ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ശാസ്ത്ര,സാങ്കേതിക, എൻജിനീയറിങ്, ഗണിതശാസ്ത്ര (STEM-) മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ കേന്ദ്ര ശാസ്ത്രസാങ്കേതിക കാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി
Posted On:
06 FEB 2025 3:44PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 06 ഫെബ്രുവരി 2025
ശാസ്ത്ര,സാങ്കേതിക, എൻജിനീയറിങ്, ഗണിതശാസ്ത്ര(STEM) മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി 'വുമൺ ഇൻ സയൻസ് ആൻഡ് ടെക്നോളജി-കിരൺ (WISE-KIRAN)' എന്ന പദ്ധതി ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) നടപ്പിലാക്കുന്നുണ്ടെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (സ്വതന്ത്ര ചുമതല) സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് രാജ്യസഭാ ചോദ്യോത്തരവേളയിൽ മറുപടി നൽകി.
![](https://static.pib.gov.in/WriteReadData/userfiles/image/image00125T6C4N7.jpg)
സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ മന്ത്രി മറുപടിയിൽ വിശദമായി രേഖാമൂലം വ്യക്തമാക്കി.
1.ഗവേഷണത്തിൽ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള ഫെലോഷിപ്പ് പ്രോഗ്രാമുകൾ
- WISE-PhD ഫെലോഷിപ്പ്: അടിസ്ഥാന, പ്രായോഗിക ശാസ്ത്രങ്ങളിൽ ഗവേഷണം നടത്തുന്നതിന് സ്ത്രീകളെ പിന്തുണയ്ക്കുന്നു.
- WISE-പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (WISE-PDF) & WISE-SCOPE: പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.
- വിദുഷി (WIDUSHI ) പ്രോഗ്രാം: തൊഴിൽ രംഗത്ത് നിന്ന് വിരമിച്ചവരും തൊഴിൽരഹിതരുമായ പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള മുതിർന്ന വനിതാ ശാസ്ത്രജ്ഞരെ അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ തുടരാൻ സഹായിക്കുന്നു.
2.WISE-IPR: ബൗദ്ധിക സ്വത്തവകാശങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം
WISE IPR-ൽ ഇന്റേൺഷിപ്പ് (WISE-IPR)- ബൗദ്ധിക സ്വത്ത് അവകാശങ്ങൾ സംബന്ധിച്ച് സ്ത്രീകൾക്ക് ജോലിസ്ഥലത്ത് തന്നെ ഒരു വർഷത്തെ പരിശീലനം വാഗ്ദാനം ചെയ്യുന്നു.
3.വിജ്ഞാൻ ജ്യോതി: STEM-ൽ ചേരാൻ പെൺകുട്ടികൾക്ക് പ്രചോദനം നൽകുന്നു
IX-XII ക്ലാസുകളിൽ മികവ് പുലർത്തുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള വിജ്ഞാൻ ജ്യോതി പദ്ധതി , സ്ത്രീ പങ്കാളിത്തം താരതമേന്യ കുറവുള്ള STEM മേഖലകളിൽ ഉന്നത വിദ്യാഭ്യാസവും തൊഴിലും കണ്ടെത്താൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
4.ബയോകെയർ ഫെലോഷിപ്പ്: ജൈവസാങ്കേതികവിദ്യാ രംഗത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നു
ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) ബയോകെയർ ഫെലോഷിപ്പ്, ജൈവ സാങ്കേതികവിദ്യയിലും അനുബന്ധ മേഖലകളിലുമുള്ള വനിതാ ശാസ്ത്രജ്ഞരെ പിന്തുണയ്ക്കുകയും, ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു.
5.നിധി: സാങ്കേതികവിദ്യയിൽ സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നു
നൂതനാശയങ്ങളുടെ വികസനത്തിനും പ്രായോഗികവൽക്കരണത്തിനും ഉള്ള ദേശീയ സംരംഭം (NIDHI) വനിതാ സംരംഭകർക്ക് നൈപുണ്യ വികസനം , ഇൻകുബേഷൻ സൗകര്യങ്ങൾ, മെന്റർഷിപ്പ്, പ്രാരംഭ ഘട്ട ധനസഹായം എന്നിവ നൽകുന്നു.
നിധി-സീഡ് സപ്പോർട്ട് പ്രോഗ്രാം (നിധി-എസ്‌എസ്‌പി): സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് പ്രാരംഭ ഘട്ട സീഡ് ഫണ്ടിംഗ്.
6. വനിതാ സർവകലാശാലകളിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററുകൾ
ഇന്ദിരാഗാന്ധി ഡൽഹി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഫോർ വുമൺ (IGDTUW), തിരുപ്പതിയിലെ ശ്രീ പത്മാവതി മഹിളാ വിശ്വവിദ്യാലയം (SPMVV) എന്നിവിടങ്ങളിൽ ശാസ്ത്രസാങ്കേതിക വകുപ്പ് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററുകൾ (ടിബിഐ) സ്ഥാപിച്ചു.കൂടാതെ,സംരംഭകത്വത്തിൽ ലിംഗഭേദം, ജാതി, ഭൂമിശാസ്ത്രപരമായ ഉൾപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഡൽഹി ടെക്‌നോളജിക്കൽ സർവ്വകലാശാലയിൽ (ഡിടിയു) ഒരു പ്രത്യേക ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ (ഐടിബിഐ) സ്ഥാപിച്ചു.
7.ഗതി(GATI): ഗവേഷണ സ്ഥാപനങ്ങളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നു
WISE-KIRAN-ന് കീഴിലുള്ള ജെൻഡർ അഡ്വാൻസ്‌മെന്റ് ഫോർ ട്രാൻസ്‌ഫോമിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ് (GATI) പ്രോഗ്രാം, ശാസ്ത്രസാങ്കേതിക, എൻജിനീയറിങ്, ഗണിതശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങളിൽ ലിംഗ അടിസ്ഥാനത്തിലുള്ള നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
8.വനിതാ ശാസ്ത്രജ്ഞ പദ്ധതി (WOS): തൊഴിൽ മേഖലയെ പുനരുജീവിപ്പിക്കുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
WOS-A: അടിസ്ഥാന, പ്രായോഗിക ശാസ്ത്രങ്ങളിൽ ഗവേഷണ മേഖലയിലേക്ക് മടങ്ങിവരുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നു.
WOS-B: സാമൂഹിക വെല്ലുവിളികൾക്ക് ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ നൽകാൻ വനിതാ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കുന്നു.
WOS-C: ബൗദ്ധിക സ്വത്തവകാശത്തിൽ (IPR) സ്ത്രീകളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 523 സ്ത്രീകൾക്ക് പിന്തുണ ലഭിച്ചു, അവരിൽ 40% പേർ ഇപ്പോൾ രജിസ്റ്റർ ചെയ്ത പേറ്റന്റ് ഏജന്റുമാരാണ്.
WOS-A-യുടെ കീഴിൽ 2076 വനിതാ ശാസ്ത്രജ്ഞർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും 40% പേർ പിഎച്ച്ഡി പൂർത്തിയാക്കിയിട്ടുണ്ടെന്നും 5000 ലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു.
“ഈ സംരംഭങ്ങൾ സ്ത്രീകൾക്ക് STEM മേഖലകളിലും ഗവേഷണത്തിലും സംരംഭകത്വത്തിലും മികവ് പുലർത്താൻ കരുത്ത് നൽകുന്നു. രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന ഒരു ശാസ്ത്രീയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു” ഡോ. സിംഗ് പറഞ്ഞു.
****************
(Release ID: 2100399)
Visitor Counter : 23