ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയുടെ വിദൂര കോണുകളിൽ പോലും സാങ്കേതിക വിദ്യകൾ എത്തിച്ചേരുന്നതിൽ ലോകം അദ്‌ഭുതം കൂറുന്നതായി ഉപരാഷ്ട്രപതി

2047-ഓടെ വികസിത ഇന്ത്യ എന്നത് വെറുമൊരു സ്വപ്നമല്ലെന്നും, മറിച്ച് നമ്മുടെ ലക്ഷ്യമാണെന്നും ഉപരാഷ്ട്രപതി

Posted On: 07 DEC 2024 5:26PM by PIB Thiruvananthpuram

140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ വിദൂര കോണുകളിൽ പോലും സാങ്കേതിക വിദ്യകൾ എത്തിച്ചേരുന്നത് ലോകം അദ്ഭുതത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. സാങ്കേതിക വിദ്യയിലൂടെ സേവന വിതരണം സുഗമമായി നടക്കുന്നു. വൈദ്യുതി ബില്ലടയ്‌ക്കാനും ഭരണരംഗത്തെ ഏതെങ്കിലും സേവനത്തിനുമായി പ്രായമായവർക്ക് വരി നിൽക്കേണ്ടി വന്നിരുന്നു. ടിക്കറ്റുകളോ പാസ്‌പോർട്ടോ എങ്ങനെ എടുക്കണമെന്ന് പോലും അറിയാമായിരുന്നില്ല. എന്നാൽ ഇന്ന് ഇതെല്ലാം അവർക്കുപോലും അറിയാമെന്ന് മാത്രമല്ല സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിയിരിക്കുന്നു. കാര്യങ്ങൾ അനായാസമായി നടക്കുന്നു. ഇതൊരു വലിയ വിപ്ലവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

2047-ഓടെ വികസിത ഇന്ത്യ എന്നത് വെറുമൊരു സ്വപ്നമല്ലെന്നും, മറിച്ച് നമ്മുടെ ലക്ഷ്യമാണെന്നും ബിഹാറിലെ മോത്തിഹാരിയിൽ മഹാത്മാഗാന്ധി കേന്ദ്ര സർവ്വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെ ശ്രീ ധൻഖർ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും ത്യാഗസന്നദ്ധതയും സംഭാവനകളും ആവശ്യമാണെന്നിരിക്കെ എല്ലവരും അതിന് തയ്യാറാകണം. വികസിത ഇന്ത്യ സാക്ഷാത്ക്കരിക്കാൻ നിലവിലെ ആളോഹരി വരുമാനം എട്ട് മടങ്ങ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ആദ്ദേഹം പറഞ്ഞു.

 

ബിഹാറിൽ സംഭവിക്കുന്ന അദ്‌ഭുതാവഹമായ പരിവർത്തനത്തെക്കുറിച്ച് ഉപരാഷ്ട്രപതി സൂചിപ്പിച്ചു. “ഈ ഭൂമി വീണ്ടും തിളങ്ങാൻ തുടങ്ങിയിരിക്കുന്നു. അപ്രത്യക്ഷമായ നളന്ദ വീണ്ടും ദൃശ്യമാകുന്നു. ഞാൻ നളന്ദ സന്ദർശിച്ചു. ഇവിടെ സർഗ്ഗാത്മകത പോഷിപ്പിക്കപ്പെടുന്നതും വികസനം സംഭവിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ക്രമസമാധാനപാലനത്തിൽ ഒരു പുതിയ മാനം  കൈവരിച്ചിരിക്കുന്നു. അത് ഒരു ചെറിയ കാര്യമല്ല; സുപ്രധാന നേട്ടമാണത്. അതുകൊണ്ട് നിങ്ങൾ ഒരു വലിയ കുതിച്ചുചാട്ടത്തിന് സജ്ജമാകണമെന്നാണ് എൻ്റെ അഭ്യർത്ഥന:

 

അർത്ഥവത്തായ ഒരു ഉദാഹരണം പങ്കുവെച്ചുകൊണ്ട്, ഉപരാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഒരു ആഹ്വാനം എടുത്തുപറഞ്ഞു: ഈ കലാലയത്തിൽഎത്തിയപ്പോൾ  പ്രധാനമന്ത്രിയുടെ ഒരു ആഹ്വാനമാണ് ഞാൻ ഓർത്തത്  -'നിങ്ങളുടെ അമ്മയുടെ പേരിൽ ഒരു മരം നട്ടുപിടിപ്പിക്കാനുള്ള ആഹ്വാനം. ഞാൻ ഒരു മരം നട്ടു. അത് കേവലം ഒരു വ്യക്തിയുടെ പ്രവൃത്തിയാണ്. എന്നാൽ 140 കോടി ജനങ്ങൾ ഇത് ഏറ്റെടുത്തതായി സങ്കൽപ്പിക്കുക! എത്ര വലിയ വിപ്ലവകരമായ പരിവർത്തനമായിരിക്കുമത്! അദ്ദേഹം ചോദിച്ചു.

 

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിൻ്റെ പ്രാധാന്യം ഉപരാഷ്ട്രപതി അടിവരയിട്ട് വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ മൂന്ന് പ്രധാന പോരായ്മകൾ സംഭവിക്കുന്നു. ഒന്നാമതായി, നമ്മുടെ കരുതൽ ശേഖരത്തിൽ നിന്ന് വിദേശനാണ്യം അനാവശ്യമായി പുറത്തേക്ക് ഒഴുകുന്നു. രണ്ടാമതായി, നാം വിദേശത്ത് നിന്ന് വിവിധ ഇനങ്ങൾ -പെയിൻ്റ്, ഷർട്ടുകൾ, ഫർണിച്ചറുകൾ, പട്ടം, വിളക്കുകൾ, മെഴുകുതിരികൾ, കർട്ടനുകൾ, അങ്ങനെ പലതും ഇറക്കുമതി ചെയ്യുമ്പോൾ നാമമാത്രമായ സാമ്പത്തിക നേട്ടമാണുണ്ടാകുന്നത്. എന്നാൽ ഇവ ആഭ്യന്തരമായി ഉത്പാദിപ്പിച്ചവയാണെങ്കിൽ എത്ര പേർക്ക് തൊഴിൽ ലഭിക്കുമെന്ന് ആലോചിക്കുക. ഇറക്കുമതി ചെയ്യുന്നതിലൂടെ നാം നമ്മുടെ സ്വന്തം സഹോദരങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ്. മൂന്നാമതായി, ഇത് ആഭ്യന്തര സംരംഭകരുടെ വളർച്ചയ്ക്ക് വിഘാതമാകുന്നു. ഒരു സാധാരണ പൗരന് പോലും  ഈ പ്രശ്നം പരിഹരിക്കാൻ പലതും ചെയ്യാൻ കഴിയും എന്നാണ് ഞാൻ പറയുന്നതിന്റെ സാരം.

 

പൂർവ്വ വിദ്യാർത്ഥി സംഘടനകളെക്കുറിച്ച് പരമശിക്കവെ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് ശ്രീ ധൻഖർ പറഞ്ഞു. സർവ്വകലാശാല ഫണ്ടിലേക്ക് പ്രതിവർഷം അല്ലെങ്കിൽ പ്രതിമാസം സംഭാവന നൽകുമെന്ന് ഈ സർവ്വകലാശാലയിലെ ഓരോ വിദ്യാർത്ഥിയും പ്രതിജ്ഞയെടുക്കണം.

 

തൻ്റെ പ്രസംഗം ഉപസംഹരിക്കവെ നൂതനമായി ചിന്തിക്കാനും അവസരങ്ങൾ കണ്ടെത്താനും ലഭ്യമായ അനന്തസാധ്യതകളെക്കുറിച്ച് ശിൽപശാലകളിലൂടെ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിക്കാനും അദ്ദേഹം   ആഹ്വാനം ചെയ്തു.  


(Release ID: 2082114) Visitor Counter : 21


Read this release in: English , Urdu , Marathi , Tamil