ഉപരാഷ്ട്രപതിയുടെ കാര്യാലയം
സഹസ്രാബ്ധങ്ങളായി തുടരുന്ന കടന്നുകയറ്റങ്ങൾക്കിടയിലും ഇന്ത്യയുടെ ആത്മീയ ശക്തി 'സനാതന മൂല്യങ്ങളിലൂടെ' കൈമാറ്റം ചെയ്യപ്പെടുന്നു-ഉപരാഷ്ട്രപതി
Posted On:
16 JAN 2025 4:56PM by PIB Thiruvananthpuram
ക്ഷേത്രസങ്കല്പത്തിന് നേരെ സഹസ്രാബ്ധങ്ങളായി തുടരുന്ന കടന്നുകയറ്റങ്ങൾക്കിടയിലും ഭാരതം സ്വന്തം ആത്മീയ ശക്തി കാത്തുസൂക്ഷിച്ചതായും ക്ഷേത്രങ്ങളിലൂടെ ആത്മീയ ശക്തിയുടെ ഒരു ശൃംഖല രൂപപ്പെടുത്തിയതായും ഉപരാഷ്ട്രപതി ശ്രീ ജഗദീപ് ധൻഖർ പറഞ്ഞു.
"നമ്മുടെ ക്ഷേത്രങ്ങൾ അദ്ധ്യാത്മിക ശക്തിയുടെ ഒരു ശൃംഖലയാണെന്ന് ധാർവാഡിലെ ശ്രീ നവഗ്രഹ തീർത്ഥ ക്ഷേത്രത്തിൽ നടന്ന 'സുമേരു പർവത'ത്തിന്റെ ഉദ്ഘാടന വേളയിൽ ശ്രീ ധൻഖർ പറഞ്ഞു. അത് ആണവ ശേഷിയേക്കാൾ ശക്തമാണ്. അചിന്തനീയമായ ഭാവാത്മക പരിവർത്തന ശേഷി അദ്ധ്യാത്മിക ശക്തിക്കുണ്ട്. നാം നമ്മുടെ അദ്ധ്യാത്മിക ശക്തിയെ കാലങ്ങളായി സംരക്ഷിച്ചു പോരുന്നു, അതിനെ പരിപോഷിപ്പിക്കുന്നു. ആക്രമണങ്ങൾക്ക് നടുവിലും അത് ശോഭിക്കുന്നു. സഹസ്രാബ്ധങ്ങളായി ഇന്ത്യയുടെ സനാതന മൂല്യങ്ങളിലൂടെ അത് കൈമാറ്റം ചെയ്യപ്പെടുന്നു. ശാശ്വത ജ്ഞാനം മാർഗ്ഗത്തെ പ്രകാശമാനമാക്കുമ്പോൾ, മാനവികത സമാധാനം കണ്ടെത്തുന്നു. ശാശ്വത ജ്ഞാനം പ്രകാശിക്കുന്ന നാടാണിത്. 'ഭാരതം' ശാശ്വതമായ ജ്ഞാനം പ്രകാശിക്കുന്ന നാടാണ്, ഇവിടെയാണ് മാനവകുലം സമാധാനം കണ്ടെത്തുന്നത്".
ഭാരതത്തിന്റെ ഗഹനമായ പൗരാണിക ജ്ഞാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, "വജ്രത്തിന്റെ വശങ്ങൾ എന്നതുപോലെ സത്യത്തിന് പല ഭാവങ്ങളുണ്ട്. ബഹുമുഖ വീക്ഷണങ്ങളെക്കുറിച്ചുള്ള നമ്മുടെ പൗരാണിക സിദ്ധാന്തമായ അനേകാന്തവാദം, സങ്കീർണ്ണമായ ആധുനിക ലോകത്ത് ആഗോള നയതന്ത്രത്തിനുള്ള ചട്ടക്കൂടാണ്. ആശയപ്രകാശനം, സംവാദം എന്നിവയെ അനേകാന്തവാദം ഉൾക്കൊള്ളുന്നു. ആശയപ്രകാശനത്തിലെ പോരായ്മകളും സംവാദത്തിലെ നിഷേധാത്മകതയുമാണ് മാനവികത നേരിടുന്ന മിക്ക പ്രശ്നങ്ങൾക്കും കാരണം. സംവാദത്തിൽ വിശ്വസിക്കുമ്പോൾ മാത്രമേ നിങ്ങളുടെ ആശയപ്രകാശനം അർത്ഥപൂർണ്ണമാകൂ. സംവാദം നിങ്ങൾക്ക് മറ്റൊരു ദർശനം, മറ്റൊരു പരിപ്രേക്ഷ്യം നൽകുന്നു. ഞാൻ മാത്രം ശരി എന്ന ഒരു വീക്ഷണകോണിൽ നാം അഹങ്കരിക്കരുത്, അത് ഒരിക്കലും സംഭവ്യമല്ല. സംവാദത്തിൽ ഏർപ്പെടുകയും ചുറ്റുമുള്ള ജ്ഞാനികളുടെ ഉപദേശത്തിന് ചെവികൊടുക്കുകയും വേണം.അതാണ് അനേകാന്തവാദത്തിന്റെ സത്ത".
"'അഹിംസ', 'അപരിഗ്രഹം', 'അനേകാന്തവാദം' എന്നീ ത്രിരത്നങ്ങൾ വീൺവാക്കുകളല്ല. അവ നമ്മുടെ ജീവിതരീതിയുടെ നിർവ്വചനമാണ്. സംസ്ക്കാരിക മഹത്വത്തെ അവ നിർവചിച്ചു. ഭൂമിയുടെ നിലനിൽപ്പിനുള്ള ചിരന്തന തത്വങ്ങളും അടിസ്ഥാന പ്രമാണങ്ങളുമാണത്. ഇവ മൂന്നും സംയുക്തമായി ആഗോള വെല്ലുവിളികൾ, അക്രമം, അമിത ഉപഭോഗം, പ്രത്യയശാസ്ത്ര കേന്ദ്രീകരണം എന്നിവയ്ക്ക് നിശിതമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ ധാർമ്മികത, നമ്മുടെ അറിവിന്റെയും ജ്ഞാനത്തിന്റെയും സമ്പത്ത്, യുഗങ്ങളുടെ ജ്ഞാനം എന്നിവയുടെ വാഹിനിയാണ് 5,000 വർഷത്തെ ചരിത്രമുള്ള നമ്മുടെ സംസ്കാരം. പൗരാണിക ക്ഷേത്രങ്ങൾ മുതൽ ആധുനിക ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങൾ വരെ, "ഭൗതിക ഉന്നതി"യെ 'ആധ്യാത്മിക വികാസത്തിലൂടെ' നാം സന്തുലിതമാക്കിയിട്ടുണ്ട്. സംതൃപ്തി, സമാധാനം, ആശ്വാസം എന്നിവയിലൂന്നിയ ജീവിതം നയിക്കാൻ രണ്ടും അത്യാവശ്യമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൗതിക പുരോഗതിയെ ആത്മീയ വളർച്ചയുമായി സന്തുലിതമാക്കുമ്പോഴാണ് ‘യഥാർത്ഥ ‘വികാസം’ സാധ്യമാകുന്നത്. ‘വിശ്വ ഗുരു’ എന്ന നിലയിൽ ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന സന്ദേശം പോലെ ഭൗതികവും ആത്മീയവുമായ വികസനം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
"സമയം അളക്കുന്നത് ഘടികാരങ്ങളിലൂടെയല്ല, മറിച്ച് കർമ്മനിരതമായ നിമിഷങ്ങളിലൂടെയാണ്. 12 വർഷത്തിലൊരിക്കൽ നടത്തുന്ന മഹാമസ്തകാഭിഷേകം 'പ്രാചീൻ ഗ്യാൻ' (പുരാതന ജ്ഞാനം), 'ആധുനിക് ചുനൗതിയാൻ' (ആധുനിക വെല്ലുവിളികൾ) എന്നിവയ്ക്ക് മധ്യേയുള്ള പാലമാണ്. പാരിസ്ഥിക പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ, മുഴുവൻ മനുഷ്യരാശിയും അസ്തിത്വ വെല്ലുവിളികൾ നേരിടുന്ന പ്രതിസന്ധിയിൽ, സർവ്വ ജീവജാലങ്ങളോടും "അഹിംസ" പാലിക്കുക എന്ന ജൈന തത്വവും ശ്രദ്ധാപൂർവ്വമായ വിഭവ വിനിയോഗവും 2047 ൽ "വികസിത ഭാരതം" എന്ന സുസ്ഥിര വികസന പരിഹാരം വാഗ്ദാനം ചെയ്യുന്നു.പ്രകൃതി വിഭവങ്ങളുടെ വിനിയോഗത്തിൽ ശ്രദ്ധയും മിതവ്യയവും പുലർത്താൻ ഈ ധർമ്മം നമ്മെ പഠിപ്പിക്കുന്നു. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിടുന്നില്ല എന്നത് കൊണ്ട് മാത്രം അശ്രദ്ധയോ അമിത ആത്മവിശ്വാസമോ നാം പുലർത്തരുത്", അദ്ദേഹം കൂട്ടിച്ചേർത്തു.
ധാർമ്മിക വ്യവഹാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ ധൻഖർ വിശദീകരിച്ചു, "വിട്ടുവീഴ്ചയില്ലാത്തതാണ് ധാർമ്മികത. ധാർമ്മിക മാനദണ്ഡങ്ങൾ നമ്മുടെ സംസ്കാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള വെള്ളം ചേർക്കലോ വ്യതിയാനമോ സ്വന്തം ആത്മാവിനെ പ്രക്ഷുബ്ധമാക്കും, നിങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തും. നാം പ്രലോഭനങ്ങളെ അതിജീവിച്ച് കരുതലോടെയും സൂക്ഷ്മതയോടെയും ഉന്നതമായ ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കണം. വലിപ്പച്ചെറുപ്പമില്ലാതെ ഏതൊരു പ്രലോഭനത്തെയും ധാർമ്മിക പാതയിൽ നിന്ന് വ്യതിചലിക്കാനുള്ള മുൻവിധിയോ ന്യായീകരണമോ അടിസ്ഥാനമോ ആക്കി മാറ്റരുത്. ധാർമ്മികത എങ്ങനെ പരിശീലിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നത് ക്ഷേത്രങ്ങളാണ്. ധാർമ്മികതയുടെ ആത്മാവ് നാം ഉൾക്കൊള്ളുന്നത് അത്തരം കേന്ദ്രങ്ങളിൽ നിന്നാണ്. " ധാർമ്മികതയുടെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ കുഞ്ഞു മനസ്സുകളെ, കുട്ടികളെ ബോധവാന്മാരാക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്."
മതപരമായ പ്രാധാന്യമുള്ള നമ്മുടെ പുണ്യ സ്ഥലങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ശ്രീ ധൻഖർ വ്യക്തമാക്കി,"നമ്മുടെ മതവും മന്ദിറും വെറും ആരാധനാലയങ്ങൾ മാത്രമല്ല, അവ അതിനും മേലെയാണ്. അവ സാമൂഹിക പരിവർത്തനത്തിന്റെ ജീവസുറ്റ സ്ഥാപനങ്ങളാണ്, സമകാലിക വെല്ലുവിളികളെ നേരിടാൻ പുരാതന ജ്ഞാനത്തെ അനുപൂരകമാക്കുന്നു......നമ്മുടെ പുണ്യസ്ഥലങ്ങൾ മതത്തിനപ്പുറമുള്ള പരിവർത്തന കേന്ദ്രങ്ങളാണ്, അവ വിദ്യാഭ്യാസം (ശിക്ഷ), ആരോഗ്യം (ചികിത്സ), സേവനം (സേവ) എന്നിവയുടെ ഊർജ്ജസ്വലമായ കേന്ദ്രങ്ങളാണ്. വിവേചനമില്ലാതെ, തുല്യതയോടെ, എല്ലാവർക്കും സേവനം നൽകുന്നതിലൂടെ സമഗ്ര വികസനം എന്ന ഇന്ത്യയുടെ പാരമ്പര്യം ഒരു തുടരുകയാണ്.
****
(Release ID: 2093713)
Visitor Counter : 25