ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ഭാവി പരിപോഷണം
കൃഷിയ്ക്കും കന്നുകാലി പരിപാലനത്തിനും മത്സ്യവളര്‍ത്തലിനും നൂതന ജൈവസാങ്കേതിക രീതികള്‍
Posted On:
24 FEB 2025 5:51PM by PIB Thiruvananthpuram
വിള മെച്ചപ്പെടുത്തൽ, രോഗനിയന്ത്രണം, സുസ്ഥിര കൃഷിരീതികൾ എന്നിവയിൽ നവീകരണത്തിന് നേതൃത്വം നൽകിക്കൊണ്ട് കൃഷി, മത്സ്യക്കൃഷി, ജന്തുശാസ്ത്രം എന്നിവയിൽ പരിവർത്തനാത്മക ശക്തിയായി ജൈവസാങ്കേതികവിദ്യ ഉയർന്നുവന്നിട്ടുണ്ട്. ജനിതകഘടന മാറ്റംവരുത്തല്‍, തന്മാത്രാ പ്രജനനം, ജൈവിക നിയന്ത്രണ പരിഹാരങ്ങള്‍ എന്നിവയിലെ സമീപകാല പുരോഗതി ഈ മേഖലയിലെ ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും വർധിപ്പിക്കുകയും ഇന്ത്യയെ ഒരു ആഗോള ശക്തിയായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.
കൃഷിയിൽ ജൈവസാങ്കേതികവിദ്യയുടെ ശക്തി
ജീനോമിക്സ്, പ്രോട്ടിയോമിക്സ്, ട്രാൻസ്ജെനിക്സ്, ജീൻ എഡിറ്റിംഗ് എന്നിവയിലെ നൂതന ഗവേഷണങ്ങളിലൂടെ കാർഷികരംഗത്ത് ജൈവസാങ്കേതികവിദ്യ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി സുസ്ഥിര കൃഷി കൈവരിക്കുന്നതിന് ജൈവസാങ്കേതികവിദ്യ രംഗത്തെ നൂതന ഗവേഷണങ്ങളെ ബയോടെക്നോളജി വകുപ്പിന്റെ കാർഷിക ജൈവസാങ്കേതികവിദ്യ പരിപാടിയിലൂടെ പിന്തുണയ്ക്കുന്നു. പ്രധാന നേട്ടങ്ങളില്‍ ചിലത് ഇവയാണ്:
- കാലാവസ്ഥാ-സമര്‍ത്ഥ വിളകൾ: വരൾച്ചാ സാഹചര്യത്തിലും മെച്ചപ്പെട്ട വിളവ് നൽകുന്ന കാലാവസ്ഥാ-സമര്‍ത്ഥവും വരൾച്ചയെ അതിജീവിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ പുതിയ മികച്ച വെള്ളക്കടല ഇനം ‘സാത്വിക്’ (എന്‍സി-9) അടുത്തിടെ വിജ്ഞാപനം ചെയ്തു. വിളനിലവാരം സംബന്ധിച്ച കേന്ദ്ര ഉപസമിതി ‘സാത്വിക്’ (എന്‍സി-9) ഇനം അംഗീകരിച്ചിട്ടുണ്ട്.
- ജനിതഘടനയില്‍ മാറ്റം വരുത്തിയ വിളകൾ: നെല്ലിന്റെ വിവിധ ജീനുകളിൽ വിള ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനമാറ്റങ്ങള്‍ പരിഹരിക്കാന്‍ ജനിതകഘടനയില്‍ മാറ്റം വരുത്തല്‍ പ്രക്രിയ ഉപയോഗപ്പെടുത്തി. ജനപ്രിയ ഇന്ത്യൻ നെല്ലിനമായ എംടിയു-1010 വിന്റെ ജനിതക പശ്ചാത്തലത്തില്‍ വികസിപ്പിച്ചെടുത്ത ഇവ മാതൃ ഇനത്തേക്കാള്‍ ഉയർന്ന വിളവ് (ഹരിതഗൃഹ സാഹചര്യങ്ങളിൽ) നല്‍കുന്നു. പ്രത്യേകിച്ച് ഡിഇപി1 (ഡെന്‍സ് ഇറക്ട് പാനിക്ക്ള്‍; ഒരു ജി-പ്രോട്ടീൻ ഉപയൂണിറ്റ്) ജനിതകഘടനയില്‍ മാറ്റം വരുത്തിയ നെല്ലിനങ്ങള്‍ ധാന്യത്തിന്റെ അളവും വിളവും വർധിപ്പിച്ചുകൊണ്ട് വലിയ ധാന്യക്കതിരുകള്‍ വിളയിച്ചു.
- ജെനോടൈപ്പിംഗ് ശ്രേണികള്‍: നെല്ലിനായി വികസിപ്പിച്ചെടുത്ത ആദ്യ 90കെ പാൻ-ജീനോം എസ്എന്‍പി ജെനോടൈപ്പിംഗ് ശ്രേണി ‘IndRA’ പൊതുജന ഉപയോഗത്തിനായി വിപണിയിലെത്തിച്ചു. സമാനമായി വെള്ളക്കടലയ്ക്കുള്ള ആദ്യ 90കെ പാൻ-ജീനോം എസ്എന്‍പി ജെനോടൈപ്പിംഗ് ശ്രേണി ‘IndCA’ യും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അരിയുടെയും കടല ഇനങ്ങളുടെയും ഡിഎൻഎ അടയാളം, ഇനം തിരിച്ചറിയൽ, ജനിതകശുദ്ധി പരിശോധന എന്നിവയ്ക്ക് ഈ ശ്രേണികള്‍ സഹായിക്കും.
- അമരന്ത് ജനിതക വിഭവങ്ങൾ: അമരന്ത് ധാന്യത്തിന്റെ പോഷക ഗുണങ്ങൾ പരിശോധിക്കുന്നതിനായി അമരന്ത് ജനിതക വിഭവ വിവരശേഖരം, നിയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി (എന്‍ഐആര്‍എസ്) സങ്കേതങ്ങള്‍, 64കെ എസ്എന്‍പി ചിപ്പ് എന്നിവ ബയോടെക്നോളജി വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് അമരന്ത് ധാന്യം പരിശോധിച്ചതില്‍നിന്ന് ഇവ ഉയർന്ന കൊഴുപ്പടങ്ങിയ ഭക്ഷണക്രമം മൂലമുണ്ടാകുന്ന പൊണ്ണത്തടിയെ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടു. കൃഷിക്കും വൈവിധ്യ വികസനത്തിനുമായി അമരന്ത് വകഭേദങ്ങള്‍ പെട്ടെന്ന് പരിശോധിക്കാന്‍ ഇത് സഹായകരമാണ്.
- ഫംഗസ് ജൈവികനിയന്ത്രണം: തക്കാളി, മുന്തിരി എന്നിവയില്‍ ഇലകളിലെ പുഴുക്കുത്തിന്റെ പരിസ്ഥിതി സൗഹൃദ ജൈവ നിയന്ത്രണത്തിന് മൈറോതെസിയം വെറുകാരിയ ഫംഗസില്‍നിന്ന് സ്ഥിരമായ ഒരു ഫംഗസ് എൻസൈം നാനോ-ഫോർമുലേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
- കിസാൻ-കവച്: കാർഷിക മേഖലകളിൽ കീടനാശിനികൾ മൂലമുണ്ടാകുന്ന വിഷാംശത്തിന്റെ വ്യാപക ഭീഷണിയെ ചെറുക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു കീടനാശിനി വിരുദ്ധ സംരംഭമാണിത്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഴത്തിലുള്ള ധാരണയോടെ വികസിപ്പിച്ചെടുത്ത കിസാൻ കവച് ഈ രംഗത്തെ സുരക്ഷയുടെയും നവീകരണത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്നു.
വിപ്ലവകരമായ ജന്തു ജൈവ സാങ്കേതികവിദ്യ
കന്നുകാലികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി വളര്‍ത്തല്‍ മേഖലയായ ഇന്ത്യയില്‍ ചെറുകിട, നാമമാത്ര കർഷകരടക്കം ഗ്രാമീണ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരുടെയും ഉപജീവനമാർഗമാണിത്. ജന്തു ജൈവസാങ്കേതിക വിദ്യയിലെ നൂതന മാറ്റങ്ങള്‍ ജന്തുരോഗ പരിചരണത്തിലും കന്നുകാലി പരിപാലനത്തിലും മുന്നേറ്റങ്ങൾക്ക് കാരണമാകുന്നു.
മത്സ്യകൃഷിയും സമുദ്ര ജൈവസാങ്കേതികവിദ്യയും
മത്സ്യവളര്‍ത്തലില്‍ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം മൂല്യമേറിയ ഉൽപ്പന്നങ്ങൾക്കും പ്രക്രിയകൾക്കും സമുദ്രവിഭവങ്ങൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യകൃഷിയും സമുദ്ര ജൈവസാങ്കേതികവിദ്യയും പരിപാടി നടപ്പാക്കിയിരിക്കുന്നത്. പോഷക സുരക്ഷയ്ക്കായി ഭക്ഷ്യോൽപ്പാദനം ഉറപ്പാക്കുന്നതിലൂടെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ ഈ പരിപാടി സുപ്രധാന പങ്കുവഹിക്കുന്നു. ജല - സമുദ്ര മേഖലകളുടെ പ്രയോജനത്തിനായി വകുപ്പ് വിവിധ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
ചെമ്മീൻ ഭക്ഷ്യക്രമം: ചെമ്മീൻ തീറ്റയിലെ പ്രധാന ചേരുവയാണ് മത്സ്യഭക്ഷണം. ഉയർന്ന വിലയും സുസ്ഥിരതാ പ്രശ്നങ്ങളും കാരണം മത്സ്യ ഭക്ഷണം മാറ്റുന്നത് മത്സ്യകൃഷി പോഷകാഹാര ഗവേഷണത്തിന്റെ സുപ്രധാന മേഖലയാണ്. സോയാബീൻ ഭക്ഷണത്തിന്റെ യീസ്റ്റ് ഫെർമെന്റേഷൻ പോഷക ദഹനക്ഷമതയും വളർച്ചയും വർധിപ്പിച്ചുകൊണ്ട് ചെമ്മീൻ തീറ്റ മെച്ചപ്പെടുത്തുന്നുവെന്ന് ചെന്നൈയിലെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചറിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ അവരുടെ പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. പി. വനാമിയുടെ ഗ്രോ-ഔട്ട് ഫീഡിൽ സോയാബീൻ ഭക്ഷണം 35% വരെ ഉൾപ്പെടുത്താമെന്നും ഫെർമെന്റേഷൻ വളർച്ച ഏകദേശം 8.5% മെച്ചപ്പെടുത്തിയെന്നും വളർച്ചാ പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു.
സിഐഎഫ്എ-ബ്രൂഡ്-വാക്: മത്സ്യപ്രജനനത്തിലെ മരണനിരക്ക് തടയുന്നതിനും മത്സ്യകൃഷിയില്‍ ആരോഗ്യം ഉറപ്പാക്കുന്നതിനുമായി വികസിപ്പിച്ച പുതിയ വാക്സിനാണിത്. പാരമ്പര്യേതര ചേരുവകൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ മത്സ്യതീറ്റ രൂപീകരണത്തിന് ഇന്ററാക്ടീവ് ഫിഷ് ഫീഡ് ഡിസൈനർ (ഐഎഫ്എഫ്ഡി) രണ്ടാംപതിപ്പ് എന്ന ഉപയോക്തൃ-സൗഹൃദ സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്.
ഉപസംഹാരം
കൃഷി, മത്സ്യകൃഷി, ജന്തുശാസ്ത്രം എന്നിവയിൽ ജൈവസാങ്കേതികവിദ്യ സംയോജിപ്പിക്കുന്നത് സുസ്ഥിര ഭക്ഷ്യോൽപ്പാദനം, രോഗപ്രതിരോധം, മെച്ചപ്പെട്ട ഉൽപ്പാദനക്ഷമത എന്നിവ വളർത്തിയെടുക്കുന്നു. ഗവേഷണ-വാണിജ്യവൽക്കരണ ശ്രമങ്ങളുടെ പിന്തുണയോടെയുള്ള ഈ നൂതനാശയങ്ങൾ പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവുമായ കാർഷിക ആവാസവ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ജൈവസാങ്കേതികവിദ്യയുടെ പങ്ക് വരും വർഷങ്ങളിൽ കൂടുതൽ ശക്തിപ്പെടും.
അനുബന്ധം
(Release ID: 2106060)
Visitor Counter : 21