ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നമ്മുടെ ചരിത്രം കൃത്രിമമായി വ്യാജവല്‍ക്കരിക്കപ്പെടുകയും ഏതാനും പേരുടെ കുത്തകയാക്കുകയും ചെയ്തുവെന്ന് എടുത്തുപറഞ്ഞ് ഉപരാഷ്ട്രപതി

'വികസിത് ഭാരത് @2047' കൈവരിക്കാന്‍ കർഷകരെ സംതൃപ്തരാക്കണമെന്നും ഉപരാഷ്ട്രപതി

Posted On: 01 DEC 2024 2:51PM by PIB Thiruvananthpuram

നമ്മുടെ ചരിത്രത്തില്‍ കൃത്രിമം കാണിക്കുകയും വ്യാജവല്‍ക്കരിക്കുകയും അതുവഴി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരില്‍ ചിലരുടെ കുത്തകയാക്കി മാറ്റുകയും ചെയ്തുവെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.  നാം വലിയ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്ന്  ഉറച്ചു വിശ്വസിക്കുന്നതായും അതിന് 1915-ലെ ആദ്യ ഭാരത സർക്കാരിൻ്റെ രൂപീകരണ സമയത്തെക്കാള്‍ മികച്ച അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാജാ മഹേന്ദ്ര പ്രതാപ് സ്വതസിദ്ധ നയതന്ത്രജ്ഞനും, രാഷ്ട്രതന്ത്രജ്ഞനും ദർശകനും ദേശീയവാദിയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ 138-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെ ശ്രീ ധന്‍ഖര്‍ പറഞ്ഞു.  ദേശീയത, ദേശസ്‌നേഹം, ദീര്‍ഘവീക്ഷണം എന്നിവയുടെ മികച്ച മാതൃകയിലൂടെ രാജ്യത്തിനുവേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന് അദ്ദേഹം തെളിയിച്ചതായി ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര നായകര്‍ അംഗീകരിക്കപ്പെടാത്തതിലെ വേദന പങ്കുവെയ്ക്കവെ, ഈ മഹദ് വ്യക്തിയുടെ വീരകൃത്യങ്ങൾ തിരിച്ചറിയുന്നതിൽ നാം ദയനീയമായി പരാജയപ്പെട്ടുവെന്ന്  ശ്രീ ധൻഖർ പറഞ്ഞു.  നമ്മുടെ ചരിത്രം അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകിയില്ല. രാജാ മഹേന്ദ്ര പ്രതാപ് സിംഗ് പോലെ അറിയപ്പെടാത്തവരോ വേണ്ടത്ര അംഗീകരിക്കപ്പെടാത്തവരോ ആയ നിരവധി പേരുടെ  പരമോന്നത ത്യാഗത്തിലൂടെയാണ് നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ അടിത്തറ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വികസിത രാജ്യമെന്ന പദവി കൈവരിക്കുന്നതിന് കർഷകക്ഷേമത്തിന്റെ അനിവാര്യതയെക്കുറിച്ചും ചടങ്ങിൽ  ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. 

അർഹരായ ചില ഭാരതപുത്ര‍ർക്ക്  ഭാരതരത്‌ന നൽകുന്നതിലെ കാലതാമസത്തെ പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു: “1990 ലാണ് ഡോ. ബി.ആർ. അംബേദ്കറിന് ഭാരതരത്ന ലഭിച്ചത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായത്? പക്ഷേ പിന്നീട് രാജ്യത്ത് രാഷ്ട്രീയ മാറ്റമുണ്ടായി. ശേഷം ഈയിടെ ചൗധരി ചരൺ സിംഗിനും കർപ്പൂരി താക്കൂറിനും ഭാരത് രത്ന പുരസ്കാരം ലഭിച്ചു. അവർ നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. അവര്‍ നമ്മുടെ മനസ്സിനെ കീഴടക്കുന്നു. അവർ കർഷകരിലും ഗ്രാമീണ ഭാരതത്തിലും വിശ്വാസമര്‍പ്പിച്ചു. രാജ്യത്തിന്റെ ഈ രണ്ട് മഹാത്മാക്കൾക്കും ഭാരതരത്ന ലഭിക്കുകയുണ്ടായി.” 

നമ്മുക്ക് വഴികാട്ടിയ പലരെയും നാം ഏറെക്കാലമായി അവഗണിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവരാണ് രാജ്യത്തിനായി ഏറ്റവും വലിയ ത്യാഗം ചെയ്തത്. ഇപ്പോള്‍ നാം ആദിവാസി ദിനം ആചരിക്കാൻ തുടങ്ങിയിരിക്കുന്നു. എങ്കിലും ഒരിക്കലുമില്ലാതിരിക്കുന്നതിനെക്കാള്‍ നല്ലത് വൈകിയെങ്കിലും സംഭവിക്കുന്നതാണ്.  പരാക്രം ദിനം നാം ആഘോഷിച്ചു; യഥാര്‍ത്ഥത്തില്‍  രാജാ മഹേന്ദ്ര പ്രതാപ്  സുഭാഷ് ചന്ദ്രബോസിനും മുന്നിലായിരുന്നു.  ഒരു തരത്തിൽ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയ്ക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം: 

https://pib.gov.in/PressReleasePage.aspx?PRID=2079506


(Release ID: 2079630) Visitor Counter : 13


Read this release in: English , Urdu , Hindi , Tamil , Telugu