പഞ്ചായത്തീരാജ് മന്ത്രാലയം
സമഗ്ര വികസനത്തിനും സാങ്കേതിക പാരിസ്ഥിതിക സുസ്ഥിര വികസനത്തിനും ഊന്നൽ നൽകികൊണ്ട് പഞ്ചായത്തുകൾ സ്മാർട്ടായി
Posted On:
04 JAN 2025 4:47PM by PIB Thiruvananthpuram
-2024 പഞ്ചായത്തിരാജ് മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം പരിവർത്തനപരമായ ഒരു കാലഘട്ടമായിരുന്നു. മന്ത്രലായത്തിന്റെ പ്രവർത്തനത്തിലെ നാഴിക്കല്ലായിരുന്നു ഈ കാലയളവ്. താഴേത്തട്ടിലുള്ള ജനാധിപത്യം ശക്തിപ്പെടുത്തുകയെന്ന അചഞ്ചലമായ പ്രതിബന്ധതയോടൊപ്പം സൃഷ്ടിപരമായ നൂതനാശയങ്ങളേയും സാങ്കേതികവിദ്യാ ഉദ്ഗ്രഥനത്തേയും ഈ കാലഘട്ടം അടയാളപ്പെടുത്തി.
-സാങ്കേതിവിദ്യാ ഏകീകരണം, പാരിസ്ഥിതിക സുസ്ഥിരത, ഭാഷാപരമായ ഉൾച്ചേർക്കൽ, സാമൂഹിക പങ്കാളിത്തം എന്നിവ താഴേത്തട്ടിലുള്ള ഭരണത്തിന്റെ സമഗ്ര സമീപനത്തിന് ദൃഷ്ടാന്തങ്ങളായി.
-ഇവയിലൂടെ, 2047 ഓടെ വികസിതഭാരതം എന്ന ലക്ഷ്യത്തിന് അടിത്തറയിട്ടുകൊണ്ട് പഞ്ചായത്തുകളെ ഇന്ത്യയുടെ ഗ്രാമീണ പരിവർത്തനത്തിന്റെ അടിസ്ഥാനശിലകളാക്കി.
-ഇന്ത്യയുടെ ഗ്രാമീണ മേഖലയിലാകെ സമഗ്രമായ വികസനത്തിന് സംഭാവനകൾ നൽകാൻ കഴിയുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതും സുതാര്യവും ഉത്തരവാദിത്തപരവുമായ പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ രൂപീകരണത്തിന് അർത്ഥവത്തായ സഹായങ്ങൾ ലഭ്യമാക്കി.
-പഞ്ചായത്തിരാജ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അവ വഴിയുള്ള സേവനവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് 2024ൽ മന്ത്രാലയം പ്രത്യേക ഊന്നൽ നൽകി.
-3000മോ അതിലധികമോ ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകൾക്കും സ്വന്തമായ ഓഫീസ് ഉറപ്പാക്കാനായി 4,604 കേന്ദ്രങ്ങളിൽ ഗ്രാമപഞ്ചായത്തു ഭവനുകൾ നിർമ്മിക്കുന്നതിന് ഫണ്ടുകൾ അനുവദിച്ചു.
-ഇതിനം ഓഫീസ് കെട്ടിടങ്ങൾ സ്ഥാപിച്ചുകഴിഞ്ഞ പഞ്ചായത്തുകൾക്ക് തുടർന്നുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകികൊണ്ട് 31,003 കമ്പ്യൂട്ടറുകൾ അനുവദിച്ചു. ഡിജിറ്റൽ വിഭജനത്തിലെ പാലമായി വർത്തിച്ചുകൊണ്ട് താഴെത്തട്ടിലുള്ള ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന് ഈ മുൻകൈ സഹായകരമായി.
-കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ഏറ്റവും താഴെത്തട്ടുമുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചന സംവിധാനം നടപ്പാക്കി. 2024 ഒക്‌ടോബർ 24ന് തുടക്കം കുറിച്ച ഈ പരിപാടിയിലൂടെ രാജ്യത്തങ്ങോളമിങ്ങോളമുള്ള 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ആഴ്ചയിൽ അഞ്ചുദിവസം ഓരോ മണിക്കൂറിലും പ്രാദേശികമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നു.
-ഭാഷിണി മുൻകൈയ്ക്ക് കീഴിൽ നിമ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രത എന്ന ചരിത്രപരമായ നടപടിക്ക് തുടക്കം കുറിച്ചു. 2024 ഓഗസ്റ്റ് 14ന് ആരംഭിച്ച ഇതിലൂടെ ഉപയോക്താവിന് പട്ടികപ്പെടുത്തിയിട്ടുള്ള 22 ഇന്ത്യൻ ഭാഷകളിൽ എഐ ഉപയോഗിച്ച് തർജമ ചെയ്തുള്ള സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
-യോഗങ്ങളുടെയും മറ്റും വിവരങ്ങളുടെ ഉള്ളടക്കങ്ങൾ തടസമില്ലാതെ സ്വന്തം ഭാഷകളിൽ ബന്ധപ്പെട്ടവരിൽ എത്തിക്കുന്നതിനായി വോയിസ് ടു വോയിസ് തർജമ സംവിധാനവും നടപ്പാക്കി.
-ഭാഷാ ഉൾച്ചേർക്കലിന് ഊന്നൽ നൽകികൊണ്ട് ഹിന്ദി വെബ്‌സൈറ്റിനും സമാരംഭം കുറിച്ചു.
-തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികൾക്ക് അവരുടെ കടമകളും പങ്കും ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനായി ആദ്യമായി സമഗ്രമായ ഒരു പരിശീലന മൊഡ്യൂൾ വികസിപ്പിക്കുന്നതിനുള്ള മുൻകൈ ഏറ്റെടുത്തു.
-വനിതാപ്രധാൻമാരെ അവരുടെ കുടുംബങ്ങളിലെ മറ്റ് അംഗങ്ങളോ പുരുഷന്മാരോ പ്രതിനിധീകരിക്കുന്നുണ്ടോയെന്നത് കണ്ടെത്തുന്നതിന് സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച സുശീൽ കുമാർ സമിതിയുടെ ശുപാർശ ഈ വർഷം ആദ്യം പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ പ്രോക്‌സി പ്രതിനിധാനം ഇല്ലായ്മ ചെയ്യുന്നതിനുള്ള നയപരമായ ഇടപെടൽ ഉണ്ടാകും.
-സ്ത്രീകളുടെ അവകാശങ്ങളും അധികാരങ്ങളും ശാക്തീകരണവും ത്വരിതപ്പെടുത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ യു.എൻ.എഫ്.പി.എയുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാതൃകാ സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്തുകൾ സൃഷ്ടിക്കാൻ മുൻകൈയെടുത്തു.
-അവഗണിക്കപ്പെട്ടിരുന്ന പെസ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ നേതൃത്വത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി പെസ സറ്റേറ്റ്‌സ് ആന്റ് സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി സഹകരിച്ച്, പ്രധാന പെസ വിഷയങ്ങളിൽ ഏഴ് പരിശീലന മാനുവലുകൾ തയ്യാറാക്കി.
-നമ്മുടെ ഗോത്രവർഗ്ഗ സമൂഹങ്ങൾക്ക് പെസയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ബഹുമുഖ തന്ത്രങ്ങളുടെ നടപ്പിലാക്കൽ ശ്രമങ്ങൾ സ്ഥാപനവൽക്കരിക്കുന്നതിനായി കേന്ദ്ര സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു.
-പ്രൊവിഷൻ ഓഫ് ദി പഞ്ചായത്ത്‌സ് (എക്‌സ്റ്റൻഷൻ ടു ഷെഡ്യൂൾ ഏരീയാസ്) ആക്ട് 1996 (പെസ നിയമം)ന്റെ വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി.
-പെസയിൽ ഉൾപ്പെടുന്ന 11 സംസ്ഥാനങ്ങൾ പങ്കെടുത്തുകൊണ്ട് ആദ്യത്തെ പ്രാദേശികയോഗം 2024 ജനുവരി 11-12 തീയതികളിൽ മഹാരാഷ്ട്രയിലെ യാഷ്ദയിൽ നടന്നു. രണ്ടാമത്തെ യോഗം മാർച്ച് 4-5 തീയതികളിൽ ജാർഖണ്ഡിലും നടന്നു. സെപ്റ്റംബർ 26ന് ഡൽഹിയിൽ വച്ച് ദേശീയ പെസ സമ്മേളനവും നടത്തി. പെസ ദിവനത്തിന്റെ ഉദ്ഘാടന ആലോഷത്തോടൊപ്പം 2024ന്റെ അവസാനം ഡിസംബർ 24ന് റാഞ്ചിയിൽ പെസ നിയമം സംബന്ധിച്ച ദേശീയ ശിൽപ്പശാലയും സംഘടിപ്പിച്ചു.
-പഞ്ചായത്തുകളെ സാമ്പത്തികമായി ആത്മനിർഭർ ആക്കുന്നതിന് നിരവധി മുൻകൈകൾ സ്വീകരിച്ചു.
-പഞ്ചായത്തുകളെ ആത്മനിർഭർ ആക്കി മാറ്റുന്നതിന് അഹമ്മദാബാദ് ഐ.ഐ.എമ്മുമായി സഹകരിച്ചുകൊണ്ട് മന്ത്രാലയം തനത്‌വരുമാന സ്രോതസ് സംബന്ധിച്ച ഒരു പരിശീലന മൊഡ്യൂൾ വികസിപ്പിക്കുന്നു.
-പഞ്ചായത്തുകൾക്ക് മാതൃകാപരമായ മാതൃകകൾ സൃഷ്ടിക്കുന്നതിന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പബ്ലിക്ക് ഫൈനാൻസ് ആന്റ് പോളിസിയുടെ നേതൃത്വത്തിൽ സ്വന്തം ഉറവിട വരുമാനം സൃഷ്ടിക്കലിനുള്ള പ്രായോഗിക സാമ്പത്തിക മാതൃക തയാറാക്കൽ എന്ന വിഷയത്തിൽ മന്ത്രാലയം ഒരു പഠനം ആരംഭിച്ചു.
-പഞ്ചായത്തുകളുടെ തനത് നികുതി നികുതിയേതര വരുമാനങ്ങളുടെ കാര്യക്ഷമമായ കളക്ഷൻ, നിരീക്ഷണം വിലയിരുത്തൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സമർത്ഥ് എന്ന പേരിൽ ഒരു പോർട്ടൽ വികസിപ്പിച്ചു. നിലവിൽ പൈലറ്റ് ഘട്ടത്തിലുള്ള ഇത് ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ചില ഗ്രാമപഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്.
-പല സംസ്ഥാനങ്ങൾക്കും പഞ്ചായത്തിരാജ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചട്ടങ്ങളില്ലാത്തതിനാൽ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി തനത് വരുമാന വിഭവസമാഹരണത്തിനായി ഒരു മാതൃകാ ചട്ടം തയാറാക്കുന്നു.
-ഗ്രാമീണ ഭരണസംവിധാനത്തെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യയുടെ പ്രാദേശിക സാമ്പത്തിക ഭരണചട്ടക്കൂട്ടിനെ ഉടച്ചുവാർക്കുന്നതിനുമായി 'ഡെവലൂഷൻ ടു ഡെവലപ്പ്‌മെന്റ്' എന്ന ഒരുദിവസം നീണ്ടുനിന്ന ധനകാര്യ കമ്മിഷൻ കോൺക്ലേവ് നടത്തി.
-പൊതുമണ്ഡലത്തിലെ ഇടപെടലിനും ഗ്രാമീണ നൂതനാശയങ്ങളുടെ പ്രദർശനത്തിനുമായി വർഷം മുഴുവൻ പ്രധാനപ്പെട്ട പ്രദർശനപരിപാടികളിലെല്ലാം മന്ത്രാലയം സജീവമായി പങ്കെടുത്തു.
-സുസ്ഥിരവും ഉൾച്ചേർക്കുന്നതുമായ വികസനം എന്ന ആശയത്തിൽ സവിശേഷമായ സംഭാവനകൾ നൽകിയതിന് വിവിധ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 45 പേർക്ക് രാഷ്ട്രപതി ദേശീയ പഞ്ചായത്ത് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. 15 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധേയമായ 42 പഞ്ചായത്തുകളേയും 3 സ്ഥാപനങ്ങളേയും ദേശീയ പഞ്ചായത്ത് പുരസ്‌ക്കാരങ്ങൾക്ക് തെരഞ്ഞെടുത്തു.
-പുരസ്‌ക്കാരങ്ങൾ നേടിയ 41% പഞ്ചായത്തുകളിലേയും ഭരണനേതൃത്വം വനിതകൾക്കാണ്.
-31 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 1.94 ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഇതിൽ പങ്കെടുത്തത് പ്രാദേശികവൽക്കരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംയുക്ത പ്രതിബന്ധതയുടെ തെളിവായി.
-14 മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുടെ സഹകരണം സുസ്ഥിരവും സമഗ്രവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അടിവരയിടുന്നു.
-കുടുംബങ്ങൾക്ക് അവകാശ റെക്കാർഡുകൾ ലഭ്യമാക്കികൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ സഹായിക്കുക എന്ന പ്രതിജ്ഞയോടെ തുടക്കം കുറിച്ച സ്വാമിത്‌വാ പദ്ധതി 2025-26 വരെ നീട്ടി.
-3.17 ലക്ഷം ഗ്രാമങ്ങളിൽ ഇതിന്റെ അടിസ്ഥാനത്തിലുള്ള ഡ്രോൺ പറത്തൽ പൂർത്തിയായി.
-1.49 ലക്ഷം ഗ്രാമങ്ങൾക്കായി 2.19 കോടി ആസ്തികാർഡുകൾ തയാറാക്കി.
-കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി കാര്യശേഷി നിർമ്മാണ പരിശീലനം, ഇവയ്ക്കുവേണ്ടിയുള്ള സ്ഥാപന ശാക്തീകരണം, ഗ്രാമപഞ്ചായത്ത് ഭവനുകൾ, കമ്പ്യൂട്ടറുകൾ എന്നിവയ്ക്കായി 639.38 കോടി രൂപ അനുവദിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ട അടിസ്ഥാനസൗകര്യ സൃഷ്ടിക്ക് പദ്ധതിപ്രകാരം സഹായം ലഭിക്കുന്നു.
-പദ്ധതിക്ക് കീഴിൽ 25.67 ലക്ഷം പങ്കാളികൾക്ക് പരിശീലനം നൽകി.
-പദ്ധതിപ്രകാരമുള്ള പഞ്ചായത്തുകളുടെ നിർബന്ധിത പരിശീലനത്തിനായി വിവിധ ഐ.ഐ.എമ്മുകളുമായി ധാരണാപത്രം ഒപ്പുവച്ചു.
-പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ കാര്യശേഷിയും സൗകര്യങ്ങളും മികച്ചതാക്കുന്നതിന് പരിശീലന പരിപാടികൾ ഗുണനിലവാരമുള്ളതാക്കാനായി ഫാക്കൽറ്റി വികസന പരിപാടി ഏറ്റെടുത്തു. ഇതോടൊപ്പം വിവിധതരത്തിലുള്ള പരിശീലന പരിപാടികൾക്കും നേതൃത്വം നൽകി.
-വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിർഭയഫണ്ടിന് കീഴിൽ വനിതകളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി 752.26 കോടി രൂപയുടെ രണ്ടുപദ്ധതികൾക്ക് അംഗീകാരം നൽകി.
-അന്തർദ്ദേശീയതലത്തിലെ വിവിധ പരിപാടികളിൽ ഇന്ത്യയെ പഞ്ചായത്തിരാജ് മന്ത്രാലയം പ്രതിനിധീകരിച്ചു.
-പഞ്ചായത്തുകളിലെ സാമൂഹിക നീതി, സാമൂഹിക സുരക്ഷ പദ്ധതി, സംഘടിതപ്രവർത്തനം, നദീ വികസനവും ഗംഗാ പുനരജ്ജീവനവും എന്നിവയിലുൾപ്പെടെ വിവധി വിഷയങ്ങളിൽ ശിൽപ്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു.
-ഏറ്റവും താഴെത്തട്ടിലെ സേവനവിതരണം മികച്ചതാക്കുന്നതിന് ജീവിതം സുഗമമാക്കുന്നതിനുള്ള പഞ്ചായത്തുസമ്മേളനം എന്ന പേരിൽ രണ്ടു ശിൽപ്പശാലകളും സംഘടിപ്പിച്ചു.
-രാജ്യം റിപ്പബ്ലിക്കായതിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് 2024 ഒക്‌ടോബർ 2ന് 750 ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു. ഇതിൽ രാജ്യത്തിന്റെ യാത്രയിലെ വികസന നാഴികകല്ലുകളെക്കുറിച്ച് വിവരിക്കാൻ 75 വയസും അതിനു മുകളിലും പ്രായമുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കി.
-ഗോത്രവർഗ്ഗ നേതാവായ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗോത്രജനവിഭാഗങ്ങൾ കുടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ/ ഗ്രാമങ്ങളിൽ നവംബർ 15 മുതൽ 26 വരെ പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു.
-പഞ്ചായത്തുകളെ സ്വയംപര്യാപ്തമാക്കുന്നതിന് വേണ്ട തനത് ഫണ്ടുകൾ സൃഷ്ടിക്കുന്നതിന് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനും വനിതാപ്രതിനിധികൾക്ക് അവരുടെ പ്രവർത്തനമേഖലയിലെ പ്രതിസന്ധികൾ മുന്നിൽ കണ്ടുള്ള പരിശീലനത്തിനുമായി പ്രത്യേക പരിശീലന പദ്ധതികൾക്ക് വേണ്ടി രാജ്യത്തെ പ്രമുഖസ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനം നടത്തുന്നു.
-പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ധനവിഭജനം വഴി കൂടുതൽ ഫണ്ടുകൾ നൽകുന്നതിലൂടെ അവയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് സഹായകമാകുന്ന ലളിതവൽക്കരിച്ച ആപ്ലിക്കേഷനായ ഇ-ഗ്രാമസ്വരാജ് ഇപ്പോൾ 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്.
-ക്രമീകരിച്ച വിലയിലും തടസമില്ലാത്ത പണമിടപാടുകളിലൂടെയും പഞ്ചായത്തുകൾക്ക് സാമഗ്രികളും സേവനങ്ങളും സമാഹരിക്കുന്നതിന് ഇ-ഗ്രാമസ്വരാജ്-ജെം ഇന്റർഫെയ്‌സ് സഹായിക്കുന്നു.
-നിർണ്ണായകമായ സ്ഥാപന പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പൊതുമണ്ഡലങ്ങളിൽ ലഭ്യമാക്കണമെന്നത് യോഗ്യതയ്ക്കുള്ള മാനദണ്ഡമാക്കി. ഓഡിറ്റ് ഓൺലൈൻ ആപ്ലിക്കേഷൻ കേന്ദ്ര ധനകാര്യകമ്മിഷൻ ഗ്രാന്റുകൾ സംബന്ധിച്ച ഓഡിറ്റിന് സൗകര്യമൊരുക്കുന്നു.
***
SK
(Release ID: 2090537)
Visitor Counter : 14