റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

റെയിൽവേ സ്വത്തുക്കൾക്ക് ഹാനി വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കും

പ്രായപൂർത്തിയാകാത്ത ഒരാളെ റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തു; മധുബനി റെയിൽവേ സ്റ്റേഷനിൽ സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ എസി കോച്ചിന് കേടുപാടുകൾ വരുത്തിയ കേസിൽ റെയിൽവേ നിയമത്തിലെ 153-ാം വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി മറ്റുള്ളവർക്കെതിരെ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി.

റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യാത്രക്കാരോടും പൊതുജനങ്ങളോടും റെയിൽവേ അഭ്യർത്ഥിക്കുന്നു. റെയിൽവേ ഒരു ദേശീയ സ്വത്താണെന്നും അതിന് ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണെന്നും മുന്നറിയിപ്പ് നൽകുന്നു.

Posted On: 20 FEB 2025 7:27PM by PIB Thiruvananthpuram
2025 ഫെബ്രുവരി 10-ന് മധുബനി റെയിൽവേ സ്റ്റേഷനിൽ വെച്ച് അരാജകവാദികളായ ചില യാത്രക്കാർ ട്രെയിൻ നമ്പർ 12561 സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ ((Ex. Jaynagar- New Delhi) എസി കോച്ചുകളിലെ  73 ചില്ലു ജനാലകൾ തകർത്തു. ഈ സംഭവം റെയിൽവേ യാത്രക്കാർക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചു. മധുബനിയിൽ RPF ന്റെയോ GRP ന്റെയോ പാറാവ് ഇല്ലെന്ന വസ്തുത അക്രമികൾ മുതലെടുക്കുകയായിരുന്നു. റെയിൽവേയുടെ സ്വത്തിന് നാശനഷ്ടം വരുത്തിയ അക്രമികൾ ഓടി രക്ഷപ്പെട്ടു.

ഈ നശീകരണ പ്രവൃത്തിയ്ക്ക് മറുപടിയായി, ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ റെയിൽവേ സംരക്ഷണ സേന (RPF) പോസ്റ്റ്/ദർഭംഗയിൽ ക്രൈം നമ്പർ 168/2025 പ്രകാരം റെയിൽവേ നിയമത്തിലെ 145(ബി), 146, 153 & 174(എ) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുറ്റവാളികളെ തിരിച്ചറിയുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി RPF ഒരു പ്രത്യേക സംഘം രൂപീകരിച്ചു.

ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച സൂചനകളുടെയും സാങ്കേതിക തെളിവുകൾ മുഖേനയുള്ള വിവര  ശേഖരണത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ, സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചു. സംഭവത്തിലുള്ള പങ്ക് അയാൾ സമ്മതിക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു. സമാനമായ നശീകരണ പ്രവൃത്തികളിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം സജീവമായി പുരോഗമിക്കുന്നു. റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്നതോ നാശനഷ്ടങ്ങൾ വരുത്തുന്നതോ ആയ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ RPF  പ്രതിജ്ഞാബദ്ധമാണ്.

റെയിൽവേ സ്വത്ത് ഒരു ദേശീയ സ്വത്താണ്, റെയിൽവേ സ്വത്തിന് കേടുപാടുകൾ വരുത്തുന്ന ഏതൊരു പ്രവൃത്തിയും നിയമവിരുദ്ധമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും സംസ്ഥാന സർക്കാരുമായും GRP അധികാരികളുമായും ഉള്ള ഏകോപനത്തിലൂടെ RPF  ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും RPF  പ്രതിജ്ഞാബദ്ധമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

റെയിൽവേയിൽ സഞ്ചരിക്കുന്ന ഒരാളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഏതൊരാൾക്കും അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് 1989 ലെ റെയിൽവേ നിയമത്തിലെ വകുപ്പ് 153 വ്യക്തമാക്കുന്നു. റെയിൽവേ പാളങ്ങളിൽ തടസ്സം സൃഷ്ടിക്കുകയോ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്താലും ഈ വകുപ്പ് ബാധകമാകും. 1989 ലെ റെയിൽവേ നിയമത്തിലെ വകുപ്പ് 174(എ) പ്രകാരം പാളങ്ങളിലോ ട്രെയിനിനു തന്നെയോ തടസ്സം സൃഷ്ടിക്കുന്നത്  കുറ്റകരമാണ്. സെക്ഷൻ 174 (എ) പ്രകാരമുള്ള കുറ്റകൃത്യത്തിന് രണ്ട് വർഷം വരെ തടവോ, രണ്ടായിരം രൂപ വരെ പിഴയോ, രണ്ടും കൂടിയോ ആണ് ശിക്ഷ.
 
SKY
 
************
 
 

(Release ID: 2105200) Visitor Counter : 11


Read this release in: English , Urdu , Hindi , Tamil , Telugu