ഉപരാഷ്ട്രപതിയുടെ കാര്യാലയം
ആധികാരികവും പ്രായോഗികവുമായ ഗവേഷണത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു ; താൽക്കാലിക പ്രാധാന്യമുള്ള ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം
Posted On:
11 JAN 2025 3:28PM by PIB Thiruvananthpuram
ബിഇഎല്ലിൽ ഇന്ന് നടന്ന ഗവേഷണ-വികസന പുരസ്‌കാര ദാന ചടങ്ങിനെ ശ്രീ ജഗ്ദീപ് ധൻഖർ അഭിസംബോധന ചെയ്തു
നിലവിലെ സാഹചര്യങ്ങളെ മെച്ചപ്പെടുത്താൻ കഴിയുന്ന ആധികാരികവും പ്രായോഗികവുമായ ഗവേഷണത്തിന് ഉപരാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ആഹ്വാനം ചെയ്തു.
ബെംഗളൂരുവിൽ ഇന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) ഗവേഷണ-വികസന അവാർഡ് ദാന ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്തു.
“ആഗോള കാഴ്ചപ്പാടിൽ, നോക്കുകയാണെങ്കിൽ, നമ്മുടെ പേറ്റന്റ് സംഭാവന വളരെ കൂടുതൽ ഉണ്ടാകേണ്ടതുണ്ട്. ഗവേഷണത്തിന്റെ കാര്യത്തിൽ, അത് ആധികാരികമായിരിക്കണം, അത്യാധുനികമായിരിക്കണം, പ്രായോഗികമായിരിക്കണം. ഗവേഷണം നിലവിലെ സാഹചര്യങ്ങളെ മെച്ചപ്പെടുത്തണം . ഉപരിതലസ്പർശിയായ ഗവേഷണം കൊണ്ട് പ്രയോജനമില്ല. നിങ്ങളുടെ ഗവേഷണം നിങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കണം.” ഉപരാഷ്ട്രപതി പറഞ്ഞു.
“ആധികാരിക ഗവേഷണം മാത്രമേ ഗവേഷണമായി അംഗീകരിക്കപ്പെടാവൂ. ഗവേഷണത്തിന് തയ്യാറാകുന്നവർക്ക് കർശനമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. നിങ്ങളുടെ ട്രാക്ക് റെക്കോർഡ് വളരെ ശ്രദ്ധേയമാണെങ്കിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിനായി താൽക്കാലിക പ്രാധാന്യമുള്ളതും പിന്നീട് ഷെൽഫിൽ പൊടി പിടിച്ചിരിക്കുന്നതുമായ ഒരു ഗവേഷണ പ്രബന്ധം സൃഷ്ടിക്കുന്നത് നാം ഒഴിവാക്കേണ്ടതാണ് . എന്നാൽ രാജ്യം മുഴുവൻ പ്രതീക്ഷയിലായിരിക്കുമ്പോൾ, നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. നമ്മുടെ മുൻകാല നേട്ടങ്ങളിൽ മാത്രം നമുക്ക് അഭിമാനിക്കാൻ കഴിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയിലെ സെമികണ്ടക്ടർ വിപ്ലവത്തിനും സ്റ്റാർട്ടപ്പുകൾക്കും നേതൃത്വം നൽകാൻ ബിഇഎല്ലിനോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. “നിങ്ങളുടെ സ്ഥാപനം ഇപ്പോൾ സെമികണ്ടക്ടർ രൂപകൽപ്പനയിൽ നിന്ന് നിർമ്മാണത്തിലേക്കുള്ള വിപ്ലവത്തിന് നേതൃത്വം നൽകണം. അതിനെക്കുറിച്ച് ചിന്തിക്കുക, ചർച്ച നടത്തുക. ഇതാണ് കാലഘട്ടത്തിന്റെ ആവശ്യം. നമ്മൾ മുൻകൈയെടുക്കേണ്ടതുണ്ട്. കൂടാതെ സൗഹൃദക്കൂട്ടായ്മയിലൂടെ ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക, ആഭ്യന്തര സ്റ്റാർട്ടപ്പുകളും തദ്ദേശീയ ഘടക വികസനവും വളർത്തുക.സഹകരിച്ചു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുക. സംരംഭം നടത്താൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്.” ശ്രീ ജഗ്ദീപ് ധൻഖർ ആഹ്വാനം ചെയ്തു.
ഒരു വികസിത രാഷ്ട്രത്തിന്റെ പദവി കൈവരിക്കുന്നതിൽ ഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യം ശ്രീ ധൻഖർ ചൂണ്ടിക്കാട്ടി. “പേറ്റന്റുകളിലൂടെയുള്ള നമ്മുടെ സംഭാവനയ്ക്കൊപ്പം പ്രായോഗിക മേഖലകളിലും സംഭാവന ഉണ്ടാകണം . ഈ മേഖലയിൽ നമ്മുടെ സാന്നിധ്യം ചെറുതാണ്. നാം ഇന്ത്യക്കാർ മനുഷ്യരാശിയുടെ ആറിലൊന്നാണ്. നമ്മുടെ പ്രതിഭ നമുക്ക് വിശാലമായ പങ്കാളിത്തം അനുവദിക്കുന്നു. അതിനായി, ഭരണതലത്തിലുള്ള എല്ലാവരും മുൻകൈയെടുക്കണം. ഗവേഷണത്തിനും വികസനത്തിനുമായി പ്രവർത്തിക്കുമ്പോൾമാത്രമേ ആഗോള സമൂഹത്തിൽ ഒരു സാമ്പത്തിക ശക്തികേന്ദ്രമായി ഉയർന്നുവരാൻ കഴിയൂ എന്നതിനാൽ അത് ആവശ്യമാണ്. ആത്മനിർഭർ ഭാരത് എന്ന ആശയം തന്നെ ഇതിൽ വേരൂന്നിയതാണ്. ലോകം നമ്മെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി പരിഗണിക്കുമ്പോൾ മാത്രമേ ആത്മനിർഭർ ഭാരതം സാധ്യമാകൂ .” ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു.
ചടങ്ങിൽ തദ്ദേശവൽക്കരണത്തെക്കുറിച്ച് ഉപരാഷ്ട്രപതി സംസാരിച്ചു. “തദ്ദേശീയ ഘടകങ്ങൾ കാണാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. തദ്ദേശീയവൽക്കരണമുള്ള ഉപകരണങ്ങൾ നമ്മുടെ കൈവശം വർദ്ധിച്ചുവരികയാണ്. എന്നാൽ നമുക്ക് എഞ്ചിനുകൾ ഉണ്ടോ? നമ്മുടെ പക്കൽ പ്രധാന സാമഗ്രികളുണ്ടോ? മറ്റുള്ളവർ നമ്മിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നത് നമുക്കുണ്ടോ? അതോ അത് നാം മാറ്റി വെയ്ക്കുകയാണോ ? നട്ട് & ബോൾട്ടുകളുടെ കാര്യത്തിൽ നാം തദ്ദേശീയരാണെന്ന് തൃപ്തിപ്പെടുന്നതിൽ അർത്ഥമില്ല. നമ്മുടെ ലക്ഷ്യം 100 ശതമാനവും ആയിരിക്കണം.”
സ്കൂളുകളിലും കോളേജുകളിലും തന്നെ നൂതനാശയ മനോഭാവം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ ധൻഖർ പറഞ്ഞു.“രാജ്യം കഴിവുകളാൽ സമ്പന്നമാണ്. നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോഴും വിശാലമായ അവസരങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ഗവൺമെന്റ് ജോലികൾക്കായി അവർ നീണ്ട വരിയിൽ കാത്തു നിൽക്കുന്നു. ഭാഗ്യവശാൽ, ദേശീയ വിദ്യാഭ്യാസ നയം ഒരു വലിയ മാറ്റം കൊണ്ടുവന്നു. കേവലം ബിരുദം നേടുന്നത് മാത്രമല്ല ലക്ഷ്യം എന്ന മെച്ചപ്പെട്ട മാറ്റം. നാം നൈപുണ്യത്തിൽ അധിഷ്ഠിതരാകുകയാണ്. എന്നാൽ ഇപ്പോൾ ഏറ്റവും അടിസ്ഥാനപരമായത് നൂതനാശയത്തിനും ഗവേഷണത്തിൽ ഏർപ്പെടാനുമുള്ള മനോഭാവമാണ്. അത് സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളിൽ സൃഷ്ടിക്കണം.” ഉപരാഷ്ട്രപതി പറഞ്ഞു.
കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെഹലോട്ട്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) സിഎംഡി ശ്രീ മനോജ് ജെയിൻ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
********************
(Release ID: 2092242)
Visitor Counter : 40