ബഹിരാകാശ വകുപ്പ്
ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ വൻ കുതിച്ചുചാട്ടമാണ് ഐ.എസ്.ആർ.ഒയുടെ 100-ാമത് വിക്ഷേപണം : ഡോ. ജിതേന്ദ്ര സിംഗ്
ഈ അവസരത്തിൽ ബഹിരാകാശ വകുപ്പുമായി സഹകരിക്കാൻ കഴിഞ്ഞത് അഭിമാനകരം എന്ന് ഡോ. ജിതേന്ദ്ര സിംഗ്
Posted On:
29 JAN 2025 4:17PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 29 ജനുവരി 2025
“ജി.എസ്.എൽ.വി-എഫ് 15/എൻ.വി.എസ്-02 ദൗത്യത്തിന്റെ വിക്ഷേപണം കേവലം മറ്റൊരു നാഴികക്കല്ലായ സംഭവം മാത്രമല്ല, മറിച്ച് ഈ 100-ാമത് വിക്ഷേപണം, ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ഒരു വൻ കുതിച്ചുചാട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്".ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ 100-ാമത് വിക്ഷേപണത്തിന് പിന്നാലെ ആദ്യ പ്രതികരണമായി, കേന്ദ്ര ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.
ഐ.എസ്.ആർ.ഒ തുടർച്ചയായി അസാധാരണ നേട്ടങ്ങൾ കൈവരിക്കുന്നതിൽ ലോകം അത്ഭുതപ്പെടുന്ന ഈ സുപ്രധാന സമയത്ത് ബഹിരാകാശ വകുപ്പുമായി സഹകരിക്കാൻ കഴിയുന്നതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഐ.എസ്.ആർ.ഒയുടെ ശ്രദ്ധേയമായ പരിവർത്തനത്തെ അദ്ദേഹം എടുത്തുപറഞ്ഞു .
1969-ൽ ISRO സ്ഥാപിതമായെങ്കിലും, ആദ്യത്തെ വിക്ഷേപണത്തറ സ്ഥാപിക്കാൻ രണ്ട് പതിറ്റാണ്ടിലധികം സമയമെടുത്തു. 1993-ലാണ് ഇത് കഴിഞ്ഞതെന്നും രണ്ടാമത്തെ വിക്ഷേപണത്തറ മറ്റൊരു പതിറ്റാണ്ടിന് ശേഷം 2004-ൽ മാത്രമാണ് യാഥാർത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ , കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, അടിസ്ഥാന സൗകര്യങ്ങളുടെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ രാജ്യത്തിന്റെ ബഹിരാകാശ മേഖല അഭൂതപൂർവമായ വികസനത്തിന് വിധേയമായി. “ഈ നൂറാമത്തെ വിക്ഷേപണം,ബഹിരാകാശ മേഖലയിൽ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സംഭവിച്ചിട്ടില്ലാത്ത ഒരു വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. ശ്രീഹരിക്കോട്ടയിൽ ഞങ്ങൾ ഇപ്പോൾ മൂന്നാമത്തെ വിക്ഷേപണത്തറ നിർമ്മിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി, തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഒരു പുതിയ വിക്ഷേപണത്തറയ്ക്ക് തറക്കല്ലിട്ടത് വഴി,വിക്ഷേപണത്തറകൾ ശ്രീഹരിക്കോട്ടയ്ക്ക് അപ്പുറത്തേക്ക് വികസിക്കുകയാണ്" അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന്റെ ദ്രുതഗതിയിലുള്ള ഉയർച്ചയും മന്ത്രി ചൂണ്ടിക്കാട്ടി. “2021-ൽ, നമുക്ക് വിരലിലെണ്ണാവുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, നാം 300-നോട് അടുക്കുന്നു. അവയിൽ പലതും ലോകോത്തരവും സംരംഭക വിജയഗാഥകളുമാണ്. ആഗോള സ്വകാര്യ ബഹിരാകാശ മേഖലയിൽ ഇന്ത്യ മുൻനിരയിൽ സ്വയം സ്ഥാനം നേടിയിരിക്കുന്നു," അദ്ദേഹം പറഞ്ഞു. ഈ വളർച്ച യഥാർത്ഥ സാമ്പത്തിക സ്വാധീനമായി മാറിയിരിക്കുന്നു - ഈ മേഖലയിലെ നിക്ഷേപം കുതിച്ചുയർന്നു, 2023 ൽ മാത്രം 1,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. നിലവിൽ 8 ശതകോടി ഡോളർ മൂല്യമുള്ള ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അടുത്ത ദശകത്തിൽ 44 ശതകോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആഗോള ബഹിരാകാശ ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ സ്ഥിരീകരിക്കും .
വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആധിപത്യത്തെക്കുറിച്ചും ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. “ഇന്ന്, വിദേശ ഉപഗ്രഹ വിക്ഷേപണങ്ങളിൽ 90 ശതമാനവും ഐ എസ് ആർ ഒ വഴിയാണ് നടത്തുന്നത്, ഇത് നമ്മുടെ കഴിവിലുള്ള ആഗോള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുക്കുന്നത് ഉൾപ്പെടെ കഴിഞ്ഞ ദശകത്തിൽ ആരംഭിച്ച പരിഷ്കരണങ്ങൾ കൂടുതൽ നിക്ഷേപം,നൂതനാശയങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവയിലേക്ക് നയിച്ചു.
മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ബഹിരാകാശ പര്യവേക്ഷണത്തിൽ നിരന്തരമായി നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള കഴിവിനും ഡോ. ജിതേന്ദ്ര സിംഗ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) സമൂഹമാധ്യമത്തിലൂടെ അഭിനന്ദിച്ചു.
“നൂറാമത്തെ വിക്ഷേപണം: ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാമത്തെ വിക്ഷേപണം എന്ന നാഴികക്കല്ല് നേടിയതിന് അഭിനന്ദനങ്ങൾ ഐഎസ്ആർഒ. ഈ ചരിത്ര നിമിഷത്തിൽ ബഹിരാകാശ വകുപ്പുമായി സഹകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ജിഎസ്എൽവി-എഫ്15/എൻവിഎസ്-02 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ സംഘം , നിങ്ങൾ വീണ്ടും ഇന്ത്യയെ അഭിമാനഭരിതരാക്കി.” മന്ത്രി പറഞ്ഞു
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ശ്രദ്ധേയമായ യാത്രയെക്കുറിച്ച് പരാമർശിക്കവേ, വിക്രം സാരാഭായ്, സതീഷ് ധവാൻ തുടങ്ങിയ ദീർഘവീക്ഷണമുള്ള ആദ്യകാല പ്രതിഭകളുടെ സംഭാവനകളെപ്പറ്റി ഡോ. ജിതേന്ദ്ര സിംഗ് ഓർമിപ്പിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന ബഹിരാകാശ മേഖലയ്ക്ക് അവരുടെ പരിശ്രമങ്ങൾ അടിത്തറ പാകിയതായും മന്ത്രി പരാമർശിച്ചു.
അതിനാൽ, ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 100-ാമത് വിക്ഷേപണം വെറും സംഖ്യാപരമായ നാഴികക്കല്ല് മാത്രമല്ല, ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുടെ അതിവേഗത്തിലുള്ള പുരോഗതിയുടെ പ്രതീകമാണ്. ദശാബ്ദങ്ങളുടെ ക്രമാനുഗതമായ വികസനത്തിൽ നിന്ന് ഒരു ദശകത്തിലെ പരിവർത്തന വളർച്ചയിലേക്കുള്ള ഐ എസ് ആർ ഒ യുടെ യാത്ര, ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിനും ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ നേതൃനിരയിലെത്താനുമുള്ള രാജ്യത്തിന്റെ അഭിലാഷങ്ങൾക്കും തെളിവായി നിലകൊള്ളുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങൾ, വർദ്ധിച്ച സ്വകാര്യ പങ്കാളിത്തം, വൻ നിക്ഷേപങ്ങൾ എന്നിവയിലൂടെ, വരും വർഷങ്ങളിൽ ഇന്ത്യ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സജ്ജമായിരിക്കുന്നു.
*****
(Release ID: 2097435)
Visitor Counter : 45