രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു; പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ രാഷ്‌ട്രപതി സമ്മാനിച്ചു
വികസിത ഇന്ത്യയുടെ ദർശനത്തിൽ ഇന്ത്യൻ പ്രവാസികൾ അവിഭാജ്യമാണ്: രാഷ്‌ട്രപതി ദ്രൗപദി മുർമു
Posted On:
10 JAN 2025 4:53PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 10 ജനുവരി 2025
ഇന്ന് (2025 ജനുവരി 10) ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുക്കുകയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു.
ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, ഇന്ത്യൻ പ്രവാസികൾ നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞു. ഈ പുണ്യഭൂമിയിൽ നിന്ന് നേടിയെടുത്ത അറിവും കഴിവുകളും മാത്രമല്ല, സഹസ്രാബ്ദങ്ങളായി നമ്മുടെ നാഗരികതയുടെ അടിത്തറയായ മൂല്യങ്ങളും ധാർമ്മികതയും അവർ തങ്ങളോടൊപ്പം കൊണ്ടുപോയി. സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, കല, സംരംഭകത്വം എന്നീ മേഖലകളിലായാലും, ലോകം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇന്ത്യൻ പ്രവാസികൾ.
എല്ലാ പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളെയും രാഷ്ട്രപതി അഭിനന്ദിച്ചു. അവരുടെ വിജയഗാഥകൾ ഇന്ത്യയ്ക്ക് അഭിമാനം മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ മികവിനായി പരിശ്രമിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീൻ കംഗലൂവിനെ അവർ അഭിനന്ദിച്ചു, സ്ത്രീകൾക്കും ഇന്ത്യൻ പ്രവാസികൾക്കും പ്രത്യേക ശ്രദ്ധ നൽകി തന്റെ രാജ്യത്തെ നയിച്ചതിൽ അവർ നൽകിയ മികച്ച സംഭാവനകൾ ലോക വേദിയിൽ ഒരു ഉയർന്ന മാനദണ്ഡം സ്ഥാപിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസ് വെറുമൊരു പരിപാടി എന്നതിലുപരി ആശയങ്ങൾ ഒത്തുചേരുന്ന, സഹകരണങ്ങൾ കെട്ടിപ്പടുക്കുന്ന, ഇന്ത്യയും അതിന്റെ പ്രവാസികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു വേദിയായി മാറിയതിൽ രാഷ്രപതി സന്തോഷം പ്രകടിപ്പിച്ചു.
നമ്മുടെ രാജ്യം ഇന്ന് 2047 ഓടെ ഒരു വികസിത ഇന്ത്യ ആകാനുള്ള പ്രയാണത്തിൽ ആണെന്ന് രാഷ്രപതി പറഞ്ഞു. വിദേശത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഓരോ ഇന്ത്യക്കാരന്റെയും സജീവവും ആവേശകരവുമായ പങ്കാളിത്തം ആവശ്യമുള്ള ഒരു ദേശീയ ദൗത്യമാണിതെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രവാസികൾ ഈ ദർശനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവർ പറഞ്ഞു. അവരുടെ ആഗോള സാന്നിധ്യം അവർക്ക് ഒരു സവിശേഷ കാഴ്ചപ്പാട് നൽകുന്നു, അവരുടെ നേട്ടങ്ങൾ അവരെ ഒരു വികസിത ഇന്ത്യ എന്ന യാഥാർത്ഥ്യത്തിലേക്ക് ഗണ്യമായി സംഭാവന ചെയ്യാൻ കഴിയുന്ന ഒരു സ്ഥാനത്ത് എത്തിച്ചിരിക്കുന്നു .
കാലാതീതമായ 'വസുധൈവ കുടുംബകം' എന്ന തത്ത്വചിന്തയെ പരാമർശിച്ചുകൊണ്ട്, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള ക്ഷേമത്തിനും സംഭാവന നൽകുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഈ ദർശനമെന്ന് രാഷ്ട്രപതി പറഞ്ഞു. സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉപയോഗിച്ച് സാമ്പത്തിക പുരോഗതിയെ സന്തുലിതമാക്കുകയും വരും തലമുറകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാകാൻ നമ്മൾ ആഗ്രഹിക്കുന്നു. ഈ ദർശനം കൈവരിക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ സുപ്രധാന പങ്ക് വഹിക്കുമെന്ന് അവർ പറഞ്ഞു.
"നമ്മുടെ പ്രവാസി ഭാരതീയ കുടുംബത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, പ്രതീക്ഷയോടെയും ദൃഢനിശ്ചയത്തോടെയും ഭാവിയിലേക്ക് നമുക്ക് കാത്തിരിക്കാം. ആഗോളതലത്തിൽ ഉയർന്നുനിൽക്കുകയും ലോകത്തിന് വെളിച്ചം വീശുകയും ചെയ്യുന്ന ഒരു രാഷ്ട്രമായ വികസിത് ഭാരത് നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം", രാഷ്ട്രപതി പറഞ്ഞു.
**************
(Release ID: 2091944)
Visitor Counter : 27