രാഷ്ട്രപതിയുടെ കാര്യാലയം
'സാഹിത്യ ആജ് തക്ക്' ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതി 'ആജ് തക് സാഹിത്യ ജാഗൃതി സമ്മാൻ' പുരസ്കാരം വിതരണം ചെയ്തു
Posted On:
23 NOV 2024 7:48PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (നവംബർ 23, 2024) ന്യൂഡൽഹിയിൽ സാഹിത്യ ആജ് തക്ക്' ചടങ്ങിൽ പങ്കെടുക്കുകയും 'ആജ് തക് സാഹിത്യ ജാഗൃതി സമ്മാൻ' വിതരണം ചെയ്യുകയും ചെയ്തു.
‘ആജ് തക് സാഹിത്യ ജാഗൃതി സമ്മാൻ’ ജേതാക്കളെ ചടങ്ങിൽ രാഷ്ട്രപതി അഭിനന്ദിച്ചു. 'ആജ് തക് സാഹിത്യ ജാഗൃതി ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം ' ലഭിച്ചതിന് ഗുൽസാർ സാഹിബിനെ അവർ പ്രത്യേകം അഭിനന്ദിച്ചു. സാഹിത്യത്തോടും കലയോടുമുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെ രാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു.
ഇന്ത്യ എന്ന ബോധം നമ്മുടെ രാജ്യത്തിൻ്റെ പ്രാദേശിക സാഹിത്യ കൃതികളിൽ എപ്പോഴും ഉണ്ടെന്ന് അവർ പറഞ്ഞു. രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും കാലഘട്ടം മുതൽ സ്വാതന്ത്ര്യസമരം വരെയുള്ള നമ്മുടെ യാത്രയിലുടനീളം ഈ ബോധം ദൃശ്യമാണ്. ഇന്നത്തെ സാഹിത്യത്തിലും അത് കാണാൻ കഴിയും.
പരിപാടി സംഘടിപ്പിച്ച ഇന്ത്യാ ടുഡേ ഗ്രൂപ്പിനെ രാഷ്ട്രപതി അഭിനന്ദിച്ചു. പ്രാദേശിക സാഹിത്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കാൻ അവർ ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചു.സബാൾട്ടേൺ സാഹിത്യം എന്ന് വിളിക്കപ്പെടുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സാഹിത്യം പ്രോത്സാഹിപ്പിക്കാനും രാഷ്ട്രപതി അഭ്യർത്ഥിച്ചു. ബാലസാഹിത്യത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. മൗലികമായ രചനയിലൂടെയും വിവർത്തനത്തിലൂടെയും ബാലസാഹിത്യത്തെ സമ്പന്നമാക്കുന്നത് നാടിനെയും സമൂഹത്തെയും സമ്പന്നമാക്കാൻ സഹായിക്കുമെന്ന് ശ്രീമതി മുർമു പറഞ്ഞു.
ജനങ്ങളുടെ സുഖദുഃഖങ്ങളുമായി ബന്ധപ്പെട്ട രചനകൾ വായനക്കാർക്ക് ഇഷ്ടപ്പെടുന്നതായി നിരീക്ഷിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിൻ്റെ അനുഭവങ്ങളെ അസംസ്‌കൃത വസ്തുവായി കണക്കാക്കുന്ന എഴുത്തുകാരെ സമൂഹം നിരാകരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാഹിത്യത്തെ മനുഷ്യത്വത്തിൻ്റെ ഒഴുക്കുമായി ബന്ധിപ്പിക്കണം.
സാഹിത്യം മാനവികതയെ ശക്തിപ്പെടുത്തുകയും സമൂഹത്തെ മികച്ചതാക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാനവികതയുടെ ശാശ്വത മൂല്യങ്ങളെ സാഹിത്യം രൂപപ്പെടുത്തുന്നു. സാഹിത്യം സമൂഹത്തിന് പുതുജീവൻ നൽകുന്നു. നിരവധി സന്യാസിമാരും കവികളും മഹാത്മാഗാന്ധിയുടെ ചിന്തകളെ സ്വാധീനിച്ചു. സാഹിത്യത്തിൻ്റെ അത്തരം സ്വാധീനത്തെ ആദരിക്കണം
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക - https://static.pib.gov.in/WriteReadData/specificdocs/documents/2024/nov/doc20241123445101.pdf
(Release ID: 2076564)
Visitor Counter : 36