പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ ചണ്ഡീഗഢിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും


പരിപാടിയുടെ പ്രമേയം: "സുരക്ഷിത സമൂഹം, വികസിത ഇന്ത്യ - ശിക്ഷയിൽനിന്ന് നീതിയിലേക്ക്"

Posted On: 02 DEC 2024 6:53PM by PIB Thiruvananthpuram

പരിവർത്തനാത്മകമായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന്  പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ 2024 ഡിസംബർ 3 ന് ഉച്ചയ്ക്ക് 12ന്  ചണ്ഡീഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.

സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന കോളനിവാഴ്ചക്കാലത്തെ  നിയമങ്ങൾ നീക്കം ചെയ്യുന്നതിനും ശിക്ഷയിൽ നിന്ന് നീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നീതിന്യായ വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് മൂന്ന് നിയമങ്ങളുടെയും ആശയരൂപീകരണത്തിന് കാരണമായത്. ഇത് കണക്കിലെടുത്താണ്, ഈ പരിപാടിയുടെ പ്രമേയം "സുരക്ഷിത സമൂഹം, വികസിത ഇന്ത്യ- ശിക്ഷയിൽ നിന്ന് നീതിയിലേക്ക്" എന്ന് തീരുമാനിച്ചത്.

2024 ജൂലൈ 1-ന് രാജ്യവ്യാപകമായി നടപ്പിലാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ, ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ സുതാര്യവും കാര്യക്ഷമവും സമകാലിക സമൂഹത്തിൻ്റെ ആവശ്യങ്ങൾക്ക് അനുയോജ്യവുമാക്കാൻ ലക്ഷ്യമിടുന്നതാണ്. സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കൽ തുടങ്ങിയ ആധുനിക വെല്ലുവിളികളെ നേരിടാൻ പുതിയ ചട്ടക്കൂടുകൾ കൊണ്ടുവന്ന നാഴികക്കല്ലായ ഈ പരിഷ്കരണങ്ങൾ, ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ചരിത്രപരമായ പുനർനിർമാണത്തെ അടയാളപ്പെടുത്തുന്നു.

പ്രായോഗികതലത്തിൽ ഈ നിയമങ്ങൾ  പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്ന് പരിപാടിയിൽ പ്രദർശിപ്പിക്കും. ക്രിമിനൽ നീതി സംവിധാനത്തെ അവ എങ്ങനെ പുനർരൂപകൽപ്പന ചെയ്യുന്നുവെന്നും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ നിയമങ്ങൾ ഏതു രീതിയിൽ പ്രാബല്യത്തിൽ വരുന്നുവെന്നു വ്യക്തമാക്കുന്ന തത്സമയ പ്രദർശനവും സംഘടിപ്പിക്കും.

****

SK


(Release ID: 2079944) Visitor Counter : 72