പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
വെറും രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യ ഊർജ വാരം (ഇന്ത്യ എനർജി വീക്ക് -IEW) ആഗോള ഊർജ കലണ്ടറിൻ്റെ പ്രധാന ഭാഗമാകും: പെട്രോളിയം മന്ത്രി ശ്രീ ഹർദീപ് പുരി
IEW യുടെ അടുത്ത പതിപ്പ് 2025 ഫെബ്രുവരി 11 മുതൽ 14 വരെ ദ്വാരകയിലെ യശോഭൂമിയിൽ നടക്കും: മന്ത്രി ശ്രീ പുരി
Posted On:
26 NOV 2024 9:16PM by PIB Thiruvananthpuram
ഇന്ത്യയിലെ ഹൈഡ്രോകാർബൺ വ്യവസായത്തിൻ്റെ അപ്‌സ്ട്രീം, മിഡ്‌സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിൽ കേന്ദ്രഗവൺമെൻ്റ് നിർണായക പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുള്ളതായി പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഇന്ന് ഒരു പരിപാടിയിൽ പറഞ്ഞു. ഈ പരിഷ്‌കാരങ്ങളിൽ അസംസ്കൃത എണ്ണയുടെ വിതരണത്തിലെ വൈവിധ്യവൽക്കരണം , വാതകത്തിന്റെ വിലനിർണ്ണയ പരിഷ്‌കരണങ്ങൾ, NO-GO മേഖലകൾ തുറക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. രാജ്യത്ത് സുസ്ഥിരവും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഊർജ്ജ ഭാവി സൃഷ്ടിക്കുന്നതിനായാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീ പുരി പറഞ്ഞു. ഓയിൽഫീൽഡ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒആർഡി) നിയമത്തിലെ ഭേദഗതികളും റിഫൈനറി ശേഷി വിപുലീകരിക്കാനും പെട്രോളിലെ എഥനോൾ മിശ്രണം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളും മന്ത്രി എടുത്തുപറഞ്ഞു.
FIPI ഓയിൽ & ഗ്യാസ് 2023 പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുരുഷ, വനിതാ വിഭാഗങ്ങളിലെ "യംഗ് അച്ചീവർ ഓഫ് ദ ഇയർ" പുരസ്കാരവും മന്ത്രി നൽകി . പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി, എംഒപിഎൻജി സെക്രട്ടറി ശ്രീ പങ്കജ് ജെയിൻ, വിവിധ എണ്ണ /വാതക പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎംഡിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഊർജ മേഖലയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മൂന്ന് വർഷത്തെ റഫറൻസ് കാലയളവിൽ ഇന്ധന വില കുറച്ചത് പോലുള്ള സുപ്രധാന നേട്ടങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ച ഏക രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമായി താരതമ്യം ചെയ്യുമ്പോൾ എൽപിജി സിലിണ്ടർ വില ഏറ്റവും കുറഞ്ഞ നിരക്കിൽ ഉള്ള രാജ്യമാണ് ഇന്ത്യ എന്നും , PMUY കുടുംബങ്ങൾക്ക് ഇത് പ്രതിദിനം 6 രൂപയും PMUY അല്ലാത്ത കുടുംബങ്ങൾക്ക് 14 രൂപയുമാണ് എന്നും മന്ത്രി പറഞ്ഞു.
പെട്രോളിൽ എഥനോൾ മിശ്രണം ചെയ്യുന്നത് 2014ലെ 1.53 ശതമാനത്തിൽ നിന്ന് 2024 ൽ 16 ശതമാനമായി വർധിപ്പിക്കുന്നതിൽ ഗവണ്മെന്റിന്റെ വിജയവും അടുത്ത വർഷം 20 ശതമാനത്തിലെത്തുകയെന്ന ലക്ഷ്യവും ശ്രീ പുരി എടുത്തുപറഞ്ഞു. ഈ നേട്ടം, ബ്രസീലിന് പിന്നിൽ ജൈവ ഇന്ധന മിശ്രിതത്തിൽ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നു.
ഗവൺമെൻ്റ് സംരംഭങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസവും മുന്നോട്ട് നയിച്ച ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ കുതിച്ചുചാട്ടത്തോടെ ഇന്ത്യയുടെ ഊർജ ഭൂപ്രകൃതി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ സംരംഭകർ ഡീപ്‌ടെക്കിൽ 1,400-ലധികം പേറ്റൻ്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും ഏകദേശം 120 യൂണികോണുകളുമായി രാജ്യത്തെ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥ ഇപ്പോൾ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്.
ഇന്ത്യ എനർജി വീക്കിൻ്റെ (IEW) 2024 രണ്ടാം പതിപ്പ് മികച്ച വിജയമാക്കിയതിന് പങ്കെടുത്ത എല്ലാവരെയും ചടങ്ങിൽ സംസാരിച്ച ശ്രീ പുരി അഭിനന്ദിച്ചു. 2024-25 ലെ ഇന്ത്യ എനർജി വീക്കിൻ്റെ (IEW) അടുത്ത പതിപ്പ് 2025 ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂഡൽഹിയിലെ ദ്വാരകയിലെ യശോഭൂമിയിൽ നടക്കുമെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച, വികസിക്കുന്ന ഉപഭോക്തൃ അടിത്തറ, അനുകൂലമായ നിക്ഷേപ അന്തരീക്ഷം എന്നിവ കാരണം രണ്ട് വർഷം കൊണ്ട് , ഇന്ത്യ എനർജി വീക്ക് ആഗോള ഊർജ്ജ കലണ്ടറിൽ അതിൻ്റെ സ്ഥാനം ഉറപ്പിച്ചു.
വരാനിരിക്കുന്ന IEW 2025-ൻ്റെ പ്രധാന സവിശേഷതകൾ മന്ത്രി പങ്കുവെച്ചു. അതിൽ 700-ലധികം പ്രദർശകരും 105 കോൺഫറൻസുകളും 70,000-ലധികം പ്രതിനിധികളും ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 പതിപ്പിൽ 600-ലധികം പ്രദർശകരുടെയും തന്ത്രപരമായ 45 സമ്മേളനങ്ങളിലും 46 സാങ്കേതിക സമ്മേളനങ്ങളിലും മികച്ച പങ്കാളിത്തവും ഉണ്ടായി . IEW 2025,പത്തിലധികം രാജ്യങ്ങളുടെ പവലിയനുകൾക്ക് ആതിഥേയത്വം വഹിക്കും. ഇത് ഇന്ത്യയുടെ ഊർജ്ജ ആവാസവ്യവസ്ഥയുടെ ആഗോള പ്രാധാന്യം കൂടുതൽ വ്യക്തമാക്കും . IEW 2025 നെ ഒരു സമ്മേളനം എന്നതിലുപരിയായി ഹരിതവും മികച്ചതും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഊർജ്ജ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു മുന്നേറ്റമായി പരിഗണിക്കാൻ അദ്ദേഹം എല്ലാ പങ്കാളികളോടും ആഹ്വാനം ചെയ്തു.
ഊർജ സ്വാശ്രയത്തിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ ശക്തിപ്പെടുത്തുന്നതിന് നൽകുന്ന സംഭാവനകൾക്ക്, പുരസ്‌കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടവരെയും ജേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.
(Release ID: 2077920)
Visitor Counter : 33