ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സാമ്പത്തിക ജാഗ്രതയും ചെലവുചുരുക്കലും പ്രവർത്തനകാര്യക്ഷമതയിൽ വിട്ടുവീഴ്ചയ്ക്ക് ഇടയാക്കരുതെന്ന് ഉപരാഷ്ട്രപതി

Posted On: 06 FEB 2025 8:53PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്നു ന്യൂഡൽഹിയിൽ 2022-2023 ബാച്ചുകളിലെ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് (IDAS) പ്രൊബേഷണർമാരെ അഭിസംബോധന ചെയ്തു. “സാമ്പത്തികകാര്യങ്ങളിലെ ജാഗ്രത, ചെലവുചുരുക്കൽ എന്നിവയിൽ അതീവശ്രദ്ധയും കണിശതയും പാലിക്കണമെന്നതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. എന്നാൽ, കാര്യക്ഷമതയുടെ കാര്യത്തിൽ  വിട്ടുവീഴ്ച ചെയ്യരുത്. വിഭവങ്ങളുടെ ധനപരമായ വിനിയോഗത്തിലാണു കാര്യക്ഷമത നിലകൊള്ളുന്നത്. സാമ്പത്തിക സമഗ്രത സമ്പൂർണ സത്തയാണ്; അതാണു നിങ്ങളുടെ അമൃതം. സാമ്പത്തിക സമഗ്രതയിൽ ഒരിക്കൽ വിട്ടുവീഴ്ച ചെയ്താൽ നിങ്ങൾക്കത് എന്നെന്നേക്കുമായി നഷ്ടപ്പെടും; അത് ഒരിക്കലും തിരികെക്കൊണ്ടുവരാൻ കഴിയില്ല. അതിനാൽ, ജീവിതത്തിൽ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സംവിധാനം വികസിപ്പിക്കുക. സ്വകാര്യ മേഖലയിലുള്ളവരുമായി താരതമ്യപ്പെടുത്തി നിങ്ങളുടെ മൂല്യം നിർണയിക്കുന്ന ഒന്നല്ല അത്. നിങ്ങൾ സാമ്പത്തിക അച്ചടക്കത്തിന്റെ പൗരാണിക സംരക്ഷകരാണ്.”
 



“മനുഷ്യരാശിയുടെ ആറിലൊന്നു വരുന്ന ഇന്ത്യയെ സേവിക്കാനാകുന്നത് അനുഗ്രഹമാണ്. നിങ്ങളുടെ യോഗ്യതകൾക്കനുസരിച്ച്, ഒരുപക്ഷേ വലിയ സാമ്പത്തിക നേട്ടത്തോടെ, മറ്റു നിരവധി മേഖലകളിൽ സേവനമനുഷ്ഠിക്കാനുള്ള അവസരം നിങ്ങൾക്കു ലഭിച്ചേക്കാം. പക്ഷേ ഇപ്പോൾ ലഭിക്കുന്ന സംതൃപ്തി ഒരിക്കലും ലഭിക്കില്ല. നമ്മുടെ  സേവന ധർമചിന്തയ്ക്ക് അനുസൃതമായി ജീവിക്കുന്നതിലുള്ള സംതൃപ്തി; നമ്മുടെ ദേശീയതയെ പരിപോഷിപ്പിക്കുന്നതിലുള്ള സംതൃപ്തി; നമ്മുടെ മാതൃരാജ്യത്തെ സേവിക്കുന്നതിലുള്ള സംതൃപ്തി; ഏവരും അസൂയപ്പെടുന്ന സാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിലുള്ള സംതൃപ്തി” - ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു.

 



ആഗോള സുരക്ഷാസാഹചര്യത്തെക്കുറിച്ചു പരാമർശിക്കവേ, മേഖലയിലെ വെല്ലുവിളികളും നിലവിലുള്ള ആഗോള സംഘർഷങ്ങളും കണക്കിലെടുക്കുമ്പോൾ തയ്യാറെടുപ്പു പരമപ്രധാനമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. “നമ്മുടെ അയൽപക്കത്തെ സുരക്ഷാ അന്തരീക്ഷം; നമുക്കുള്ള വെല്ലുവിളികൾ; യുക്രൈൻ-റഷ്യ, ഇസ്രായേൽ-ഹമാസ് തുടങ്ങി ലോകത്തിന്റെ ഏതു കോണിലും സംഘർഷം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ നാം ജീവിക്കുന്നതിലെ വെല്ലുവിളികൾ എന്നിവ കണക്കിലെടുക്കുമ്പോൾ, നാം കുറ്റമറ്റ നിലയിലാണു കഴിയുന്നത്. അതിനാൽ, തയ്യാറെടുപ്പിന്റെ നില ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്നതിനേക്കാൾ ഏറെ അധികമാണ്. നമ്മുടെ രാഷ്ട്രം തയ്യാറെടുക്കുന്നുണ്ട് എന്നതാണു മികച്ച കാര്യം.”- അദ്ദേഹം പറഞ്ഞു.


വിമുക്ത ഭടന്മാരോടുള്ള ബഹുമാനത്തിന്റെയും പരിചരണത്തിന്റെയും ആവശ്യകതയെ ശ്രീ ധൻഖർ അഭിസംബോധന ചെയ്തു. “ഉദാഹരണത്തിന്,നമ്മുടെ വി‌മുക്ത ഭടന്മാരോടുള്ള നമ്മുടെ കരുതലാണു സായുധസേനയുടെ മനോവീര്യം നിർണയിക്കുന്നത് എന്നത് ഏവർക്കുമറിയുന്ന ചരിത്രപരമായ വസ്തുതയാണ്. വിമുക്ത ഭടന്മാരുടെ അവസ്ഥ നല്ലതാണെങ്കിൽ , അതിർത്തികളിലും മറ്റും സേവനമനുഷ്ഠിക്കുന്നവർ മികച്ച രീതിയിൽ നിലകൊള്ളും. നിങ്ങൾക്കു വിമുക്തഭടന്മാരുമായും പെൻഷൻകാരുമായും ആഴത്തിലുള്ള ബന്ധമുണ്ട്. പെൻഷൻകാരോടു നിങ്ങൾക്കു തികഞ്ഞ സഹാനുഭൂതി ഉണ്ടായിരിക്കണം. പെൻഷൻ വിതരണത്തിൽ ഒരിക്കലും പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത്. സാങ്കേതിക നവീകരണം തടസ്സരഹിത അതിവേഗ വിതരണത്തിനു കാരണമായിട്ടുണ്ടെന്നു മനസ്സിലാക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനും ആഹ്ലാദചിത്തനുമാണ്. എന്നിരുന്നാലും, പ്രശ്‌നങ്ങൾ ഉണ്ടാകും; പ്രശ്‌നങ്ങൾ തീർച്ചയായും ഉണ്ടാകും. വകുപ്പുകൾ തമ്മിലോ പെൻഷൻകാരുമായോ പ്രശ്‌നങ്ങളില്ലാത്ത സംവിധാനം നമുക്ക് ഒരിക്കലും ഉണ്ടാകില്ല. അതിനാൽ സഹാനുഭൂതി പുലർത്തുക.” – ഉപരാഷ്ട്രപതി പറഞ്ഞു.



പൊതുപ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ ഉയർത്തിക്കാട്ടിയ ഉപരാഷ്ട്രപതി, രാഷ്ട്രത്തിനു പ്രഥമസ്ഥാനം നൽകണമെന്ന് അവരോട് ആവശ്യപ്പെട്ടു. “എല്ലായ്‌പ്പോഴും രാഷ്ട്രത്തെ പ്രഥമമായി നിലനിർത്തുക, രാഷ്ട്രത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത പുലർത്തുക എന്നു ഞാൻ പറയുമ്പോൾ, ഇതു ആശയം മാത്രമായിരിക്കരുത്. പൊതുപ്രവർത്തകരെന്ന നിലയിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയും പ്രവർത്തന കാര്യക്ഷമത സാധ്യമാക്കുകയും ചെയ്യുക എന്നതു നിങ്ങളുടെ നിയോഗമാണെങ്കിലും, വ്യക്തികളെന്ന നിലയിൽ എന്തുചെയ്യാൻ കഴിയുമെന്നും നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്.” – ശ്രീ ധൻഖർ പറഞ്ഞു.


കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
**************
 
 

(Release ID: 2100624) Visitor Counter : 30


Read this release in: English , Urdu , Hindi , Tamil