വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
2025-ലെ മഹാകുംഭമേളയിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രദർശനം അവലോകനം ചെയ്ത് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടര്‍ ജനറല്‍
Posted On:
02 FEB 2025 3:21PM by PIB Thiruvananthpuram
പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ 'ജനപങ്കാളിത്തത്തിലൂടെ ജനക്ഷേമം' എന്ന പ്രമേയത്തില്‍ സജ്ജീകരിച്ച മൾട്ടിമീഡിയ പ്രദർശനം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി) ഡയറക്ടർ ജനറൽ ശ്രീ യോഗേഷ് കുമാർ ബവേജ സന്ദർശിച്ചു. ഭാരത സര്‍ക്കാറിന്റെ കഴിഞ്ഞ 10 വർഷത്തെ പരിപാടികളും നയങ്ങളും പദ്ധതികളും നേട്ടങ്ങളുമാണ് പരിപാടിയില്‍ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഭാരതസര്‍ക്കാറിന്റെ പദ്ധതികളും നേട്ടങ്ങളും ഫലപ്രദമായി അവതരിപ്പിക്കുന്നതാണ് പ്രദർശനമെന്ന് സന്ദര്‍ശനത്തിന് ശേഷം ഡയറക്ടർ ജനറൽ പറഞ്ഞു. അനാമോർഫിക് ത്രിമാന ചുവരുകള്‍, എൽഇഡി ടിവി സ്‌ക്രീനുകൾ, ഹോളോഗ്രാഫിക് സിലിണ്ടറുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് സജ്ജീകരിച്ച ഈ മൾട്ടിമീഡിയ പ്രദർശനം വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് മികച്ചരീതിയില്‍ വിവരങ്ങൾ നൽകുന്നു. ഗവൺമെന്റിന്റെ ശ്രമങ്ങളെയും സംരംഭങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്നും ഇതുവഴി പ്രസ്തുത നയപരിപാടികളിൽ നിന്നും പദ്ധതികളിൽ നിന്നും ജനങ്ങള്‍ക്ക് പ്രയോജനം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ലെ മഹാകുംഭമേളയിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം സന്ദർശന വേളയിൽ സിബിസി, പിഐബി ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആശയവിനിമയ, പ്രചാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാനും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും അദ്ദേഹം നിര്‍ദേശം നല്‍കി.
സര്‍ക്കാറിന്റെ പ്രധാന പദ്ധതികൾ, നയങ്ങൾ, ദേശീയ ഐക്യത്തിനായുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് ഭക്തരെയും സന്ദർശകരെയും അറിയിക്കുന്ന നൂതന വേദിയാണ് ഈ ഡിജിറ്റൽ പ്രദർശനം. ‘സമൂഹശക്തി ഐക്യം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന ഈ പ്രദർശനത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി ആവിഷ്ക്കരിച്ച 'ഒരു രാഷ്ട്രം, ഒരു നികുതി', 'ഒരു രാജ്യം, ഒരു പവർ ഗ്രിഡ്', 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' തുടങ്ങിയ സർക്കാർ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നു.
കൂടാതെ, ജനക്ഷേമത്തിന് ജനകീയപങ്കാളിത്തമെന്ന ആശയത്തെ അടിസ്ഥാനമാക്കി സംരംഭകത്വം, സ്വയംതൊഴിൽ, സാമ്പത്തിക ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് പ്രദർശനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. എൽഇഡി സ്‌ക്രീനുകളിലൂടെയും ഡിജിറ്റൽ ഡിസ്‌പ്ലേകളിലൂടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും സജ്ജീകരിച്ചിരിക്കുന്ന ഈ പ്രദർശനം സാമ്പത്തിക - സാമൂഹ്യ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന ഒരു വേദിയായും മാറുന്നു. ഇതുവഴി സർക്കാർ പദ്ധതികളെക്കുറിച്ച് ഭക്തർ വിശദമായ വിവരങ്ങൾ നേടുന്നതിനൊപ്പം രാഷ്ട്രനിർമാണത്തിൽ അവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും ചെയ്യുന്നു.
SKY
(Release ID: 2099040)
Visitor Counter : 33