പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദില്‍ കാര്യകര്‍ സുവര്‍ണ മഹോത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
നമ്മുടെ സംസ്‌കാരത്തില്‍, സേവനത്തെ ഏറ്റവും മഹത്തായ മതമായി കണക്കാക്കുന്നു; ഭക്തി, വിശ്വാസം, ആരാധന എന്നിവയേക്കാള്‍ സേവനത്തിന് ഉയര്‍ന്ന സ്ഥാനം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി
സമൂഹത്തിന്റെയും രാജ്യത്തിന്റെയും വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് വ്യവസ്ഥാപിത സേവനത്തിനുണ്ട്: പ്രധാനമന്ത്രി
ഇന്ത്യ ലോകത്തിന് നല്‍കിയ മിഷന്‍ ലൈഫിന്റെ കാഴ്ചപ്പാട്, അതിന്റെ ആധികാരികത, അതിന്റെ പ്രഭാവം എന്നിവ നമുക്കാണു തെളിയിക്കാനാകുക; ‘ഏക് പേഡ് മാ കേ നാം’ യജ്ഞം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു: പ്രധാനമന്ത്രി
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ജനുവരിയില്‍, ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ സംഘടിപ്പിക്കും; ഇതില്‍ നമ്മുടെ യുവാക്കള്‍ അവരുടെ സംഭാവനകള്‍ വിശദീകരിച്ച് വികസിത ഭാരതമെന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിനായി അവരുടെ ആശയങ്ങള്‍ നല്‍കും: പ്രധാനമന്ത്രി
Posted On:
07 DEC 2024 7:36PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ നടന്ന കാര്യകര്‍ സുവര്‍ണ മഹോത്സവത്തെ വിദൂരദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. സദസിനെ അഭിസംബോധന ചെയ്യവെ, അദ്ദേഹം പരമപൂജ്യ ഗുരു ഹരി മഹന്ത് സ്വാമി മഹാരാജ്, ആദരണീയ സന്ന്യാസിമാര്‍, സത്സംഗി കുടുംബത്തിലെ അംഗങ്ങള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്തു. കാര്യകര്‍ സുവര്‍ണ മഹോത്സവത്തോടനുബന്ധിച്ച് സ്വാമി നാരായണന്റെ പാദങ്ങള്‍ക്ക് പ്രണാമം അര്‍പ്പിച്ച ശ്രീ മോദി, ഇന്ന് പ്രമുഖ് സ്വാമി മഹാരാജിന്റെ 103-ാം ജന്മവാര്‍ഷികം കൂടിയാണെന്ന് ചൂണ്ടിക്കാട്ടി. പരമപൂജ്യ ഗുരു ഹരി മഹന്ത് സ്വാമി മഹാരാജിന്റെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഭഗവാന്‍ സ്വാമി നാരായണന്റെ ഉപദേശങ്ങളും പ്രമുഖ് സ്വാമി മഹാരാജിന്റെ തീരുമാനങ്ങളും ഇന്ന് ഫലം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളുടെയും കുട്ടികളുടെയും സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ ഉള്‍പെടുന്ന ഇത്തരമൊരു ബൃഹത്തായ പരിപാടിക്ക് സാക്ഷ്യം വഹിച്ചതില്‍ സന്തുഷ്ടനാണെന്നും താന്‍ നേരിട്ട് ഈ വേദിയില്‍ ഇല്ലെങ്കിലും ഈ പരിപാടിയുടെ ഊര്‍ജം തനിക്ക് അനുഭവിച്ചറിയാന്‍ കഴിയുമെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. പരമപുജ്യ ഗുരു ഹരി മഹന്ത് സ്വാമി മഹാരാജിനെയും എല്ലാ സന്ന്യാസിമാരെയും അദ്ദേഹം അഭിനന്ദിച്ചു.
50 വര്‍ഷത്തെ സേവന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് കാര്യകര്‍ സുവര്‍ണ്ണ മഹോത്സവമെന്ന് പറഞ്ഞ ശ്രീ മോദി, 50 വര്‍ഷം മുമ്പ് സന്നദ്ധപ്രവര്‍ത്തകരെ രജിസ്റ്റര്‍ ചെയ്യുകയും സേവന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ ആരംഭിച്ചത് നൂതന സംരംഭമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ലക്ഷക്കണക്കിന് BAPS പ്രവര്‍ത്തകര്‍ അങ്ങേയറ്റം ഭക്തിയോടും അര്‍പ്പണബോധത്തോടും കൂടി സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘടനയുടെ വലിയ നേട്ടമായി ഇതിനെ പ്രശംസിച്ച ശ്രീ മോദി, BAPSനെ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
“ഭഗവാന്‍ സ്വാമി നാരായണന്റെ മാനുഷിക പ്രബോധനങ്ങളുടെ ആഘോഷമാണ് കാര്യകര്‍ സുവര്‍ണ മഹോത്സവം” - ശ്രീ മോദി പറഞ്ഞു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ആ ദശാബ്ദക്കാലത്തെ സേവനത്തിന്റെ മഹത്വമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. BAPSന്റെ സേവന യജ്ഞങ്ങള്‍ക്ക് അടുത്തിടപഴകുന്നതിന് സാക്ഷ്യം വഹിക്കാനായ തന്റെ ഭാഗ്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച ശ്രീ മോദി, ഭുജിലെ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങള്‍, നര്‍നാരായണ നഗര്‍ ഗ്രാമത്തിന്റെ പുനര്‍നിര്‍മാണം, കേരളത്തിലെ വെള്ളപ്പൊക്കം, ഉത്തരാഖണ്ഡിലെ ഉരുള്‍പൊട്ടലിന്റെ വേദന, അടുത്തിടെ ആഗോള മഹാമാരിയായ കൊറോണയുടെ ദുരന്തം തുടങ്ങിയ നിരവധി സമയങ്ങളില്‍ അവരോടൊപ്പം ചേരാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം കുടുംബമെന്ന നിലയില്‍ നില്‍ക്കുകയും എല്ലാവരെയും അനുകമ്പയോടെ സേവിക്കുകയും ചെയ്തതിന് കാര്യകര്‍ത്താക്കളെ അഭിനന്ദിച്ച ശ്രീ മോദി, കോവിഡ് കാലഘട്ടത്തില്‍ BAPS ക്ഷേത്രങ്ങള്‍ സേവന കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടതെങ്ങനെയെന്ന് എല്ലാവരും കണ്ടതായി പറഞ്ഞു. യുക്രൈനിൽ യുദ്ധത്തിന്റെ രൂക്ഷത വര്‍ധിച്ചപ്പോള്‍ ഗവണ്‍മെന്റിനെയും യുക്രൈനിൽ നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്തവരെയും BAPS പ്രവര്‍ത്തകര്‍ സഹായിച്ചത് എങ്ങനെയെന്ന് പ്രധാനമന്ത്രി വിവരിച്ചു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് BAPS പ്രവര്‍ത്തകരെ ഒറ്റരാത്രികൊണ്ട് ഒരുമിച്ചുകൂട്ടുകയും പോളണ്ടില്‍ എത്തുന്ന ധാരാളം ഇന്ത്യക്കാരെ സഹായിക്കുകയും ചെയ്ത അവരുടെ ദ്രുതഗതിയിലുള്ള സംഘാടനശക്തിയെ അദ്ദേഹം അഭിനന്ദിച്ചു. BAPSന്റെ ഈ സംഘാടന ശക്തി എടുത്തുകാട്ടി, ആഗോള തലത്തില്‍ മാനവികതയ്ക്ക് വേണ്ടിയുള്ള അവരുടെ സംഭാവന ശ്ലാഘനീയമാണെന്ന് ശ്രീ മോദി പറഞ്ഞു. കാര്യകര്‍ സുവര്‍ണ മഹോത്സവത്തോടനുബന്ധിച്ച് എല്ലാ BAPS പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇന്ന് അവരുടെ അശ്രാന്ത സേവനത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നുവെന്നും പറഞ്ഞു. തങ്ങളുടെ സേവനത്തിലൂടെ കോടിക്കണക്കിന് ആത്മാക്കളെ സ്പര്‍ശിക്കുകയും വിദൂര സ്ഥലങ്ങളിലാണെങ്കിലും സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ പ്രചോദനമാണെന്നും ആരാധനയ്ക്കും ആദരത്തിനും അര്‍ഹരാണെന്നും ശ്രീ മോദി പറഞ്ഞു.
BAPSന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സാധ്യതകളും സ്വാധീനവും ലോകത്ത് ശക്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോകത്തിലെ 28 രാജ്യങ്ങളിലായി 1800 സ്വാമി നാരായണ്‍ ക്ഷേത്രങ്ങളും ലോകമെമ്പാടുമായി 2,21,000-ലധികം ആത്മീയ കേന്ദ്രങ്ങളുമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും സേവനങ്ങളുടെ ഒന്നിലധികം പദ്ധതികള്‍ അവര്‍ ഏറ്റെടുക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ ആത്മീയ പൈതൃകവും സ്വത്വവും എന്ന നിലയില്‍ ലോകത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. BAPS ക്ഷേത്രങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക പ്രതിഫലനമാണെന്ന് പറഞ്ഞ ശ്രീ മോദി, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജീവിതസംസ്‌കാരത്തിന്റെ കേന്ദ്രങ്ങളാണ് അവയെന്നും അഭിപ്രായപ്പെട്ടു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് അബുദാബിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അത് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മീയ പൈതൃകത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാംസ്‌കാരിക മഹത്വവും മാനുഷിക ഔദാര്യവും ലോകം അറിഞ്ഞത് ഇത്തരം ശ്രമങ്ങളിലൂടെയാണെന്ന് പറഞ്ഞ മോദി എല്ലാ BAPS പ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
സ്വാമി നാരായണ്‍ ഭഗവാന്റെ തപസ്സിന്റെ ഫലമാണ് പ്രവര്‍ത്തകരുടെ തീരുമാനങ്ങള്‍ അനായാസം നിറവേറ്റാന്‍ സഹായിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭഗവാന്‍ സ്വാമി നാരായണ്‍ എല്ലാ ജീവജാലങ്ങളെയും, ദുരിതമനുഭവിക്കുന്ന ഓരോ വ്യക്തിയെയും പരിപാലിക്കുകയും തന്റെ ജീവിതത്തിലെ ഓരോ നിമിഷവും മനുഷ്യനന്മയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഭഗവാന്‍ സ്വാമി നാരായണ്‍ സ്ഥാപിച്ച മൂല്യങ്ങള്‍ BAPS ലോകമെമ്പാടും പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം BAPSന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു കവിതയുടെ ഏതാനും വരികള്‍ ചൊല്ലി.
BAPS, ഭഗവാൻ സ്വാമി നാരായൺ എന്നിവരുമായി കുട്ടിക്കാലം മുതൽ സഹവസിക്കാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്ന് പറഞ്ഞ ശ്രീ മോദി, പ്രമുഖ് സ്വാമി മഹാരാജിൽ നിന്ന് തനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവുമാണ് തൻ്റെ ജീവിതത്തിൻ്റെ മൂലധനമെന്ന് കൂട്ടിച്ചേർത്തു. പ്രമുഖ് സ്വാമിജിയുമായി നിരവധി വ്യക്തിപരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് തൻ്റെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയും ആകുന്നതിന് മുമ്പുള്ള തൻ്റെ യാത്രയിലെ ഓരോ നിമിഷത്തിലും പ്രമുഖ് സ്വാമിജി തന്നെ നയിച്ചിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നർമ്മദയിലെ ജലം സബർമതിയിൽ എത്തിയപ്പോൾ പരമപൂജ്യ പ്രമുഖ് സ്വാമിജി തന്നെ അത് സ്വീകരിക്കാൻ നേരിട്ടു വന്ന ചരിത്ര സന്ദർഭത്തേയും ശ്രീ മോദി അനുസ്മരിച്ചു. സ്വാമിജിയുടെ നേതൃത്വത്തിൽ സ്വാമിനാരായൺ മഹാമന്ത്ര മഹോത്സവവും സ്വാമി നാരായൺ മന്ത്രലേഖൻ മഹോത്സവവും സംഘടിപ്പിച്ചതിൻ്റെ അവിസ്മരണീയ നിമിഷങ്ങളേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമിജി തന്നോട് കാട്ടിയ ആത്മീയ വാത്സല്യം തന്നിൽ ഒരു മകന് ലഭിക്കുന്ന ഊഷ്മളമായ അനുഭൂതി പകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുക്ഷേമ പ്രവർത്തനങ്ങളിൽ തനിക്ക് എപ്പോഴും പ്രമുഖ് സ്വാമി മഹാരാജിൻ്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.
സേവനത്തെ ഏറ്റവും മഹത്തരമായി കണക്കാക്കുന്നു എന്നർത്ഥമുള്ള ‘സേവാപരം ധർമ്മം’ എന്ന സംസ്‌കൃത വാക്യം ഉരുവിട്ട പ്രധാനമന്ത്രി, ഇവ കേവലം വാക്കുകളല്ലെന്നും നമ്മുടെ ജീവിതമൂല്യങ്ങളും സേവനങ്ങളും ഭക്തി, വിശ്വാസം, ആരാധന എന്നിവയെക്കാൾ വളരെ ഉയർന്നതാണെന്നും അഭിപ്രായപ്പെട്ടു. പൊതുസേവനം ജനസേവനത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സേവനത്തിൽ ഞാനെന്ന ചിന്തയ്ക്കു സ്ഥാനമില്ലെന്നും അത് വ്യക്തികളുടെ ആത്മീയ യാത്രയ്ക്ക് ദിശാബോധം നൽകുന്നതായും കാലക്രമേണ അതിനെ ശക്തിപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി. മാത്രമല്ല ലക്ഷക്കണക്കിന് തൊഴിലാളികളുമായി ചേർന്ന് ഒരു സ്ഥാപനമെന്ന നിലയിൽ സംഘടിത രൂപത്തിൽ ഈ സേവനം നടത്തിയപ്പോൾ അത്ഭുതകരമായ ഫലമാണ് കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനങ്ങൾ വഴിയുള്ള ഇത്തരം സേവനങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും സമൂഹത്തിൻ്റെയും രാജ്യത്തിൻ്റെയും നിരവധി തിന്മകളെ ഉന്മൂലനം ചെയ്യാനുമുള്ള കഴിവുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് തൊഴിലാളികൾ ഒരു പൊതുലക്ഷ്യവുമായി സേവനനിരതരാകുമ്പോൾ അത് രാജ്യത്തിൻ്റെയും സമൂഹത്തിൻ്റെയും വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാജ്യം 'ഒരു വികസിത ഇന്ത്യ' എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ സ്വാഭാവികമായും ജനങ്ങൾ ഒരുമിച്ചു വരികയാണെന്നും വലിയ എന്തെങ്കിലും ചെയ്യാനുള്ള മനോഭാവമാണ് എല്ലാ മേഖലയിലും കാണുന്നതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്വച്ഛ് ഭാരത് മിഷൻ, പ്രകൃതിദത്ത കൃഷി, പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം, പെൺമക്കളുടെ വിദ്യാഭ്യാസം, ആദിവാസി ക്ഷേമം എന്നിവയുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച്, രാജ്യത്തെ ജനങ്ങൾ രാഷ്ട്രനിർമ്മാണത്തിൻ്റെ പ്രയാണത്തിന് നേതൃത്വം നൽകുന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. എല്ലാ കാര്യകർത്താക്കളും ഒരു തീരുമാനം ഏറ്റെടുത്ത് അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക, നാനാത്വത്തിൽ ഏകത്വം എന്ന വികാരം പ്രചരിപ്പിക്കുക, യുവാക്കളെ സംരക്ഷിക്കാൻ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ പോരാടുക, നദികളെ പുനരുജ്ജീവിപ്പിക്കുക, അല്ലെങ്കിൽ ഭൂമിയുടെ ഭാവി സംരക്ഷിക്കാൻ സുസ്ഥിരമായ ജീവിതശൈലി അനുവർത്തിക്കുക തുടങ്ങി നിരവധി കാര്യങ്ങളിൽ പ്രവർത്തിക്കാൻ അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. ഇന്ത്യ ലോകത്തിന് മുഴുവൻ നൽകിയ മിഷൻ ലൈഫ് ദർശനത്തിൻ്റെ ആധികാരികതയും സ്വാധീനവും തെളിയിക്കാൻ ശ്രീ മോദി കാര്യകർത്താക്കളോട് അഭ്യർത്ഥിച്ചു. ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തുന്ന ഏക് പേഡ് മാ കേ നാം, ഫിറ്റ് ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ, മില്ലറ്റ്സ് തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കാനും അവർക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ജനുവരിയിൽ സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ' ഇന്ത്യയിലെ യുവജനങ്ങൾ അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുമെന്നും വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം പൂർത്തീകരിക്കുന്നതിനുള്ള തങ്ങളുടെ സംഭാവനയുടെ രൂപരേഖ തയ്യാറാക്കുമെന്നും ശ്രീ മോദി പറഞ്ഞു. ഇതിൽ എല്ലാ യുവ കാര്യകർത്താക്കളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബഹുമാന്യനായ പ്രമുഖ് സ്വാമി മഹാരാജ്, ഇന്ത്യയുടെ കുടുംബ സംസ്‌കാരത്തിന് പ്രത്യേക ഊന്നൽ നൽകിയിരുന്നുവെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, 'ഘർസഭ'യിലൂടെ പ്രമുഖ് സ്വാമിജി സമൂഹത്തിൽ കൂട്ടുകുടുംബം എന്ന സങ്കൽപ്പം ശക്തിപ്പെടുത്തിയതായും അടിവരയിട്ടു. ഈ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രീ മോദി കാര്യകർത്താക്കളോട് അഭ്യർത്ഥിച്ചു. '2047 ഓടെ വികസനം' എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ന് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് കൂട്ടിച്ചേർത്ത പ്രധാനമന്ത്രി, അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിൻ്റെ യാത്ര ഓരോ BAPS പ്രവർത്തകനും എന്നപോലെ ഇന്ത്യയ്ക്കും പ്രധാനമാണെന്നും പ്രത്യേകം എടുത്തുപറഞ്ഞു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, സ്വാമി നാരായൺ ഭഗവാൻ്റെ അനുഗ്രഹത്താൽ BAPS പ്രവർത്തകരുടെ ഈ സേവന പ്രചാരണ പരിപാടി തടസ്സമില്ലാത്ത വേഗതയിൽ മുന്നോട്ട് പോകുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***
SK
(Release ID: 2082083)
Visitor Counter : 19
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada