പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു


2025-ലെ മഹാകുംഭമേളയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി പരിശോധിച്ചു

പ്രധാനമന്ത്രി കുംഭ് സഹായക് (Saha’AI’ak) ചാറ്റ്ബോട്ട് ഉദ്ഘാടനം ചെയ്തു

നമ്മുടെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ദിവ്യമായ ഉത്സവമാണ് മഹാ കുംഭമേള: പ്രധാനമന്ത്രി

ഓരോ ഘട്ടത്തിലും പുണ്യസ്ഥലങ്ങളും വിശുദ്ധ കേന്ദ്രങ്ങളും ഉള്ള സ്ഥലമാണ് പ്രയാഗ്: പ്രധാനമന്ത്രി

മനുഷ്യന്റെ ആന്തരിക ബോധത്തിന്റെ പേരാണ് കുംഭം: പ്രധാനമന്ത്രി

മഹാകുംഭം ഐക്യത്തിന്റെ മഹായാഗമാണ്: പ്രധാനമന്ത്രി

Posted On: 13 DEC 2024 4:06PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സംഗത്തിന്റെ പുണ്യഭൂമിയായ പ്രയാഗ്‌രാജിനെ ഭക്തിപൂർവ്വം വണങ്ങി, മഹാകുംഭത്തിൽ പങ്കെടുത്ത സന്ന്യാസിമാർക്കും ഋഷികൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മഹാകുംഭ് വിജയിപ്പിച്ച ജീവനക്കാർക്കും തൊഴിലാളികൾക്കും ശുചിത്വ തൊഴിലാളികൾക്കും ശ്രീ മോദി നന്ദി അറിയിച്ചു. 45 ദിവസം നീണ്ടുനിൽക്കുന്ന മഹായജ്ഞത്തിന് ദിവസേന ലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിതെന്നും ഈ അവസരത്തിനായി പുതിയ നഗരം സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “പ്രയാഗ്‌രാജ് ഭൂമിയിൽ പുതിയൊരു ചരിത്രം രചിക്കപ്പെടുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ മഹാകുംഭം സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സ്വത്വത്തെ പുതിയ ശിഖരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇത്തരമൊരു ഐക്യത്തിന്റെ ‘മഹായജ്ഞം’ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമെന്നും പറഞ്ഞു. മഹാകുംഭം വിജയകരമായി സംഘടിപ്പിക്കുന്നതിന് അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

“ഇന്ത്യ പുണ്യസ്ഥലങ്ങളുടെയും തീർത്ഥാടനങ്ങളുടെയും നാടാണ്”- ശ്രീ മോദി പറഞ്ഞു. ഗംഗ, യമുന, സരസ്വതി, കാവേരി, നർമ്മദ തുടങ്ങി അസംഖ്യം നദികളുടെ നാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നദികളുടെ പുണ്യപ്രവാഹത്തിന്റെ സംഗമം, സമാഹരണം, സമ്മേളനം, സംയോജനം, സ്വാധീനം, ശക്തി എന്നിവയും നിരവധി തീർത്ഥാടന കേന്ദ്രങ്ങളുടെ പ്രാധാന്യവും അവയുടെ മഹത്വവും പ്രയാഗിന് ഉണ്ടെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പ്രയാഗ് വെറും മൂന്ന് നദികളുടെ സംഗമസ്ഥാനം മാത്രമല്ല എന്നും വ്യക്തമാക്കി. അതിലും അപ്പുറമാണ് പ്രയാഗിന്റെ സ്ഥാനം എന്നും അദ്ദേഹം പറഞ്ഞു. സൂര്യൻ മകരഗൃഹത്തിൽ പ്രവേശിക്കുന്ന പുണ്യകാലമാണിതെന്നും എല്ലാ ദിവ്യശക്തികളും അമൃതും ഋഷിമാരും സന്ന്യാസിമാരും പ്രയാഗിലേക്ക് ഇറങ്ങുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പ്രയാഗില്ലാതെ പുരാണങ്ങൾ അപൂർണ്ണമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. വേദങ്ങളിൽ പ്രകീർത്തിക്കപ്പെട്ട സ്ഥലമാണ് പ്രയാഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഓരോ ഘട്ടത്തിലും പുണ്യസ്ഥലങ്ങളും വിശുദ്ധകേന്ദ്രങ്ങളും  ഉള്ള സ്ഥലമാണ് പ്രയാഗ്” - ശ്രീ മോദി പറഞ്ഞു. പ്രയാഗ്‌രാജിന്റെ സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്ര, സംസ്‌കൃത ശ്ലോകം ചൊല്ലി ഇക്കാര്യം വിശദീകരിച്ചു- “ത്രിവേണിയുടെ പ്രഭാവം, വേണിമാധവന്റെ മഹത്വം, സോമേശ്വരന്റെ അനുഗ്രഹം, ഋഷി ഭരദ്വാജിന്റെ തപോ ഭൂമി, ഭഗവാൻ നാഗരാജ് വാസു ജിയുടെ സവിശേഷ ഇടം, അക്ഷയവടിന്റെ അനശ്വരതയും ദൈവകൃപയും - ഇതാണ് ഞങ്ങളുടെ തീർത്ഥരാജ് പ്രയാഗിനെ സൃഷ്ടിക്കുന്നത്”. 'ധർമ്മം', 'അർഥം', 'കാമം', 'മോക്ഷം' എന്നീ നാല് ഘടകങ്ങളും ലഭ്യമായ സ്ഥലമാണ് പ്രയാഗ്‌രാജ് എന്നും അദ്ദേഹം വിശദീകരിച്ചു. “പ്രയാഗ്‌രാജ് ഭൂമിശാസ്ത്രപരമായ പ്രദേശം മാത്രമല്ല, ആത്മീയത അനുഭവിക്കാനുള്ള ഇടം കൂടിയാണ്”- പ്രയാഗ്‌രാജ് സന്ദർശിക്കാൻ എത്തിയതിന് പൗരന്മാരോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുംഭ വേളയിൽ സംഗമത്തിൽ പുണ്യസ്നാനം നടത്തിയതും ഇന്ന് അവസരം ലഭിച്ചതും അദ്ദേഹം ഓർമിപ്പിച്ചു. ഹനുമാൻ മന്ദിറിലും അക്ഷയ്‌വടിലും നടന്ന ദർശനത്തെയും പൂജയെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഹനുമാൻ ഇടനാഴിയുടെയും അക്ഷയവട് ഇടനാഴിയുടെയും വികസനത്തെ കുറിച്ച് പറയുകയും ഭക്തർ എളുപ്പത്തിൽ എത്തിച്ചേരുന്നതിനെക്കുറിച്ചും സരസ്വതി കൂപിന്റെ പുനർവികസന പദ്ധതിയെ കുറിച്ചും പറഞ്ഞു. ആയിരക്കണക്കിന് കോടിയുടെ ഇന്നത്തെ വികസന പദ്ധതികൾക്ക് ശ്രീ മോദി പൗരന്മാർക്ക് ആശംസകൾ നേർന്നു.

“നമ്മുടെ വിശ്വാസം, ആത്മീയത, സംസ്കാരം എന്നിവയുടെ ദൈവിക ഉത്സവ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ജീവനുള്ള സ്വത്വമാണ് മഹാ കുംഭം”- ശ്രീ മോദി പറഞ്ഞു. ഓരോ തവണയും ബൃഹദ് പരിപാടി മതത്തിന്റെയും അറിവിന്റെയും ഭക്തിയുടെയും കലയുടെയും ദൈവിക സംഗമത്തെ പ്രതീകപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിക്കണക്കിന് തീർഥാടന സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് തുല്യമാണ് സംഗമത്തിലെ പുണ്യസ്നാനം എന്ന് സംസ്‌കൃത ശ്ലോകം ചൊല്ലി പ്രധാനമന്ത്രി വിശദീകരിച്ചു. ഒരു വ്യക്തി പുണ്യസ്നാനം ചെയ്യുന്നതോടെ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ചക്രവർത്തിമാരും രാജ്യങ്ങളും ഭരിച്ചിട്ടും ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യ ഭരണകാലത്തും ഈ ശാശ്വതമായ വിശ്വാസപ്രവാഹം നിലച്ചിട്ടില്ലെന്നും കുംഭം ബാഹ്യശക്തികളാൽ നയിക്കപ്പെടുന്നില്ലെന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുംഭം മനുഷ്യന്റെ ആന്തരിക ആത്മാവിന്റെ അവബോധത്തെ പ്രതിനിധാനം ചെയ്യുന്നു. അത് ഉള്ളിൽ നിന്ന് വരുന്നതും ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഭക്തരെ  സംഗമത്തിന്റെ തീരങ്ങളിലേക്ക് ആകർഷിക്കുന്നതുമായ അവബോധത്തെ പ്രതിനിധാനം ചെയ്യുന്നു. ഗ്രാമങ്ങൾ, പട്ടണങ്ങൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങൾ പ്രയാഗ്‌രാജിലേക്ക് പുറപ്പെട്ടുവെന്നും ഇത്തരമൊരു സംഗമശക്തി മറ്റിടങ്ങളിൽ അപൂർവമായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വ്യക്തി ഒരിക്കൽ മഹാകുംഭത്തിലേക്ക് വന്നാൽ, അത് സന്ന്യാസിമാരോ, ജ്ഞാനികളോ,സാധാരണക്കാരോ ആകട്ടെ, അവരെല്ലാം ഒന്നായിത്തീരുമെന്നും ജാതി-മത വ്യത്യാസങ്ങൾ അവസാനിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ഒരു ലക്ഷ്യവും ഒരു ആശയവുമായി കോടിക്കണക്കിന് പേര്  ഒത്തുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ മഹാ കുംഭ വേളയിൽ വിവിധ ഭാഷകളും ജാതികളും വിശ്വാസങ്ങളുമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് ജനങ്ങൾ സംഗമത്തിൽ ഒത്തുകൂടുമെന്നും ഐക്യത്തോടെ നിലകൊള്ളുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാത്തരം വിവേചനങ്ങളും ത്യജിക്കപ്പെടുന്ന മഹാ കുംഭം ഐക്യത്തിന്റെ മഹായാഗമായത് എന്തുകൊണ്ടാണെന്നും ഇവിടെ സംഗമിക്കുന്ന ഓരോ ഇന്ത്യക്കാരനും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഹരമായ ചിത്രത്തെ പ്രതിനിധാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യത്തിൽ കുംഭത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി, നിർണായകമായ ദേശീയ പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും സന്ന്യാസിമാർക്കിടയിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തുന്നതിനുള്ള വേദിയായിരുന്നു അത് എന്ന് എടുത്തുകാട്ടി. മുൻകാലങ്ങളിൽ ആധുനിക ആശയവിനിമയ മാർഗങ്ങൾ ഇല്ലാതിരുന്ന കാലത്ത്, സന്ന്യാസിമാരും പണ്ഡിതരും രാജ്യത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചർച്ചചെയ്യുകയും ഇന്നത്തെയും ഭാവിയിലെയും വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും, ആ ചിന്താപ്രക്രിയ വഴി രാജ്യത്തിന് പുതിയ ദിശാബോധവും ഊർജവും നൽകുകയും ചെയ്യുന്ന സുപ്രധാന സാമൂഹിക മാറ്റങ്ങൾക്ക് അടിത്തറയിട്ടതായും അദ്ദേഹം പറഞ്ഞു. ഇന്നും, അത്തരം ചർച്ചകൾ തുടരുന്ന, രാജ്യത്തുടനീളം നല്ല സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ക്ഷേമത്തെക്കുറിച്ചുള്ള കൂട്ടായ ചിന്തയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു വേദി എന്ന നിലയിൽ കുംഭം അതിന്റെ പ്രാധാന്യം നിലനിർത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഒത്തുചേരലുകളുടെ പേരുകളും നാഴികക്കല്ലുകളും പാതകളും വ്യത്യസ്തമാണെങ്കിലും, ലക്ഷ്യവും യാത്രയും ഒന്നുതന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുംഭമേള ദേശീയ വ്യവഹാരത്തിന്റെ പ്രതീകമായും ഭാവി പുരോഗതിക്കുള്ള വഴികാട്ടിയായും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കുംഭമേള, മതപരമായ തീർഥാടനങ്ങൾ എന്നിവയോട് മുൻ ഗവൺമെന്റുകൾ കാണിച്ച അവഗണന ചൂണ്ടിക്കാട്ടി, ഈ സമ്പ്രദായങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സംസ്കാരവുമായും വിശ്വാസവുമായുള്ള ബന്ധത്തിൻ്റെ അഭാവമാണ് ഇതിന് കാരണമെന്ന് പറഞ്ഞ അദ്ദേഹം, കേന്ദ്രത്തിലും സംസ്ഥാനത്തും ഉള്ള നിലവിലെ ഗവണ്മെന്റുകൾക്ക്  ഇന്ത്യയുടെ പാരമ്പര്യങ്ങളോടും വിശ്വാസത്തോടുമുള്ള ആഴമേറിയ ബഹുമാനം ഉറപ്പുനൽകുകയും ചെയ്തു. കുംഭമേളയിൽ പങ്കെടുക്കുന്ന തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കേണ്ടത് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികൾക്കായി ആയിരക്കണക്കിന് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സുഗമമായ സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അയോധ്യ, വാരണാസി, റായ്ബറേലി, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നത്തിലും തീർഥാടകർക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിലുമുള്ള പ്രത്യേക ശ്രദ്ധ അദ്ദേഹം എടുത്തുപറഞ്ഞു. ഈ മഹത്തായ പരിപാടിക്ക് തയ്യാറെടുക്കുന്നതിൽ 'ഗവണ്മെന്റിന്റെ മുഴുവൻ' സമീപനവും പ്രകടമാക്കിക്കൊണ്ടുള്ള വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഇന്ത്യയുടെ വികസനത്തിലും രാജ്യത്തിന്റെ പൈതൃകം  സമ്പന്നമാക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. രാജ്യത്തുടനീളം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ ടൂറിസ്റ്റ് സർക്യൂട്ടുകളെ പരാമർശിച്ച അദ്ദേഹം രാമായണ സർക്യൂട്ട്, കൃഷ്ണ സർക്യൂട്ട്, ബുദ്ധ സർക്യൂട്ട്, തീർത്ഥങ്കർ സർക്യൂട്ട് എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്വദേശ് ദർശൻ, പ്രസാദ് തുടങ്ങിയ പദ്ധതികളെ പരമർശിച്ചുകൊണ്ട്, തീർഥാടന കേന്ദ്രങ്ങളിൽ ഗവണ്മെന്റ് സൗകര്യങ്ങൾ വിപുലീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹത്തായ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിലൂടെ ആ നഗരത്തെയാകെ ഉന്നതിയിലേക്ക് ഉയർത്തിയ അയോധ്യയുടെ പരിവർത്തനം അദ്ദേഹം എടുത്തുകാട്ടി. ആഗോള അംഗീകാരം നേടിയ വിശ്വനാഥ് ധാം, മഹാകാൽ മഹാലോക് തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രയാഗ്‌രാജിലെ അക്ഷയ് വത് ഇടനാഴി, ഹനുമാൻ മന്ദിർ ഇടനാഴി, ഭരദ്വാജ് ഋഷി ആശ്രമ ഇടനാഴി എന്നിവ ഈ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും സരസ്വതി കൂപ്പ്, പാടൽപുരി, നാഗവാസുകി, ദ്വാദസ് മാധവ് മന്ദിർ തുടങ്ങിയ സ്ഥലങ്ങളും തീർഥാടകർക്കായി പുനരുജ്ജീവിപ്പിക്കുന്നുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു.
മര്യാദ പുരുഷോത്തമനാകാനുള്ള ശ്രീരാമൻ്റെ യാത്രയിൽ നിഷാദരാജിന്റെ നാടായ പ്രയാഗരാജിന് സുപ്രധാനമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭഗവാൻ രാമൻ്റെയും കേവത്തിൻ്റെയും കാര്യങ്ങൾ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. അവിടെ കെവത്ത് രാമൻ്റെ പാദങ്ങൾ കഴുകുകയും തൻ്റെ വള്ളവുമായി നദി കടക്കാൻ രാമനെ സഹായിക്കുകയും ചെയ്തു. ഇത് ഭക്തിയുടെയും സൗഹൃദത്തിൻ്റെയും പ്രതീകമാണ്. ഭഗവാനു പോലും തൻ്റെ ഭക്തനിൽ നിന്ന് സഹായം തേടാമെന്നാണ് ഈ സംഭവം നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രിംഗ്‌വേർപൂർ ധാമിൻ്റെ വികസനം ഈ സൗഹൃദത്തിൻ്റെ തെളിവാണെന്നും ശ്രീരാമൻ്റെയും നിഷാദരാജിൻ്റെയും പ്രതിമകൾ ഭാവി തലമുറകൾക്ക് ഐക്യത്തിൻ്റെ സന്ദേശം തുടർന്നും നൽകുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

മഹത്തായ കുംഭമേള വിജയകരമാക്കുന്നതിൽ ശുചിത്വത്തിനുള്ള സുപ്രധാന പ്രധാന പങ്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു. പ്രയാഗ്‌രാജിൽ ശരിയായ ശുചീകരണവും മാലിന്യ സംസ്‌കരണവും ഉറപ്പാക്കാൻ നമാമി ഗംഗേ പരിപാടി ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അവബോധം വളർത്തുന്നതിനായി ഗംഗാ ദൂത്, ഗംഗാ പ്രഹാരി, ഗംഗാ മിത്രകൾ എന്നിവയെ നിയമിക്കുന്നത് പോലുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 15,000-ത്തിലധികം ശുചീകരണ തൊഴിലാളികൾ ഇത്തവണ കുംഭമേളയിൽ  ശുചിത്വം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ തൊഴിലാളികളോട് അദ്ദേഹം മുൻകൂട്ടി നന്ദി രേഖപ്പെടുത്തുകയും കോടിക്കണക്കിന് ഭക്തർക്ക് ആത്മീയവും ശുദ്ധവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലുള്ള അവരുടെ സമർപ്പണമനോഭാവത്തെ അംഗീകരിക്കുകയും ചെയ്തു. എച്ചിൽ പാത്രങ്ങൾ നീക്കം ചെയ്തുകൊണ്ട് ഓരോ ജോലിയും പ്രധാനമാണ് എന്ന സന്ദേശം നൽകിയ ഭഗവാൻ കൃഷ്ണനെ പരാമർശിച്ച പ്രധാനമന്ത്രി, ശുചീകരണ തൊഴിലാളികൾ അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് ഈ പരിപാടിയുടെ മഹത്വവും വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു. 2019-ലെ കുംഭമേളയിലെ  ശുചീകരണപ്രവർത്തനങ്ങൾക്ക് ലഭിച്ച അഭിനന്ദങ്ങളും ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകിക്കൊണ്ട് താൻ നന്ദി പ്രകടിപ്പിച്ചതും തനിക്ക് അവിസ്മരണീയമായ അനുഭവമായി ഇന്നും നിലനിൽക്കുന്നതായി അദ്ദേഹം അനുസ്മരിച്ചു.

 കുംഭമേള സാമ്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ വികാസം കൊണ്ടുവരുന്നുന്നതായും അത്  പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതായും ശ്രീ മോദി ഊന്നിപ്പറഞ്ഞു. കുംഭമേളക്ക് മുമ്പ് തന്നെ ഈ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസേന ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഈ സംഗമസ്ഥാനത്ത്  ഒന്നര മാസത്തേക്ക് ഒരു താൽക്കാലിക നഗരം സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ കാലയളവിൽ പ്രയാഗ്‌രാജിൽ ക്രമസമാധാനം നിലനിർത്താൻ ധാരാളം ആളുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6,000-ത്തിലധികം വള്ളക്കാർ, ആയിരക്കണക്കിന് കടയുടമകൾ, മതപരമായ ചടങ്ങുകളിലും വിശുദ്ധ കർമ്മങ്ങളിലും സഹായിക്കുന്നവർ തുടങ്ങിയവരുടെ തൊഴിലുകളിൽ വർദ്ധനയുണ്ടാകുമെന്നും ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ശ്രീ മോദി പറഞ്ഞു. വിതരണ ശൃംഖല നിലനിർത്താൻ, വ്യാപാരികൾ മറ്റ് നഗരങ്ങളിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുംഭമേളയുടെ പ്രതിഫലനം സമീപ ജില്ലകളിലും അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർ ട്രെയിൻ അല്ലെങ്കിൽ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തുമെന്നും  ഇത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുംഭമേള സമൂഹത്തെ ശക്തിപ്പെടുത്തുക മാത്രമല്ല ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംഭാവന നൽകുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

വരാനിരിക്കുന്ന മഹാ കുംഭമേള 2025-നെ രൂപപ്പെടുത്താനുതകുന്ന സാങ്കേതിക വിദ്യയിലെ സുപ്രധാന മുന്നേറ്റങ്ങൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. മുൻ വർഷങ്ങളെ അപേക്ഷിച്ച്, സ്മാർട്ട്ഫോൺ ഉപയോക്താക്കൾ വർധിച്ചുവെന്നും 2013-നെ അപേക്ഷിച്ച് ഡാറ്റ വളരെ വിലക്കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപയോക്തൃ-സൗഹൃദ ആപ്ലിക്കേഷനുകൾ ലഭ്യമായതിനാൽ, പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പോലും അവ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്ന്, കുംഭമേളയിൽ ഇതാദ്യമായി ഉപയോഗപ്പെടുത്തുന്ന പതിനൊന്ന് ഇന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താൻ പ്രാപ്തമായ  AI ചാറ്റ്ബോട്ട് സാങ്കേതികവിദ്യ  'കുംഭ് സഹായക്' ചാറ്റ്ബോട്ടിൻ്റെ സമാരംഭത്തെ പരാമർശിച്ചുകൊണ്ട്  പ്രധാനമന്ത്രി പറഞ്ഞു. കുംഭമേളയുടെ സത്തയെ ഒരുമയുടെ പ്രതീകമായി ആവിഷ്കരിക്കുന്ന തരത്തിൽ  ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിച്ച് കൂടുതൽ ആളുകളുമായി ഇടപഴകുന്നതിന് ഡാറ്റയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്ന ഈ ഫോട്ടോഗ്രാഫുകൾ എണ്ണമറ്റ വികാരങ്ങളും വർണ്ണങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഒരു വലിയ വിഷ്വൽ ക്യാൻവാസ് സൃഷ്ടിക്കും. കുംഭമേളയുടെ ആകർഷകത്വം പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ കൂടുതൽ വർദ്ധിപ്പിക്കാനുതകുന്ന ആത്മീയതയെയും പ്രകൃതിയെയും കേന്ദ്രീകരിച്ചുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. 

മഹാ കുംഭമേളയിൽ നിന്ന് ഉളവാകുന്ന കൂട്ടായ ആത്മീയ ഊർജം വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിൻ്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുംഭസ്‌നാൻ ചരിത്രപരവും അവിസ്മരണീയവുമായ ഒരു സംഭവമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യ സംഗമത്തിലൂടെ മനുഷ്യരാശിയ്ക്ക് ക്ഷേമം ഉണ്ടാകട്ടെയെന്ന്   പ്രാർത്ഥിക്കുകയും ചെയ്തു. കുംഭമേളക്ക് സർവ്വ ഭാവുകങ്ങളും നേർന്ന അദ്ദേഹം എല്ലാ തീർത്ഥാടകരെയും വിശുദ്ധ നഗരമായ പ്രയാഗ്‌രാജിലേക്ക് സ്വാഗതം ചെയ്തു.

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി.ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പതക് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രയാഗ്‌രാജ്  സന്ദർശിച്ച് പൂജയും ദർശനവും നടത്തി. അതോടൊപ്പം അക്ഷയ വട വൃക്ഷത്തിലെ പൂജയും തുടർന്ന് ഹനുമാൻ മന്ദിറിലും സരസ്വതി കൂപ്പിലും ദർശനവും പൂജയും നടത്തുകയും ചെയ്തു. മഹാകുംഭ് പ്രദർശന സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി  
2025-ലെ മഹാകുംഭിനായുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രയാഗ്‌രാജിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിനുമായി 10 പുതിയ റോഡ് മേൽപ്പാലങ്ങൾ (റോബികൾ) ഫ്ലൈ ഓവറുകൾ, സ്ഥിരം ഘട്ടുകൾ, നദീതീര റോഡുകൾ തുടങ്ങി വിവിധ റെയിൽ, റോഡ് പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.


ശിചിത്വം, നിർമ്മൽ ഗംഗ എന്നിവയോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഗംഗ നദിയിലേക്ക് മലിനജലം എത്തുന്നത് പൂർണമായും തടയുന്നത് ഉറപ്പാക്കുന്ന സംവിധാനങ്ങൾ, മാലിന്യ സംസ്കരണം എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കുടിവെള്ളം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഭരദ്വാജ് ആശ്രമ ഇടനാഴി, ശൃംഗർപൂർ ധാം ഇടനാഴി, അക്ഷയ്വത് ഇടനാഴി, ഹനുമാൻ മന്ദിർ ഇടനാഴി എന്നിവ ഉൾപ്പെടുന്ന പ്രധാന ക്ഷേത്ര ഇടനാഴികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾ ഭക്തർക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുകയും ആത്മീയ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യും. 2025-ലെ മഹാകുംഭമേളയിൽ ഭക്തർക്ക് മാർഗനിർദേശങ്ങളും അപ്പപ്പോഴുള്ള വിവരങ്ങളും നൽകുന്നതിനുള്ള"കുംഭ് സഹായക്" ചാറ്റ്ബോട്ട് സംവിധാനത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

-NK-

(Release ID: 2084332) Visitor Counter : 46