പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
ഇന്ത്യയുടെ 2024-ലെ പുനരുപയോഗ ഊർജ്ജ വിപ്ലവത്തിന്റെ നേട്ടങ്ങളും 2025-ലെ രൂപരേഖയും
Posted On:
22 JAN 2025 11:36AM by PIB Thiruvananthpuram
സുസ്ഥിര ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് വേഗം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ (RE) മേഖല അഭൂതപൂർവമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സൗരോർജ, കാറ്റാടി ഊർജനിലയങ്ങള്‍, നയപരമായ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ 2024-ൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചുകൊണ്ട് 2025-ൽ അഭിലഷണീയ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് വേദിയൊരുക്കി. 2030-ഓടെ 500 ജിഗാവാട്ട് ഫോസിലിതര ഇന്ധനാധിഷ്ഠിത ഊർജശേഷി കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ സംശുദ്ധ ഊർജരംഗത്ത് ആഗോള നേതൃത്വമായി ഉയർന്നുവരികയാണ് ഇന്ത്യ. 2025 ജനുവരി 20-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആകെ ഫോസിൽ ഇന്ധനാധിഷ്ഠിത ഊർജശേഷി 217.62 ജിഗാവാട്ടിലെത്തി.
റെക്കോഡ് ഭേദിച്ചുകൊണ്ട് 2024-ൽ 24.5 ജിഗാവാട്ട് സൗരോർജശേഷിയും 3.4 ജിഗാവാട്ട് കാറ്റാടി ഊര്‍ജശേഷിയും അധികമായി കൈവരിച്ചപ്പോള്‍ 2023-നെ അപേക്ഷിച്ച് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചതില്‍ ഇരട്ടിയിലധികവും, കാറ്റാടി സ്ഥാപിച്ചതില്‍ 21 ശതമാനവും വർധനയാണ് കാണാനായത്. സർക്കാർ പ്രോത്സാഹനം, നയപരിഷ്കാരം, ആഭ്യന്തര സൗരോര്‍ജ - കാറ്റാടി യന്ത്രങ്ങളുടെ നിർമാണത്തിലെ ഉയര്‍ന്ന നിക്ഷേപം തുടങ്ങിയവയാണ് ഈ കുതിപ്പിന് കാരണമായത്. ആകെ സ്ഥാപിച്ച പുനരുപയോഗ ഊർജശേഷിയുടെ 47% സംഭാവനയോടെ ഇന്ത്യയുടെ പുനരുപയോഗ ഊർജ വളർച്ചയിൽ സൗരോർജം മുഖ്യസ്രോതസ്സായി നിലകൊണ്ടു. 18.5 ജിഗാവാട്ട് വന്‍കിട സൗരോര്‍ജ നിലയങ്ങള്‍ കഴിഞ്ഞ വർഷം സ്ഥാപിച്ചതോടെ 2023-നെ അപേക്ഷിച്ച് ഏകദേശം 2.8 മടങ്ങ് വർധന കൈവരിച്ചു. രാജ്യത്ത് ആകെ വന്‍കിട സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ 71% സംഭാവനയുമായി രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
പുരപ്പുറ സൗരോര്‍ജ രംഗത്ത് 4.59 ജിഗാവാട്ട് പുതിയ ശേഷിയിലൂടെ 2024-ലുണ്ടായ ഗണ്യമായ വളർച്ച 2023-നെ അപേക്ഷിച്ച് 53% വർധന രേഖപ്പെടുത്തുന്നു. പത്ത് മാസത്തിനകം 7 ലക്ഷം പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സാധ്യമാക്കിയ 2024-ലെ പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന ഈ വിപുലീകരണത്തിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ 182% വർധന രേഖപ്പെടുത്തിയ ഓഫ്-ഗ്രിഡ് സൗരോര്‍ജ രംഗം 2024-ൽ 1.48 ജിഗാവാട്ട് ശേഷി ചേര്‍ത്തത് ഗ്രാമീണ മേഖലകളിലെ ഊർജലഭ്യതാ ലക്ഷ്യങ്ങളെ പരിപോഷിപ്പിച്ചു.
3.4 ജിഗാവാട്ട് പുതിയ കാറ്റാടി ഊര്‍ജശേഷിയാണ് 2024-ൽ രാജ്യം കൈവരിച്ചത്. ഗുജറാത്ത് (1,250 മെഗാവാട്ട്), കർണാടക (1,135 മെഗാവാട്ട്), തമിഴ്‌നാട് (980 മെഗാവാട്ട്) എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. പുതിയ കാറ്റാടി ഊര്‍ജശേഷിയുടെ 98% സംഭാവന നല്‍കിയ ഈ സംസ്ഥാനങ്ങള്‍ കാറ്റാടി വൈദ്യുതോൽപാദനത്തിലെ തുടർച്ചയായ ആധിപത്യം പ്രകടമാക്കുന്നു.
നയപരമായ ഇടപെടലുകളിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും പുനരുപയോഗ ഊര്‍ജരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ നവ - പുനരുപയോഗ ഊർജമന്ത്രാലയം (MNRE) നിർണായക പങ്കുവഹിച്ചു. പ്രധാന പ്രവര്‍ത്തനരംഗങ്ങള്‍ ഇവയാണ്:
- ഹരിത ഹൈഡ്രജൻ മുന്നേറ്റം: വളർന്നുവരുന്ന ഈ രംഗത്ത് ചെലവ് കുറയ്ക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമായി ഹരിത ഹൈഡ്രജൻ നയങ്ങൾ വികസിപ്പിക്കുന്നതിൽ സര്‍ക്കാര്‍ സജീവമായി ഇടപെട്ടു.
- ഉൽപ്പാദന വികസനം: ആഗോള പുനരുപയോഗ ഊര്‍ജോല്‍പാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് ആഭ്യന്തര സോളാർ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും നിർമാണം വര്‍ധിപ്പിച്ചു.
- വിതരണശൃംഖലയുടെ അടിസ്ഥാനസൗകര്യ വികസനം: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ പുനരുപയോഗ ഊര്‍ജസമ്പന്ന സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിന് അന്തർ-സംസ്ഥാന പ്രസരണ സംവിധാനങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്താൻ മന്ത്രാലയം നിർദേശിച്ചു.
റെക്കോഡ് ശേഷി വര്‍ധനയുടെയും നയപരമായ മുന്നേറ്റങ്ങളുടെയും വർഷമായി 2024-നെ അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ പുനരുപയോഗ ഊർജരംഗം ഒരു പരിവർത്തനാത്മക യാത്രയിലാണ്. 2025-ല്‍ രാജ്യത്തെ സംബന്ധിച്ച് നിയന്ത്രണ, സാമ്പത്തിക, അടിസ്ഥാനസൗകര്യ വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നത് നിർണായകമായിരിക്കും. തുടർച്ചയായ നയപിന്തുണ, വർധിച്ച നിക്ഷേപം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിലൂടെ പുനരുപയോഗ ഊർജലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംശുദ്ധ ഊർജ പരിവർത്തനത്തിൽ ആഗോള നേതൃത്വമെന്ന പദവി ഉറപ്പിക്കുന്നതിനും പൂര്‍ണസജ്ജമാണ് ഇന്ത്യ.
(Release ID: 2096593)
Visitor Counter : 75