വിദ്യാഭ്യാസ മന്ത്രാലയം
വിവിധ പരീക്ഷകളിലെ ഒന്നാം റാങ്കുകാർ പരീക്ഷാ പേ ചർച്ച 2025 ന്റെ എട്ടാം അധ്യായത്തിൽ പങ്കെടുത്തു
Posted On:
18 FEB 2025 9:00PM by PIB Thiruvananthpuram
പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പിന്റെ ഉദ്ഘാടന അധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച ഉൾക്കാഴ്ചയുള്ള ചർച്ചകൾക്ക് എട്ടാമത്തേതും അവസാനത്തേതുമായ അധ്യായത്തോടെ സമാപനമായി.ഇതിൽ എട്ട് യുവ വിജയികൾ വിദ്യാർത്ഥികളുമായി സംവദിച്ചു . രാധിക സിംഗാൾ (സിബിഎസ്ഇ ടോപ്പർ 2022-23); ശുചിസ്മിത അധികാരി (ഐഎസ്‌സി പരീക്ഷാ ഒന്നാം റാങ്ക് 2024); ബ്രഹ്മചാരിമയും നിഷ്ഠ (പിപിസി അവതാരക & എംബിബിഎസ് വിദ്യാർത്ഥിനി , മണിപ്പൂർ സർവകലാശാല); ആശിഷ് കുമാർ വർമ്മ (പിപിസി അവതാരകൻ & ഐഐടി ഡൽഹി വിദ്യാർത്ഥി); വവിലാല ചിദ് വിലാസ് റെഡ്‌ഡി (ഐഐടി ജെഇഇ അഡ്വാൻസ്ഡ് എഐആർ - 1, 2023); ജയ് കുമാർ ബൊഹാര (സിഎൽഎടി എഐആർ - 1, 2024); അർമൻപ്രീത് സിംഗ് (എൻഡിഎ എഐആർ - 1, 2024); ഇഷിത കിഷോർ (യുപിഎസ് സി -സിഎസ്ഇ എഐആർ - 1 2022) എന്നിവരായിരുന്നു വിദ്യാർത്ഥികളുമായി സംവദിച്ചത്.
മുൻവർഷങ്ങളിലെ ചോദ്യങ്ങൾ പരിശോധിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ പുസ്തകത്തിൽ നിർദ്ദേശിച്ചതുപോലെ മുൻഗണന നൽകി പഠിക്കാനും നിഷ്ഠ നിർദ്ദേശിച്ചു. "പുനരാവർത്തനത്തിലൂടെ അറിവ് വർധിപ്പിക്കുക " എന്നതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ച ആശയങ്ങൾ സ്പഷ്ടമായി പകർത്തുന്നതിന് ഉത്തരങ്ങൾ എഴുതി ശീലിക്കാനും ശുചിസ്മിത ഉപദേശിച്ചു.
വ്യക്തിഗതമാക്കിയ തയ്യാറെടുപ്പ് തന്ത്രങ്ങളുടെ ആവശ്യകത ജയ് കുമാർ എടുത്തു പറഞ്ഞു. മികച്ചത് കണ്ടെത്തുന്നതിന് വ്യത്യസ്ത രീതികൾ പരീക്ഷിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. 25 മിനിറ്റ് പഠിക്കാനും 5 മിനിറ്റ് ഇടവേള എടുക്കാനും ഈ ദിനചര്യയിൽ കൃത്യത പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ലക്ഷ്യങ്ങൾ നേടുന്നതിന് ത്യാഗങ്ങൾക്ക് തയ്യാറാകുക എന്നതായിരുന്നു വിദ്യാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ പ്രധാന ഉപദേശം.
തങ്ങളുടെ കരുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അർമൻപ്രീത് വിദ്യാർത്ഥികളോട് പറഞ്ഞപ്പോൾ സത്യസന്ധരായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭയത്തിന് അടിമപ്പെടാതിരിക്കുന്നതിനെക്കുറിച്ചും ഇഷിത സംസാരിച്ചു.7-8 മണിക്കൂർ പഠനം, 1-2 മണിക്കൂർ ഇഷ്ട വിനോദങ്ങൾക്കായി ചെലവിടൽ,മതിയായ ഉറക്കം ഉറപ്പാക്കൽ എന്നിങ്ങനെ സന്തുലിതമായ ഒരു സമയ ക്രമം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
ആത്മവിശ്വാസം വളർത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ മൂല്യം രാധിക ചൂണ്ടിക്കാട്ടി . പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള നുറുങ്ങുകൾ ചിദ് വിലാസ് പങ്കുവെച്ചു.പഠന സെഷനുകൾക്കിടയിൽ ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകൾ, വായന, സംഗീതാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങൾ നിർദ്ദേശിച്ചു. സന്തോഷവാനായിരിക്കാനും എന്നാൽ ഒരിക്കലും അലംഭാവം കാണിക്കാതിരിക്കാനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
പരീക്ഷ പേ ചർച്ചയിൽ അവതാരകയായി പങ്കെടുത്തതിന്റെ അനുഭവം നിഷ്ഠ അനുസ്മരിച്ചു.അത് തന്റെ ആശയവിനിമയവും തയ്യാറെടുപ്പ് കഴിവുകളും എങ്ങനെ മെച്ചപ്പെടുത്തിഎന്നും , പരീക്ഷാ തയ്യാറെടുപ്പിന് അത് എങ്ങനെ ഗുണപ്രദമായി എന്നും ചൂണ്ടിക്കാണിച്ചു. ആത്മീയവും , മാനസികവും , ശാരീരികവുമായ- "മൂന്ന് വിജയങ്ങൾ" എന്ന തന്റെ മന്ത്രം ആശിഷ് പങ്കുവെച്ചു.
കൂടാതെ, ഇഷിതയും ജയ് യും അഭിമുഖരൂപത്തിലുള്ള ഒരു മാസ്റ്റർ ക്ലാസിലൂടെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. അതേസമയം ചോദ്യപേപ്പർ തന്ത്രങ്ങളെക്കുറിച്ച് ആശിഷ് ഒരു സെഷൻ നടത്തി. കൃത്യമായ സമയ പരിപാലനത്തിലൂടെ ജീവിതത്തിനായി തയ്യാറെടുക്കാൻ അത് വിദ്യാർത്ഥികളെ സഹായിച്ചു.
ബോർഡ് പരീക്ഷാ തയ്യാറെടുപ്പ്, സാമൂഹിക പിന്തുണ, ജീവിത നൈപുണ്യത്തിൽ പ്രാവീണ്യം നേടൽ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചു.പരിപാടിയിൽ പങ്കെടുത്ത ജപ്പാനിൽ നിന്നും ദുബായിൽ നിന്നുമുള്ളവർ അതിഥികളോട് ചോദ്യങ്ങൾ ചോദിച്ചു. സെഷനുശേഷം, പാനൽ വിദഗ്ധരുമായുള്ള ആശയവിനിമയത്തിൽ നിന്ന് തങ്ങൾ നേടിയ ഉൾക്കാഴ്‌ചകൾ വിദ്യാർത്ഥികൾ പങ്കുവെച്ചു.
കായിക താരങ്ങൾ, സാങ്കേതിക വിദഗ്ധർ, മത്സര പരീക്ഷകളിലെ ഉന്നത വിജയികൾ , വിനോദ വ്യവസായ പ്രൊഫഷണലുകൾ, ആത്മീയ നേതാക്കൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിന്, പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അമൂല്യമായ ഉൾക്കാഴ്ചകൾ കൊണ്ട് വിദ്യാർത്ഥികളെ സമ്പന്നരാക്കി.ഓരോ സെഷനും വിദ്യാർത്ഥികൾക്ക് അക്കാദമികമായും വ്യക്തിപരമായും മികവ് പുലർത്തുന്നതിന് ആവശ്യമായ നിർദേശങ്ങളും തന്ത്രങ്ങളും പ്രാപ്യമാക്കി .

നവീകരിച്ചതും സംവേദനാത്മകവുമായ ഈ വര്‍ഷത്തെ പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പിനെ രാജ്യമെങ്ങുമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വലിയതോതില്‍ പ്രശംസിച്ചു. പരമ്പരാഗത പൊതുവേദിയുടെ രീതിയില്‍ നിന്ന് മാറി 2025 ഫെബ്രുവരി 10 ന് ന്യൂഡൽഹിയിലെ മനോഹരമായ സുന്ദർ നഴ്‌സറിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്ത ആകർഷകമായ പതിപ്പോടെയാണ് ഈ വർഷത്തെ പരീക്ഷാ പേ ചര്‍ച്ച ആരംഭിച്ചത്.
ഉദ്ഘാടന പതിപ്പില്‍ രാജ്യമെങ്ങുമുള്ള 36 വിദ്യാർത്ഥികളുമായി സംവദിച്ച പ്രധാനമന്ത്രി പോഷകാഹാരവും ആരോഗ്യവും, സമ്മർദത്തിൽ പ്രാവീണ്യം നേടൽ, സ്വയം വെല്ലുവിളിക്കൽ, നേതൃത്വ കല, പുസ്തകങ്ങൾക്കപ്പുറം - 360º വളർച്ച, നല്ല സമീപനങ്ങള്‍ കണ്ടെത്തൽ തുടങ്ങിയ ഉൾക്കാഴ്ചയേറിയ വിഷയങ്ങൾ ചർച്ച ചെയ്തു. വളർച്ചാ മനോഭാവവും സമഗ്ര പഠനവും സാധ്യമാക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വിലപ്പെട്ട മാർഗനിർദ്ദേശങ്ങളിലൂടെ പാഠ്യരംഗത്തെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് പ്രായോഗിക തന്ത്രങ്ങളും വിദ്യാർത്ഥികൾ സ്വായത്തമാക്കി.
(Release ID: 2104703)
Visitor Counter : 17