രാഷ്ട്രപതിയുടെ കാര്യാലയം
ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു
Posted On:
11 DEC 2024 6:58PM by PIB Thiruvananthpuram
സുസ്ഥിരവും സമഗ്രവുമായ വികസനത്തിലെ മാതൃകാപരമായ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങള്‍ വിവിധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 45 ജേതാക്കള്‍ക്ക് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് (ഡിസംബർ 11, 2024) ന്യൂഡൽഹിയിൽ സമ്മാനിച്ചു.
രാജ്യത്തെ ജനസംഖ്യയുടെ 64 ശതമാനവും ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. അതിനാൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിന് ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും വികസനവും ശാക്തീകരണവും പ്രധാനമാണ്. സമഗ്ര ഫലപ്രാപ്തി ലക്ഷ്യമിട്ട് പഞ്ചായത്തുകളുടെ ശാക്തീകരണത്തിനായി കഴിഞ്ഞ ദശകത്തിൽ സര്‍ക്കാര്‍ നടത്തിയ ഗൗരവതരമായ ശ്രമങ്ങളില്‍ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു.
സ്വായംപര്യാപ്തവും കാര്യക്ഷമതയുമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വികസിത ഇന്ത്യയുടെ അടിത്തറ പാകാൻ സാധിക്കൂവെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വന്തമായി വരുമാന സ്രോതസ്സുകൾ വികസിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കാൻ പഞ്ചായത്തുകൾ ശ്രമിക്കണം. ഈ സ്വാശ്രയത്വം ഗ്രാമസഭകൾക്ക് ആത്മവിശ്വാസവും രാജ്യത്തിന് കരുത്തും പകരും.
'ദേശീയ പഞ്ചായത്ത് പുരസ്കാരം’ നേടിയ എല്ലാവരെയും രാഷ്ട്രപതി അഭിനന്ദിച്ചു. അർപ്പണബോധത്തിൻ്റെയും പരിശ്രമത്തിൻ്റെയും നേര്‍സാക്ഷ്യമാണ് പുരസ്കാരമെന്ന് അവർ പറഞ്ഞു. കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് ഈ ബഹുമതി അവരെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രാമവികസനത്തിന് അർത്ഥവത്തായ ശ്രമങ്ങൾ നടത്താൻ മറ്റ് ഗ്രാമപഞ്ചായത്തുകളെ പ്രചോദിപ്പിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ സ്ത്രീകളെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. താഴെത്തട്ടിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വനിതാ പ്രതിനിധികൾ സുപ്രധാന പങ്കുവഹിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന നിലയിൽ പഞ്ചായത്തുകളിൽ തങ്ങളുടെ ചുമതലകൾ നിർഭയമായും പൂര്‍ണ കാര്യക്ഷമതയോടെയും നിർവഹിക്കാൻ രാഷ്ട്രപതി അവരോട് അഭ്യർത്ഥിച്ചു. വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ചുമതലകൾ അവരുടെ കുടുംബാംഗങ്ങൾ നിർവഹിക്കുന്ന പ്രവണത ഇപ്പോഴും ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് രാഷ്ട്രപതി എടുത്തുപറഞ്ഞു. ഇത്തരം പ്രവണതകൾ ഉന്മൂലനം ചെയ്യാനും സ്വതന്ത്ര നേതാക്കളായി സ്വയം തെളിയിക്കാനും അവര്‍ വനിതാ പ്രതിനിധികളോട് പറഞ്ഞു.
ജനപ്രതിനിധികളെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാക്കുന്നത് തിരഞ്ഞെടുപ്പുകളാണെന്ന് രാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടുതന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയബന്ധിതമായും നീതിപൂർവവും നടക്കേണ്ടത് ഏറെ പ്രധാനമാണ്. തിരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവുമുണ്ടായ അക്രമ സംഭവങ്ങൾ അവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയ എപ്പോഴും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ഗ്രാമവാസികൾ അവര്‍ക്കിടയിൽനിന്ന് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അവരുടെ നന്മയ്ക്കുവേണ്ടിയാണെന്ന് ഓർക്കേണ്ടതുണ്ട്.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉത്തരവാദിത്തമുള്ളവരാക്കി ഭരണ നിര്‍വഹണത്തിൽ സുതാര്യത വർധിപ്പിക്കുകയാണ് പഞ്ചായത്തീരാജ് സംവിധാനത്തിൻ്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഏറെ വിശ്വാസത്തോടെയാണ് സമ്മതിദായകര്‍ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അതിനാൽ പെരുമാറ്റത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഈ വിശ്വാസം നിലനിർത്തേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കടമയാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്തുടനീളം ഗ്രാമങ്ങളിലെ മിക്ക തർക്കങ്ങളും പ്രാദേശിക തലത്തിൽ പരിഹരിക്കാനാവുന്നവയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കോടതിയിൽ പോകുന്നത് അവരുടെ പണവും സമയവും പാഴാക്കുക മാത്രമല്ല, കോടതിയിലും ഭരണകൂടത്തിലും അനാവശ്യ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമവാസികൾ തമ്മിലെ തർക്കങ്ങൾ പഞ്ചായത്ത് തലത്തിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളോടും അവർ അഭ്യർത്ഥിച്ചു. ഇതിന് അവര്‍ക്ക് അവകാശമുണ്ടെന്നും അവരുടെ കടമയാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം, നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം, ഗ്രാമ ഊർജ സ്വരാജ് വിശേഷ് പഞ്ചായത്ത് പുരസ്‌കാരം, കാർബൺ ന്യൂട്രൽ വിശേഷ് പഞ്ചായത്ത് പുരസ്‌കാരം, പഞ്ചായത്ത് ക്ഷമത നിർമാണ സര്‍വോത്തം സന്‍സ്ഥാന്‍ പുരസ്‌കാരം എന്നീ വിഭാഗങ്ങള്‍ 2024 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളിൽ ഉൾപ്പെടുന്നു. ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, ശിശുക്ഷേമം, ജലസംരക്ഷണം, ശുചിത്വം, അടിസ്ഥാനസൗകര്യം, സാമൂഹ്യനീതി, ഭരണനിര്‍വഹണം, സ്ത്രീ ശാക്തീകരണം എന്നിവയിൽ പഞ്ചായത്തുകളുടെ ശ്രമങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പുരസ്കാരങ്ങള്‍ ലക്ഷ്യമിടുന്നു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(Release ID: 2083550)
Visitor Counter : 7