വിദ്യാഭ്യാസ മന്ത്രാലയം
പരീക്ഷാ പേ ചർച്ച 2025 ന്റെ ആദ്യ അധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു
പരീക്ഷാ പേ ചർച്ച 2025 ന്റെ അഞ്ചാം അധ്യായത്തിൽ സദ്ഗുരു പങ്കെടുത്തു
Posted On:
15 FEB 2025 10:10PM by PIB Thiruvananthpuram
പുതിയ ആകർഷകമായ രീതിയിലുള്ള പരീക്ഷാ പേ ചർച്ച 2025 പരിപാടിയെ രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വളരെയധികം പ്രശംസിക്കുന്നു.പരമ്പരാഗത ടൗൺ ഹാൾ രീതിയിൽ നിന്ന് മാറി, 2025 ഫെബ്രുവരി 10 ന് ന്യൂഡൽഹിയിലെ ഹരിതാഭമായ സുന്ദർ നഴ്‌സറിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിദ്യാർത്ഥികളുമായുള്ള സംവേദനാത്മകമായ സെഷനോടെയാണ് എട്ടാം പതിപ്പ് ആരംഭിച്ചത്.
ആദ്യ അധ്യായത്തിൽ രാജ്യത്തുടനീളമുള്ള 36 വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ട് ചിന്തോദ്ദീപകമായ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു. പോഷകാഹാരവും ക്ഷേമവും, സമ്മർദങ്ങളെ നേരിടാൻ പ്രാവീണ്യം നേടൽ, സ്വയം വെല്ലുവിളിക്കൽ, നേതൃത്വ കല, പുസ്തകങ്ങൾക്കപ്പുറം - 360º വളർച്ച, ശുഭകരമായവ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ അദ്ദേഹം പങ്കുവെച്ചു. അക്കാദമിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും വളർച്ചാ മനോഭാവം സൃഷ്ടിക്കുന്നതിനും പഠനത്തോടുള്ള സമഗ്രമായ സമീപനത്തിനും വേണ്ട പ്രായോഗിക ഉൾക്കാഴ്ചകളും ഫലപ്രദമായ തന്ത്രങ്ങളും ഈ സെഷൻ വിദ്യാർത്ഥികൾക്ക് നൽകി.
സമഗ്ര വികസനം ഉറപ്പാക്കുന്നതിന്,കായിക പ്രതിഭകൾ, സാങ്കേതിക വിദഗ്ധർ, മത്സര പരീക്ഷകളിലെ ഉന്നതർ, വിനോദ വ്യവസായ പ്രൊഫഷണലുകൾ, ആത്മീയ നേതാക്കൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അവരുടെ അറിവുകൾ പങ്കിടുകയും പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ജ്ഞാനം കൊണ്ട് വിദ്യാർത്ഥികളെ സമ്പന്നരാക്കുകയും ചെയ്യുന്നു . മൂന്ന് അദ്ധ്യായങ്ങൾ ഇതിനകം സംപ്രേഷണം ചെയ്തു. വിലപ്പെട്ട പാഠങ്ങളും പ്രായോഗിക തന്ത്രങ്ങളും നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നത് ഓരോ സെഷനിലും തുടരുന്നു.
ഇന്നത്തെ അഞ്ചാമത്തെ അധ്യായത്തിൽ, പരീക്ഷാ സമ്മർദ്ദത്തെ നേരിടുന്നതിൽ മാത്രമല്ല, വിവിധ ജീവിത വെല്ലുവിളികളെ തരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യം സദ്ഗുരു അനാവരണം ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ ഒരു തുറന്ന അന്തരീക്ഷത്തിൽ, സ്വതന്ത്രമായ സംഭാഷണത്തിലൂടെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ അദ്ദേഹം നൽകി. പരീക്ഷാ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായുള്ള ഈ ശ്രമം ആരംഭിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി അറിയിച്ചു.
പരീക്ഷാ സമ്മർദ്ദം മൂലം ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളെ കാണാറുള്ളതായി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ട് സദ്ഗുരു സംസാരിച്ചു. വിദ്യാഭ്യാസം നേടുന്നത് കേവലം പരീക്ഷകൾക്ക് വേണ്ടി മാത്രമല്ല മറിച്ച് ജീവിതത്തിലേക്ക് തന്നെ പ്രവേശനം നേടുന്നതിന് വേണ്ടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാഭ്യാസം അടിസ്ഥാന അറിവിലേക്കുള്ള പ്രവേശനം നൽകുന്നുവെന്ന് വിശദീകരിച്ച സദ്ഗുരു , ബുദ്ധിശക്തി ചലനാത്മകമായി നിലനിർത്താൻ വിദ്യാർത്ഥികളെ ഉപദേശിച്ചു, അത് ജീവിതത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നതായി അദ്ദേഹം പറഞ്ഞു.
മത്സര ക്ഷേമത നേടുന്നതിന്റെ പ്രാധാന്യം സദ്ഗുരു എടുത്തു പറഞ്ഞു. ഓരോ വ്യക്തിക്കും സങ്കൽപ്പങ്ങൾക്കും അപ്പുറം ഉള്ളത് നേടാനുള്ള കഴിവ് ഉണ്ടെന്നും എന്നാൽ അവ യഥാർത്ഥത്തിൽ കൈവരിക്കുന്നതിന് സമർപ്പണത്തോടെ പരിശ്രമിക്കണം എന്നും അദ്ദേഹം ഉപദേശിച്ചു.
കളികളിലൂടെ പഠിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം, പ്രായോഗിക ഉപയോഗത്തിനപ്പുറം ബുദ്ധിശക്തിയെ പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചും ജീവിതാനുഭവങ്ങളുടെ ആഴം മനസ്സിലാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ശ്രദ്ധ നിലനിർത്തുന്നതിന് സ്മാർട്ട്‌ഫോൺ ഉപയോഗം പരിമിതപ്പെടുത്തുന്നതിനായുള്ള ചില പ്രായോഗിക നുറുങ്ങുകളും അദ്ദേഹം പങ്കിട്ടു.
സെഷന്റെ ഭാഗമായി, സദ്ഗുരു, നാദ യോഗ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.മൂന്ന് അടിസ്ഥാന ശബ്ദങ്ങൾ കാണിച്ചുകൊടുത്ത അദ്ദേഹം എല്ലാ ദിവസവും രാവിലെ ഏഴ് മിനിറ്റ് അത് പരിശീലിക്കാൻ ഉപദേശിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുക്കുകയും ചോദ്യങ്ങൾ ആരായുകയും ചെയ്തു. അവരുടെ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നതിന് പ്രായോഗികവും ഉൾക്കാഴ്ചയുള്ളതുമായ പരിഹാര നിർദ്ദേശങ്ങൾ സദ്ഗുരു നൽകി.
2025 ഫെബ്രുവരി 12-ന് പ്രശസ്ത നടി ദീപിക പദുക്കോൺ പരീക്ഷ പേ ചർച്ചയുടെ 8-ാം പതിപ്പിന്റെ രണ്ടാം അധ്യായത്തിൽ ഏകദേശം 60 പേരുമായി സംവദിച്ചു. മാനസികാരോഗ്യ വെല്ലുവിളികളെ എങ്ങനെ കരുത്തോടെ അഭിസംബോധന ചെയ്യാമെന്നത് ദീപിക പങ്കുവെക്കുകയും സ്വന്തം അനുഭവങ്ങളിൽ നിന്നും പഠിച്ച വിലപ്പെട്ട പാഠങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
2025 ഫെബ്രുവരി 13-ന് ടെക്നിക്കൽ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരിയും എഡൽവീസ് മ്യൂച്വൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്തയും വിദ്യാർത്ഥികളെ നിർമിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയും അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്തി. ചാറ്റ്ജിപിടിയുടെയും എഐ ഇമേജ്-ജനറേഷൻ ഉപകരണങ്ങളുടെയും പ്രായോഗിക പ്രയോജനങ്ങൾ അവർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
2025 ഫെബ്രുവരി 14-ന്, പ്രമുഖ പോഷകാഹാര വിദഗ്ധരായ സൊണാലി സബർവാൾ, റുജുത ദിവേക്കർ എന്നിവരും ഫുഡ് ഫാർമർ എന്നറിയപ്പെടുന്ന രേവന്ത് ഹിമത് സിംഗയും പരീക്ഷാ സമയത്ത് ആരോഗ്യത്തോടെയും സമ്മർദ്ദരഹിതമായും തുടരുന്നതിൽ പോഷകാഹാരത്തിന്റെ പ്രധാന പങ്കിനെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.
ആദ്യ അധ്യായം കാണുന്നതിനുള്ള ലിങ്ക്
https://www.youtube.com/watch?v=G5UhdwmEEls
രണ്ടാം അധ്യായം കാണുന്നതിനുള്ള ലിങ്ക് https://www.youtube.com/watch?v=DrW4c_ട്ടമേവ
മൂന്നാം അധ്യായം കാണുന്നതിനുള്ള ലിങ്ക്
https://www.youtube.com/watch?v=wgMzmDYShXw
നാലാം അധ്യായം കാണുന്നതിനുള്ള ലിങ്ക് https://www.youtube.com/watch?v=3CfR4-5v5mk
അഞ്ചാം അധ്യായം കാണുന്നതിനുള്ള ലിങ്ക് https://www.youtube.com/watch?v=3GD_SrxsAx8
(Release ID: 2103962)
Visitor Counter : 20