ഉപരാഷ്ട്രപതിയുടെ കാര്യാലയം
വിഐപി സംസ്‌കാരം ഒരു അപഭ്രംശം ആണെന്നും അതിനു സമൂഹത്തില്‍ സ്ഥാനമില്ലെന്നും മതസ്ഥാപനങ്ങളില്‍ ഒട്ടും പാടില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു
Posted On:
07 JAN 2025 5:38PM by PIB Thiruvananthpuram
' വിഐപി സംസ്‌കാരം ഒരു അപഭ്രംശമാണ്, സമത്വത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ അതൊരു കടന്നുകയറ്റമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. അതിനു സമൂഹത്തില്‍ ഒരു സ്ഥാനവും ഉണ്ടാകാന്‍ പാടില്ല, മതപരമായ സ്ഥലങ്ങളില്‍ ഒട്ടും പാടില്ല. വിഐപി ദര്‍ശനം എന്ന ആശയം തന്നെ ദൈവികതയ്‌ക്കെതിരാണ്. അത് ഒഴിവാക്കണം, ' അദ്ദേഹം അഭിപ്രായപ്പെട്ടു. ' സര്‍വ്വശക്തനായ ദൈവത്തിനു മുമ്പില്‍ ആരും വലിയവനല്ല, അതുകൊണ്ട് മതസ്ഥാപനങ്ങള്‍ സമത്വത്തിന്റെ പ്രതീകങ്ങളാകണം. മതസ്ഥാപനങ്ങളില്‍ സമത്വം എന്ന ആശയം പുനഃസ്ഥാപിക്കണം. എക്കാലത്തും ശ്രേഷ്ഠ വ്യക്തികളാല്‍ നയിക്കപ്പെടുന്ന ഈ ധര്‍മ്മസ്ഥല സമത്വത്തിന്റെ ഉദാഹരണമായി വര്‍ത്തിക്കുമെന്നും വിഐപി സംസ്‌കാരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം', മതസ്ഥാപനങ്ങളില്‍ സമത്വത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണ്ണാടകയിലെ ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥലയില്‍ ക്യൂ കോംപ്ലെക്‌സും ജ്ഞാനദീപവും ഉദ്ഘാടനം ചെയ്തശേഷം സന്നിഹിതരായിരുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട്, വിദ്വേഷത്തിനതീതമായി പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്ട്രപതി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ' വെറുപ്പിനും വിദ്വേഷത്തിനുമുള്ളതല്ല രാഷ്ട്രീയം, രാഷ്ട്രീയക്കാര്‍ക്ക് വ്യത്യസ്ത ആശയങ്ങള്‍ ഉണ്ടായിരിക്കാം. ഉണ്ടായിരിക്കുകയും വേണം. നാനാത്വം ഏകത്വത്തിലേക്കു സംയോജിക്കുന്നതിനാല്‍ ഇന്ത്യ നാനാത്വത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, എന്തിനാണ് രാഷ്ട്രീയ വിദ്വേഷം? രാഷ്ട്രീയത്തിന്റെ ലക്ഷ്യം അധികാരം മാത്രമായിരിക്കരുത്. അധികാരം പ്രധാനമാണ്. അതു സമൂഹത്തെയും രാജ്യത്തെയും സേവിക്കുന്നതിനായിരിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേക്കുറിച്ച് വിശദീകരിച്ചു കൊണ്ട്, ' ആഴമേറിയ രാഷ്ട്രീയ ഭിന്നതകളെക്കുറിച്ച് ആലോചനയോ ആത്മപരിശോധനയോ നടത്തേണ്ട അത്യാവശ്യ സാഹചര്യം രാജ്യത്ത് ഇന്ന് നിലവിലുണ്ട്. കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ വെല്ലുവിളിയാണ് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയും. യോജിപ്പിനായി നാം പ്രവര്‍ത്തിക്കണം. നമ്മുടെ ദീര്‍ഘകാല നേട്ടങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. യുക്തിസഹമായ ചിന്തകളാല്‍ രാജ്യത്തെ രാഷ്ട്രീയ ഊഷ്മാവ് നിയന്ത്രിക്കപ്പെടണം. രാജ്യത്തിന്റെ നന്മ എന്ന ഒറ്റ പരിഗണനയില്‍ വേണം നാം നിലപാടുകള്‍ എടുക്കുകയും ഉറപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യേണ്ടത്. എല്ലാ സാഹചര്യങ്ങളിലും രാഷ്ട്രത്തിനായിരിക്കണം പ്രഥമ പരിഗണന. മാനവരാശിയുടെ ആറിലൊന്ന് അധിവസിക്കുന്ന ഈ രാജ്യം ഭൂഗോളത്തിന്റെ സിരാകേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും ആത്മീയ കേന്ദ്രവുമാണ്' എന്ന് ശ്രീ ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ ചര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിച്ചു കൊണ്ട് ' ചര്‍ച്ചകളും അഭിപ്രായങ്ങളുമാണ് ജനാധിപത്യത്തെ നിര്‍വ്വചിക്കുന്നത്. അഭിപ്രായപ്രകടനത്തിനുള്ള നമ്മുടെ അവകാശം വെട്ടിക്കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്താല്‍ , ഒരു വ്യക്തിക്ക് ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു വരാൻ സാധിക്കില്ല. എന്നാല്‍ നമ്മുടെ അഭിപ്രായത്തില്‍ മാത്രം നാം ഉറച്ചു നില്‍ക്കുകയും കൂടിയാലോചനകളില്‍ വിശ്വസിക്കാതിരിക്കുകയും നമ്മള്‍ മാത്രമാണു ശരിയെന്നു വിശ്വസിക്കുകയും ചെയ്താല്‍, നമ്മള്‍ മനുഷ്യരാശിയോട്, മറ്റേ വ്യക്തിയോട് അനീതിയാണു കാണിക്കുന്നത്. ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും കൈകോര്‍ക്കണം. മറ്റൊരു കാഴ്ചപ്പാടിന്റെ പ്രാധാന്യം മനസിലാക്കുന്നത് ചര്‍ച്ചകളിലൂടെയാണ്.' എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
' സ്വതന്ത്ര ഇന്ത്യയുടെ നൂറ്റാണ്ടിലേക്ക് ഉള്ള പ്രയാണത്തിന്റെ അവസാന പാദത്തിൽ എത്തിനിൽക്കുകയാണ് നാം. 2047 ല്‍ വികസിത രാജ്യമാകാനാണു നാം ലക്ഷ്യമിട്ടിരിക്കുന്നത്. ഇനി അതു വെറുമൊരു സ്വപ്‌നമല്ല. നമ്മുടെ ലക്ഷ്യമാണ്. നമുക്കു നേടിയെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ നാമെല്ലാവരും നമ്മുടെ രാഷ്ട്രത്തില്‍ വിശ്വസിക്കുകയും രാഷ്ട്രത്തെ സേവിക്കുകയും ദേശത്തിന്റെ ക്ഷേമകാര്യങ്ങളുടെ വികസനത്തില്‍ പക്ഷപാതപരമായ സീപനങ്ങള്‍ക്ക് അതീതമായി ഉയരുകയും വേണം. ഞാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു, അവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ശക്തിയുണ്ട്. ഞാന്‍ യുവാക്കളെ ആഹ്വാനം ചെയ്യുന്നു, നിങ്ങളുടെ പ്രതിനിധികളില്‍ സമ്മര്‍ദ്ദം ചെലുത്തുക. നിങ്ങളുടെ പ്രതിനിധികളെ വിലയിരുത്തുക, കാരണം ജനാധിപത്യത്തിന്റെ കാവൽക്കാരായി നിങ്ങൾ അതിന്റെ വിജയത്തിന് കാരണമാകും. നിങ്ങള്‍ അത് ചെയ്തുകഴിഞ്ഞാല്‍, ജനപ്രതിനിധികള്‍ രാജ്യസേവനത്തില്‍ തിളങ്ങുകയും വിളങ്ങുകയും ചെയ്യും' ജനങ്ങളെയും ജനപ്രതിനിധികളെയും ഒരുപോലെ ആഹ്വാനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ഉദ്‌ബോധിപ്പിച്ചു.
രാഷ്ട്ര പരിവര്‍ത്തനത്തില്‍ പഞ്ച പ്രാണിന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്. ' എല്ലാ വ്യക്തികളും, എല്ലാ പൗരന്മാരും 'പഞ്ച പ്രാണ്‍' എന്നു ഞാന്‍ വിളിക്കുന്ന അഞ്ചു സ്തംഭങ്ങളില്‍ പ്രതിജ്ഞാബദ്ധരായാല്‍ രാഷ്ട്ര പരിവര്‍ത്തനത്തിന് അടിത്തറയിടുന്നതിന് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കഴിയും. ഒന്നാമത്, നാം മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കണം. നനാത്വത്തിന് അപ്പുറം നാനാത്വത്തെ ദേശീയ ഐക്യമാക്കി മാറ്റുന്ന സാമൂഹിക ഐക്യത്തില്‍ നാം വിശ്വസിക്കണം. കുട്ടികളില്‍ ദേശഭക്തിയുടെ മൂല്യങ്ങള്‍ പരിപോഷിപ്പിച്ച് കുടുംബ ജീവിതത്തിലും കുടുംബ ഭദ്രതയിലും നാം വിശ്വസിക്കണം. നമ്മുടെ പരിസ്ഥിതി, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, പാരിസ്ഥിതിക മൂല്യങ്ങള്‍ എന്നിവ നാം ശ്രദ്ധിക്കണം. നമ്മുടെ ആരാധനകള്‍ നോക്കൂ, അവ പരിസ്ഥിതി സൗഹൃദമാണ്. ഒരുമിച്ചു ജീവിക്കാന്‍ നമുക്ക് മറ്റൊരു ഭൂമി ഇല്ലെന്ന് ഉറപ്പാണ്. ഈ അസ്തിത്വപരമായ വെല്ലുവിളി നമ്മെ തോൽപ്പിക്കാൻ അനുവദിക്കരുത്. നാം പരിസ്ഥിതി സൗഹൃദരായിരിക്കണം. സ്വദേശി പ്രസ്ഥാനത്തില്‍ വിശ്വസിക്കാന്‍ രാജ്യത്തെ എല്ലാവരെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. 'വോക്കൽ ഫോർ ലോക്കൽ' എന്ന ആശയം ഉയർത്തിപ്പിടിക്കുക. അത് തൊഴിലവസരങ്ങളെ പ്രോത്സാഹിപ്പിക്കും. അത് വിലപ്പെട്ട വിദേശനാണ്യം ലാഭിക്കാന്‍ സഹായിക്കും. നിങ്ങളും അതില്‍ വിശ്വസിക്കും. അവസാനമായി, നമ്മുടെ ഭരണഘടന നമുക്ക് മൗലികാവകാശങ്ങള്‍ നല്‍കുന്നു. എന്നാല്‍ നമ്മള്‍ മൗലികമായ കടമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ കടമകള്‍ പവിത്രമാണ്. അത് അധികമൊന്നും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ അടിസ്ഥാന കടമകളിലൂടെ കടന്നുപോകുകയാണെങ്കില്‍, അവ പിന്തുടരാന്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും, അതു പിന്തുടന്‍ ഉത്തേജിപ്പിക്കപ്പെടും,' അദ്ദേഹം വ്യക്തമാക്കി.
കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയിലൂടെ (CSR) മതസ്ഥാപനങ്ങളെ സജീവമായി പിന്തുണയ്ക്കാന്‍ ഉപരാഷ്ട്രപതി കോര്‍പറേറ്റ് സ്ഥാപനങ്ങളെ ഉദ്‌ബോധിപ്പിച്ചു.'അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, അത്തരം മതസ്ഥാപനങ്ങള്‍ക്കു ചുറ്റുമുള്ള അടിസ്ഥാന സൗകര്യം എന്നിവയ്ക്കായി ഉദാരമായി സംഭാവന ചെയ്യാന്‍, കോര്‍പറേറ്റുകളെ, ഇന്ത്യന്‍ കോര്‍പറേറ്റുകളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു, കാരണം ഈ മതസ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ക്കും അതീതമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ നാഡീകേന്ദ്രമാണ് അവ. ഈ രാജ്യത്തെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന സാംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇതു നമ്മുടെ യുവാക്കളെ, നമ്മുടെ കുട്ടികളെ സഹായിക്കും,' അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആതുരസേവനം, ഗ്രാമവികസനം എന്നിവയില്‍ ധര്‍മ്മസ്ഥലയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഉപസംഹരിച്ചു. 'ഭഗവാന്‍ ശ്രീ മഞ്ജുനാഥന്റെ ദിവ്യദൃഷ്ടിയില്‍, മതബോധത്തിന്റെയും ഉദാത്തതയുടെയും സൗഹാര്‍ദ്ദത്തിന്റെയും മനഃശാന്തിയുടെയും പ്രതിഫലനമുണ്ട്. സാനിധ്യ ക്യൂ കോംപ്ലക്സ് ഒരു ഭൗതിക ഘടനയ്ക്ക് അതീതമാണ്. ഇത് കേവലം ഒരു കെട്ടിടമല്ല. ഉള്‍കൊള്ളിക്കൽ , ആതിഥ്യ മര്യാദ, സേവനം എന്നിവയോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധതയുടെ നിദര്‍ശനമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
****
(Release ID: 2091092)
|