ആയുഷ്
മഹാ കുംഭമേളയുടെ അനുഭവം സമ്പുഷ്ടമാക്കാന്‍ ആയുഷ് സജ്ജീകരണങ്ങള്‍: കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്രചുമതല) ശ്രീ പ്രതാപ്‌റാവു യാദവ്
മഹാ കുംഭമേള 2025ലെ ആയുഷ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി അവലോകനം ചെയ്യുകയും ആയുഷ് സൗകര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു
Posted On:
08 JAN 2025 5:56PM by PIB Thiruvananthpuram
2025 ജനുവിരി 13 മുതല്‍ അരങ്ങേറാനിരിക്കുന്ന ചരിത്ര പ്രസിദ്ധമായ മഹാ കുംഭമേള - 2025 ന്റെ ഒരുക്കങ്ങളെക്കുറിച്ച് കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്രചുമതല) ശ്രീ പ്രതാപ്‌റാവു യാദവ്, വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സമഗ്ര അവലോകനം നടത്തി. നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും ഈ മഹാ സംഭവത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ അനുഭവം സമ്പുഷ്ടമാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.
' മഹാ കുംഭമേള ദശലക്ഷക്കണക്കിനു ഭക്തജനങ്ങളുടെ ഒത്തുചേരല്‍ മാത്രമല്ല; ആത്മീയത, സംസ്‌കാരം, ആരോഗ്യം എന്നിവയുടെ വിശുദ്ധ സംഗമം കൂടിയാണ്. ഈ ചരിത്ര സംഭവത്തോട് അടുത്തു വരുമ്പോള്‍, അതിന്റെ ആഗോള പ്രാധാന്യത്തെക്കുറിച്ചു നാം ബോധവാന്മാരാകുന്നു. ആരോഗ്യ രംഗത്ത് പരമ്പരാഗത ആയുഷ് സംവിധാനങ്ങളുടെ കരുത്ത് പ്രകടമാക്കാനുള്ള അവസരമാണ് ഈ പരിപാടി, ഭക്തരുടെ അനുഭവം സമ്പുഷ്ടമാക്കുന്നതിനായി ഈ രീതികള്‍ ദൈനംദിന ജീവിതത്തില്‍ സമന്വയിപ്പിക്കാന്‍ കഴിയുന്നത് നമ്മുടെ ഭാഗ്യമാണ് ', ഒരുക്കങ്ങള്‍ അവലോകനം ചെയ്തുകൊണ്ടു മന്ത്രി പറഞ്ഞു.
''ചരിത്രപരമായ ഈ സംഗമത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് മഹാ കുഭമേള 2025 സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ആയുഷ് മന്ത്രാലയം വളരെയധികം പരിശ്രമിക്കുന്നുണ്ട്. തത്സമയ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കൊപ്പം എല്ലാവര്‍ക്കും മഹാ കുഭമേളയുടെ അനുഭവം അവിസ്മരണീയമാക്കുന്നതിന് വിശദമായ തയ്യാറെടുപ്പുകള്‍ നടത്തിയതിന് ആയുഷ് സംഘത്തെ ഞാന്‍ അഭിനന്ദിക്കുന്നു' പ്രധാന ആയുഷ് ക്രമീകരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് മന്ത്രി പരാമര്‍ശിച്ചു.
' എല്ലാ സന്ദര്‍ശകര്‍ക്കുമായി കുംഭമേളയില്‍ മുഴുവന്‍ സമയ (24/7) സേവനം നല്‍കുന്ന ആയുഷ് മള്‍ട്ടി ഒപിഡി ക്ലിനിക്കുകള്‍, സഞ്ചരിക്കുന്ന ആരോഗ്യ സംരക്ഷണ യൂണിറ്റുകള്‍, ആയുഷ് മരുന്നുകളുടെ സൗജന്യ വിതരണം, യോഗ തുടങ്ങിയ സേവനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്കായി, ഈ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ജനപ്രിയ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കിടുന്നു.' മഹാ കുംഭമേള 2025ല്‍ ഭക്തര്‍ക്ക് ഒരുക്കിയിരിക്കുന്ന സേവനങ്ങളെക്കുറിച്ചു വിശദീകരികരിക്കവേ, ആയുഷ് മന്ത്രാലയത്തിന്റെ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പ്രസ്താവിച്ചു.
ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യവും സ്വാസ്ഥ്യവും അനുഭവിക്കുന്നതിന് ആയുഷ് സംവിധാനങ്ങള്‍ തടസങ്ങളില്ലാതൈ സംയോജിപ്പിച്ചിരിക്കുന്നു. 2025ലെ മഹാ കുംഭമേളയ്ക്കായി താഴെപ്പറയുന്ന പ്രധാന ആയുഷ് സംരംഭങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തിൽ അറിയിച്ചു:
1. മുഴുവന്‍ സമയ ആയുഷ് മള്‍ട്ടി-ഒപിഡി ക്ലിനിക്കുകള്‍: വിവിധ ആയുഷ് സംവിധാനങ്ങളുടെ പ്രകൃതിദത്തവും സമഗ്രവുമായ സമ്പ്രദായങ്ങളില്‍ വേരൂന്നിയ കണ്‍സള്‍ട്ടേഷനുകളും ചികിത്സകളും വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത ആരോഗ്യ സേവനങ്ങള്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും 24 മണിക്കൂറും പ്രാപ്യമായിരിക്കും.
2. പ്രത്യേക യോഗ ക്യാമ്പുകള്‍: മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെയും (MDNIY) സംസ്ഥാന സർക്കാരിലെയും വിദഗ്ധരുടെ നേതൃത്വത്തില്‍ ഈ ക്യാമ്പുകള്‍ മാനോനില, മനഃസാന്നിധ്യം, ശാരീരിക ക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കുംഭ മേളയുടെ ആത്മീയ അന്തരീക്ഷത്തോടൊപ്പം, ഈ സെഷനുകള്‍ ആരോഗ്യത്തിന്റെയും ആത്മീയതയുടെയും സമ്പൂര്‍ണ്ണ സമന്വയം പ്രദാനം ചെയ്യും.
3. ഔഷധ സസ്യ പ്രദര്‍ശനങ്ങള്‍: ഇന്ത്യയിലെ സമ്പന്നമായ ഔഷധ സസ്യങ്ങളുടെ ചികിത്സാ ഗുണങ്ങള്‍ ആഴത്തില്‍ പകര്‍ന്നു നല്‍കുന്ന പ്രദര്‍ശനം സംഘടിപ്പിക്കും. സന്ദര്‍ശകര്‍ക്ക് പ്രകൃതിയുടെ രോഗശാന്തി ശക്തിയും ആധുനിക ആരോഗ്യപരിപാലന രീതികളില്‍ അതിന്റെ പ്രസക്തിയും മനസിലാക്കാന്‍ അവസരം ലഭിക്കും.
4. മൊബൈല്‍ ആയുഷ് ക്ലിനിക്കുകള്‍: സംസ്ഥാന ആയുഷ് സൊസൈറ്റി കുംഭ മേള മൈതാനത്തുടനീളം സജ്ജീകരിച്ച മൊബൈല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റുകള്‍ സമയബന്ധിതമായി ആരോഗ്യ സഹായം വാഗ്ദാനം ചെയ്യുകയും പരിപാടിയിലുടനീളം തീര്‍ത്ഥാടകര്‍ക്ക് ആയുഷ് അധിഷ്ഠിത പരിചരണം ഉടനടി ലഭ്യമാക്കുകയും ചെയ്യും.
*****
(Release ID: 2091461)
Visitor Counter : 10