ആയുഷ്‌
azadi ka amrit mahotsav

മഹാകുംഭമേളയിൽ 8 ലക്ഷം ഭക്തർക്ക് ആയുഷിൽ നിന്നുള്ള പ്രയോജനം ലഭിച്ചു

ആയുഷ് മൊബൈൽ യൂണിറ്റുകൾ, ഒപിഡികൾ, യോഗ പരിശീലനങ്ങൾ എന്നിവ മഹാകുംഭ് തീർത്ഥാടകരുടെ ആരോഗ്യത്തെ സംരക്ഷിച്ചു

Posted On: 27 FEB 2025 5:53PM by PIB Thiruvananthpuram

ദശലക്ഷക്കണക്കിന് ഭക്തരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട്, ആയുഷ് മന്ത്രാലയം എട്ട് ലക്ഷത്തിലധികം തീർത്ഥാടകർക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകി. ഇത് തീർത്ഥാടകരുടെ മഹാകുംഭമേളയിലെ പുണ്യയാത്ര സുരക്ഷിതവും ആരോഗ്യകരവുമാക്കി .

20 ആയുഷ് ഒപിഡികൾ സ്ഥാപിച്ചത് മുതൽ മൊബൈൽ ഹെൽത്ത് യൂണിറ്റുകളുടെ വിന്യാസം,90-ലധികം ഡോക്ടർമാരുടെയും 150-ലധികം ആരോഗ്യ പ്രവർത്തകരുടെയും അക്ഷീണപ്രയത്നം എന്നിവ ഈ ആത്മീയ പരിപാടിയിലുടനീളം തുടർച്ചയായ വൈദ്യസഹായം ലഭ്യമാക്കുന്നതിന് സഹായിച്ചു. ഈ സമർപ്പിത

 ശ്രമങ്ങൾ ഭക്തർക്കും, കൽപവാസികൾക്കും, സന്യാസിമാർക്കും ആരോഗ്യപരമായ ആശങ്കകളില്ലാതെ, പ്രത്യേകിച്ച് പുണ്യ മഹാശിവരാത്രി സ്നാനസമയത്ത്, വിശുദ്ധ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കി.

 

പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിലുള്ള വർദ്ധിച്ചുവരുന്ന ജന വിശ്വാസത്തെ പ്രതിഫലിപ്പിച്ചു കൊണ്ട് , എട്ട് ലക്ഷത്തിലധികം ഭക്തരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ മന്ത്രാലയം വിജയകരമായി നിറവേറ്റിയിട്ടുണ്ടെന്ന് പ്രയാഗ്‌രാജ് മഹാകുംഭമേളയിലെ ആയുഷിന്റെ നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ സിംഗ് അറിയിച്ചു. മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) നടത്തിയ ചികിത്സാ യോഗ സെഷനുകളിൽ നിന്നും ഭക്തർക്ക് ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്ന വിധത്തിലുള്ള പ്രയോജനം ലഭിച്ചു.

 

സുഗമമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി, സെക്ടർ-2, സെക്ടർ-21, സെക്ടർ 24 എന്നിവിടങ്ങളിൽ മൂന്ന് ആയുഷ് കൺവെൻഷൻ ഹാളുകൾ സ്ഥാപിച്ചു. രോഗപ്രതിരോധ ആരോഗ്യ സംരക്ഷണം, രോഗ നിയന്ത്രണം, സമഗ്ര ജീവിതം എന്നിവയെക്കുറിച്ച് തീർത്ഥാടകർക്ക് ബോധവൽക്കരണം നൽകുന്നതിനായി ദൈനംദിന യോഗസെഷനുകൾ ഇവിടെ സംഘടിപ്പിച്ചു. ജുന, ആനന്ദ്, നിരഞ്ജനി, വൈഷ്ണവ് അഖാരകൾ തുടങ്ങിയ പ്രമുഖ അഖാരകളിൽ പ്രത്യേക ആരോഗ്യ പരിശോധനകൾ നടത്തി ആദരണീയരായ സാധുക്കൾക്കും സന്യാസിമാർക്കും പ്രത്യേക ശ്രദ്ധ നൽകി.

 

കൂടാതെ, മൊബൈൽ ആയുഷ് ആരോഗ്യ യൂണിറ്റുകൾ കുംഭമേള പ്രദേശത്തുടനീളം മരുന്നുകൾ വിതരണം ചെയ്തു. വിവിധ ആയുഷ് കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ കൽപ വാസികൾക്ക് അവശ്യ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കി .

 

സാധാരണ രോഗങ്ങളിൽ നിന്ന് ഭക്തരെ സംരക്ഷിക്കുന്നതിനായി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) ഒരു പ്രത്യേക സംരംഭം ആരംഭിച്ചു. ഇതിലൂടെ അവശ്യ ആയുർവേദ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും അടങ്ങിയ 10,000 ആയുഷ് രക്ഷാ കിറ്റുകൾ വിതരണം ചെയ്തു. ഈ സംരംഭത്തോടൊപ്പം ഒരാഴ്ച നീണ്ടുനിന്ന ആരോഗ്യ ക്യാമ്പും നടന്നു. ഇത് വഴി 15,000 തീർത്ഥാടകർക്ക് പ്രയോജനം ലഭിച്ചു. രോഗ പ്രതിരോധത്തിനും , സമഗ്ര ആരോഗ്യ സംരക്ഷണത്തിനുമായുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ഇത് പ്രതിഫലിപ്പിച്ചു.

 

പരിപാടിക്ക് ഒരു ഹരിത സ്പർശം നൽകിക്കൊണ്ട് ദേശീയ ഔഷധ സസ്യ ബോർഡ് (NMPB) തുളസി, അശ്വഗന്ധ, ശതാവരി, വേപ്പ്, നെല്ലിക്ക, കറിവേപ്പില എന്നിവയുൾപ്പെടെ 25,000-ത്തിലധികം ഔഷധ സസ്യങ്ങൾ ഭക്തർക്ക് വിതരണം ചെയ്തു.ഇത് പ്രകൃതിദത്ത രോഗശാന്തി പ്രോത്സാഹിപ്പിക്കുകയും ദൈനംദിന ജീവിതത്തിൽ ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ശക്തിപ്പെടുത്തുകയും ചെയ്തു.

 

മഹാ കുംഭമേള ആത്മീയ ഉണർവ് മാത്രമല്ല; ഈ പുണ്യയാത്ര നടത്തുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നു. പരമ്പരാഗത ആരോഗ്യ സംരക്ഷണത്തെ ഈ മഹത്തായ പരിപാടിയിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ആയുഷ് മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധമായ ഇടപെടൽ, സമഗ്ര ആരോഗ്യം ആത്മീയ അനുഭവത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി .

SKY

********************


(Release ID: 2106771) Visitor Counter : 17


Read this release in: English , Urdu , Hindi , Tamil