ശാസ്ത്ര സാങ്കേതിക മന്ത്രാലയം
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) വര്‍ഷാവസാന അവലോകനം 2024
സിഎസ്‌ഐആറിന്റെ 83-ാമത് സ്ഥാപക ദിനാഘോഷങ്ങള്‍ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
കര്‍ത്തവ്യ പഥത്തിലെ സിഎസ്‌ഐആര്‍ ടാബ്ലോയില്‍ ലാവെന്‍ഡര്‍ കൃഷിയിലൂടെ ഇന്ത്യ സാധ്യമാക്കിയ ധൂമ്ര വിപ്ലവം പ്രദര്‍ശിപ്പിച്ചു
ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച ഇന്ധന സെല്‍ ചങ്ങാടം അനാച്ഛാദനം ചെയ്തു
ഹൈ-ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റിന്റെ വിജയകരമായ ഫ്‌ളൈറ്റ് ടെസ്റ്റുകള്‍
സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള നോണ്‍-ഇന്‍വേസീവ് ബ്ലഡ് ടെസ്റ്റ് വികസിപ്പിച്ചു
സുസ്ഥിര പാക്കേജിംഗ് സൊല്യൂഷനുകളെക്കുറിച്ചുള്ള സിഎസ്‌ഐആറിന്റ ദേശീയ ദൗത്യത്തിന്റെ സമാരംഭം
മക്ഡൊണാള്‍ഡ്സ് ഇന്ത്യയുമായി സഹകരിച്ച് ഒന്നിലേറെ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ബണ്ണുകള്‍ പുറത്തിറക്കി
അരിവാള്‍ രോഗം കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റിന്റെ വികസനം
ഗ്രീന്‍ ഏവിയേഷനായി സിഎസ്‌ഐആര്‍-ഐഐപിയും എയര്‍ബസും തമ്മില്‍ കരാര്‍
സിഎസ്‌ഐആര്‍, ഐഐടി ഗുവാഹത്തിയില്‍ ഐഐഎസ്എഫ് 2024 സംഘടിപ്പിച്ചു
മൂന്ന് സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരം 2024 ലഭിച്ചു
Posted On:
27 DEC 2024 11:13AM by PIB Thiruvananthpuram
ഈ വര്‍ഷത്തിലെ സുപ്രധാനമായ ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍
സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐയുടെ റെജുപേവ് സാങ്കേതികവിദ്യ അരുണാചല്‍ പ്രദേശിലും ലഡാക്കിലും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള റോഡ് നിര്‍മ്മാണത്തിനായി വിന്യസിച്ചു
താഴ്ന്നതും പൂജ്യത്തിന് താഴെയുള്ളതുമായ താപനിലയില്‍ ഉയര്‍ന്ന ഉയരത്തിലുള്ള ബിറ്റുമിനസ് റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി സിഎസ്‌ഐആര്‍ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ) വികസിപ്പിച്ച തദ്ദേശീയ റോഡ് നിര്‍മ്മാണ സാങ്കേതികവിദ്യ 'റെജുപേവ്' ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉയര്‍ന്ന പ്രദേശങ്ങളില്‍ വിജയകരമായി ഉപയോഗിച്ചു. അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയില്‍ ഉയരത്തിലുള്ള ബിറ്റുമിനസ് റോഡുകളുടെ നിര്‍മ്മാണത്തിനാണ് ഇത് ഉപയോഗപ്പെടുത്തിയത്. ലഡാക്കിലെ ദ്രാസ്സിലെ ദ്രാസ്-ഉംബാല-സങ്കൂ റോഡില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ബിറ്റുമിനസ് റോഡുകള്‍ നിര്‍മ്മിക്കാനുള്ള ബിആര്‍ഒയുടെ കാര്‍ഗിലിലെ വിജയക് എന്ന പദ്ധതിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു.
എന്‍എച്ച്-66 മുംബൈ-ഗോവ ദേശീയ പാതയിലെ ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ ഹൈവേ സ്റ്റീല്‍ സ്ലാഗ് റോഡ് ഭാഗം ഉദ്ഘാടനം ചെയ്തു
2024 ജനുവരി 15-ന് എന്‍എച്ച് 66 മുംബൈ-ഗോവ ദേശീയ പാതയില്‍ ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ ഹൈവേ സ്റ്റീല്‍ സ്ലാഗ് റോഡ് ഭാഗം നിതി ആയോഗ് അംഗം (എസ് ആന്‍ഡ് ടി) വി കെ സാരസ്വത് ഉദ്ഘാടനം ചെയ്തു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ സാങ്കേതിക മാര്‍ഗനിര്‍ദേശത്തോടെ മുംബൈ-ഗോവ എന്‍എച്ച് 66ന്റെ ഇന്ദാപൂര്‍-പന്‍വേല്‍ ഭാഗത്ത് ഒരു കിലോമീറ്റര്‍ നാലുവരി സ്റ്റീല്‍ സ്ലാഗ് റോഡ് നിര്‍മ്മിച്ചു. ഈ റോഡിന്റെ നിര്‍മ്മാണത്തിനായി ഏകദേശം 80,000 ടണ്‍ കോനാര്‍ക്ക് സ്റ്റീല്‍ സ്ലാഗ്, സംസ്‌കരിച്ച സ്റ്റീല്‍ സ്ലാഗ് അഗ്രഗേറ്റുകളായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഡോള്‍വിയുടെ റായ്ഗഡ് പ്ലാന്റില്‍ മാറ്റി.
അയോധ്യയുലെ രാമക്ഷേത്ര നിര്‍മാണത്തിനും എല്ലാ രാമനവമിയിലും രാമനുവേണ്ടിയുള്ള 'സൂര്യ തിലകം' നിര്‍മാണത്തിനും സിഎസ്‌ഐആറിന്റെ സാങ്കേതിക സംഭാവനകള്‍
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സിഎസ്‌ഐആര്‍ സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്. സിഎസ്‌ഐആര്‍-സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിബിആര്‍ഐ) രൂപകല്‍പന ചെയ്ത 'സൂര്യ തിലക്' സംവിധാനം ഉച്ചയ്ക്ക് 12 മണി മുതല്‍ ഏകദേശം ആറ് മിനിറ്റോളം വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും. എല്ലാ രാമനവമിയിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സൂര്യപ്രകാശത്തിന്റെ ഒരു കിരണത്തെ വഴിതിരിച്ചുവിടാന്‍ ലെന്‍സുകളുടെയും കണ്ണാടികളുടെയും ഒരു സങ്കീര്‍ണ്ണ ശൃംഖല ഉപയോഗിക്കുകയും 'സൂര്യ തിലകം' എന്ന പേരില്‍ രാം ലല്ലയുടെ നെറ്റിയില്‍ സംഗമിക്കുകയും ചെയ്യും. 2,500 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രം സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
പവിഴപ്പുറ്റുകളെ നിരീക്ഷിക്കാന്‍ സിഎസ്‌ഐആര്‍-എന്‍ഐഒ, ഗോവ വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന പേടകം സി-ബോട്ട് പുറത്തിറക്കി
സിഎസ്‌ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (സിഎസ്‌ഐആര്‍-എന്‍ഐഒ) വികസിപ്പിച്ച പവിഴപ്പുറ്റുകളുടെ ദീര്‍ഘകാല നിരീക്ഷണത്തിനായുള്ള, വെള്ളത്തിനടിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പേടകമായ കോറല്‍ റീഫ് മോണിറ്ററിംഗ് ആന്‍ഡ് സര്‍വൈലന്‍സ് റോബോട്ട് അല്ലെങ്കില്‍ സി-ബോട്ട്, സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈശെല്‍വി പുറത്തിറക്കി. സി-ബോട്ടിന് 200 മീറ്റര്‍ ആഴത്തില്‍ വരെ പോകാന്‍ കഴിയും.
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ബാറ്ററി റീസൈക്ലിംഗ് പൈലറ്റ് സൗകര്യം ഉദ്ഘാടനം ചെയ്തു
ജംഷഡ്പൂരിലെ സിഎസ്‌ഐആര്‍-നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ (സിഎസ്‌ഐആര്‍-എന്‍എംഎല്‍) സിഎസ്‌ഐആറിന്റെ ബള്‍ക്ക് കെമിക്കല്‍ മിഷന്റെ കീഴില്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ബാറ്ററി റീസൈക്ലിംഗ് പ്ലാന്റ് നിതി ആയോഗ് അംഗം ഡോ. വി.കെ. സരസ്വത് ഉദ്ഘാടനം ചെയ്തു. ഈ സംരംഭം ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയവുമായി ചേര്‍ന്നുപോകുന്നതാണ്. ഇത് ബാറ്ററി നിര്‍മ്മാണത്തിലുള്ള സ്വയംപര്യാപ്തതയ്ക്ക് സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. സിഎസ്‌ഐആര്‍-എന്‍എംഎല്ലിലെ ലിഥിയം ബാറ്ററി റീസൈക്ലിംഗ് പ്ലാന്റ് പാരിസ്ഥിതിക ഉത്തരവാദിത്തവും വിഭവ-കാര്യക്ഷമവുമായ സാങ്കേതികവിദ്യകള്‍ക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കാന്‍ ഒരുങ്ങുകയാണ്.
ഹൈ-ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റിന്റെ വിജയകരമായ ഫ്‌ളൈറ്റ് ടെസ്റ്റുകള്‍
സിഎസ്‌ഐആര്‍-നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് (സിഎസ്‌ഐആര്‍-എന്‍എഎല്‍) ഒരു പുതിയ തലമുറ ആളില്ലാ വിമാന (യുഎവി)മായ ഹൈ-ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റിന്റെ (എച്ച്എപിഎസ്) ഒരു പ്രോട്ടോടൈപ്പ് വിജയകരമായി പറത്തി. അതിനു് ഭൂമിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ വരെ പറക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിനു മാസങ്ങളോളം വായുവില്‍ നിലനില്‍ക്കും. എച്ച്എപിഎസ് പേടകങ്ങള്‍കൊണ്ടുള്ളപ്രാഥമിക പ്രയോജനം നിരീക്ഷണമാണെങ്കിലും ദുരന്തനിവാരണം പോലുള്ള സാഹചര്യങ്ങളിലും ഇതു വളരെ ഉപയോഗപ്രദമാകും.
കെപിഐടിയുമായി സഹകരിച്ച് സിഎസ്‌ഐആര്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യത്തെ ഇന്ധന സെല്‍ കപ്പല്‍ വികസിപ്പിച്ചെടുത്തു
സിഎസ്‌ഐആര്‍, കെപിഐടി എന്നിവയുടെ ഫ്യൂവല്‍ സെല്‍ ടെക്നോളജി അടിസ്ഥാനമാക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജന്‍ ഇന്ധന സെല്‍ ചങ്ങാടം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുു. 18 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇത് കര്‍ശനമായ പരീക്ഷണങ്ങള്‍ക്ക് ശേഷം സിഎസ്എല്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറും.
സിഎസ്‌ഐആര്‍-സിഡിആര്‍ഐ ഒടിവ് വേഗത്തില്‍ ഉണങ്ങുന്നതിനുള്ള സവിശേഷമായ ഗുളിക അവതരിപ്പിച്ചു
സിഎസ്‌ഐആര്‍-സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിഡിആര്‍ഐ) ഒടിവു സംഭവിച്ചാല്‍ ്അതു മാറുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഗുളികയുമായി രംഗത്തെത്തി. ഈ സ്ഥാപനം നിലവില്‍ അസ്ഥിരോഗ ചികില്‍സയ്ക്കള്ള സിഡിആര്‍ഐ-1500, സിഡിആര്‍ഐ-399 എന്നീ സംവിധാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. മരുന്നുനിര്‍മാണം നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്, സിഡിആര്‍ഐ-1500-നുള്ള ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും.
സിഎസ്‌ഐആര്‍-ഐഎംടെക് പാര്‍ക്കിന്‍സണ്‍സ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ചേക്കാവുന്ന തന്മാത്രയെ തിരിച്ചറിഞ്ഞു
സിഎസ്‌ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയല്‍ ടെക്നോളജി (സിഎസ്‌ഐആര്‍ൃഐഎംടെക്) ഒരു ന്യൂറോ ഡിജെനറേറ്റീവ് രോഗമായ പാര്‍ക്കിന്‍സണ്‍സിന് പ്രതിവിധി വികസിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ഒരു തന്മാത്ര കണ്ടെത്തി. ഇതുവരെ എലികളില്‍ മാത്രം നടത്തിയ പഠനത്തില്‍ ഈ തന്മാത്രയ്ക്ക് നല്ല ഫലങ്ങള്‍ ലഭിച്ചിട്ടുണ്ട്. രോഗത്തിന് ചികിത്സ നല്‍കാന്‍ ഉപയോഗിക്കാവുന്ന നാലു തന്മാത്രകള്‍ക്കായി ഗവേഷകര്‍ അന്താരാഷ്ട്ര പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്.
സിഎസ്‌ഐആര്‍-സിസിഎംബി, മഞ്ഞ തണ്ടുതുരപ്പനെ പ്രതിരോധിക്കുന്ന പുതിയ നെല്ലിനം വികസിപ്പിച്ചെടുത്തു
സിഎസ്‌ഐആര്‍-സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, ഐസിഎആറിന്റെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസര്‍ച്ചിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ പ്രധാന കീടമായ മഞ്ഞ തണ്ടുതുരപ്പനെ (വൈഎസ്ബി) പ്രതിരോധിക്കുന്ന ഒരു നെല്ലിനം വികസിപ്പിച്ചെടുത്തു. അരി ഉല്‍പാദനത്തില്‍ 60% വരെ നഷ്ടം വരുത്തുന്നത് ഈ കീടമാണ്. ഈ മുന്നേറ്റം, രാസ കീടനാശിനികളുടെ ആശ്രിതത്വം ഗണ്യമായി കുറയ്ക്കുകയും നെല്ലിന്റെ വിളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സുസ്ഥിര കൃഷിക്കായി സിഎസ്‌ഐആര്‍-സിഎംഇആര്‍ഐ ഇലക്ട്രിക് ടില്ലര്‍ പുറത്തിറക്കി
സിഎസ്‌ഐആര്‍-സെന്‍ട്രല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിഎംഇആര്‍ഐ) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച ഇലക്ട്രിക് ടില്ലര്‍, 2024 മെയ് 25-ന് ദുര്‍ഗാപൂരില്‍ സിഎസ്‌ഐആര്‍ ഡിജി ഡോ. എന്‍. കലൈശെല്‍വി അവതരിപ്പിച്ചു. ഇന്ത്യയിലെ 80%-ത്തിലധികം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി തയ്യാറാക്കിയ ഇത് കര്‍ഷക സമൂഹത്തിന്റെ ടില്ലര്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും കാര്‍ഷിക മേഖലയിലെ സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉപയോഗിന്നവരുടെ സൗകര്യത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കിയുള്ളതാണ് ഈ ഉല്‍പന്നം. മെച്ചപ്പെടുത്തിയ ടോര്‍ക്ക്, കുറഞ്ഞ വൈബ്രേഷന്‍, സീറോ എക്സ്ഹോസ്റ്റ് എമിഷന്‍ എന്നിവ അഭിമാനികരമാണ്. ഇലക്ട്രോണിക് നിയന്ത്രണങ്ങളും എര്‍ഗണോമിക് ഹാന്‍ഡ്ലിംഗും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് ടില്ലര്‍ കാര്‍ഷിക യന്ത്രങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്നു.
-NK-
(Release ID: 2088952)
Visitor Counter : 30