പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 22 NOV 2024 4:12AM by PIB Thiruvananthpuram

ആദരണീയ പ്രസിഡൻ്റ് ഇർഫാൻ അലി,
പ്രധാനമന്ത്രി മാർക്ക് ഫിലിപ്സ്,
വൈസ് പ്രസിഡൻ്റ് ഭരത് ജഗ്ദിയോ,
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് റാമോട്ടർ,
ഗയാനീസ് മന്ത്രിസഭാ അംഗങ്ങൾ,
ഇൻഡോ-ഗയാനീസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ,

മഹതികളെ മാന്യവ്യക്തിത്വങ്ങളേ,

നമസ്കാരം!

സീതാറാം!

ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി  തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. "ഏക് പേഡ് മാ കേ നാം", അതായത്, "അമ്മയ്‌ക്കായി ഒരു മരം" എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.

സുഹൃത്തുക്കളേ,

ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ 'ഓർഡർ ഓഫ് എക്‌സലൻസ്' ലഭിച്ചതിൽ എനിക്ക് വലിയ അഭിമാനം തോന്നി. ഈ അം​ഗീകാരത്തിന് ഗയാനയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. 1.4 ബില്യൺ ഇന്ത്യക്കാരുടെ ബഹുമതിയാണിത്. ഇത് മൂന്ന് ലക്ഷം ശക്തമായ ഇന്തോ-ഗയാനീസ് സമൂഹത്തിൻ്റെ അംഗീകാരവും ഗയാനയുടെ വികസനത്തിന് അവർ നൽകിയ സംഭാവനകളുമാണ്.

സുഹൃത്തുക്കളേ,

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നിങ്ങളുടെ മനോഹരമായ രാജ്യം സന്ദർശിച്ചതിൻ്റെ മികച്ച ഓർമ്മകൾ എനിക്കുണ്ട്. ആ സമയത്ത് ഞാൻ ഒരു ഔദ്യോഗിക പദവിയും വഹിച്ചിരുന്നില്ല. ഒരു യാത്രികനായാണ് ഞാൻ ഗയാനയിൽ വന്നത്, കൗതുകത്തോടെ. ഇപ്പോഴിതാ, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നിരവധി നദികളുള്ള ഈ നാട്ടിലേക്ക് ഞാൻ മടങ്ങിയെത്തി. അന്നും ഇന്നും ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ ഗയാനയിലെ എൻ്റെ സഹോദരങ്ങളുടെ സ്നേഹവും വാത്സല്യവും അതേപടി നിലനിൽക്കുന്നു! എൻ്റെ അനുഭവം ഒന്നു കൂടി ഉറപ്പിച്ചു - നിങ്ങൾക്ക് ഒരു ഇന്ത്യക്കാരനെ ഇന്ത്യയിൽ നിന്ന് പുറത്തുകൊണ്ടുപോകാം, പക്ഷേ നിങ്ങൾക്ക് ഒരു ഇന്ത്യക്കാരനിൽ നിന്ന് ഇന്ത്യയെ പുറത്തെടുക്കാൻ കഴിയില്ല.

സുഹൃത്തുക്കളേ,

ഇന്ന് ഞാൻ ഇന്ത്യൻ ആ​ഗമന സ്മാരകം സന്ദർശിച്ചു. ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് നിങ്ങളുടെ പൂർവ്വികരുടെ ദീർഘവും ദുഷ്‌കരവുമായ യാത്രയെ ഇത് പുനരുജ്ജീവിപ്പിക്കുന്നു. അവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വന്നത്. വിവിധ സംസ്‌കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും അവർ കൂടെ കൊണ്ടുവന്നു. കാലക്രമേണ, അവർ ഈ പുതിയ ഭൂമിയെ അവരുടെ വീടാക്കി. ഇന്ന്, ഈ ഭാഷകളും കഥകളും പാരമ്പര്യങ്ങളും ഗയാനയുടെ സമ്പന്നമായ സംസ്കാരത്തിൻ്റെ ഭാഗമാണ്. ഇൻഡോ-ഗയാനീസ് സമൂഹത്തിൻ്റെ ആത്മാവിനെ ഞാൻ അഭിവാദ്യം ചെയ്യുന്നു. നിങ്ങൾ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടി. ഗയാനയെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറ്റാൻ നിങ്ങൾ പ്രവർത്തിച്ചു. എളിയ തുടക്കത്തിൽ നിന്ന് നിങ്ങൾ ഉന്നതിയിലേക്ക് ഉയർന്നു. ശ്രീ ചെദ്ദി ജഗൻ പറയാറുണ്ടായിരുന്നു: "ഒരു വ്യക്തി ആരായി ജനിക്കുന്നു എന്നതിലല്ല, മറിച്ച് അവർ ആരായിത്തീരാൻ തീരുമാനിക്കുന്നു എന്നതാണ് പ്രധാനം." ഈ വാക്കുകൾ അദ്ദേഹം ജീവിച്ചു കാണിച്ചു. തൊഴിലാളി കുടുംബത്തിലെ മകനായ അദ്ദേഹം ആഗോള തലത്തിലെ നേതാവായി. പ്രസിഡൻ്റ് ഇർഫാൻ അലി, വൈസ് പ്രസിഡൻ്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് റാമോട്ടർ, ആദ്യകാല ഇൻഡോ-ഗയാനീസ് ബുദ്ധിജീവികളിൽ ഒരാളായ ജോസഫ് റോമൻ, ആദ്യകാല ഇൻഡോ-ഗയാനീസ് കവികളിലൊരാളായ രാം ചരി​ദാർ ലല്ല, പ്രശസ്ത കവയിത്രി ഷാന യാർദാൻ തുടങ്ങിയ ഇൻഡോ-ഗയാനീസ് പ്രതിഭകൾ കല, വിദ്യാഭ്യാസം, സംഗീതം, വൈദ്യം എന്നീ മേഖലകളിൽ അഗാധമായ സ്വാധീനം ചെലുത്തി.

സുഹൃത്തുക്കളേ,

നമ്മുടെ പൊതുതത്വങ്ങൾ നമ്മുടെ സൗഹൃദത്തിന് ശക്തമായ അടിത്തറ നൽകുന്നു. മൂന്ന് കാര്യങ്ങൾ, പ്രത്യേകിച്ച് ഇന്ത്യയെയും ഗയാനയെയും ആഴത്തിൽ ബന്ധിപ്പിക്കുന്നു. സംസ്കാരം, പാചകരീതി, ക്രിക്കറ്റ്! രണ്ടാഴ്ച മുമ്പ്, നിങ്ങൾ എല്ലാവരും ദീപാവലി ആഘോഷിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ, ഇന്ത്യ ഹോളി ആഘോഷിക്കുമ്പോൾ, ഗയാന ഫഗ്വ ആഘോഷിക്കും. 500 വർഷങ്ങൾക്ക് ശേഷം രാം ലല്ല അയോധ്യയിൽ തിരിച്ചെത്തിയതിനാൽ ഈ വർഷത്തെ ദീപാവലി വിശേഷപ്പെട്ടതായിരുന്നു. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഗയാനയിൽ നിന്നുള്ള പുണ്യജലവും ശിലകളും അയച്ചതായി ഇന്ത്യയിലെ ആളുകൾ ഓർക്കുന്നു. സമുദ്രങ്ങൾ തമ്മിൽ വേർപിരിഞ്ഞിട്ടും, ഭാരതമാതാവുമായുള്ള നിങ്ങളുടെ സാംസ്കാരിക ബന്ധം ശക്തമാണ്. ഇന്ന് നേരത്തെ ആര്യസമാജ സ്മാരകവും സരസ്വതി വിദ്യാ നികേതൻ സ്കൂളും സന്ദർശിച്ചപ്പോൾ എനിക്ക് ഇത് അനുഭവപ്പെട്ടു. ഇന്ത്യയും ഗയാനയും നമ്മുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തിൽ അഭിമാനിക്കുന്നു. വൈവിധ്യത്തെ നാം കാണുന്നത് ഉൾക്കൊള്ളാനായിട്ടുള്ളത് മാത്രമായിട്ടല്ല, ആഘോഷിക്കപ്പെടേണ്ട ഒന്നായിക്കൂടെയാണ്. സാംസ്കാരിക വൈവിധ്യമാണ് നമ്മുടെ ശക്തിയെന്ന് നമ്മുടെ രാജ്യങ്ങൾ കാണിച്ചുതരുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ ജനങ്ങൾ എവിടെ പോയാലും ഒരു പ്രധാന കാര്യം കൂടെ കൊണ്ടുപോകാറുണ്ട്. ഭക്ഷണം! ഇൻഡോ-ഗയാനീസ് കമ്മ്യൂണിറ്റിക്ക് ഇന്ത്യൻ, ഗയാനീസ് ഘടകങ്ങൾ അടങ്ങിയ സവിശേഷമായ ഒരു ഭക്ഷണ പാരമ്പര്യവുമുണ്ട്. ധാൽ പുരി ഇവിടെ ജനപ്രിയമാണെന്ന് എനിക്കറിയാം! പ്രസിഡണ്ട് അലിയുടെ വീട്ടിൽ വച്ച് ഞാൻ കഴിച്ച ഏഴ് കറികളുള്ള ഭക്ഷണം രുചികരമായിരുന്നു. അതെനിക്ക് ഒരു നല്ല ഓർമ്മയായി നിലനിൽക്കും.

സുഹൃത്തുക്കളേ,

ക്രിക്കറ്റിനോടുള്ള സ്നേഹവും നമ്മുടെ രാജ്യങ്ങളെ ശക്തമായി ബന്ധിപ്പിച്ചിരിക്കുന്നു. അത് വെറുമൊരു കായിക വിനോദമല്ല. അത് നമ്മുടെ ദേശീയ സ്വത്വത്തിൽ ആഴത്തിൽ ഉൾച്ചേർന്ന ഒരു ജീവിതരീതിയാണ്. ഗയാനയിലെ പ്രൊവിഡൻസ് നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം നമ്മുടെ സൗഹൃദത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നു. കൻഹായ്, കാളീചരൺ, ചന്ദർപോൾ എന്നിവയെല്ലാം ഇന്ത്യയിൽ അറിയപ്പെടുന്ന പേരുകളാണ്. ക്ലൈവ് ലോയിഡും സംഘവും നിരവധി തലമുറകൾക്ക് പ്രിയപ്പെട്ടവരാണ്. ഈ മേഖലയിൽ നിന്നുള്ള യുവ കളിക്കാർക്കും ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ട്. ഇവരിൽ ചില മികച്ച ക്രിക്കറ്റ് താരങ്ങൾ ഇന്ന് നമ്മോടൊപ്പമുണ്ട്. ഞങ്ങളുടെ ക്രിക്കറ്റ് ആരാധകരിൽ പലരും ഈ വർഷം നിങ്ങൾ ആതിഥേയത്വം വഹിച്ച ടി-20 ലോകകപ്പ് ആസ്വദിച്ചു. ഗയാനയിൽ വെച്ച് നടന്ന മത്സരത്തിൽ ‘ടീം ഇൻ ബ്ലൂ’ വിന് വേണ്ടിയുള്ള നിങ്ങളുടെ ആഹ്ലാദപ്രകടനം ഇന്ത്യയിലിരുന്നു പോലും കേൾക്കാമായിരുന്നു!

സുഹൃത്തുക്കളേ,

ഇന്ന് രാവിലെ ഗയാനയിലെ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുക എന്ന പ്രത്യേക ബഹുമതി എനിക്കു ലഭിച്ചു. ജനാധിപത്യത്തിൻ്റെ മാതൃ രാജ്യത്തു നിന്നും വന്ന എനിക്ക് കരീബിയൻ മേഖലയിലെ ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലൊന്നുമായുള്ള ആത്മീയ ബന്ധം അനുഭവപ്പെട്ടു. നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു  ചരിത്രം നമുക്കുണ്ട്. കൊളോണിയൽ ഭരണത്തിനെതിരായ പൊതു പോരാട്ടം, ജനാധിപത്യ മൂല്യങ്ങളോടുള്ള സ്നേഹം, ഒപ്പം, വൈവിധ്യത്തോടുള്ള ബഹുമാനം എന്നിവയാണിത്. ഞങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു പങ്കിട്ട ഭാവിയുണ്ട്. വളർച്ചയ്ക്കും വികസനത്തിനുമുള്ള അഭിലാഷങ്ങൾ, സമ്പദ്‌വ്യവസ്ഥയോടും പരിസ്ഥിതി ശാസ്ത്രത്തോടുമുള്ള പ്രതിബദ്ധത, ഒപ്പം, നീതിയുക്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ലോകക്രമത്തിലുള്ള വിശ്വാസം.

സുഹൃത്തുക്കളേ,

ഗയാനയിലെ ജനങ്ങൾ ഇന്ത്യയുടെ അഭ്യുദയകാംക്ഷികളാണെന്ന് എനിക്കറിയാം. ഇന്ത്യയിൽ നടക്കുന്ന പുരോഗതി നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ യാത്ര തോതിലും വേഗതയിലും സുസ്ഥിരതയിലുമാണ്. വെറും 10 വർഷത്തിനുള്ളിൽ, പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ വളർന്നു. താമസിയാതെ, ഞങ്ങൾ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി നമ്മുടെ യുവാക്കൾ നമ്മെ മാറ്റി. ഇ-കൊമേഴ്‌സ്, AI, ഫിൻടെക്, കൃഷി, സാങ്കേതികവിദ്യ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമുള്ള ആഗോള കേന്ദ്രമാണ് ഇന്ത്യ. നമ്മൾ ചൊവ്വയിലും ചന്ദ്രനിലും എത്തി. ഹൈവേകൾ മുതൽ ഐ-വേകൾ വരെ, വ്യോമപാതകൾ മുതൽ റെയിൽവേ വരെ, ഞങ്ങൾ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നു. ഞങ്ങൾക്ക് ശക്തമായ ഒരു സേവന മേഖലയുണ്ട്. ഇപ്പോൾ, ഞങ്ങൾ ഉത്പാദനരം​ഗത്തും ശക്തരാകുകയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമ്മാതാക്കളായി ഇന്ത്യ മാറി.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വളർച്ച പ്രചോദനാത്മകം മാത്രമല്ല എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ്. ഞങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പാവപ്പെട്ടവരെ ശാക്തീകരിക്കുകയാണ്. ഞങ്ങൾ ജനങ്ങൾക്കായി 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നു. ഞങ്ങൾ ഈ ബാങ്ക് അക്കൗണ്ടുകളെ ഡിജിറ്റൽ ഐഡൻ്റിറ്റിയും മൊബൈലുമായും ബന്ധിപ്പിച്ചു. ഇതുമൂലം ജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. 500 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നു. 30 ദശലക്ഷത്തിലധികം വീടുകൾ ആവശ്യമുള്ളവർക്കായി ഞങ്ങൾ നിർമ്മിച്ചു. ഒരു ദശാബ്ദത്തിനുള്ളിൽ 250 ദശലക്ഷം ആളുകളെ ഞങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ദരിദ്രർക്കിടയിൽ പോലും, ഞങ്ങളുടെ സംരംഭങ്ങൾ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്തത് സ്ത്രീകൾക്കാണ്. ദശലക്ഷക്കണക്കിന് സ്ത്രീകൾ അടിസ്ഥാന സംരംഭകരായി മാറുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ വലിയ വളർച്ച സംഭവിക്കുമ്പോൾ, ഞങ്ങൾ സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ദശാബ്ദത്തിനുള്ളിൽ, നമ്മുടെ സൗരോർജ്ജ ശേഷി 30 മടങ്ങ് വർദ്ധിച്ചു! നിങ്ങൾക്ക് ഊഹിക്കാനാകുമോ? 20 ശതമാനം എത്തനോൾ പെട്രോളിൽ കലർത്തിക്കൊണ്ട് ഞങ്ങൾ  ഹരിത ​ഗതാ​ഗതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. അന്താരാഷ്‌ട്ര തലത്തിലും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഞങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ, ആ​ഗോള ജൈവ ഇന്ധന കൂട്ടായ്മ, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങിയ സംരംഭങ്ങളിൽ പലതും ഗ്ലോബൽ സൗത്തിൻ്റെ ശാക്തീകരണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഞങ്ങൾ ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ചാമ്പ്യൻമാരായി. ഗാംഭീര്യമുള്ള ജാഗ്വാറുകളുള്ള ഗയാനയ്ക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം, പ്രവാസി ഭാരതീയ ദിവസിൻ്റെ മുഖ്യാതിഥിയായി ഞങ്ങൾ പ്രസിഡൻ്റ് ഇർഫാൻ അലിയെ ക്ഷണിച്ച് ആദരിച്ചിരുന്നു. പ്രധാനമന്ത്രി മാർക്ക് ഫിലിപ്പ്, വൈസ് പ്രസിഡൻ്റ് ഭാരത് ജഗ്ദിയോ എന്നിവരെയും ഞങ്ങൾ ഇന്ത്യയിൽ സ്വീകരിച്ചു. പല മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഊർജം മുതൽ സംരംഭം വരെ, ആയുർവേദം മുതൽ കൃഷി, അടിസ്ഥാന സൗകര്യങ്ങൾ നവീകരണം, ആരോഗ്യ സംരക്ഷണം മാനവ വിഭവശേഷി, ഡാറ്റ വികസനം എന്നിങ്ങനെ നമ്മുടെ സഹകരണത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാൻ ഇന്ന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്.  വിശാലമായ മേഖലക്ക് മൂല്യവത്താകും വിധമാണ് നമ്മുടെ പങ്കാളിത്തം. ഇന്നലെ നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടി ഇതിന് തെളിവാണ്. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളെന്ന നിലയിൽ, ഞങ്ങൾ രണ്ടുപേരും പരിഷ്കരിച്ച ബഹുമുഖവാദത്തിൽ വിശ്വസിക്കുന്നു. വികസ്വര രാജ്യങ്ങൾ എന്ന നിലയിൽ, ഗ്ലോബൽ സൗത്തിൻ്റെ ശക്തി ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ തന്ത്രപരമായ സ്വയംഭരണം തേടുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സുസ്ഥിര വികസനത്തിനും കാലാവസ്ഥാ നീതിക്കും ഞങ്ങൾ മുൻഗണന നൽകുന്നു. കൂടാതെ, ആഗോള പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനായി ഞങ്ങൾ സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുന്നത് തുടരുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ പ്രവാസികളെ ഞാൻ എന്നും വിളിക്കുന്നത് രാഷ്ട്രദൂതന്മാർ എന്നാണ്. അംബാസഡർ ഒരു രാജദൂതനാണ്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എല്ലാവരും രാഷ്ട്രദൂതന്മാരാണ്. അവർ ഇന്ത്യൻ സംസ്കാരത്തിൻ്റെയും മൂല്യങ്ങളുടെയും അംബാസഡർമാരാണ്. ഒരു ലൗകിക സുഖവും അമ്മയുടെ മടിയിലെ സുഖവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് പറയപ്പെടുന്നു. നിങ്ങൾ, ഇൻഡോ-ഗയാനീസ് സമൂഹം, ഇരട്ടി അനുഗ്രഹിക്കപ്പെട്ടവരാണ്. നിങ്ങൾക്ക് ഗയാന നിങ്ങളുടെ മാതൃഭൂമിയും ഭാരതാംബ നിങ്ങളുടെ പൂർവ്വിക ദേശവുമാണ്. ഇന്ന്, ഇന്ത്യ അവസരങ്ങളുടെ നാടായിരിക്കുമ്പോൾ, നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിൽ നിങ്ങൾ ഓരോരുത്തർക്കും വലിയ പങ്ക് വഹിക്കാനാകും.

സുഹൃത്തുക്കളേ,

ഭാരത് കോ ജാനിയേ (ഭാരതത്തെ അറിയൂ) ക്വിസ് ആരംഭിച്ചിരിക്കുകയാണ്. ഇതിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഗയാനയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കളെയും ഇതിനായി പ്രോത്സാഹിപ്പിക്കുക. ഇന്ത്യയെയും അതിൻ്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും വൈവിധ്യത്തെയും മനസ്സിലാക്കാനുള്ള നല്ല അവസരമായിരിക്കും ഇത്.

സുഹൃത്തുക്കളേ,

അടുത്ത വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ മഹാ കുംഭം നടക്കും. കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഈ സംഗമത്തിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളിൽ പലരും യാത്രയാരംഭിച്ച ബസ്തിയിലേക്കോ ഗോണ്ടയിലേക്കോ നിങ്ങൾക്ക് യാത്ര ചെയ്യാം. അയോധ്യയിലെ രാമക്ഷേത്രവും സന്ദർശിക്കാം. മറ്റൊരു ക്ഷണമുണ്ട്. ജനുവരിയിൽ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന് വേണ്ടിയാണിത്. വന്നാൽ പുരിയിൽ വെച്ച് മഹാപ്രഭു ജഗന്നാഥൻ്റെ അനുഗ്രഹവും വാങ്ങാം. ഇപ്പോൾ നിരവധി പരിപാടികളും ക്ഷണങ്ങളും ഉള്ളതിനാൽ, നിങ്ങളിൽ പലരെയും ഉടൻ തന്നെ ഇന്ത്യയിൽ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി, നിങ്ങൾ എന്നോട് കാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും എല്ലാവർക്കും നന്ദി.

നന്ദി.
വളരെ നന്ദി.

എന്റെ സുഹൃത്ത് അലിക്ക് പ്രത്യേക നന്ദി. വളരെ നന്ദി.

***

SK


(Release ID: 2076747) Visitor Counter : 21