രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പുരിയിലെ ഗോപബന്ധു ആയുർവേദ മഹാവിദ്യാലയത്തിൻ്റെ 75-ാം വാർഷികാഘോഷത്തിന് രാഷ്‌ട്രപതി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 04 DEC 2024 7:19PM by PIB Thiruvananthpuram
ഒഡീഷയിലെ പുരിയിൽ 2024 ഡിസംബർ 4 ന് നടന്ന ഗോപബന്ധു ആയുർവേദ മഹാവിദ്യാലയത്തിൻ്റെ 75-ാം വാർഷിക ആഘോഷത്തിൽ രാഷ്‌ട്രപതി  ശ്രീമതി ദ്രൗപതി മുർമു പങ്കെടുത്തു.


ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, 3-ഡി പ്രിൻ്റിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ പഠനത്തിനും വികസനത്തിനും സഹായകമായി വർത്തിക്കുന്നു. നാം ഇന്നിന്റെ ആവശ്യകതകൾ തിരിച്ചറിയുകയും ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കുകയും വേണം. എന്നാൽ, ഭൂതകാലത്തെക്കുറിച്ചുള്ള അവഗാഹമില്ലാതെ വർത്തമാനകാലത്തെ മനസ്സിലാക്കുക സാധ്യമല്ല. ഭാവിയുടെ ഗതി തീരുമാനിക്കാനും കഴിയില്ല. നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ജ്യോതിഷം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, വാസ്തുവിദ്യ എന്നീ മേഖലകളിൽ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ആര്യഭട്ടൻ, ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ, ഭാസ്കരാചാര്യർ തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞർ ശാസ്ത്രമേഖലയെ പോഷിപ്പിച്ചു. വൈദ്യശാസ്ത്രരംഗത്ത് ചരകൻ്റെയും സുശ്രുതൻ്റെയും സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.


പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങൾ രോഗപ്രതിരോധത്തിനും രോഗശമനത്തിനും തുല്യ പ്രാധാന്യം നൽകുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോപബന്ധു ആയുർവേദ മഹാവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം ആയുർവേദത്തിന്റെ ഇനിയും വെളിച്ചം വീശാത്ത മേഖലകളെക്കുറിച്ച് ഗവേഷണം നടത്തുമെന്ന പ്രത്യാശയും രാഷ്‌ട്രപതി പങ്കുവച്ചു. ഗവേഷണത്തിലൂടെ ഈ പൗരാണിക വൈദ്യശാസ്ത്ര  സമ്പ്രദായത്തിൻ്റെ ആധികാരികത സ്ഥാപിക്കപ്പെടുമെന്നും ലോകമെമ്പാടും അതിൻ്റെ സ്വീകാര്യത വർദ്ധിക്കുമെന്നും ശ്രീമതി ദ്രൗപതി മുർമു പറഞ്ഞു.


പച്ചമരുന്നുകളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും പൗരാണിക കാലം മുതൽക്ക് തന്നെ  ഗോത്രവിഭാഗക്കാർക്ക് അറിയായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. പക്ഷേ, ഈ പരമ്പരാഗത അറിവ് ഇപ്പോൾ മെല്ലെ നഷ്ടപ്പെടുകയാണ്. ഈ കലാലയത്തിലെ വിദ്യാർത്ഥികൾ, പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് പര്യവേക്ഷണം നടത്തുമെന്ന് രാഷ്‌ട്രപതി പ്രതീക്ഷ പ്രകടിപ്പിച്ചു. അതിലൂടെ നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ എന്നെന്നേക്കുമായി നഷ്ടമാകുന്നത് തടഞ്ഞ് അവയെ സംരക്ഷിക്കാൻ കഴിയുമെന്ന് ശ്രീമതി ദ്രൗപതി മുർമു പറഞ്ഞു.
 
**************
 

( റിലീസ് ഐ.ഡി: 2080940) സന്ദര്‍ശക കൗണ്ടര്‍ : 69
ഈ റിലീസ് വായിക്കുക: Odia , English , Urdu , हिन्दी , Punjabi , Punjabi , Tamil