ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ബഹുഭാഷാ ഭരണനിർവ്വഹണത്തിനായി ഭാഷിണിയുമായി ധാരണാപത്രം ഒപ്പിടുന്ന ആദ്യ വടക്കുകിഴക്കൻ സംസ്ഥാനമായി ത്രിപുര

Posted On: 28 JAN 2025 4:12PM by PIB Thiruvananthpuram
ന്യൂഡൽഹി, 28  ജനുവരി 2025

ത്രിപുര മുഖ്യമന്ത്രി പ്രൊഫ. ഡോ. മണിക് സാഹയുടെ മാർഗനിർദേശത്തിൽ , ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഇലക്‌ട്രോണിക്‌സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിൻ്റെ (MeitY) ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി (DIBD)  ത്രിപുര സർക്കാർ ധാരണാപത്രo ഒപ്പുവച്ചു. ത്രിപുരയിലെ സമ്പന്നമായ പ്രാദേശിക ഭാഷകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും പൗരന്മാർക്ക്  ഡിജിറ്റൽ സൗകര്യങ്ങൾ  നൽകുക വഴി ജനപങ്കാളിത്തം സുഗമമാക്കുന്നതിനുമുള്ള  സംസ്ഥാനസർക്കാരിൻ്റെ ശ്രമങ്ങളിൽ ഇത് സുപ്രധാനമായ ഒരു നാഴികക്കല്ലാണ്.

ത്രിപുര ഐടി 
വകുപ്പ് മന്ത്രി ശ്രീ പ്രണജിത് സിംഗ റോയ് ഉദ്ഘാടനം ചെയ്ത  'ഭാഷിണി രാജ്യം' എന്ന സംസ്ഥാനതല ശിൽപശാലയിൽ  വെച്ചാണ്, അഗർത്തലയിലെ പ്രജ്ഞാ ഭവനിൽ,  ത്രിപുര ഐടി വകുപ്പ് സെക്രട്ടറി ശ്രീ കിരൺ ഗിറ്റ്, DIBD ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ശ്രീ അമിതാഭ് നാഗ്, ത്രിപുര ഗവൺമെന്റ് ഐടി ഡയറക്ടർ ശ്രീ ജയ രഗുൽ ഗേഷൻ ബി എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിടൽ ചടങ്ങ് നടന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള വിപ്ലവകരമായ ഒരു സംരംഭമാണ് ഭാഷിണി. 22 ഇന്ത്യൻ ഭാഷകളിലായി എല്ലാ പൗരന്മാർക്കും തടസ്സമില്ലാത്ത ആശയവിനിമയവും ഇന്റർനെറ്റ് പ്രാപ്യതയും ഇത് ഉറപ്പാക്കുന്നു. ശബ്‌ദമാധ്യമത്തിലൂടെ ഡിജിറ്റൽ, സാക്ഷരതാ വേർതിരിവുകൾ നികത്തുക എന്നതാണ് ഭാഷിണി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ പ്രാദേശിക ഭാഷകൾക്കും ഇംഗ്ലീഷിനുമിടയിൽ തത്സമയ വിവർത്തനം, സ്പീച്ച്-ടു-ടെക്‌സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച്, വോയ്‌സ്-ടു-വോയ്‌സ് വിവർത്തനം തുടങ്ങിയ സോഫ്റ്റ്‌വെയർ മികവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ഉൾപ്പെടുത്തലിനായുള്ള ഭാഷിണിയുടെ ദർശനം, ശില്പശാല വിശദീകരിച്ചു. ഉയർന്ന കൃത്യതയുള്ള വിവർത്തനങ്ങൾക്കായി നിർമ്മിത ബുദ്ധി(AI), സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ് (NLP) എന്നിവയുടെ ഉപയോഗം ഇത് എടുത്തുകാണിക്കുകയും ദൗത്യത്തിൽ സംസ്ഥാനത്തിന്റെയും  DIBD യുടെയും  കടമകളും ഉത്തരവാദിത്തങ്ങളും ഊന്നിപ്പറയുകയും ചെയ്തു. കൂടാതെ, ത്രിപുരയിലെ വൈവിധ്യമാർന്ന ഭാഷാ സമൂഹങ്ങളുടെ ഡിജിറ്റൽ വിഭജനം കുറയ്ക്കുന്നതിനും ഉൾപ്പെടുത്തൽ വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളിലും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യുകയുണ്ടായി.

നിലവിൽ ത്രിപുരയിലെ നിരവധി പൗരന്മാർ ഭാഷാ തടസ്സങ്ങൾ കാരണം വെല്ലുവിളികൾ നേരിടുന്നു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും ഗോത്രവർഗ മേഖലകളിലുമുള്ളവർ, ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബുദ്ധിമുട്ടുന്നു. ഭാഷിണിക്ക് മുഖ്യമന്ത്രിയുടെ ഹെൽപ്പ്‌ലൈൻ, ഇ-വിധാൻ, കിസാൻ സഹായത ആപ്പ്, ഇ-ഡിസ്ട്രിക്റ്റുകൾ തുടങ്ങിയ നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിച്ച് ബഹുഭാഷാ ആശയവിനിമയം സാധ്യമാക്കാൻ കഴിയും. അമർ സർക്കാർ പോലുള്ള ആപ്പുകൾ വഴി പ്രാദേശിക ഭരണം മെച്ചപ്പെടുത്താനും ബഹുഭാഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ഇതിന് കഴിയും. FIR-കൾ വിവർത്തനം ചെയ്തും വോയ്‌സ് അധിഷ്ഠിത ഡാറ്റ എൻട്രി പ്രാപ്തമാക്കിയും ഭാഷിണിക്ക് CCTNS പ്ലാറ്റ്‌ഫോമിനെ പിന്തുണയ്ക്കാൻ കഴിയും. ത്രിപുരയിലെ തദ്ദേശീയ, പ്രാദേശിക ഭാഷകളുടെ ഇന്റർനെറ്റ് വഴിയുള്ള ലഭ്യത സുഗമമാക്കുന്നതിലൂടെ ഭാഷിണി ഡിജിറ്റൽ വിഭജനം കുറയ്ക്കും.

ഭാഷിണിയുമായി ധാരണാപത്രം (MOU) ഒപ്പുവയ്ക്കുന്ന ആദ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായും കിഴക്കൻ ഇന്ത്യയിലെ ആദ്യത്തേതായും രാജ്യത്തെ എട്ടാമത്തെ സംസ്ഥാനമായും ത്രിപുര അഭിമാനത്തോടെ നിലകൊള്ളുന്നു. മെച്ചപ്പെട്ട പൗരകേന്ദ്രിത ഭരണത്തിനായി ഡിജിറ്റൽ ഉൾപ്പെടുത്തലിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ത്രിപുരയുടെ പ്രതിബദ്ധത ഈ സംരംഭം അടിവരയിട്ട് പറയുന്നു. ഭാഷിണി-കേന്ദ്രീകൃത ശില്പശാലകൾ നടത്തുന്ന പൗര അനുകൂല സംസ്ഥാനങ്ങളുടെ പട്ടികയിൽ ത്രിപുരയും ഉൾപ്പെടുന്നു. ഇതിനു മുമ്പ് മറ്റ് നാല് സംസ്ഥാനങ്ങൾ മാത്രമേ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നുള്ളൂ .

ത്രിപുരയുടെ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയറിലേക്ക് ഭാഷിണി സംയോജിപ്പിക്കുന്നത് ഡിജിറ്റൽ വിഭജനം കുറയ്ക്കുകയും ചെലവ് കുറഞ്ഞ വിവർത്തനങ്ങൾ നൽകുകയും ഉൾച്ചേർക്കുന്ന നയ നിർവ്വഹണം പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സ്വത്വം വർദ്ധിപ്പിക്കുകയും ചെയ്യും. ത്രിപുരയുടെ ഭരണ സംവിധാനങ്ങളുമായി ഭാഷിണിയുടെ തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കുന്നതിൽ ഈ ധാരണാപത്രം ഒരു നിർണായക ചുവടുവയ്പ്പാണ്. MeitY യുടെ ഡിജിറ്റൽ ഇന്ത്യ ഭാഷി
ണി ഡിവിഷൻ (DIBD) പിന്തുണയ്ക്കുന്ന ഈ സംരംഭം, ഭാഷാ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിലൂടെയും അവശ്യ സേവനങ്ങളിലേക്ക് ബഹുഭാഷാ പ്രവേശനം സാധ്യമാക്കുന്നതിലൂടെയും പൗരന്മാരെ ശാക്തീകരിക്കുന്നു. ഭാഷിണി നടപ്പിലാക്കുന്നത് ത്രിപുരയുടെ ഭാഷാ വൈവിധ്യത്തെ കൂടുതൽ ഏകീകരിക്കുകയും കൂടുതൽ ഉൾക്കൊള്ളുന്നതും ചേർത്തിണക്കിയതുമായ  ഒരു സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യും.
 

(Release ID: 2097057) Visitor Counter : 14