വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025: ബ്രിട്ടനിലെ പ്രശസ്ത സഞ്ചാരസാഹിത്യകാരന്മാര്‍  ഫെബ്രുവരി 25-26 തീയതികളിൽ പ്രയാഗ്‌രാജ് സന്ദർശിക്കും

Posted On: 10 FEB 2025 7:14PM by PIB Thiruvananthpuram
പ്രയാഗ്‌രാജില്‍ നടക്കുന്ന 2025-ലെ കുംഭമേളയുടെ പ്രൗഢിയും ദിവ്യത്വവും രാജ്യത്തെ തീർത്ഥാടകരെ ആകര്‍ഷിക്കുക മാത്രമല്ല, വിദേശ വിനോദസഞ്ചാരികളുടെയും സഞ്ചാരസാഹിത്യകാരന്മാരുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.  ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ പ്രശസ്ത സഞ്ചാരസാഹിത്യകാരന്മാരുടെ ഒരു സംഘം ഫെബ്രുവരി 25, 26 തിയതികളില്‍ പ്രയാഗ്‌രാജില്‍ മഹാകുംഭമേള സന്ദർശിക്കാനെത്തുകയാണ്. സന്ദര്‍ശനവേളയില്‍ ഈ സംഘം കുംഭമേളയ്ക്ക് പുറമെ മതപരവും ചരിത്രപരവും സാംസ്കാരികവുമായ മറ്റ് സ്ഥലങ്ങളിലും പര്യടനം നടത്തും.  


ഉത്തർപ്രദേശിന് വളരെ വലിയ വിനോദസഞ്ചാര സാധ്യതകളുണ്ടെന്നും വിദേശ വിനോദസഞ്ചാരികൾക്കിടയിൽ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സംസ്ഥാന ടൂറിസം മന്ത്രി ശ്രീ ജയ്‍വീർ സിങ് പറഞ്ഞു.  സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോള വേദിയിൽ അവതരിപ്പിക്കുന്നതിനായി  അന്താരാഷ്ട്ര തലത്തിലെ സഞ്ചാരസാഹിത്യകാരന്മാരെയും മാധ്യമപ്രവർത്തകരെയും ക്ഷണിക്കുന്നുണ്ട്. ആഗോള ടൂറിസം ഭൂപടത്തിൽ ഉത്തർപ്രദേശിന്റെ സാംസ്കാരികവും മതപരവുമായ പൈതൃകം അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ശ്രമത്തിന്റെ ഭാഗമാണ് ബ്രിട്ടീഷ് സഞ്ചാരസാഹിത്യകാരന്മാരുടെ സന്ദർശനം.


വിദേശ വിനോദസഞ്ചാരികൾക്ക് മഹാകുംഭമേളയുടെ  സവിശേഷ അനുഭവം  സമ്മാനിക്കുന്നതിന് വിനോദസഞ്ചാര -  സാംസ്കാരിക വകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും അടുത്തറിയാന്‍ അവസരമൊരുക്കുന്നതിന്  അവര്‍ക്ക് താമസ സൗകര്യങ്ങളും മാര്‍ഗനിര്‍ദേശ സേവനങ്ങളും  ഡിജിറ്റൽ വിവരകേന്ദ്രങ്ങളും  വിവിധ സാംസ്കാരിക പരിപാടികളും സർക്കാർ ഒരുക്കുന്നു.


ബ്രിട്ടീഷ് സഞ്ചാരസാഹിത്യകാരന്മാരുടെ സംഘം കുംഭമേള സന്ദർശിക്കുന്നതിനൊപ്പം  പ്രയാഗ്‌രാജിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പര്യടനം നടത്തും. പ്രയാഗ്‌രാജ് കോട്ട, ആനന്ദ് ഭവൻ, അക്ഷയവത്, ആൽഫ്രഡ് പാർക്ക്, സംഗമസ്ഥാനം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശനത്തിനിടെ സംഘം പര്യവേക്ഷണം ചെയ്യും. കൂടാതെ സംസ്ഥാനത്തിന്റെ ചരിത്ര - സാംസ്കാരിക പൈതൃകം അടുത്തറിയാനായി അയോധ്യ, വാരണാസി, ലഖ്‌നൗ ഉള്‍പ്പെടെ ഉത്തർപ്രദേശിലെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദർശിക്കും.


ബ്രിട്ടീഷ് സഞ്ചാരസാഹിത്യകാരന്മാരുടെ സന്ദർശനം സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്  സുപ്രധാന നാഴികക്കല്ലായി മാറും. കുംഭമേളയുടെ മഹത്വം ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം  ഉത്തർപ്രദേശിനെ  പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി അടയാളപ്പെടുത്തുന്നതില്‍ നിർണായക പങ്ക് വഹിക്കാനും ഈ സന്ദർശനം സഹായിക്കും. ഉത്തർപ്രദേശിന്റെ സമ്പന്ന പൈതൃകവും  ആത്മീയ കേന്ദ്രങ്ങളും  പ്രകൃതി സൗന്ദര്യവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും ലോകത്തെ  മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തുകയും ചെയ്യുകയെന്നതാണ് സർക്കാർ ലക്ഷ്യം. 
 
SKY

(Release ID: 2101596) Visitor Counter : 31