സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

2025 ലെ മഹാകുംഭമേളയിൽ 6000 ചതുരശ്ര മീറ്ററിൽ ഒരു ജില്ല, ഒരു ഉത്പന്നം (ODOP) പ്രദർശനം

പ്രയാഗ്‌രാജിൽ രാജ്യത്തെ കരകൗശല വിദഗ്ധർക്കായി ഒരു അതുല്യ വിപണി; ഏകദേശം 35 കോടി രൂപയുടെ വാണിജ്യ അവസരം പ്രതീക്ഷിക്കുന്നു

Posted On: 19 JAN 2025 5:52PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധർക്കുള്ള ഒരു സുവർണ്ണാവസരമാണ് 2025 മഹാകുംഭ്. പ്രയാഗ്‌രാജിലെ സംഗമസ്ഥാനത്ത് നടക്കുന്ന ഈ മഹത്തായ പരിപാടിയിൽ 6000 ചതുരശ്ര മീറ്ററിൽ 'ഒരു ജില്ല, ഒരു ഉത്പന്നം' (ODOP) എന്ന ശ്രദ്ധേയമായ പ്രദർശനം ഉൾപ്പെടുന്നു. പരവതാനികൾ, സറി-സർദോസി, ഫിറോസാബാദിൽ നിന്നുള്ള ഗ്ലാസ് കളിപ്പാട്ടങ്ങൾ, വാരണാസിയിൽ നിന്നുള്ള തടി കളിപ്പാട്ടങ്ങൾ, മറ്റ് കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയ ഇനങ്ങൾ ഭക്തരുടെ പ്രധാന ആകർഷണങ്ങളായി മാറുകയാണ്.

2019 ൽ കുംഭമേള 4.30 കോടി രൂപയുടെ ബിസിനസ്സ് സൃഷ്ടിച്ചതായി പ്രയാഗ്‌രാജ് ഡിവിഷന്റെ വ്യവസായ ജോയിന്റ് കമ്മീഷണർ ശരദ് ടൺഠൻ പറഞ്ഞു. ഇത്തവണ ബിസിനസ് 35 കോടി രൂപ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യാപാരത്തിനും തൊഴിലവസരങ്ങൾക്കും പുതിയ വഴികൾ സൃഷ്ടിക്കും.

മഹാകുംഭിൽ ഫ്ലിപ്കാർട്ട് ഒരു സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്, ഇത് സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ സൗജന്യമായി വിൽക്കാൻ അവസരം നൽകുന്നു. ഫ്ലിപ്കാർട്ട് സ്റ്റാളിൽ വാങ്ങുന്നവരുടെയും സന്ദർശകരുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


 ഫിറോസാബാദ്, കുശിനഗർ, കാശി എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെയും ജിഐ ഉൽപ്പന്നങ്ങളുടെയും പ്രദർശനം

കാശിയിൽ (വാരണാസി) നിന്നുള്ള കരകൗശല വസ്തുക്കൾ,മര കളിപ്പാട്ടങ്ങൾ, ബനാറസി ബ്രോക്കേഡ്, ലോഹ അലങ്കാര പണികൾ, ലോഹ വാർപ്പ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള 75 ജിഐ ഉൽപ്പന്നങ്ങൾ ODOP പദ്ധതിയ്ക്ക് കീഴിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഭൗമശാസ്ത്ര സൂചക വിദഗ്ദ്ധൻ ഡോ. രജനീകാന്ത് പറഞ്ഞു, ഇതിൽ 34 ഉൽപ്പന്നങ്ങൾ കാശി മേഖലയിൽ നിന്നുള്ളതാണ്. വാരണാസിയിൽ നിന്നുള്ള ചുവന്ന മുളക്, ബനാറസി സാരികൾ, സുർക്ക പേരയ്ക്ക, പ്രതാപ്ഗഡിൽ നിന്നുള്ള നെല്ലിയ്ക്ക , മിർസാപൂരിൽ നിന്നുള്ള പിച്ചള പാത്രങ്ങൾ, ഗോരഖ്പൂരിൽ നിന്നുള്ള ടെറാക്കോട്ട ഇനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുശിനഗറിൽ നിന്നുള്ള പരവതാനികൾ, ഫിറോസാബാദിൽ നിന്നുള്ള ഗ്ലാസ് കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ എന്നിവയും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്. ബനാറസി തണ്ടായി, ലാൽ പേഡ, ബനാറസി തബല, ചുമർചിത്രങ്ങൾ തുടങ്ങിയ അതുല്യമായ സൃഷ്ടികൾ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു.

മഹാകുംഭത്തിൽ തൊഴിൽ, നൂതനാശയം എന്നിവയുടെ പ്രോത്സാഹനം

 

കരകൗശലവസ്തുക്കളെയും കുടിൽ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഭൂതപൂർവമായ ശ്രമമാണ് ഈ ODOP സംരംഭം. 2025 ലെ മഹാകുംഭമേള ആത്മീയവും സാംസ്കാരികവുമായ സ്വത്വത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, സംരംഭകർക്കുള്ള ഒരു വലിയ വേദിയായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങൾ  കാണാൻ എത്തുകയും അവയെ അഭിനന്ദിക്കുകയും വാങ്ങുകയും ചെയ്യുന്നു.
 
******

(Release ID: 2094445) Visitor Counter : 17


Read this release in: English , Urdu , Marathi , Tamil