രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി ശ്രീമതി  ദ്രൗപതി മുർമു ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ 2025 ഉദ്ഘാടനം ചെയ്തു

Posted On: 01 FEB 2025 2:23PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് (ഫെബ്രുവരി 1, 2025) ന്യൂഡൽഹിയിൽ 2025-ലെ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, പുസ്തക വായന വെറുമൊരു ഹോബി മാത്രമല്ല; അത് പരിവർത്തനാത്മകമായ ഒരു അനുഭവമാണെന്ന് പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള പുസ്തകങ്ങൾ വായിക്കുന്നത് പ്രദേശങ്ങൾക്കും സമൂഹങ്ങൾക്കും ഇടയിൽ ബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയുടെ വ്യത്യസ്ത ഭാഷകളെയും മറ്റ് രാജ്യങ്ങളിലെ ഭാഷകളെയും പ്രതിനിധീകരിക്കുന്ന നിരവധി സ്റ്റാളുകൾ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ഉണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള സാഹിത്യങ്ങൾ ഒരിടത്ത് നിന്ന് പുസ്തകപ്രേമികൾക്ക് ലഭ്യമാക്കാൻ ഈ പുസ്തകമേള സഹായിക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിലബസിന്റെ ഭാഗമായി നിർദ്ദേശിച്ചിരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതിനു പുറമേ, സ്കൂൾ കുട്ടികൾ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്തതരം പുസ്തകങ്ങൾ വായിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. അത് അവരുടെ കഴിവുകളും സാമർഥ്യങ്ങളും കണ്ടെത്താനും നല്ല മനുഷ്യരാകാനും സഹായിക്കുമെന്ന് അവർ പറഞ്ഞു.

കുട്ടികൾക്കായുള്ള  പുസ്തകങ്ങൾ സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകണമെന്ന് രാഷ്ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ശീലങ്ങളിലൊന്ന് പുസ്തകവായനയോടുള്ള ഇഷ്ടമാണെന്ന് അവർ പറഞ്ഞു. ഓരോ മുതിർന്ന വ്യക്തിയും ഇത് ഒരു പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് രാഷ്‌ട്രപതി  നിർദ്ദേശിച്ചു.

 
രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
********************************

(Release ID: 2099168) Visitor Counter : 41