വാണിജ്യ വ്യവസായ മന്ത്രാലയം
ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചു
Posted On:
18 FEB 2025 3:20PM by PIB Thiruvananthpuram
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി (ഫെബ്രുവരി 17, 18 ) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായി (ഡിപിഐഐടി) സഹകരിച്ച് 2025 ഫെബ്രുവരി 18 ന് ന്യൂഡൽഹിയിൽ ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയും സംയുക്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തി.
വികസിത ഭാരതമെന്ന കാഴ്ചപ്പാടിൽ , 2047 ഓടെ 30-35 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷം സംയുക്ത ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആവർത്തിച്ചു. ഇന്ത്യയും ഖത്തറും തമ്മിൽ ഊർജ്ജ വ്യാപാരത്തിന്റെ വിജയകരമായ ഒരു നീണ്ട ചരിത്രം പങ്കിടുന്നതായും , ഈ പങ്കാളിത്തത്തിന്റെ ഭാവി ഹൈഡ്രോകാർബണുകൾക്കപ്പുറം എ ഐ , ക്വാണ്ടം കമ്പ്യൂട്ടിംഗ്, IoT, സെമികണ്ടക്ടറുകൾ തുടങ്ങിയ നൂതന മേഖലകളിലേക്ക് വ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ, സൈബർ സുരക്ഷാ ഭീഷണികൾ എന്നിവ രൂക്ഷമാകുമ്പോൾ, സ്വാശ്രയത്വം അതായത് ആത്മനിർഭരത ഒരു പ്രധാന മുൻഗണനയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയ്ക്കും ഖത്തറിനും തനതായ മത്സരപരമായ ശക്തി ഉള്ളതിനാൽ, ഇരു രാജ്യങ്ങൾക്കും ഈ ശക്തികളെ പരസ്പരം പൂരകമാക്കാനും നൂതനാശയ മേഖലയെ നയിക്കാനും നാളത്തെ വ്യവസായങ്ങളെ രൂപപ്പെടുത്താനും പങ്കാളികളാകാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും ഒരു പരിവർത്തന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ, ഈ പങ്കാളിത്തം സംരംഭകത്വം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയുടെ സ്തംഭങ്ങളിൽ അധിഷ്ഠിതമായിരിക്കും.
ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിലും ബിസിനസ്സ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലും (EoDB) ഇന്ത്യ സ്വീകരിച്ച പരിഷ്കരണങ്ങൾ മൂലം ആഗോള നിക്ഷേപകർക്ക് വിശ്വാസ്യതയുള്ളതും സ്ഥിരതയുള്ളതുമായ ഒരു 'മരുപ്പച്ച'യായി ഇന്ത്യ മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ചലനാത്മകവും പുനരുജീവനശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥയിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഖത്തറിനെ ക്ഷണിച്ചുകൊണ്ട്, ഇന്ത്യയുടെ 2047 ൽ വികസിത ഭാരതം എന്ന കാഴ്ചപ്പാടും ഖത്തറിന്റെ ദേശീയ ദർശനം 2030 ഉം തന്ത്രപരമായ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിന് രൂപം നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഒരു സംയുക്ത പ്രവർത്തന സമിതി സൃഷ്ടിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ ഗിഫ്റ്റ് സിറ്റിയിലെ (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി) അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഖത്തർ വ്യാപാര മേഖലയെ അദ്ദേഹം ക്ഷണിച്ചു.
ഉദ്ഘാടന സെഷനിൽ സംസാരിച്ച ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി, ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം കേവലം ഇടപാടുകൾ മാത്രമല്ലെന്നും, പരസ്പര ബഹുമാനം, പൊതു താൽപ്പര്യങ്ങൾ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ഒരു പാരമ്പര്യമാണെന്നും പറഞ്ഞു. ഖത്തറിന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിയതോടെ ഇന്ത്യ-ഖത്തർ വ്യാപാര പങ്കാളിത്തം അഭിവൃദ്ധിപ്പെട്ടു. വൈവിധ്യപൂർണ്ണവും ചലനാത്മകവും നിക്ഷേപക സൗഹൃദവുമായ ഒരു രാജ്യമായി ഖത്തർ തുടരുന്നുവെന്ന് എടുത്തുപറഞ്ഞ അദ്ദേഹം ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള വിശാലമായ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇന്ത്യൻ നിക്ഷേപകരെ ഊഷ്മളമായി ക്ഷണിച്ചു.
കേന്ദ്രവാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, ഇന്ത്യയുടെ ചലനാത്മക സാമ്പത്തിക വളർച്ചയും നൂതനാശയങ്ങളിൽ അധിഷ്ഠിതമായ വ്യാപാര വാണിജ്യ അന്തരീക്ഷവും ചൂണ്ടിക്കാട്ടി. 40,000 നിർവഹണ നടപടി പരിഷ്കാരങ്ങളുടെ പിന്തുണയോടെ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ 709 ബില്യൺ യുഎസ് ഡോളർ എഫ്ഡിഐ നിക്ഷേപം ആകർഷിച്ചിട്ടുണ്ടെന്നും, അദ്ദേഹം പറഞ്ഞു .ബഹിരാകാശ സാങ്കേതികവിദ്യ മുതൽ കൃഷി വരെയുള്ള വിവിധ വ്യവസായങ്ങളിലായി 1,55,000-ത്തിലധികം സ്റ്റാർട്ടപ്പുകളോടെ ഇന്ത്യയുടെ നൂതനാശയ മേഖലയിലെ നേതൃത്വത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വ്യാപാര മേഖലയെ നയിക്കാൻ കഴിയുന്ന വിധത്തിൽ ഇന്ത്യയും ഖത്തറും മികച്ച നിലയിലാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശകാര്യ വ്യാപാര സഹമന്ത്രി ഡോ. അഹമ്മദ് അൽ-സയീദ് എടുത്തുപറഞ്ഞു. പരമ്പരാഗത ഊർജ്ജ മേഖലയ്ക്ക് പുറമെ വൈദ്യുത വാഹനങ്ങൾ (ഇവി), ഉൽപ്പാദനം, ഇതര എണ്ണ- വാതക മേഖലകൾ തുടങ്ങിയ വളർന്നുവരുന്ന വ്യവസായങ്ങളിലേക്ക് പര്യവേക്ഷണം നടത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖത്തർ,ആഗോള നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രധാന സംരംഭമായ ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യുഎഫ്‌സി) സ്ഥാപിച്ചിട്ടുണ്ട് . ഇത് ബിസിനസുകൾ ആകർഷിക്കുന്നതിനും സ്വകാര്യ ഓഹരി നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കുന്നു.ഇന്ത്യയുടെ ഏറ്റവും ശക്തമായ ആഗോള പങ്കാളികളിൽ ഒന്നായ ഖത്തർ,അന്താരാഷ്ട്ര വിപണികളിലേക്ക് സമാനതകളില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നതിനായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. കൂടാതെ, ഗവേഷണ- വികസന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന കേന്ദ്രമായി ഖത്തർ സയൻസ് & ടെക്‌നോളജി പാർക്ക് പ്രവർത്തിക്കും. അതേസമയം മികച്ച മാധ്യമ കമ്പനികളെ ആകർഷിക്കുന്നതിന് ഖത്തറിലെ മീഡിയ സിറ്റി ലക്ഷ്യമിടുന്നു. കൂടാതെ പ്രധാന മേഖലകളിലുടനീളം നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് ഖത്തർ ഫ്രീ സോൺ രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഖത്തറിന്റെ അഭിലാഷ പദ്ധതിയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യയും ശേഷിയും നൽകുന്നതിൽ ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ കരുത്ത് പ്രയോജനപ്പെടുത്താനാകും.ദക്ഷിണേഷ്യയിലേക്കുള്ള കവാടമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനവും മിഡിൽ ഈസ്റ്റിന്റെ കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ പങ്കും ഈ ചർച്ചകളിൽ ഉയർന്നുവന്നു. ഉയർന്ന നിലവാരമുള്ള സോളാർ ഗ്രിഡ് പോളിസിലിക്കൺ നിർമ്മാണത്തിൽ ഇന്ത്യയും ഖത്തറും തമ്മിൽ സഹകരണത്തിന് ഉയർന്ന സാധ്യതയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രധാന മേഖലകളിൽ സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം ബിസിനസ് പ്രമുഖർ , നയരൂപീകരണ വിദഗ്ധർ, വ്യവസായ വിദഗ്ധർ എന്നിവരെ ഒരുമിച്ചു കൊണ്ട് വന്നു . 2023-24 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 15 ബില്യൺ യുഎസ് ഡോളർ പിന്നിട്ടതോടെ നിക്ഷേപ ഒഴുക്ക് വർദ്ധിക്കുകയും ഇന്ത്യയിലെ മികച്ച മൂന്ന് ജിസിസി നിക്ഷേപകരിൽ ഒന്നായി ഖത്തർ മാറുകയും ചെയ്തു . എന്നാൽ ഇനിയും ഉപയോഗപ്പെടുത്താത്ത ഗണ്യമായ സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. വളർന്നുവരുന്ന ഈ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി, ഈ പരിപാടിയിൽ രണ്ട് പ്രധാന ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവച്ചു:
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ)യും , ഖത്തർ ബിസിനസ് അസോസിയേഷനും ;
ഇൻവെസ്റ്റ് ഇന്ത്യ ഇൻവെസ്റ്റ് ഖത്തർ എന്ന സംരംഭവും
വ്യാപാര വാണിജ്യ സഹകരണം സുഗമമാക്കുക, നിക്ഷേപ ഒഴുക്ക് വർദ്ധിപ്പിക്കുക, പരസ്പര താൽപ്പര്യമുള്ള തന്ത്രപരമായ മേഖലകളിൽ ദീർഘകാല സഹകരണം വളർത്തുക എന്നിവയാണ് ഈ കരാറുകളുടെ ലക്ഷ്യം.
SKY
(Release ID: 2104390)
Visitor Counter : 35