ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ആയുഷ്മാൻ വയ വന്ദന കാർഡുകൾ 25 ലക്ഷം എന്ന നാഴികക്കല്ലിൽ

Posted On: 09 DEC 2024 2:05PM by PIB Thiruvananthpuram
ന്യൂഡൽഹി : ഡിസംബർ 09 ,2024 
 
പ്രധാനമന്ത്രി 2024 ഒക്ടോബർ 29-ന് സമാരംഭിച്ച ആയുഷ്മാൻ വയ വന്ദന കാർഡുകൾ രണ്ടു മാസത്തിനുള്ളിൽ 25 ലക്ഷം എന്ന ശ്രദ്ധേയമായ നാഴികക്കല്ലിൽ. 70‌ വയസും അതിൽകൂടുതലും പ്രായമുള്ള 22,000-ലധികം മുതിർന്ന പൗരന്മാർക്ക് പ്രയോജനപ്പെടുന്ന ആയുഷ്മാൻ വയ വന്ദന കാർഡ് ആരംഭിച്ചതിനുശേഷം 40 കോടിയിലധികം രൂപയുടെ ചികിത്സ ലഭ്യമാക്കി. കൊറോണറി ആൻജിയോപ്ലാസ്റ്റി, ഇടുപ്പ് ഒടിവ്/മാറ്റിവയ്ക്കൽ, പിത്തസഞ്ചി നീക്കം ചെയ്യൽ, തിമിര ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് റിസെക്ഷൻ, പക്ഷാഘാതം , ഹീമോഡയാലിസിസ്, എന്ററിക് ഫീവർ, ജ്വരസംബന്ധമായ മറ്റ് രോഗങ്ങൾ തുടങ്ങിയവയ്ക്ക് മുതിർന്ന പൗരന്മാർ ചികിത്സ തേടിയിട്ടുണ്ട്.

 2024 ഒക്‌ടോബർ 29-നാണ്, 70 വയസും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ്, 70 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന “ആയുഷ്മാൻ വയ വന്ദന കാർഡ്” നൽകിയത് .

 ആയുഷ്മാൻ വയ വന്ദന കാർഡ് 70 വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നു. ഇതിനകം AB PM-JAY യുടെ കീഴിൽ വരുന്ന കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കുന്നു. കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇസിഎച്ച്എസ്), ആയുഷ്മാൻ കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) എന്നിവയുൾപ്പെടെ വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ഇതിനകം പ്രയോജനപ്പെടുത്തുന്ന മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള പദ്ധതികളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ AB PM-JAYയോ തെരഞ്ഞെടുക്കാം. കൂടാതെ, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതിയിലെ അംഗങ്ങൾക്കോ AB PM-JAY-ൽ നിന്ന് പ്രയോജനം നേടാൻ അർഹതയുണ്ട്.
 
ഏകദേശം 2000 മെഡിക്കൽ നടപടിക്രമങ്ങൾക്കുള്ള ചികിത്സ ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ആദ്യ ദിനം മുതൽ കാത്തിരിപ്പു കാലയളവ് കൂടാതെ നിലവിലുള്ള എല്ലാ രോഗങ്ങൾക്കും പരിരക്ഷയേകുന്നു.

 ആയുഷ്മാൻ വയ വന്ദന കാർഡിന് അർഹതയുള്ള 70ഉം അതിൽ കൂടുതലും വയസുള്ള മുതിർന്ന പൗരന്മാർക്ക് വിവിധ മാർഗങ്ങളിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി പട്ടികപ്പെടുത്തിയ അടുത്തുള്ള ആശുപത്രിയെ സമീപിക്കാം. സ്വയം രജിസ്ട്രേഷന് യോഗ്യതയുള്ള പൗരന്മാർക്ക് ആയുഷ്മാൻ ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന്) ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ www.beneficiary.nha.gov.in സന്ദർശിക്കാം. ആയുഷ്മാൻ വയ വന്ദന കാർഡിനെക്കുറിച്ച് കൂടുതലറിയാൻ 14555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ 1800110770 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുകയോ ചെയ്യാം.
 
SKY

(Release ID: 2082317) Visitor Counter : 61