യുവജനകാര്യ, കായിക മന്ത്രാലയം
പോർട്ട് ബ്ലെയറിൽ പരാക്രം ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ 'ജയ് ഹിന്ദ്' പദയാത്രയ്ക്ക് നേതൃത്വം നൽകും
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പൈതൃകത്തെ ആദരിക്കുന്ന പദയാത്രയിൽ 1500-ലധികം 'മൈ ഭാരത്' യുവ സന്നദ്ധപ്രവർത്തകർ പങ്കെടുക്കും
Posted On:
22 JAN 2025 11:51AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 22 ജനുവരി 2025
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ 'പരാക്രം ദിവസ്' ദിനത്തിൽ കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്‌സെ 2025 ജനുവരി 23ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ 'ജയ് ഹിന്ദ് ' പദയാത്രയ്ക്ക് നേതൃത്വം നൽകും
നേതാജിയുടെ അനശ്വരമായ ആത്മാവിനുള്ള ആദരമായ ഈ പരിപാടി, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും സുഭാഷ് ചന്ദ്രബോസിന്റെ പൈതൃകത്തിന്റെയും സ്മരണയിൽ 1500 മൈ ഭാരത് യുവ സന്നദ്ധ പ്രവർത്തകരെയും യുവനേതാക്കളെയും ഒരുമിച്ച് കൊണ്ടുവരും.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ പ്രതീകവത്കരിച്ചുകൊണ്ട് ,ഫ്ലാഗ് പോയിന്റിൽ നിന്ന് ആരംഭിച്ച് നേതാജി സ്റ്റേഡിയത്തിൽ സമാപിക്കുന്ന ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുള്ള മനോഹരമായ പാതയിലൂടെയാണ് പദയാത്ര. നേതാജിയുടെ സംഭാവനകളെ ആദരിക്കുന്നതിനും സ്വതന്ത്രവും പുരോഗമനപരവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ ഇതിനോടൊപ്പം നടത്തും.
പരിപാടിയുടെ പ്രധാന സവിശേഷതകൾ
- യുവാക്കൾക്കുള്ള മത്സരങ്ങൾ: "സുഭാഷ് ചന്ദ്രബോസും സ്വാതന്ത്ര്യ പ്രസ്ഥാനവും" എന്ന വിഷയത്തിലുള്ള മത്സര പരമ്പരയിൽ ചിത്രരചന, ഉപന്യാസ രചന, ക്വിസ്, പ്രഭാഷണ മത്സരങ്ങൾ എന്നിവ ഉൾപ്പെടും. സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ ത്യാഗങ്ങളെയും തന്ത്രങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നതിൽ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും പങ്കാളികളാക്കുന്നതിനുമായി ഇത് ലക്ഷ്യമിടുന്നു
- സാംസ്കാരിക പ്രകടനങ്ങൾ: സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെയും ആദർശങ്ങളെയും ആഘോഷിക്കുന്ന സംഘഗാനങ്ങൾ, പരമ്പരാഗത നൃത്തങ്ങൾ, മറ്റ് സാംസ്കാരിക പ്രകടനങ്ങൾ എന്നിവയോടെയാണ് പരിപാടി ആരംഭിക്കുക.
- പ്രദർശനവും സ്റ്റാളുകളും: നേതാജിയുടെ ജീവിതത്തെയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ നാഴികക്കല്ലുകളെയും കുറിച്ചുള്ള ഫോട്ടോ ഗാലറി. ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ കലാവൈഭവത്തിന്റെ തെളിവായ പ്രാദേശിക കരകൗശല വസ്തുക്കളുടെ പ്രദർശന സ്റ്റാളുകൾ.
- മാതൃകയായ യുവാക്കൾക്കുള്ള ആദരം: രാഷ്ട്രനിർമ്മാണത്തിനും സാമൂഹിക വികസനത്തിനും നൽകിയ സംഭാവനകൾക്ക് പ്രമുഖ യുവ നേതാക്കളെ ആദരിക്കും.
- കരസേനാ ഉദ്യോഗസ്ഥർക്ക് ആദരവ്: നേതാജിയുടെ പൈതൃകവും ഇന്ത്യയുടെ പ്രതിരോധവും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞു കൊണ്ട് സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കും.
ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുന്നതിനും ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനുമായി ആസൂത്രണം ചെയ്തിട്ടുള്ള 24 പരിപാടികളുടെ പരമ്പരയിലെ അഞ്ചാമത്തേതാണ് പോർട്ട് ബ്ലെയറിലെ ജയ് ഹിന്ദ് പദയാത്ര. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി, രാജ്യമെമ്പാടുമുള്ള മൈ ഭാരത് സന്നദ്ധ പ്രവർത്തകർ എല്ലാ മാസവും ഇത്തരത്തിലുള്ള രണ്ട് പദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് ദേശസ്നേഹവും ഇന്ത്യയുടെ സമ്പന്നമായ പൈതൃകവുമായുള്ള ആഴത്തിലുള്ള ബന്ധവും വളർത്തുന്നു.
നേതാജിയുടെ പാരമ്പര്യത്തെയും ഏകീകൃതവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും ആദരിക്കുന്നതിനായി ഈ അഭിമാനയാത്രയിൽ പങ്കുചേരുന്നതിന് മൈ ഭാരത് പോർട്ടലിൽ (www.mybharat.gov.in) രജിസ്റ്റർ ചെയ്യാൻ രാജ്യമെമ്പാടുമുള്ള യുവാക്കളെ മന്ത്രാലയം ക്ഷണിക്കുന്നു.
(Release ID: 2095104)
Visitor Counter : 8