ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഐ.എസ്.ആർ.ഒയുടെ 2025 ലെ ബഹിരാകാശ ദൗത്യങ്ങളിൽ 'ഗഗൻയാൻ' പദ്ധതിക്ക് കീഴിലുള്ള "ആളില്ലാ " ദൗത്യവും ഉൾപ്പെടുന്നു

Posted On: 09 JAN 2025 7:20PM by PIB Thiruvananthpuram
ഡോ. ജിതേന്ദ്ര സിംഗ് ഐ.എസ്.ആർ.ഒയുടെ 2025 ലെ ബഹിരാകാശ ദൗത്യ പരമ്പര അവലോകനം ചെയ്തു ; പ്രധാന ദൗത്യത്തിൽ ഗഗൻയാൻ പരിക്രമണപഥ പരീക്ഷണവും ഉൾപ്പെടുന്നു
 
2025 ലെ പ്രധാന ദൗത്യങ്ങൾക്കായി ഐ.എസ്.ആർ.ഒ സജ്ജം : ജി.എസ്.എൽ.വി വിക്ഷേപണം, എൽ.വി.എം 3 വാണിജ്യ വിക്ഷേപണം , ഐ.എസ്.ആർ.ഒ-നാസ നിസാർ സഹകരണം
 
ഐ.എസ്.ആർ.ഒയുടെ നൂതനാശയ മുന്നേറ്റത്തെ ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് ആഹ്വാനം 
 
 
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല); ഭൗമശാസ്ത്ര. മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥ പൊതുജന പരാതി പരിഹാര വകുപ്പ്, പെൻഷൻ വകുപ്പ് എന്നിവയുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ് ഇന്ന് ISRO യുടെ 2025 ലെ പ്രധാന ബഹിരാകാശ ദൗത്യങ്ങളുടെ ഉന്നതതല അവലോകനത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന ചെയർമാൻ ഡോ. എസ്. സോമനാഥ്, അദ്ദേഹത്തിന്റെ പിൻഗാമിയായ ഡോ. വി. നാരായണൻ, IN-SPACE ചെയർമാൻ ശ്രീ. പവൻ കുമാർ ഗോയങ്ക ഉൾപ്പെടെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
 
"ഗഗൻ യാനിന്" കീഴിലുള്ള ആദ്യത്തെ 'ആളില്ലാ' പരിക്രമണപഥ ദൗത്യം ഉൾപ്പെടെയുള്ള അഭിലാഷകരമായ പദ്ധതികളുമായി ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങൾ നേട്ടങ്ങൾക്കായി ഒരുങ്ങുകയാണ്.
 
സാങ്കേതിക വൈദഗ്ധ്യവും അന്താരാഷ്ട്ര സഹകരണവും പ്രദർശിപ്പിക്കുന്ന ഒരു കൂട്ടം സുപ്രധാന ദൗത്യങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) 2025 ന്റെ തിരക്കേറിയ ആദ്യ പകുതിയിലേക്ക് ഒരുങ്ങുകയാണ്. ഗഗൻയാനിന്റെ ആളില്ലാ പരിക്രമണപഥ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം പ്രധാന ദൗത്യങ്ങളിൽ ഒന്നാണ്. ഈ നിർണായക ശ്രമം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിക്ക് വഴിയൊരുക്കും. ഇത് ബഹിരാകാശ യാത്രികരുടെ സുരക്ഷയ്ക്കും വീണ്ടെടുക്കലിനുമുള്ള സംവിധാനങ്ങൾ വിലയിരുത്താൻ ലക്ഷ്യമിടുന്നു.
 
കൂടാതെ, രണ്ട് ജിഎസ്എൽവി ദൗത്യങ്ങൾ, എൽവിഎം3 യുടെ വാണിജ്യ വിക്ഷേപണം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഎസ്ആർഒ-നാസ സഹകരണം (നിസാർ ഉപഗ്രഹത്തിലൂടെ) എന്നിവ വരും മാസങ്ങളിൽ നടക്കാനിരിക്കുന്നു. ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് ( NavIC)ന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ജനുവരിയിൽ നടക്കുന്ന ജിഎസ്എൽവി-എഫ്15 ദൗത്യത്തിൽ എൻവിഎസ്-02 നാവിഗേഷൻ ഉപഗ്രഹത്തെ എത്തിക്കും . ഇത് തദ്ദേശീയമായി വികസിപ്പിച്ച ആറ്റോമിക് ക്ലോക്കുകൾ ഉപയോഗിച്ച് ഇന്ത്യയുടെ സ്ഥാനനിർണ്ണയ, നാവിഗേഷൻ കഴിവുകൾ ശക്തിപ്പെടുത്തും.
 
 
നാസയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സങ്കീർണ്ണമായ ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ( NISAR) ജിഎസ്എൽവി-എഫ്16 ദൗത്യം ഫെബ്രുവരിയിൽ വിക്ഷേപിക്കും. നൂതന റഡാർ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന നിസാർ കൃഷി, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള നിർണായക ഡേറ്റ നൽകും.
 
മാർച്ചിൽ നടക്കാനിരിക്കുന്ന വാണിജ്യ എൽവിഎം3-എം5 ദൗത്യം, യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലുമായുള്ള കരാറിന് കീഴിൽ ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും . ആഗോള ബഹിരാകാശ വിപണിയിൽ ഐഎസ്ആർഒയുടെ മുൻ നിര സ്ഥാനം ഇത് ഉയർത്തിക്കാട്ടും .
 
നൂതനാശയം വളർത്തിയെടുക്കുന്നതിലും ബഹിരാകാശ യാത്ര സംവിധാനമുള്ള രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിലും ഐഎസ്ആർഒയുടെ ഊർജിത ശ്രമങ്ങളെ ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. രാജ്യത്തിന്റെ ബഹിരാകാശ അഭിലാഷങ്ങൾക്ക് ഊർജം നൽകുന്നതിൽ പൊതു-സ്വകാര്യ സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡോ. എസ്. സോമനാഥ് വരാനിരിക്കുന്ന ദൗത്യങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒയുടെ ആഗോള സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള  തന്ത്രപരമായ ഒരു കർമപദ്ധതി അവതരിപ്പിച്ചു.
 
ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ മറ്റൊരു അധ്യായം രചിക്കാൻ തയ്യാറെടുക്കുമ്പോൾ, ഈ ദൗത്യങ്ങളുടെ വിജയം സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, ബഹിരാകാശ മേഖലയിലെ മുൻനിര രാജ്യം എന്ന നിലയിൽ രാജ്യത്തിന്റെ പ്രശസ്തി വർധിപ്പിക്കുകയും ചെയ്യും. ഈ ദൗത്യങ്ങൾ, ഐ.എസ്.ആർ.ഒയ്ക്കും ഇന്ത്യൻ ശാസ്ത്ര രംഗത്തിനും 2025 ഒരു നാഴികക്കല്ലായ വർഷമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
 
************

(Release ID: 2091859) Visitor Counter : 10