പ്രധാനമന്ത്രിയുടെ ഓഫീസ്
മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ്ഓഫ് ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
31 AUG 2024 2:32PM by PIB Thiruvananthpuram
അശ്വിനി വൈഷ്ണവ് ജി ഉൾപ്പെടെ കേന്ദ്ര സർക്കാരിലെ എൻ്റെ ബഹുമാനപ്പെട്ട സഹപ്രവർത്തകർ; ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ജി; തമിഴ്നാട് ഗവർണർ ആർഎൻ രവി; കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; എൻ്റെ മറ്റ് ക്യാബിനറ്റ് സഹപ്രവർത്തകർ; സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാർ; മന്ത്രിമാർ; പാർലമെൻ്റ് അംഗങ്ങൾ; കൂടാതെ രാജ്യത്തുടനീളമുള്ള മറ്റ് ജനപ്രതിനിധികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!
ഇന്ന്, വടക്ക് നിന്ന് തെക്ക് വരെ, നമ്മുടെ രാജ്യത്തിൻ്റെ വികസന യാത്രയിലെ മറ്റൊരു സുപ്രധാന അധ്യായത്തിന് നാം സാക്ഷ്യം വഹിക്കുന്നു. ഇന്ന് മുതൽ മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ, മീററ്റ്-ലക്നൗ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കും. ഈ വിപുലീകരണവും ആധുനികതയുടെ ആശ്ലേഷവും വന്ദേ ഭാരത് ട്രെയിനുകളുടെ വർദ്ധിച്ച വേഗതയും 'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ രാജ്യത്തിൻ്റെ സ്ഥിരമായ പുരോഗതിയെ സൂചിപ്പിക്കുന്നു. ഇന്ന് ഉദ്ഘാടനം ചെയ്ത മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും ചരിത്ര സ്ഥലങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ക്ഷേത്ര നഗരമായ മധുര ഇപ്പോൾ വന്ദേ ഭാരത് വഴി ബെംഗളൂരുവിലെ ഐടി ഹബ്ബുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഉത്സവങ്ങളിലും വാരാന്ത്യങ്ങളിലും തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം മധുരയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്ര ഈ ട്രെയിൻ സർവീസ് വളരെ സുഗമമാക്കും. ചെന്നൈ-നാഗർകോവിൽ റൂട്ടിലെ വന്ദേ ഭാരത് ട്രെയിൻ വിദ്യാർത്ഥികൾക്കും കർഷകർക്കും ഐടി പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനപ്പെടും. വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഞങ്ങൾ ഇതിനകം കാണുന്നുണ്ട്. ടൂറിസത്തിലെ ഈ കുതിച്ചുചാട്ടം പ്രാദേശിക ബിസിനസുകൾക്കും കടയുടമകൾക്കും വരുമാനം വർദ്ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പശ്ചാത്തലമൊരുക്കുന്നു. ഈ പുതിയ ട്രെയിനുകൾക്കായി നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഞാൻ എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നമ്മുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം ആവശ്യമാണ്. കഴിവുകൾ, വിഭവങ്ങൾ, അവസരങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു മേഖലയാണ് ദക്ഷിണേന്ത്യ. അതിനാൽ, തമിഴ്നാടും കർണാടകയും ഉൾപ്പെടെ മുഴുവൻ തെക്കൻ മേഖലയുടെയും വികസനം നമ്മുടെ ഗവൺമെന്റിൻ്റെ പ്രഥമ പരിഗണനയാണ്. കഴിഞ്ഞ 10 വർഷമായി ഈ സംസ്ഥാനങ്ങളിൽ റെയിൽവേ കൈവരിച്ച പുരോഗതി ഈ പ്രതിബദ്ധതയുടെ തെളിവാണ്. തമിഴ്നാടിന് റെയിൽവേ ബജറ്റിലേക്ക് 6,000 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് 2014ലെ ബജറ്റിൻ്റെ 7 ഇരട്ടിയിലധികമാണ്. ആറ് വന്ദേഭാരത് ട്രെയിനുകൾ ഇതിനകം തമിഴ്നാട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ട്രെയിനുകളുടെ എണ്ണം ഇനി എട്ടായി ഉയരും. അതുപോലെ, 2014 ലെ ബജറ്റിനേക്കാൾ 9 മടങ്ങ് അധികമാണ് കർണാടകയ്ക്ക് 7,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇന്ന് 8 ജോഡി വന്ദേ ഭാരത് ട്രെയിനുകൾ കർണാടകയെ മുഴുവൻ ബന്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഗണ്യമായി വർധിപ്പിച്ച ബജറ്റ് തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽവേ ഗതാഗതത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഈ സംസ്ഥാനങ്ങളിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുന്നു, വൈദ്യുതീകരണ പദ്ധതികൾ നടക്കുന്നു, നിരവധി റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. ഈ സംഭവവികാസങ്ങൾ ജനങ്ങൾക്ക് ജീവിക്കാനുള്ള സൗകര്യം വർധിപ്പിക്കുക മാത്രമല്ല, ' സുഗമമായ വ്യാപാരം നടത്തൽ' എളുപ്പത്തിലാക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
മീററ്റ്-ലക്നൗ റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കുന്നതോടെ ഉത്തർപ്രദേശിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പടിഞ്ഞാറൻ യുപിയിലെ ജനങ്ങൾക്ക് ഇന്ന് സന്തോഷവാർത്ത നൽകുന്നു. വിപ്ലവത്തിൻ്റെ നാടെന്ന് ചരിത്രപരമായി അറിയപ്പെടുന്ന മീററ്റും പശ്ചിമ യുപിയും ഇപ്പോൾ വികസനത്തിൽ പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരു വശത്ത്, മീററ്റിനെ തലസ്ഥാനമായ ഡൽഹിയുമായി RRTS വഴി ബന്ധിപ്പിക്കുന്നു; മറുവശത്ത്, വന്ദേ ഭാരത് ട്രെയിൻ സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറച്ചു. ആധുനിക ട്രെയിനുകൾ, എക്സ്പ്രസ് വേകളുടെ ശൃംഖല, വിമാന സർവീസുകളുടെ വിപുലീകരണം എന്നിവയ്ക്കൊപ്പം, പ്രധാനമന്ത്രി ഗതി ശക്തി ദർശനം രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിൻ്റെ പ്രധാന ഉദാഹരണമായി എൻ സി ആർ മാറുകയാണ്.
സുഹൃത്തുക്കളേ,
ആധുനികവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ റെയിൽവേയുടെ പുതിയ മുഖത്തെയാണ് വന്ദേ ഭാരത് പ്രതിനിധീകരിക്കുന്നത്. എല്ലാ നഗരങ്ങളിലും എല്ലാ റൂട്ടുകളിലും വന്ദേ ഭാരതിൻ്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗ ട്രെയിനുകളുടെ ആമുഖം ആളുകൾക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും ആത്മവിശ്വാസം പകർന്നു. ഇന്ന്, രാജ്യത്തുടനീളം 102 വന്ദേ ഭാരത് സേവനങ്ങൾ പ്രവർത്തിക്കുന്നു, 3 കോടിയിലധികം ആളുകൾ ഇതിനകം ഈ ട്രെയിനുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ സംഖ്യ വന്ദേ ഭാരതിൻ്റെ വിജയത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ഒരു ഇന്ത്യയുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും പ്രതീകപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
വികസിത ഇന്ത്യക്കായുള്ള നമ്മുടെ കാഴ്ചപ്പാടിൻ്റെ പ്രധാന സ്തംഭമാണ് ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ. റെയിൽ പാത ഇരട്ടിപ്പിക്കൽ, റെയിൽ പാതകളുടെ വൈദ്യുതീകരണം, പുതിയ ട്രെയിനുകൾ അവതരിപ്പിക്കൽ, അല്ലെങ്കിൽ പുതിയ റൂട്ടുകളുടെ നിർമ്മാണം എന്നിങ്ങനെ വിവിധ പദ്ധതികളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ റെയിൽവേക്ക് 2.5 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഞങ്ങൾ ഇന്ത്യൻ റെയിൽവേയെ ഹൈടെക് സേവനങ്ങളിലൂടെ അതിൻ്റെ പരമ്പരാഗത പ്രതിച്ഛായയ്ക്കപ്പുറത്തേക്ക് മാറ്റുകയാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ വിപുലീകരണത്തോടൊപ്പം അമൃത് ഭാരത് ട്രെയിനുകളും അവതരിപ്പിക്കുന്നു. മാത്രമല്ല, വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പ് ഉടൻ ലോഞ്ച് ചെയ്യും. മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം നമോ ഭാരത് ട്രെയിനുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്, നഗര ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വന്ദേ മെട്രോ സർവീസുകൾ ഉടൻ അവതരിപ്പിക്കും.
സുഹൃത്തുക്കളേ,
നമ്മുടെ നഗരങ്ങളെ പലപ്പോഴും അവയുടെ റെയിൽവേ സ്റ്റേഷനുകളാണ് നിർവചിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷൻ യോജനയിലൂടെ ഈ സ്റ്റേഷനുകൾ പുനരുജ്ജീവിപ്പിക്കുകയും നഗരങ്ങൾക്ക് ഒരു പുതിയ വ്യക്തിത്വം നൽകുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള 1,300 റെയിൽവേ സ്റ്റേഷനുകൾ ഇപ്പോൾ നവീകരണത്തിലാണ്. പല സ്ഥലങ്ങളിലും, റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നു, ഏറ്റവും ചെറിയ സ്റ്റേഷനുകൾ പോലും അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. ഈ പരിവർത്തനം യാത്രയുടെ എളുപ്പത്തെ വളരെയധികം വർധിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
റെയിൽവേ, റോഡ്, ജലപാത തുടങ്ങി പരസ്പരം ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുമ്പോൾ, രാജ്യം കൂടുതൽ ശക്തമാകും. ഈ വികസനം സാധാരണ പൗരന്മാർക്ക്, പ്രത്യേകിച്ച് ദരിദ്രർക്കും ഇടത്തരക്കാർക്കും പ്രയോജനകരമാണ്. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കപ്പെടുമ്പോൾ, പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകി ശാക്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം ഗ്രാമങ്ങളിൽ പുതിയ അവസരങ്ങൾ കൊണ്ടുവരുന്നു. താങ്ങാനാവുന്ന നിരക്കിലുള്ള ഡാറ്റയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഗ്രാമപ്രദേശങ്ങളിൽ പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു. ആശുപത്രികൾ, ടോയ്ലറ്റുകൾ, കോൺക്രീറ്റ് വീടുകൾ എന്നിവയുടെ നിർമ്മാണം റെക്കോർഡ് സംഖ്യയിൽ ദരിദ്രർ പോലും രാജ്യത്തിൻ്റെ പുരോഗതിയിൽ നിന്ന് പ്രയോജനം നേടുന്നുവെന്ന് ഉറപ്പാക്കുന്നു. കോളേജുകൾ, സർവ്വകലാശാലകൾ, വ്യവസായങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച യുവജന മുന്നേറ്റത്തിനുള്ള സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ കൂട്ടായ ശ്രമങ്ങൾ മൂലം കഴിഞ്ഞ10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി.
സുഹൃത്തുക്കളേ,
വർഷങ്ങളായി, ഇന്ത്യൻ റെയിൽവേ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അക്ഷീണം പ്രയത്നിച്ചു, ശാശ്വത പരിഹാരത്തിനുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇന്ത്യൻ റെയിൽവേ എല്ലാവർക്കും, പ്രത്യേകിച്ച് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സുഖകരമായ യാത്രയുടെ പ്രതീകമാകുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. രാജ്യത്തുടനീളമുള്ള ഈ അടിസ്ഥാന സൗകര്യ വികസനം ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടന വേളയിൽ തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഒരിക്കൽ കൂടി എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും എൻ്റെ ആശംസകൾ, വളരെ നന്ദി.
-SK-
(Release ID: 2097672)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada