വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ദശലക്ഷക്കണക്കിന് ഭക്തർക്കും സന്ദർശകർക്കും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിന്, ടെലികോം സേവന ദാതാക്കളുമായി ഏകോപിപ്പിച്ച്, പ്രയാഗ്‌രാജിലെ ഡിജിറ്റൽ മഹാ കുംഭമേള 2025 ന് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DoT)
Posted On:
02 JAN 2025 5:15PM by PIB Thiruvananthpuram
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാ കുംഭമേള -2025 ആസന്നമായിരിക്കെ, ദശലക്ഷക്കണക്കിനു ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും തടസമില്ലാതെ ആശയവിനിമയം ഉറപ്പാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT) വന്‍തോതിലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. നഗരത്തിലും, മേള നടക്കുന്ന സ്ഥലത്തും പ്രയാഗ്‌രാജിലെ പൊതു ഇടങ്ങളിലും ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനത്തിനെത്തുമെന്നു പ്രതീക്ഷിക്കുന്ന ജനപ്രവാഹത്തെ സഹായിക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ വിന്യസിക്കാനും നെറ്റ്‌വര്‍ക്കുകള്‍ മെച്ചപ്പെടുത്താനും ടെലികോം സേവനദാതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രയാഗ്‌രാജ് നഗര മേഖല
നഗര പ്രദേശത്ത് കവറേജ് ശക്തിപ്പെടുത്തുന്നതിനും എല്ലാ സന്ദര്‍ശകര്‍ക്കും സുഗമമായ അനുഭവം ഉറപ്പുവരുത്തുന്നതിനും ടെലികോം അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ചു. പ്രയാഗ്‌രാജ് നഗരത്തിലുടനീളം 126 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു. കൂടാതെ, 328 പുതിയ ടവറുകള്‍/ പോസ്റ്റുകള്‍ സ്ഥാപിച്ചത് നഗര പ്രദേശത്തെ കവറേജ് നിലവിലെ 1,462 ബിടിഎസ് യൂണിറ്റുകളുടെ നവീകരണത്തിന് പുറമേ, മേളയ്ക്കിടെ നഗരത്തില്‍ ശക്തവും തടസമില്ലാത്തതുമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് എല്ലാ മൊബൈല്‍ സാങ്കേതികവിദ്യകളിലുമായി മൊത്തം 575 പുതിയ ബേസ് ട്രാന്‍സ്സിവര്‍ സ്റ്റേഷനുകള്‍ (ബിടിഎസ്) വിന്യസിച്ചിട്ടുണ്ട്.
മേള പ്രദേശം
ഭക്തജനങ്ങളുടെ അനിതരസാധാരണമായ സംഗമത്തിനു സാക്ഷ്യം വഹിക്കുമെന്നു കരുതുന്ന മേള പ്രദേശത്ത്, അതിവേഗ നെറ്റ്‌വര്‍ക്ക് കവറേജ് ഉറപ്പാക്കുന്നതിന് 192 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (OFC) സ്ഥാപിച്ചു. വന്‍തോതിലുള്ള ആവശ്യം നിറവേറ്റുന്നതിനും തിരക്കേറിയ മേഖലകളില്‍ സുഗമമായ ആശയവിനിമയം ഉറപ്പാക്കുന്നതിനും 78 CosWs (മാറ്റിസ്ഥാപിക്കാവുന്ന ടവറുകള്‍), 150 ഔട്ട്‌ഡോര്‍ സ്‌മോള്‍ സെല്‍ സൊല്യൂഷനുകള്‍ എന്നിവ വിന്യസിക്കും. 352 പുതിയ ബിടിഎസ് യൂണിറ്റുകളുടെ വിന്യാസവും നിലവിലുള്ള 50 ബിടിഎസ് യൂണിറ്റുകളുടെ നവീകരണവും ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും കാര്യക്ഷമമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതോടൊപ്പം മേള മേഖലയിലെ ടെലികോം സേവനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
പൊതു ഇടങ്ങളിലും ഹൈവേകളിലും ടെലികോം നെറ്റ്വര്‍ക്കുകള്‍ ശാക്തീകരിക്കുന്നു
പ്രധാന ഗതാഗത കേന്ദ്രങ്ങളായ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ഇടത്താവളങ്ങള്‍, പാര്‍ക്കിംഗ് ഇടങ്ങള്‍, പ്രയാഗ്രാജിലേക്കും പുറത്തേക്കുമുള്ള ഹൈവേകള്‍ എന്നിവയുള്‍പ്പെടെ പ്രധാന പൊതു ഇടങ്ങളിലും ടെലികോം സേവനങ്ങള്‍ ശാക്തീകരിക്കുന്നു. ഉയര്‍ന്ന ട്രാഫിക് സോണുകളില്‍ സ്ഥിരമായ നെറ്റ്വര്‍ക്ക് സേവനം ഉറപ്പാക്കിക്കൊണ്ട് ആശയവിനിമയത്തിന്റെ സുഗമമായ ഒഴുക്കിനുള്ള നിര്‍ണായക പാതയായ ഗ്രീന്‍ കോറിഡോറില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
പൗര കേന്ദ്രീകൃത ടെലികോം സേവനങ്ങള്‍
പൊതു സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതിനായി, ടെലികോം ദാതാക്കള്‍ മേള പ്രദേശത്തുടനീളം 53 സഹായകേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈലുകള്‍ ബ്ലോക്ക് ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. എല്ലാ ടെലികോം ടവറുകളും അനുവദനീയമായ റേഡിയേഷന്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വൈദ്യുത-കാന്തിക വികിരണ പരിശോധന നടത്തി, പൊതുജനാരോഗ്യം സംരക്ഷിക്കുന്നു. കൂടാതെ, മേള കാലയളവില്‍ ഉടനീളം അടിയന്തിര മുന്നറിയിപ്പുകള്‍, ദുരന്ത മുന്നറിയിപ്പുകള്‍, പൊതു ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതിന് ഒരു സെല്‍ ബ്രോഡ്കാസ്റ്റ് അലേര്‍ട്ട് സൗകര്യവും ഒരു കോമണ്‍ അലേര്‍ട്ടിംഗ് പ്രോട്ടോക്കോള്‍ (CAP) സംയോജിത പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്.
ദുരന്ത നിവാരണവും തയ്യാറെടുപ്പും
അടിയന്തിര ആശയവിനിമയങ്ങളെ പിന്തുണയ്ക്കുന്നതിനും ഏതു പ്രതിസന്ധിഘട്ടത്തിലും ഉടനടി പ്രതികരണം ഉറപ്പാക്കുന്നതിനും നാലു സേവനദാതാക്കള്‍, അതായത് Airtel, BSNL, Jio and Vi എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന മൂന്നു ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ മേള പ്രദേശത്തു സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതിദത്തമോ മാനുഷിക കാരണങ്ങളാലോ ദുരന്തങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍, പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, ആശയവിനമിയം നടത്തുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഈ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു.
ടെലികോം അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകള്‍ മേളയ്ക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിന് മാത്രമല്ല, മൊബൈല്‍ അധിഷ്ഠിത പേയ്മെന്റുകള്‍ മുതല്‍ മതപരമായ ആചാരങ്ങളുടെ തത്സമയ സ്ട്രീമിംഗ് വരെ ഭക്തര്‍ക്ക് ഡിജിറ്റല്‍ അനുഭവം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. കുംഭമേള ഒരു പ്രധാന ആഗോള പരിപാടിയായതിനാല്‍, ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ബന്ധപ്പെട്ട ആളുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കാന്‍ DoTis പ്രതിജ്ഞാബദ്ധമാണ്.
2025ലെ മഹാ കുംഭമേളയെക്കുറിച്ച്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ പ്രയാഗ്രാജിലേക്ക് ആകര്‍ഷിക്കുന്ന ഒരു പ്രധാന തീര്‍ത്ഥാടനമാണ് മഹാകുംഭമേള. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ചടങ്ങ് ആത്മീയ നവീകരണത്തിനും സാംസ്‌കാരിക വിനിമയത്തിനും ഒരു പ്രധാന അവസരമാണ്. 2025 ലെ മേള ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളില്‍ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിന്റെ വിജയത്തെ പിന്തുണയ്ക്കുന്നതിന് അഭൂതപൂര്‍വമായ ഏകോപനവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്.
SKY
(Release ID: 2089749)
Visitor Counter : 18