സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രയാഗ്‌രാജ്: പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനം

2025ലെ മഹാ കുംഭമേള ആത്മീയ പരിപാടികൾക്കു പുതിയ ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കും

Posted On: 12 DEC 2024 5:04PM by PIB Thiruvananthpuram

ദശലക്ഷക്കണക്കിനു തീർഥാടകരെ പുണ്യനദികളിൽ ആചാരപരമായ സ്നാനത്തിനായി ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമാധാനപരമായ ഒത്തുചേരലാണു കുംഭമേള. ഈ സ്നാനം ആത്മീയ ശുദ്ധീകരണത്തിന്റെയും നവീകരണത്തിന്റെയും പ്രതീകമാണ്. ഗംഗാനദിയോരത്തെ ഹരിദ്വാർ, ക്ഷിപ്രയിലെ ഉജ്ജയിൻ, ഗോദാവരിയിലെ നാഷിക്, ഗംഗ-യമുന-സരസ്വതി നദികൾ കൂടിച്ചേരുന്ന പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ 12 വർഷത്തിലൊരിക്കൽ നാലുതവണ ഇതു നടക്കുന്നു. ഹരിദ്വാറിലും പ്രയാഗ്‌രാജിലും ആറു വർഷത്തിലൊരിക്കൽ അർധ കുംഭമേള നടക്കുന്നു. അതേസമയം അപൂർവവും മഹത്തായതുമായ മഹാ കുംഭമേള, 144 വർഷത്തിലൊരിക്കലാണു നടക്കുന്നത്.

 

History of Maha Kumbh Mela 2025 Prayagraj


കുംഭമേള എന്നത് ആത്മീയ സംഗമം എന്നതിനുമതീതമാണ്. ഔപചാരിക ക്ഷണങ്ങളില്ലാതെ ദശലക്ഷക്കണക്കിനു ജനങ്ങൾ ഒത്തുചേരുന്ന, "മിനി-ഇന്ത്യ"യായിത്തീരുന്ന, സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും ഊർജസ്വലമായ മിശ്രണമാണിത്. ഈ പരിപാടി ഭക്തി, സന്ന്യാസം, ഐക്യം എന്നിവ ഉൾക്കൊള്ളുകയും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഋഷിമാർ, സന്ന്യാസിമാർ, കൽപ്പവാസികൾ തുടങ്ങിയവരെ ഒന്നിപ്പിക്കുകയും ചെയ്യുന്നു. അദൃശ്യമായ സാംസ്കാരിക പൈതൃകമായി 2017-ൽ യുനെസ്കോ അംഗീകരിച്ച കുംഭമേളയ്ക്കു ചരിത്രപരവും സാംസ്കാരികവുമായ വലിയ മൂല്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾ, സംസ്കാരം, ജ്യോതിശാസ്ത്രം എന്നിവയുടെ സമന്വയം വാഗ്ദാനം ചെയ്യുന്ന ഈ മഹത്തായ പരിപാടിക്ക് 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജ് വീണ്ടും ആതിഥേയത്വം വഹിക്കും.


മഹാ കുംഭമേള 2025: ആത്മീയതയുടെയും പുതുമയുടെയും നവയുഗം


2025-ലെ മഹാ കുംഭമേള പ്രയാഗ്‌രാജിൽ ആത്മീയത, സംസ്കാരം, ചരിത്രം എന്നിവയുടെ സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്നു. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ, തീർഥാടകർ ആത്മീയ ആചാരങ്ങളുടെ ശ്രേണിയിൽ വ്യാപൃതരാകുക മാത്രമല്ല, ശാരീരികവും സാംസ്കാരികവും ആത്മീയവുമായ അതിരുകൾപോലും മറികടക്കുന്ന യാത്രയാരംഭിക്കുകയും ചെയ്യും. നഗരത്തിലെ ഊർജസ്വലമായ തെരുവുകൾ, തിരക്കേറിയ കമ്പോളങ്ങൾ, പ്രാദേശിക പാചകരീതികൾ എന്നിവ ഈ അനുഭവത്തിനു സമ്പന്നമായ സാംസ്കാരികതലമേകുന്നു. ചർച്ചകൾക്കും ധ്യാനത്തിനും ജ്ഞാനം പങ്കുവയ്ക്കുന്നതിനുമായി സന്ന്യാസിമാരും ഋഷിമാരും ഒത്തുചേരുന്ന അഖാര ക്യാമ്പുകൾ ഇതിന് അധിക ആത്മീയമാനം നൽകുന്നു. ഈ ഘടകങ്ങൾ ഒരുമിച്ച്, മഹാ കുംഭമേള 2025-നെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അസാധാരണമായ ആഘോഷമാക്കി മാറ്റി, പങ്കെടുക്കുന്ന ഏവർക്കും സമ്പന്നമായ യാത്ര വാഗ്ദാനം ചെയ്യും.


വരാനിരിക്കുന്ന 2025-ലെ മഹാ കുംഭമേള, വിപുലമായ സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിച്ചു ഭക്തരുടെ അനുഭവം വർധിപ്പിക്കാനും, പങ്കെടുക്കുന്ന ഏവർക്കും തടസ്സരഹിതവും സുരക്ഷിതവും കൂടുതൽ അവഗാഹമുള്ളതുമായ യാത്ര ഉറപ്പാക്കാനും സജ്ജമാണ്. മെച്ചപ്പെട്ട ശുചിത്വ സംവിധാനങ്ങൾ, വിപുലീകരിച്ച ഗതാഗതശൃംഖലകൾ, നവീകരിച്ച സുരക്ഷാ നടപടികൾ എന്നിവ സുഗമവും സുരക്ഷിതവും കൂടുതൽ സമ്പന്നവുമായ അനുഭവം നൽകുമെന്നു പ്രതീക്ഷിക്കുന്നു. നൂതനമായ പ്രതിവിധികൾ സംയോജിപ്പിച്ച്, 2025-ലെ മഹാ കുംഭമേള ഇത്രയും വലിയ ആത്മീയവും സാംസ്കാരികവുമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ആഗോള മാനദണ്ഡങ്ങൾ പുനർനിർവചിക്കും.


പ്രയാഗ്‌രാജ്: കാലത്തിലൂടെയുള്ള പ്രയാണം


സമ്പന്നമായ ചരിത്രമുള്ള നാടാണു പ്രയാഗ്‌രാജ്. വത്സ രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും കൗശാമ്പി തലസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്ത ബിസി 600 മുതലുള്ളതാണ് ഈ പ്രദേശം. ഗൗതമബുദ്ധൻ കൗശാംബി സന്ദർശിച്ചിട്ടുണ്ട്. പിന്നീട്, അശോക ചക്രവർത്തി മൗര്യ കാലഘട്ടത്തിൽ ഏകശിലാ സ്തംഭങ്ങളാൽ അടയാളപ്പെടുത്തിയ പ്രവിശ്യാ കേന്ദ്രമാക്കി. ശുംഗർ, കുശാനർ, ഗുപ്തർ തുടങ്ങിയ രാജവംശത്തിലെ ഭരണാധികാരികളും ഈ പ്രദേശത്തു പുരാവസ്തുക്കളും ലിഖിതങ്ങളും അവശേഷിപ്പിച്ചു.


ഏഴാം നൂറ്റാണ്ടിൽ ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്, കരുത്തുറ്റ ബ്രാഹ്മണ പാരമ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രയാഗ്‌രാജിനെ "വിഗ്രഹാരാധകരുടെ മഹത്തായ നഗരം" എന്നു വിശേഷിപ്പിച്ചു. ഈ പ്രദേശത്തു ഗ്രാൻഡ് ട്രങ്ക് റോഡ് നിർമിച്ച ഷേർഷായുടെ കീഴിൽ അതിന്റെ പ്രാധാന്യം വളർന്നു. പതിനാറാം നൂറ്റാണ്ടിൽ, അക്ബർ അതിനെ 'ഇലാഹാബാസ്' എന്നു പുനർനാമകരണം ചെയ്തു. കോട്ടകെട്ടി സുരക്ഷിതമാക്കിയ സാമ്രാജ്യകേന്ദ്രമായും പ്രധാന തീർഥാടന കേന്ദ്രമായും മാറ്റി, അതിന്റെ ആധുനിക പ്രസക്തിക്കു കളമൊരുക്കി.


പ്രയാഗ്‌രാജിലെ പ്രധാന സ്ഥലങ്ങളും ആത്മീയ കേന്ദ്രങ്ങളും


ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന സ്ഥലമാണു ത്രിവേണി സംഗമം. അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമായ കുംഭമേളയിൽ അദൃശ്യയായ സരസ്വതി പ്രത്യക്ഷപ്പെടുമെന്നാണു വിശ്വാസം. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ മഹത്തായ ആഘോഷമായ കുംഭമേളയുടെ കാതലാക്കി മാറ്റുംവിധം, തങ്ങളുടെ പാപങ്ങൾ ശുദ്ധീകരിക്കാൻ ഭക്തർ ഇവിടം സന്ദർശിക്കുന്നു.


ത്രിവേണി സംഗമം സന്ദർശിക്കുന്ന തീർഥാടകർ പ്രയാഗ്‌രാജിലെ നിരവധി ആരാധനാലയങ്ങളും സന്ദർശിക്കാറുണ്ട്. ദാരാഗഞ്ചിൽ, വിശുദ്ധ സമർഥ ഗുരു രാംദാസ്ജി സ്ഥാപിച്ച ശ്രീ ലേട്ടേ ഹുവേ ഹനുമാൻ ജി ക്ഷേത്രത്തിൽ ശിവ-പാർവതിമാർ, ഗണപതി, ഭൈരവൻ, ദുർഗ, കാളി, നവഗ്രഹം തുടങ്ങിയ വിഗ്രഹങ്ങളുണ്ട്. സമീപത്തുള്ള ശ്രീരാം-ജാനകി, ഹരിത് മാധവ ക്ഷേത്രങ്ങൾ ആത്മീയാന്തരീക്ഷത്തിനു വ്യാപ്തിയേറ്റുന്നു. ശ്രീ അലോപ്‌ശങ്കരി ദേവിക്കു സമർപ്പിച്ചിരിക്കുന്ന അലോപ് ശങ്കരി ക്ഷേത്രം, നാഗദേവതയെ ബഹുമാനിക്കുന്ന നാഗവാസുകി ക്ഷേത്രം എന്നിവയും ജനപ്രിയമാണ്. ഇതിൽ രണ്ടാമത്തേത് 2025 ലെ മഹാ കുംഭമേളയ്ക്കായാണു പുനഃസ്ഥാപിച്ചത്.

​130 അടി ഉയരമുള്ള ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ക്ഷേത്രമായ ശങ്കർ വിമാന മണ്ഡപത്തിൽ ആദിശങ്കരാചാര്യ, കാമാക്ഷി ദേവി, തിരുപ്പതി ബാലാജി എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. പ്രയാഗ്‌രാജിലെ പന്ത്രണ്ട് മാധവ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രീ വേണി മാധവ ക്ഷേത്രം പ്രയാഗ് തീർഥാടനം പൂർത്തിയാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അലഹബാദ് കോട്ടയ്ക്കടുത്തുള്ള അക്ഷയ്‌വട് മരവും പാതാൾപുരി ക്ഷേത്രവും അഗാധമായ പുരാണ പ്രാധാന്യമുള്ളവയാണ്, ഹിന്ദു ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വിശുദ്ധ അത്തിമരമാണ് അക്ഷയ്‌വട്. മങ്കമേശ്വർ ക്ഷേത്രം, ദശാശ്വമേധ ക്ഷേത്രം, തക്ഷകേശ്വർ നാഥ ക്ഷേത്രം എന്നിവയാണു ശ്രദ്ധേയമായ മറ്റു ക്ഷേത്രങ്ങൾ. സരസ്വതി കൂപം ചരിത്രപരവും സാംസ്കാരികവുമായ മൂല്യം സംരക്ഷിക്കുന്നതിനായി 2025 ലെ മഹാ കുംഭമേളയ്ക്കായി നവീകരിക്കുന്നു. പ്രകൃതിയുടെ പഞ്ചഭൂതങ്ങളെ പ്രതീകപ്പെടുത്തുന്ന മന്ത്രങ്ങൾ, വിളക്കുകൾ, ഭക്തി എന്നിവ ഉപയോഗിച്ചു നദീദേവതയെ ബഹുമാനിക്കുന്നതിനായി ദിവസവും നടത്തുന്ന ആകർഷകമായ ആചാരമാണു രാംഘാട്ടിലെ സായാഹ്ന ഗംഗാ ആരതി.


2019 കുംഭമേളയുടെ നാഴികക്കല്ലുകൾ: ചരിത്രംകുറിച്ച പരിപാടി


24 കോടി തീർഥാടകരെ ആകർഷിച്ച് 2019ൽ പ്രയാഗ്‌രാജിൽ നടന്ന കുംഭമേള ചരിത്ര സംഭവമായിരുന്നു. സംഘാടനമികവിൽ ഇത് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു. 70 മിഷൻ മേധാവികളും 3200 പ്രവാസി ഭാരതീയ പങ്കാളികളും ഉൾപ്പെടെ 182 രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ ഇവിടത്തെ ക്രമീകരണങ്ങളെ അഭിനന്ദിച്ചു. ഏറ്റവും വലിയ ബസ് പരേഡ്, "പെയിന്റ് മൈ സിറ്റി" യജ്ഞത്തിനു കീഴിലുള്ള ഏറ്റവും വലിയ പൊതു പെയിന്റിങ് യജ്ഞം, ഏറ്റവും വലിയ ശുചിത്വ സംവിധാനം എന്നിങ്ങനെ മൂന്നു ഗിന്നസ് ലോകറെക്കോർഡും ഈ പരിപാടി സ്ഥാപിച്ചു.

 


സംഗമത്തിനു സമീപം 3200 ഹെക്ടറിൽ വ്യാപിക്കുന്ന മേള, സൂക്ഷ്മമായ ആസൂത്രണത്തോടെ ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക നഗരം സൃഷ്ടിച്ചു. രണ്ടുലക്ഷം ചെടികൾ നട്ടുപിടിപ്പിക്കൽ, പ്രമേയാധിഷ്ഠിത കവാടങ്ങൾ നിർമിക്കൽ, പ്രയാഗ്‌രാജിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ മെച്ചപ്പെടുത്തൽ എന്നിവ വിപുലമായ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ആയിരത്തിലധികം ക്യാമറകൾ, 62 പൊലീസ് ഔട്ട്‌പോസ്റ്റുകൾ എന്നിവ ഉപയോഗിച്ചു സുരക്ഷ ശക്തമാക്കുകയും 10 ലക്ഷം കൽപ്പവാസികൾക്കുള്ള റേഷൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. മൊത്തത്തിൽ, 2019ലെ കുംഭമേള ആധുനികതയുമായി പാരമ്പര്യത്തെ തടസ്സരഹിതമായി സമന്വയിപ്പിക്കുകയും വലിയ തോതിലുള്ള ഇവന്റ് മാനേജ്‌മെന്റിന്റെ മാതൃകയായി പ്രയാഗ്‌രാജിനെ ഉയർത്തിക്കാട്ടുകയും ചെയ്തു.


ഉപസംഹാരം

മുൻ പതിപ്പുകളുടെ വിജയത്തെ അടിസ്ഥാനമാക്കി നൂതനമായ മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്നതിനാൽ, 2025-ലെ മഹാ കുംഭമേള നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയാണുയർത്തുന്നത്. അത്യാധുനിക സൗകര്യങ്ങളോടൊപ്പം പ്രയാഗ്‌രാജിന്റെ സമ്പന്നമായ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ ഘടന തീർഥാടകർക്കു വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഭക്തിയുടെയും സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യും. പരിപാടിയുടെ സൂക്ഷ്മമായ ആസൂത്രണവും ആധുനിക സാങ്കേതികവിദ്യയെ പാരമ്പര്യവുമായി സമന്വയിപ്പിക്കുന്നതും കുംഭമേളയെ പുതിയ ഉയരങ്ങളിലെത്തിക്കും. വലിയ തോതിലുള്ള ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിനു ഭക്തർ സംഗമത്തിൽ വീണ്ടും ഒത്തുകൂടുമ്പോൾ, 2025-ലെ മഹാ കുംഭമേള ഇന്ത്യയുടെ ശാശ്വതമായ ആത്മീയ പൈതൃകം, വൈവിധ്യവും ഐക്യവും ആഘോഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്നിവയുടെ കരുത്തുറ്റ പ്രതീകമായി തുടരും.

*****************


(Release ID: 2084020) Visitor Counter : 24


Read this release in: English , Marathi , Hindi , Tamil