പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്ക പാത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു



സോനാമാർഗിലെ ജനങ്ങളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷം; തുരങ്ക പാത തുറന്നു നൽകുന്നതോടെ, ഗതാഗത ബന്ധം ഗണ്യമായി മെച്ചപ്പെടുകയും അത് ജമ്മു കശ്മീരിലെ വിനോദ സഞ്ചാരത്തിന് വലിയ ഉത്തേജനം നൽകുകയും ചെയ്യും: പ്രധാനമന്ത്രി

സോനാമാർഗ് തുരങ്ക പാത വിനോദസഞ്ചാരത്തിന് ഗണ്യമായ ഉത്തേജനം നൽകും: പ്രധാനമന്ത്രി

മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ജമ്മു കശ്മീരിലെ അധികം അറിയപ്പെടാത്ത പ്രദേശങ്ങൾ അനുഭവിച്ചറിയുന്നതിന് വിനോദസഞ്ചാരികൾക്ക് പുതിയ വാതിലുകൾ തുറക്കും: പ്രധാനമന്ത്രി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജമ്മു കശ്മീർ വികസനത്തിന്റെ ഒരു പുതിയ അധ്യായം രചിക്കുകയാണ്: പ്രധാനമന്ത്രി

കശ്മീർ രാജ്യത്തിന്റെ മകുടമാണ്, ഇന്ത്യയുടെ കിരീടമാണ് ,ഈ കിരീടം കൂടുതൽ മനോഹരവും സമൃദ്ധവുമാകണമെന്നാണ് എന്റെ ആഗ്രഹം : പ്രധാനമന്ത്രി

Posted On: 13 JAN 2025 3:15PM by PIB Thiruvananthpuram

ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്ക പാത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, ജമ്മു കശ്മീരിന്റെയും ഇന്ത്യയുടെയും വികസനത്തിനായി കഠിനാധ്വാനം ചെയ്യുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത തൊഴിലാളികൾക്ക് നന്ദി പറഞ്ഞു. “വെല്ലുവിളികൾക്കിടയിലും നമ്മുടെ നിശ്ചയദാർഢ്യത്തിന് മാറ്റമുണ്ടായില്ല ” ശ്രീ മോദി അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ദൃഢനിശ്ചയത്തിനും പ്രതിബദ്ധതയ്ക്കും പ്രവൃത്തി പൂർത്തിയാക്കുന്നതിലുള്ള എല്ലാ തടസ്സങ്ങളെയും നേരിട്ടതിനും അവരെ അദ്ദേഹം പ്രശംസിച്ചു. കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ 7 തൊഴിലാളികൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
നയന മനോഹരമായ മഞ്ഞുമൂടിയ പർവതനിരകളെയും മനോഹരമായ കാലാവസ്ഥയെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജമ്മു കശ്മീർ മുഖ്യമന്ത്രി സാമൂഹ്യ മാധ്യമത്തിൽ അടുത്തിടെ പങ്കുവച്ച ചിത്രങ്ങൾ കണ്ടപ്പോൾ ജമ്മു കശ്മീർ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം വർധിച്ചുവെന്ന് അഭിപ്രായപ്പെട്ടു. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ മുൻകാലങ്ങളിൽ ഇടയ്ക്കിടെ ഈ പ്രദേശം സന്ദർശിച്ചിരുന്ന കാര്യം  പ്രധാനമന്ത്രി അനുസ്മരിച്ചു. സോനാമാർഗ്, ഗുൽമാർഗ്, ഗന്ദർബാൽ, ബാരാമുള്ള തുടങ്ങിയ പ്രദേശങ്ങളിൽ ഒരുപാട് സമയം ചെലവഴിച്ചതും പലപ്പോഴും മണിക്കൂറുകളോളം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചതും അദ്ദേഹം പരാമർശിച്ചു. കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരുന്നിട്ടും, ജമ്മു കശ്മീർ ജനതയുടെ ഊഷ്മളത ആ തണുപ്പിനെ അദൃശ്യമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഒരു സവിശേഷ ദിനമാണെന്നും രാജ്യമെമ്പാടും ഉത്സവാന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ പുണ്യസ്നാനത്തിനായി ഒത്തുകൂടുന്ന പ്രയാഗ്‌രാജിൽ മഹാകുംഭമേള ആംഭിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. പഞ്ചാബിലും വടക്കേ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും നടക്കുന്ന ലോഹ്രി ആഘോഷങ്ങളെക്കുറിച്ചും ഉത്തരായനം, മകരസംക്രാന്തി, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഈ ഉത്സവങ്ങൾ ആഘോഷിക്കുന്ന എല്ലാ ജനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. താഴ്‌വരയിലെ 40 ദിവസത്തെ വെല്ലുവിളി നിറഞ്ഞ ചില്ലൈക്കാലത്തെ അതിജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ പ്രതിരോധശേഷിയെ അദ്ദേഹം പ്രശംസിച്ചു. സോനാമാർഗ് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഈ കാലം പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്നും, കശ്മീരിലെ ജനങ്ങളുടെ ആതിഥ്യം ആസ്വദിക്കുന്ന രാജ്യത്തുടനീളമുള്ള സന്ദർശകരെ ഇത് ആകർഷിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ജമ്മു റെയിൽ ഡിവിഷന്റെ അടുത്തിടെയുള്ള തറക്കല്ലിടൽ എടുത്തുപറഞ്ഞുകൊണ്ട്, കശ്മീരിലെ ജനങ്ങൾക്കുള്ള ഒരു സുപ്രധാന സമ്മാനമാണിതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോനാമാർഗ് തുരങ്ക പാത ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചുകൊണ്ട് ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങളുടെ ദീർഘകാല ആവശ്യം നിറവേറ്റിയ ശ്രീ മോദി, സോനാമാർഗ്, കാർഗിൽ, ലേ എന്നിവിടങ്ങളിലെ ജനജീവിതം ഈ തുരങ്ക പാത ഗണ്യമായി ലഘൂകരിക്കുമെന്ന് എടുത്തുപറഞ്ഞു. പലപ്പോഴും റോഡ് ഗതാഗതം നിറുത്തിവക്കാൻ കാരണമാകുന്ന ഹിമപാതങ്ങൾ, കനത്ത മഞ്ഞുവീഴ്ച, മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഈ തുരങ്ക പാത കുറയ്ക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാന ആശുപത്രികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അതുവഴി പ്രദേശവാസികൾ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കാനും തുരങ്കം സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സോനാമാർഗ് തുരങ്കത്തിന്റെ യഥാർത്ഥ നിർമ്മാണം 2015 ൽ തങ്ങളുടെ ഗവണ്മെന്റ് അധികാരത്തിൽ വന്നതിനുശേഷമാണ് ആരംഭിച്ചതെന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭരണത്തിൻ കീഴിൽ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ശൈത്യകാലത്ത് സോനാമാർഗമായുള്ള ബന്ധം നിലനിർത്താനും മുഴുവൻ മേഖലയിലെയും വിനോദസഞ്ചാരം വികസിപ്പിക്കാനും തുരങ്കം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ ജമ്മു കശ്മീരിൽ നിരവധി റോഡ്, റെയിൽ പദ്ധതികൾ പൂർത്തിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു സമീപത്തായി നടന്നുവരുന്ന മറ്റൊരു പ്രധാന കണക്റ്റിവിറ്റി പദ്ധതിയെക്കുറിച്ചും കശ്മീർ താഴ്‌വരയിലേക്കുള്ള വരാനിരിക്കുന്ന റെയിൽ പാതയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പുതിയ ജമ്മു കശ്മീരിന്റെ ഭാഗമായുള്ള പുതിയ റോഡുകൾ, റെയിൽ‌വേകൾ, ആശുപത്രികൾ, കോളേജുകൾ എന്നിവയുടെ വികസനം അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ തുരങ്കപാതയ്ക്കും  വികസനത്തിന്റെ പുതിയ യുഗത്തിനും പ്രധാനമന്ത്രി എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറുന്നതിലുള്ള ഇന്ത്യയുടെ പുരോഗതി എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇതിൽനിന്നും ഒരു പ്രദേശമോ കുടുംബമോ പിന്നോട്ട് പോകരുതെന്നും,"സബ്കാ സാത്ത്, സബ്കാ വികാസ്"എന്ന മനോഭാവത്തോടെയാണ് ഗവണ്മെന്റ്   പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ, ജമ്മു കാശ്മീരിലുൾപ്പെടെ രാജ്യത്തുടനീളമുള്ള 4 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ പാവപ്പെട്ടവർക്ക് 3 കോടി പുതിയ വീടുകൾ കൂടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഇത് ജമ്മു കശ്മീർ ജനതയ്ക്കും പ്രയോജനകരമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തുടനീളം പുതിയ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, മെഡിക്കൽ കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, പോളിടെക്നിക് കോളേജുകൾ എന്നിവ സ്ഥാപിക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ജമ്മു കശ്മീരിൽ, കഴിഞ്ഞ ദശകത്തിൽ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിതമായിട്ടുണ്ടെന്നും, ഇത് പ്രദേശവാസികളയായ യുവാക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള മേഖലകളിൽ വിപുലമായ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുകയാണെന്നും ജമ്മു കശ്മീർ, തുരങ്ക പാതകളുടെയും, മേൽപ്പാലങ്ങളുടെയും, റോപ്പ്‌വേകളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കങ്ങളും, ഏറ്റവും ഉയരം കൂടിയ റെയിൽ-റോഡ് പാലങ്ങളും ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്. അടുത്തിടെ ഒരു പാസഞ്ചർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ചെനാബ് പാലത്തിന്റെ എഞ്ചിനീയറിംഗ് വൈദഗ്ദ്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കശ്മീരിലെ റെയിൽവേ ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്ന കേബിൾ പാലം, സോജില, ചെനാനി നഷ്രി, സോനാമാർഗ് ടണൽ പദ്ധതികൾ, ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന പദ്ധതികൾ അദ്ദേഹം പരാമർശിച്ചു. ശങ്കരാചാര്യ ക്ഷേത്രം, ശിവ്ഖോരി, ബാൽതാൽ-അമർനാഥ് റോപ്പ്‌വേകൾ, കത്ര-ഡൽഹി എക്സ്പ്രസ് വേ എന്നിവയ്ക്കുള്ള നിർദിഷ്ട പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നാല് ദേശീയ പാത പദ്ധതികളും രണ്ട് റിംഗ് റോഡുകളും ഉൾപ്പെടെ ₹42,000 കോടിയിലധികം രൂപ ചെലവ് വരുന്ന റോഡ് കണക്റ്റിവിറ്റി പദ്ധതികൾ ജമ്മു കശ്മീരിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സോനാമാർഗ് പോലുള്ള 14-ലധികം തുരങ്കപാതകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നും ഇത് ജമ്മു-കാശ്മീരിനെ രാജ്യത്തെ ഏറ്റവുമധികം ബന്ധമുള്ള പ്രദേശങ്ങളിലൊന്നാക്കി മാറ്റുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വികസിത രാഷ്ട്രമാകാനുള്ള പ്രയാണത്തിൽ,വിനോദസഞ്ചാരമേഖലയുടെ ഗണ്യമായ സംഭാവന അടിവരയിട്ടുകൊണ്ട്, ജമ്മുകശ്മീരിലെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ആ മേഖലയിൽ മുമ്പ് അപ്രാപ്യമായതും അറിയപ്പെടാത്തതുമായ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് എത്തിച്ചേരാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ മേഖലയിൽ കൈവരിച്ച സമാധാനവും പുരോഗതിയും ടൂറിസം മേഖലയ്ക്ക് ഇതിനോടകം തന്നെ ഗുണം ചെയ്തിട്ടുണ്ട്. 2024-ൽ 2 കോടിയിലധികം വിനോദസഞ്ചാരികൾ ജമ്മു-കാശ്മീർ സന്ദർശിച്ചതായും, കഴിഞ്ഞ പത്ത് വർഷത്തിനിടെ സോനാമാർഗിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ആറിരട്ടി വർധനയുണ്ടായതായും ശ്രീ മോദി പറഞ്ഞു. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ധാബകൾ, വസ്ത്രശാലകൾ, ടാക്സി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക വ്യാപാരങ്ങൾക്ക് ഈ വളർച്ച ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“21-ാം നൂറ്റാണ്ടിലെ ജമ്മു-കാശ്മീർ, വികസനത്തിന്റെ ഒരു പുതിയ അധ്യായം കുറിക്കുകയാണ് ”, ശ്രീ മോദി പറഞ്ഞു. ഭൂതകാലത്തിന്റെ ദുഷ്‌കരമായ ദിനങ്ങൾക്ക് അറുതിവരുത്തിക്കൊണ്ട് ഈ മേഖല "ഭൂമിയിലെ പറുദീസ" എന്ന സ്വത്വം വീണ്ടെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലാൽ ചൗക്കിൽ ആളുകൾ ഇപ്പോൾ രാത്രിയിൽ പോലും ഐസ്ക്രീം നുണയുകയാണെന്നും ആ പ്രദേശം എപ്പോഴും സജീവമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഗീതജ്ഞരും കലാകാരന്മാരും ഗായകരും പതിവായി പരിപാടികൾ അവതരിപ്പിക്കുന്ന പോളോ വ്യൂ മാർക്കറ്റിനെ പുതിയൊരു ആവാസ കേന്ദ്രമാക്കി മാറ്റിയതിന് പ്രാദേശിക കലാകാരന്മാരെ അദ്ദേഹം പ്രശംസിച്ചു. ശ്രീനഗറിലെ ജനങ്ങൾ ഇപ്പോൾ സിനിമാ ഹാളുകളിൽ കുടുംബത്തോടൊപ്പം സ്വസ്ഥമായി സിനിമ കാണുകയും ബുദ്ധിമുട്ടില്ലാതെ ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇത്തരം സുപ്രധാന മാറ്റങ്ങൾ ഗവണ്മെറ്റിനെക്കൊണ്ട് മാത്രം കൈവരിക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ജമ്മു കശ്‍മീരിൽ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും അവിടുത്തെ  ജനങ്ങൾക്ക് നന്ദി പറഞ്ഞു.

ജമ്മു കശ്മീരിലെ യുവാക്കളുടെ ശോഭനമായ ഭാവി ഉയർത്തിക്കാട്ടിക്കൊണ്ട് കായികരംഗത്തെ നിരവധി അവസരങ്ങൾ ഊന്നിപ്പറയുകയും, ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീനഗറിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര മാരത്തോൺ ഏറെ സന്തോഷം നല്കുന്നതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മാരത്തണിൽ പങ്കെടുക്കുന്നതിന്റെ വൈറലായ വീഡിയോയും ഡൽഹിയിൽ നടന്ന ഒരു യോഗത്തിൽ അതിനെക്കുറിച്ച് അവർ നടത്തിയ ആവേശകരമായ ചർച്ചയും അദ്ദേഹം അനുസ്മരിച്ചു.

ഇത് ജമ്മു കശ്മീരിന്റെ പുതിയ യുഗമാണെന്ന് പറഞ്ഞ ശ്രീ മോദി നാൽപ്പത് വർഷങ്ങൾക്ക് ശേഷം ഈ മേഖലയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിനെയും മനോഹരമായ ദാൽ തടാകത്തിന് ചുറ്റുമുള്ള കാർ റേസിംഗ് രംഗങ്ങളും പരാമർശിച്ചു. ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് നാലു തവണ ആതിഥേയത്വം വഹിച്ച ഗുൽമാർഗ്, ഇന്ത്യയുടെ ശൈത്യകാല ഗെയിംസ് തലസ്ഥാനമായി മാറുകയാണെന്നും അഞ്ചാമത് പതിപ്പ് അടുത്ത മാസം ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു . കഴിഞ്ഞ രണ്ട് വർഷത്തിനിടെ, രാജ്യത്തുടനീളമുള്ള 2,500 കായികതാരങ്ങൾ ജമ്മു കശ്മീരിലെ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിൽ സ്ഥാപിച്ചിട്ടുള്ള 90-ലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലൂടെ പ്രദേശത്തെ 4,500 ലധികം യുവാക്കൾക്ക് പരിശീലനം നല്കിവരുന്നതും അദ്ദേഹം എടുത്തുപറഞ്ഞു.

ജമ്മു കശ്മീരിലെ യുവാക്കൾക്കായി ഉയർന്നുവരുന്ന പുതിയ അവസരങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ജമ്മുവിലെയും അവന്തിപ്പോരയിലെയും എയിംസിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും ഇത് വൈദ്യചികിത്സയ്ക്കായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നും അഭിപ്രായപ്പെട്ടു. ജമ്മുവിലെ ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാല   കാമ്പസുകൾ എന്നിവ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെയും ജമ്മു കശ്മീർ ഗവണ്മെന്റിന്റെ മറ്റ് സംരംഭങ്ങളുടെയും പിന്തുണയോടെ പ്രാദേശിക കരകൗശല വിദഗ്ധരുടെയും കൈത്തൊഴിൽകാരുടെയും പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപത്തോടെ, യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് മേഖലയിലേക്ക് പുതിയ വ്യവസായങ്ങൾ ആകർഷിക്കുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 1.6 ലക്ഷം കോടി രൂപയിൽ നിന്ന് 2.3 ലക്ഷം കോടി രൂപയായി, ഉയർന്ന ബിസ്സിനെസ്സ് നേട്ടം കൈവരിച്ച  ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ മെച്ചപ്പെട്ട പ്രകടനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. വായ്പ നൽകാനുള്ള ബാങ്കിന്റെ വർദ്ധിച്ച ശേഷി മേഖലയിലെ യുവാക്കൾ, കർഷകർ, തോട്ടം തൊഴിലാളികൾ, കടയുടമകൾ, സംരംഭകർ തുടങ്ങിയവർക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തിൽ അത് വികസിതമായി പരിണമിക്കുന്നതിനെയുംകുറിച്ച് പരാമർശിച്ച ശ്രീ മോദി, വികസിത ഇന്ത്യ എന്ന സ്വപ്നം, അതിന്റെ കിരീടമായ കാശ്മീർ പുരോഗതിയുടെ രത്നങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടുമ്പോൾ സാക്ഷാത്കരിക്കപ്പെടുമെന്ന് പറഞ്ഞു. കശ്മീർ കൂടുതൽ മനോഹരവും സമ്പന്നവുമാകണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ഈ ശ്രമത്തിൽ മേഖലയിലെ യുവാക്കൾ, മുതിർന്നവർ, കുട്ടികൾ എന്നിവരുടെ തുടർച്ചയായ പിന്തുണയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ജനങ്ങൾ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും, മേഖലയുടെയും രാജ്യത്തിന്റെയും പുരോഗതിക്ക് സംഭാവന നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ എല്ലാ ശ്രമങ്ങളിലും പൂർണ പിന്തുണ ഉറപ്പുനല്കിക്കൊണ്ടും, വികസന പദ്ധതികളിൽ പങ്കാളികളായ ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. 

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, ജമ്മു കശ്മീർ മുഖ്യമന്ത്രി ശ്രീ ഒമർ അബ്ദുള്ള, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി,  മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര സഹ മന്ത്രിമാരായ ഡോ. ജിതേന്ദ്ര സിംഗ്, ശ്രീ അജയ് തംത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
.
 2,700 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ചതാണ് ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള  സോനാമാർഗ് തുരങ്ക പാത പദ്ധതി.  6.4 കിലോമീറ്റർ നീളമുള്ള സോനാമാർഗ് പ്രധാന തുരങ്കവും ഒരു ബഹിർഗമന പാതയും അപ്രോച്ച് റോഡുകളും ഇതിൽ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം ശ്രീനഗറിൽ നിന്ന് സോനാമാർഗിലൂടെ ലേയിലേക്കുള്ള പാതയിൽ ഏതുകാലാവസ്ഥയിലും മണ്ണിടിച്ചിൽ, ഹിമപാതങ്ങൾ എന്നിവ ബാധിക്കാത്തവിധം സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കും. സോനാമാർഗിനെ വർഷം മുഴുവനും ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിലൂടെയും, ശൈത്യകാല വിനോദസഞ്ചാരം, സാഹസിക കായിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെയും ഇത് മേഖലയിലെ വിനോദസഞ്ചാരത്തെ  പ്രോത്സാഹിപ്പിക്കും.

2028 ഓടെ പൂർത്തിയാകാൻ ലക്ഷ്യമിട്ടുള്ള സോജില ടണലിനൊപ്പം, ഇത് യാത്ര ദൈർഘ്യം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വാഹന വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 70 കിലോമീറ്ററായി വർദ്ധിപ്പിക്കുകയും ശ്രീനഗർ താഴ്‌വരയ്ക്കും ലഡാക്കിനും ഇടയിൽ തടസ്സമില്ലാത്ത NH-1 കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യും. ഈ മെച്ചപ്പെടുത്തിയ ഗതാഗതസൗകര്യം പ്രതിരോധ സാമഗ്രികളുടെ നീക്കം വർദ്ധിപ്പിക്കുകയും ജമ്മു കാശ്മീരിലും ലഡാക്കിലും ഉടനീളം സാമ്പത്തിക വളർച്ചയും സാമൂഹിക-സാംസ്കാരിക സംയോജനവും വർദ്ധിപ്പിക്കുകയും ചെയ്യും.

ഏറെ കഠിനമായ സാഹചര്യങ്ങളിൽ പോലും സൂക്ഷ്മതയോടെ പണിയെടുത്ത നിർമ്മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും, ഈ എഞ്ചിനീയറിംഗ് നേട്ടത്തിൽ അവരുടെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.

 

***

SK

(Release ID: 2092672) Visitor Counter : 12