രാസവസ്തു, രാസവളം മന്ത്രാലയം
മഹാകുംഭമേള 2025: തീർത്ഥാടകർക്ക് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യതയും അവബോധവും ഉറപ്പാക്കി പ്രയാഗ്രാജിലെ പ്രധാന്‍മന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ
Posted On:
25 JAN 2025 7:19PM by PIB Thiruvananthpuram
കേന്ദ്ര സര്‍ക്കാറിന്റെ പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയ്ക്ക് (PMBJP) കീഴിൽ കലാഗ്രാമിലെ ഒരു കേന്ദ്രമടക്കം മഹാകുംഭ് നഗറിൽ അഞ്ച് ജൻ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മഹാകുംഭമേളയുടെ കാലയളവിലുടനീളം ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. തീർത്ഥാടകർക്ക് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യതയും അവബോധവും ഉറപ്പാക്കുകയാണ് കേന്ദ്രങ്ങളുടെ ലക്ഷ്യം.
കേന്ദ്ര ഔഷധ വകുപ്പിലെ ഫാർമസ്യൂട്ടിക്കൽ ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (പിഎംബിഐ) സിഇഒ ശ്രീ രവി ദാധിച്ച് ഇന്ന് പ്രയാഗ്രാജിലെ ജൻ ഔഷധി സ്റ്റാളിന്റെയും മറ്റ് ജൻ ഔഷധി കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിലൂടെ ജനങ്ങൾക്ക് 50 മുതൽ 90 ശതമാനം വരെ ചെലവ് ലാഭിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പിഎംബിജെപിയുടെ പ്രയോജനങ്ങളും നേട്ടങ്ങളും ചർച്ച ചെയ്യുന്നതിനായി സന്ദർശകരുമായും കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുമായും അദ്ദേഹം സംവദിച്ചു.
പ്രയാഗ്രാജിലെ 62 കേന്ദ്രങ്ങളടക്കം ഉത്തർപ്രദേശിൽ 2,633 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടില്‍നിന്ന് പ്രചോദനമുൾക്കൊണ്ട് 25,000 കേന്ദ്രങ്ങൾ തുറക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 15,000-ത്തിലധികം കേന്ദ്രങ്ങൾ ജൻ ഔഷധി പദ്ധതിക്ക് കീഴിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ വഴി 2,000 കോടി രൂപയുടെ മരുന്നുകള്‍ ഈ വര്‍ഷം വില്‍ക്കുകയെന്ന ലക്ഷ്യത്തില്‍ 1,500 കോടിയിലധികം രൂപയുടെ വില്പന ഇതിനകം കൈവരിച്ചു കഴിഞ്ഞു. മഹാകുംഭമേളയിലെത്തുന്ന ഭക്തർക്ക് പിൻ കോഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ഏറ്റവും അടുത്തുള്ള ജൻ ഔഷധി കേന്ദ്രം കണ്ടെത്തുന്ന പ്രക്രിയയും താങ്ങാവുന്ന വിലയിലുള്ള മരുന്നുകളുടെ ലഭ്യതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ശ്രീ ദാധിച്ച് മറുപടി നൽകുകയും ജൻ ഔഷധി പദ്ധതിയ്ക്ക് മാധ്യമങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
(Release ID: 2096592)
Visitor Counter : 7