രാഷ്ട്രപതിയുടെ കാര്യാലയം
ഒഡിഷ അഗ്രികൾച്ചർ ആൻഡ് ടെക്നോളജി സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
05 DEC 2024 12:46PM by PIB Thiruvananthpuram
ഒഡീഷയിലെ ഭുവനേശ്വറിൽ ഒഡീഷ അഗ്രികൾച്ചർ ആൻഡ് ടെക്നോളജി സർവകലാശാലയുടെ ഇന്ന് (ഡിസംബർ 5, 2024) നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
വിദ്യാർഥികളുടെ ശോഭനമായ ഭാവിയിലേക്കുള്ള പാത തുറന്നു നൽകുന്നതാണ് ബിരുദദാന ദിനം എന്ന് രാഷ്ട്രപതി പറഞ്ഞു. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ അറിവിൻ്റെയും കഴിവുകളുടെയും കഠിനമായ പരിശോധനകൾ നേരിടേണ്ടിവരുന്ന മറ്റൊരു ആവാസവ്യവസ്ഥയിലേക്കാണ് വിദ്യാർത്ഥികൾ പ്രവേശിക്കുന്നതെന്ന് അവർ പറഞ്ഞു. വിദ്യാർത്ഥികൾ ആർജ്ജിക്കുന്ന അറിവിൻ്റെയും വൈദഗ്ധ്യത്തിൻ്റെയും ഏറ്റവും മികച്ച പ്രയോഗത്തിലൂടെ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ നൂതന ആശയങ്ങളിലൂടെയും സമർപ്പിത പ്രവർത്തനങ്ങളിലൂടെയും 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ദേശീയ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാനും രാഷ്ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
ഭക്ഷ്യധാന്യങ്ങൾക്കായി നാം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇപ്പോൾ ഭക്ഷ്യധാന്യങ്ങളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും നാം കയറ്റുമതി ചെയ്യുന്നു. നമ്മുടെ കാർഷിക ശാസ്ത്രജ്ഞരുടെ മാർഗനിർദേശവും നമ്മുടെ കർഷകരുടെ അശ്രാന്ത പരിശ്രമവും കൊണ്ടാണ് ഇത് സാധ്യമായത്.
കൃഷിയുടെയും കർഷകരുടെയും വികസനം കൂടാതെ രാജ്യത്തിൻ്റെ സമഗ്ര വികസനം സാധ്യമല്ലെന്ന് രാഷ്ട്രപതി പറഞ്ഞു. കൃഷി, മത്സ്യ ഉൽപ്പാദനം, കന്നുകാലികൾ എന്നിവയുടെ വികസനത്തിലൂടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാകും. പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതികൂല ഫലങ്ങൾ, കൃഷിയുടെ ആളോഹരി വ്യാപ്തി കുറയൽ, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം തുടങ്ങിയ പുതിയ വെല്ലുവിളികൾ ഇന്ന് കാർഷികമേഖല നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ, നമ്മുടെ ശാസ്ത്രജ്ഞർ സമയബന്ധിതമായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും വേണം. പരിസ്ഥിതി സംരക്ഷണം, മണ്ണിൻ്റെ ആരോഗ്യ സംരക്ഷണം, ജല-മണ്ണ് സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ മികച്ച ഉപയോഗം എന്നിവയ്ക്ക് നാം ഊന്നൽ നൽകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായ ഉയർന്ന താപനില, ഹരിതഗൃഹ വാതകങ്ങളുടെ ബഹർഗമനത്തിലെ വർദ്ധന എന്നിവ കാർഷിക ഉൽപാദനത്തെ ബാധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം നേരിടാൻ കാർഷിക ശാസ്ത്രജ്ഞർക്ക് സുപ്രധാനമായ ഉത്തരവാദിത്തമുണ്ട്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗവും നമ്മുടെ കാർഷിക മേഖലയ്ക്ക് പുതിയ വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ട്. മണ്ണ്, ജലം, പരിസ്ഥിതി എന്നിവയിൽ ഈ വെല്ലുവിളികൾ ഉയർത്തുന്ന ദൂഷ്യഫലങ്ങൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ യുവ ശാസ്ത്രജ്ഞർ പരിഹാരം കണ്ടെത്തുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
*****************
(Release ID: 2081302)
Visitor Counter : 10