജന, മുദ്ര യോജന തുടങ്ങിയ പദ്ധതികൾ ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
"മുഖ്യ പതി", "പ്രധാന പതി", "സർപഞ്ച് പതി" സംസ്കാരം ഉയർത്തുന്ന ആശങ്കയെ കുറിച്ച് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി പ്രൊഫ. എസ്. പി. സിംഗ് ബാഗേൽ സംസാരിച്ചു.ഇതിൽ പുരുഷന്മാരായ ബന്ധുക്കൾ യഥാർത്ഥ നേതാക്കളെ പോലെ പ്രവർത്തിക്കുകയും തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ നേതൃ പദവി തമസ്കരിക്കപ്പെടുകയും ചെയ്യുന്നു.ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ, ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം വനിതാ നേതാക്കളോട് ആവശ്യപ്പെട്ടു. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ സജീവ പങ്കാളിത്തമില്ലാതെ "വികസിത ഭാരതം " എന്ന ദർശനം കൈവരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വനിതാ പഞ്ചായത്ത് പ്രതിനിധികൾ അവരുടെ നേതൃത്വപരമായ ചുമതലകൾ സ്വയം നിർവചിക്കാനും സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് സർപഞ്ചായി രാഷ്ട്രീയ ജീവിതം ആരംഭിച്ച കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ, തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയും പ്രോക്സി സർപഞ്ചുകളുടെ പ്രശ്‌നം ചൂണ്ടിക്കാണിക്കുകയും ചെയ്തു. വനിതാ പ്രതിനിധികൾ അവരുടെ അധികാരം സ്ഥാപിക്കേണ്ട ഉത്തരവാദിത്വം സ്വയം നിർവഹിക്കണമെന്ന് മന്ത്രി പറഞ്ഞു. "പഞ്ചായത്തിൽ നിന്ന് പാർലമെന്റിലേക്കുള്ള നിങ്ങളുടെ യാത്ര എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിന് ആവശ്യവുമാണ്", അവർ പറഞ്ഞു.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് ഭരദ്വാജ്, വനിതാ പ്രതിനിധികൾ പ്രോക്‌സി പ്രതിനിധികളായിരിക്കരുത്, മറിച്ച് അടിസ്ഥാന തലത്തിൽ മാറ്റം വരുത്തുന്ന യഥാർത്ഥ നേതാക്കളാകണമെന്ന് ഊന്നിപ്പറഞ്ഞു.
പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ വിഭവശേഷി വികസനത്തിനായി രൂപകൽപ്പന ചെയ്ത പ്രത്യേക പരിശീലന മൊഡ്യൂളുകളുടെ ഉദ്ഘാടനത്തിന് ശില്പശാല സാക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രതിനിധികൾക്കായി തയ്യാറാക്കിയ "ലിംഗാധിഷ്ഠിത അക്രമവും ഹാനികരമായ രീതികളും അഭിസംബോധന ചെയ്യുന്ന നിയമത്തെക്കുറിച്ചുള്ള സമഗ്രമായ ലഘു പുസ്തകം " ഈ അവസരത്തിൽ പ്രകാശിപ്പിച്ചു. ഗ്രാമീണ തദ്ദേശ സ്വയംഭരണത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പഞ്ചായത്തുകളിൽ നിന്നുള്ള മികച്ച വനിതാ നേതാക്കളെ ചടങ്ങിൽ ആദരിച്ചു. വർദ്ധിച്ച സ്ത്രീ പ്രാതിനിധ്യം ഗ്രാമീണ ഭരണ ഘടനകളെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്ന് പരിശോധിക്കുന്നതിനായി "പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും: തദ്ദേശ സ്വയംഭരണത്തിലെ ചലനാത്മകത മാറ്റം " എന്ന വിഷയത്തിലും ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും സംരക്ഷണവും, സാമ്പത്തിക അവസരങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന "സ്ത്രീകൾ നയിക്കുന്ന പ്രാദേശിക ഭരണം: WER-കളുടെ മേഖലാ ഇടപെടലുകൾ" എന്ന വിഷയത്തിലും ഉൾക്കാഴ്ച നൽകുന്ന രണ്ട് പാനൽ ചർച്ചകളും ദേശീയ ശില്പശാലയുടെ ഭാഗമായി നടന്നു.
****************************
(Release ID: 2108246)
Visitor Counter : 12